Main News

ഡോ. ഐഷ വി

ആറ്റുകാൽ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈ പിടിയ്ക്കുമ്പോൾ അതൊന്നു കൂടി മുറുകെ പിടിയ്ക്കാൻ അയാൾക്ക് തോന്നി. കാരണം അതൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അമ്പിളി ഇനിയെന്നും ശരിയുടെ സ്വന്തമെന്ന വിശ്വാസം. ആദ്യം നിശ്ചയിച്ച വിവാഹ ദിനത്തിൽ വിവാഹം നടക്കാതിരുന്നതിനാൽ രണ്ടാമത് നിശ്ചയിച്ച സുദിനത്തിലാണ് ആ വിവാഹം നടക്കുന്നത്. ആദ്യം നിശ്ചയിച്ച വിവാഹദിനത്തിന്റെ തലേന്ന് അയാളുടെ സമനില തെറ്റിയിരുന്നു. ഒരു വൃക്കയില്ലെന്ന വസ്തുത തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. അമ്പിളിയെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇക്കാരും പറയാൻ സാധിച്ചില്ല. വീടും നാടും വിട്ടുപോയി കാലമേറെ കഴിഞ്ഞപ്പോൾ തിരികെയെത്തിയ മൂത്ത മകനെ സഹാദരന്റെ മകളായ അമ്പിളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് അയാളുടെ അമ്മയും അമ്മയുടെ സഹോദരനും അച്ഛനും ചേർന്നാണ്.

ഒരു വൃക്കയില്ലെന്ന വിവരം അവരോടൊക്കെ പറയാൻ അയാളാഗ്രഹിച്ചു. എന്നാൽ അയാൾക്കതിന് കഴിഞ്ഞില്ല. കുട്ടിക്കാലത്ത് കണ്ടു മറന്ന മുറപ്പെണ്ണ് അമ്പിളി ഇന്ന് എം എ ക്കാരിയായ യുവതിയായിരിക്കുന്നു. നാടുവിട്ടു പോയി ഉത്തരേന്ത്യയിൽ പണിയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി പഴയ വീട് പൊളിച്ച് ഒരു ടെറസ് വീടു നിർമ്മിച്ചു. അതും സമീപ പ്രദേശങ്ങളിലെല്ലാം ഓടിട്ടതോ ഓലമേഞ്ഞതോ ആയ വീടുകളുള്ളപ്പോൾ. സഹോദരീ പുത്രന്റെ അനുഭവസമ്പത്തിലും മിടുക്കിലും അമ്പിളിയുടെ അച്ഛന് ഉത്തമ വിശ്വാസമായിരുന്നു. വരന്റെ ഗ്യഹത്തിൽ വിവാഹത്തലേന്ന് ഒത്തുചേർന്നവർ വരന്റെ കഴിവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ട് കേട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട അയാൾക്ക് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് ചിന്തിക്കുമ്പോൾ ഹാലിളകി. നിയന്ത്രണം വിട്ട അയാൾക്ക് പിന്നീട് കാട്ടി കൂട്ടിയതൊന്നും ഓർമ്മയില്ലായിരുന്നു. ഫോണിന്റെ ഉപയോഗം സർവ്വസാധാരണമല്ലാതിരുന്നതിനാൽ വരന്റെ വീട്ടിൽ നിന്നും നല്ല ദൂരത്തുള്ള വധൂഗൃഹത്തിലാരും ഇതൊന്നു മറിഞ്ഞതുമില്ല.

പിറ്റേന്നത്തേയ്ക്കുള്ള സകല ഒരുക്കങ്ങളും അവർ നടത്തി. പിറ്റേന്ന് വരനും കൂട്ടരും എത്തേണ്ട സമയമായിട്ടും ആരും എത്തിയില്ല. കുറെ വൈകിയപ്പോൾ വരന്റെ സഹോദരിയും ഏതാനും അടുത്ത ബന്ധുക്കളുമെത്തി. അവർ കാര്യം പറഞ്ഞു വരൻ മനോനില തെറ്റി ആശുപത്രിയിലാണ്. വരൻ നാടുവിട്ടു പോയി ഡൽഹിയിലായിരുന്ന സമയത്ത് ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയതാണ്. ഒരു ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടെന്ന് ധരിപ്പിച്ച് അവർ വൃക്ക അടിച്ചു മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വയറുവേദനയുമായി മറ്റൊരു ആശുപത്രിയിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ഒരു വൃക്കയില്ലെന്ന വിവരം അയാളറിയിരുന്നത്. പിന്നെ നാട്ടിലെത്തി. വിവാഹം നിശ്ചയിച്ചു.

വരൻ ആശുപത്രിയിലായി. വരന്റെ അസാന്നിദ്ധ്യത്തിൽ വധുവിന് പുടവ കൊടുത്ത് കൊണ്ടുപോകാനാണ് വരന്റെ പെങ്ങൾ എത്തിയിരിയ്ക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവിടെ കൂടിയിരിയ്ക്കുന്നവരിൽ ചിലർ എതിർത്തു. ചിലർ അനുകൂലിച്ചു. എതിർത്തവർ സദ്യ കഴിക്കാതെ സ്ഥലം വിട്ടു. അമ്പിളി പുടവ സ്വീകരിക്കാൻ തയ്യാറായി. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ അംഗമായ തനിക്ക് സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ വന്ന വിവാഹാലോചനയാണിത്. താനും തനിക്കിളയ സഹോദരിമാരും വീട്ടിൽ നിന്നാൽ അച്ഛനമ്മമാരുടെ സാമ്പത്തിക ബാധ്യത കൂടുമെന്നും അവൾ ചിന്തിച്ചു. മറ്റൊന്നുമില്ലെങ്കിലും സ്വന്തം അപ്പച്ചിയുടെ വീട്ടിലേയ്ക്കാണ് പോകുന്നതെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പിന്നെ വിവാഹ ശേഷമാണ് ഇതുപോലൊക്കെ സംഭവിക്കുന്നതെങ്കിൽ അതൊകെ താൻ സഹിക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു. വരന്റെ പെങ്ങളുടെ പക്കൽ നിന്നും പുടവ സ്വീകരിക്കാമെന്ന് അവൾ അച്ഛനോട് സമ്മതിച്ചു. അങ്ങനെ പിരിഞ്ഞു പോകാതെ അവിടെ നിന്നവരുടെ സാന്നിദ്ധ്യത്തിൽ അമ്പിളി പുടവ സ്വീകരിച്ചു. വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി. മനോനില തെറ്റിയ മുറച്ചെറുക്കനെ ആശുപത്രിയിലും വീട്ടിലും അവൾ പരിചരിച്ചു . ഇനി പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആറ്റുകാലമ്പലത്തിൽ വച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കി അവർ വരണമാല്യമണിഞ്ഞപ്പോൾ പേരു പോലെ തന്നെ അവർ ഒന്നാവുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ്ഷെയർ : ഓക്സ്ഫോർഡ്ഷെയറിലെ തന്റെ വീട്ടിൽ സുരക്ഷാ ക്യാമറകളും റിംഗ് ഡോർബെല്ലും സ്ഥാപിച്ച ജോൺ വുഡാർഡ് ഒരിക്കലും ചിന്തിച്ചുകാണില്ല, തനിക്കിത്തരമൊരു പണി കിട്ടുമെന്ന്! ക്യാമറയും, മൈക്രോഫോണുമുള്ള ഡോർബെൽ അയൽവാസിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു എന്നതായിരുന്നു പ്രശ്‌നം. വുഡാർഡിന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തന്റെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന കാരണത്താൽ അയൽവാസിയായ ഡോ. മേരി ഫെയർഹർസ്റ്റ് സമർപ്പിച്ച പരാതിയിൽ കോടതി വിധി പറഞ്ഞു. മേരിയുടെ വാദങ്ങൾ ശരിവച്ച കോടതി വുഡാർഡിന് വൻ തുകയാണ് പിഴയിട്ടത്. എന്നാൽ മോഷ്ടാക്കൾക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് താൻ ഉപകരണങ്ങൾ സ്ഥാപിച്ചതെന്ന് വുഡാർഡ് വ്യക്തമാക്കി. വുഡാർഡ് 2018 -ലെ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ടും, ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനും ലംഘിച്ചുവെന്ന് വിചാരണ വേളയിൽ ജഡ്ജി മെലിസ ക്ലാർക്ക് കണ്ടെത്തി.

രണ്ട് വർഷം മുമ്പ് മോഷ്ടാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കാർ മോഷ്ടിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആമസോണിൽ നിന്ന് റിംഗ്ബെല്ലുകൾ വാങ്ങി വാതിലിൽ ഘടിപ്പിച്ചത്. ഇന്റർനെറ്റിൽ കണക്റ്റു ചെയ്‌ത ബെല്ലിലൂടെ വീടിന് പുറത്ത് നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയും. അത് മാത്രമല്ല 40 അടിയിലധികം ദൂരത്ത് നിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. അയൽവാസിയുടെ ക്യാമറ തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നുണ്ടെന്ന് മനസിലാക്കിയ മേരി, വുഡാർഡിനോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അയാൾ മോശമായി പെരുമാറിയെന്ന് കോടതിയിൽ പറഞ്ഞു.

ഓരോ നിമിഷവും താൻ വുഡാർഡിന്റെ നിരീക്ഷണത്തിലായതിനാൽ മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും സ്വഭവനത്തിൽ നിന്ന് മാറാൻ നിർബന്ധിതയായി എന്നും അവർ കോടതിയിൽ പറഞ്ഞു. മേരിയുടെ വീടിന്റെയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ റിംഗ്ബെൽ പകർത്തിയതായി കണ്ടെത്തി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്ന് കോടതി പറഞ്ഞു. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഈ ഡോർബെൽ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശിശു മരണ നിരക്ക് വളരെ ഉയർന്നതാണെന്ന് റിപ്പോർട്ട്‌. ഗർഭത്തിൽ വച്ചു തന്നെ മരിച്ച ശിശുക്കളുടെ എണ്ണം 2019ൽ യുകെയിൽ 2,399 ആയിരുന്നു. ആ വർഷം തന്നെ 1,158 നവജാതശിശു മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ഗർഭത്തിൽ വച്ചു തന്നെ മരണപ്പെടുന്നുണ്ടെന്ന് എംബ്രേസ് റിപ്പോർട്ട് വെളിപ്പെടുത്തി. ജനനസമയത്തുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് അടിയന്തിരമാണെന്ന് ചാരിറ്റികൾ അഭിപ്രായപ്പെട്ടു.

കറുത്ത വംശജരും ബ്രിട്ടീഷ് കറുത്ത വംശജരുമായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 7.23 എന്ന നിലയിലായിരുന്നു. ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 5.05 എന്ന നിലയിലാണ്. വെളുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 3.22 ആയിരുന്നു. അമ്മയുടെ പ്രായം, വംശീയവും സാമൂഹികവുമായ പശ്ചാത്തലം എന്നിവ എങ്ങനെ ശിശു മരണത്തിൽ ഇടപെടുന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.

ഗർഭത്തിൽ വച്ചുള്ള ശിശു മരണവും നവജാത ശിശു മരണ നിരക്കും 25 വയസ്സിനും 35 വയസ്സിനു താഴെയുള്ള അമ്മമാരിൽ കൂടുതലായി കാണപ്പെടുന്നു. യുകെയിലെ ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ ശിശുമരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ധനസഹായം നൽകണമെന്ന് ബേബി ലോസ് ചാരിറ്റി സാൻഡ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു. കറുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഒക്ടോബർ 24 മുതൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താൻ അനുമതി. യാത്രാ നിയന്ത്രണമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വന്നതിന് ശേഷം രണ്ടാം ദിവസം വിലകൂടിയ പിസിആർ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യം ആയിരുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇപ്പോൾ സർക്കാർ. പിസിആർ ടെസ്റ്റുകളേക്കാൾ വിലകുറഞ്ഞതും വേഗമേറിയതുമാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ. കോവിഡുണ്ടോയെന്ന് സ്വയം പരിശോധിക്കാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ സഹായിക്കും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഫോട്ടോ എടുത്ത് കാണിച്ചു സ്ഥിരീകരിക്കാം. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരും 18 വയസിനു താഴെയുള്ളവരും ഒക്ടോബർ 24 മുതൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തിയാൽ മതിയാവും. സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഇപ്പോൾ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇംഗ്ലണ്ടിൽ എത്തുന്ന യാത്രക്കാർക്ക് നെഗറ്റീവ് ലാറ്ററൽ ഫ്ലോ റിസൾട്ടിന്റെയും ബുക്കിംഗ് റഫറൻസിന്റെയും ഫോട്ടോ എടുത്ത് കോവിഡ് ഇല്ലെന്ന് തെളിയിക്കാൻ സാധിക്കും. ചില വിമാനത്താവളങ്ങളിൽ ഉള്ള ടെസ്റ്റിംഗ് സെന്ററുകളിൽ യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ വന്നതിന് ശേഷം രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും 10 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയും വേണം.

വിദേശത്തേയ്ക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം കൈകൊള്ളുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അർദ്ധകാല അവധി ദിനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ഈ മാസം അവസാനം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ലഭ്യമാകും. പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ ആണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ആ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സർക്കാർ അംഗീകൃത ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയും പിസിആർ ടെസ്റ്റ്‌ നടത്തുകയും വേണം. ബ്രസീൽ, ഹോങ്കോംഗ്, ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്ന് പൂർണമായി കുത്തിവയ്പ്പ് സ്വീകരിച്ചവരെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൺസർവേറ്റീവ് എംപി ഡേവിഡ് അമേസ് കുത്തേറ്റ് മരിച്ചത് ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു . ഇസ്ലാമിക ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടെന്ന സംശയമാണ് മെറ്റ് പോലീസ് പങ്കുവയ്ക്കുന്നത്. ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സൊമാലിയയിൽ വേരുള്ള ബ്രിട്ടീഷ് പൗരനാണ് പ്രതി.ബെൽഫെയർസ് മെത്തഡിസ്റ്റ് ചർച്ചിലെ തൻെറ മണ്ഡലത്തിലെ ജനങ്ങളുടെ പരാതി ശ്രവിക്കുന്നതിനിടയിലാണ് 25കാരനായ ആക്രമി അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ഭീകരാക്രമണത്തിൽ എം പി കൊല്ലപ്പെട്ടത് വൻ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എംപിമാരുടെ സുരക്ഷാക്രമീകരണങ്ങൾ ഉടൻ അവലോകനം ചെയ്യാൻ അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പോലീസിനോട് ആവശ്യപ്പെട്ടു . സൗമ്യനും സഹജീവികളോട് കരുണ ഉള്ളവനും ആയ ഒരു നല്ല വ്യക്തിയായിരുന്നു സർ ഡേവിഡ് അമേസ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത് . നിരവധി തവണ കുത്തേറ്റ ഡേവിഡിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 1983ൽ എംപിയായ ഡേവിഡ്, 1997 മുതൽ സൗത്ത്എൻഡ് വെസ്റ്റിന്റെ എംപി ആയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും ഗർഭ ചിദ്രത്തിനുമെതിരെ പടപൊരുതിയിരുന്ന സർ ഡേവിഡിന്റെ കൊലപാതകം ഞെട്ടലോടെയാണ് ബ്രിട്ടൻ ശ്രവിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എസെക്സ് : കൺസർവേറ്റീവ് എംപി ഡേവിഡ് അമേസ് (69) കുത്തേറ്റു മരിച്ചു. 25 കാരനായ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ എസ്സെക്‌സ് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ വച്ചാണ് കുത്തേറ്റത്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തവേയാണ് ആക്രമണം ഉണ്ടായത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തെതുടർന്ന് പോലീസ് സ്ഥലത്തെത്തി. നിരവധി തവണ കുത്തേറ്റ ഡേവിഡിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കത്തി കണ്ടെടുത്തതായും സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. 1983ൽ എംപിയായ ഡേവിഡ്, 1997 മുതൽ സൗത്ത്എൻഡ് വെസ്റ്റിന്റെ എംപി ആയിരുന്നു. ഗർഭച്ഛിദ്രത്തിനെതിരെയും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരെയും മുൻ നിര പോരാളിയായി അറിയപ്പെട്ട ഡേവിഡിന് അഞ്ചു മക്കളുണ്ട്. രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോംഗ്‌സ്ബര്‍ഗ്: നോർവേയിലെ കോംഗ്‌സ്ബര്‍ഗിൽ അമ്പും വില്ലും ഉപയോഗിച്ച് അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതിയായ എസ്പെൻ ആൻഡേഴ്സൺ ബ്രെതെനെ (37) പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതി മതപരിവർത്തനത്തിന് വിധേയമായ ആളാണെന്നും ആക്രമണത്തെ തീവ്രവാദ പ്രവർത്തനമായി കാണുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഡാനിഷ് പൗരനായ പ്രതി മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണെന്നു നോർവീജിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കൈത്തോക്ക് ഉപയോഗിച്ച് പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌പെന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ടെന്ന് കോടതി രേഖകൾ വെളിപ്പെടുത്തി.

മോഷണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതി 20 വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. ആക്രമണം ആരംഭിച്ച സൂപ്പർമാർക്കറ്റിന് സമീപത്തുള്ള പ്രതിയുടെ വീട് പോലീസ് സീൽ ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6:12ന് ആരംഭിച്ച ആക്രമണം അര മണിക്കൂർ നീണ്ടുനിന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസിന് നേരെയും പ്രതി അമ്പ് എയ്തു. അവിടെ നിന്ന് രക്ഷപെട്ട പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയാണ് കോംഗ്‌സ്ബര്‍ഗ് നഗരം. കൊല്ലപ്പെട്ടവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ആക്രമണത്തിന് പിന്നിലുള്ള മുഖ്യ കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി എർന സോൾബെർഗ് ബുധനാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തെ തുടർന്ന് നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അവശ്യ സാധനങ്ങൾക്കും മറ്റും വിലവർധന ഉണ്ടായിരിക്കെ, ജീവിത ചിലവുകൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് 60 ശതമാനത്തോളം വരുന്ന ജോലിക്കാരായ ജനങ്ങൾ. അവശ്യസാധനങ്ങളുടെ വില വർദ്ധനവും, ഇലക്ട്രിസിറ്റി ബില്ലുകളിലും മറ്റുമുള്ള വർധനവും, പെട്രോൾ ക്ഷാമവും എല്ലാം ജനങ്ങളെ വലച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ, 18 മുതൽ 64 വയസ്സ് വരെയുള്ള ജോലി ചെയ്യുന്നവരിൽ 60% പേരും സാഹചര്യങ്ങളെ നേരിടുന്നതിനായി തങ്ങളുടെ ജീവിത ചിലവുകൾ വെട്ടിക്കുറച്ചതായി വ്യക്തമാക്കി. മറ്റ് 57 ശതമാനം പേർ അടുത്ത മൂന്നു മാസങ്ങളിൽ തങ്ങളുടെ ജീവിത ശീലങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും സർവ്വേയിൽ പറഞ്ഞു. ഇതോടൊപ്പംതന്നെ ലോണുകൾക്കു മേലുള്ള പലിശ നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക നിലനിൽക്കെ, ലോണുകൾ എടുത്തവരിൽ 13 ശതമാനത്തോളം പേർ മാസം പണം അടക്കാൻ സാധിക്കുമോ എന്ന ആശങ്കയിലുമാണ്. സാധനങ്ങളുടെ മാനുഫാക് ചർമാരും, റീട്ടെയിൽ കച്ചവടക്കാരും വിലവർധനയിൽ ഉള്ള ആശങ്കകൾ മുൻകൂട്ടി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പകർച്ചവ്യാധിയിൽ നിന്നും ലോകം കരകയറി കൊണ്ടിരിക്കെ, സാധനങ്ങളുടെ ആവശ്യകത വർധിച്ചതും വിതരണ ശൃംഖലയിലുള്ള പോരായ്മകളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അവർ വിലയിരുത്തി.


മെയിൽ ഓൺലൈനു വേണ്ടി നടത്തിയ സർവേയിലാണ് ഇത്തരം ആശങ്കകൾ ജനങ്ങൾ പങ്കുവെച്ചത്. ഉർജ്ജനിരക്കുകളും ബ്രിട്ടനിൽ വൻ തോതിൽ വർദ്ധിച്ചത് പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമായി. വിതരണ ശൃംഖലയിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് എല്ലാ വിധ നടപടികളും എടുക്കുമെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി. ആഗോളപരമായി നിലനിൽക്കുന്ന ചില പ്രതിസന്ധികൾ ഒഴികെ മറ്റെല്ലാം പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം ജനങ്ങൾക്ക് നൽകി. ക്ഷാമവും മറ്റും പരിഹരിക്കുന്നതിനായി കൂടുതൽ ഡ്രൈവർമാർക്ക് വിസകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രിയപ്പെട്ട ചിക്കൻ വിഭവങ്ങൾക്ക് തീപിടിച്ച വില കൊടുക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് കോഴിയിറച്ചി മൊത്ത വിതരണക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ബിസിനസിൽ നേരിടുന്ന അധികചെലവുകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ വില കൂട്ടുകയല്ലാതെ വേറെ പരിഹാരമാർഗമില്ലെന്ന് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് റൊണാൾഡ് കെർസ് പറഞ്ഞു . 600 ഫാമുകളും 16 ഫാക്ടറികളുമാണ് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന് യുകെയിലുടനീളം ഉള്ളത്. നിലവിലെ വിലയിൽ നിന്ന് 10 % വർദ്ധനവ് ചിക്കൻെറ വിലയിൽ ഉണ്ടാവുമെന്ന് 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ സ്ഥാപകൻ രഞ്ജിത് ബൊപ്പാരൻ ബുധനാഴ്ച പറഞ്ഞിരുന്നു.


ഈ വരുന്ന ക്രിസ്തുമസ് ടർക്കി റോസ്റ്റില്ലാതെ ആഘോഷിക്കേണ്ടി വരുമെന്ന്‌ മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം ടർക്കി മാംസം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ക്രിസ്തുമസിലേയ്ക്കായി ടർക്കികൾ റെഡിയാകുന്നുണ്ടെങ്കിലും ഇവയൊന്നും തീൻ മേശയിൽ എത്താൻ സാധ്യതയില്ലെന്ന്‌ ടർക്കി ഫാർമേഴ്സ് അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു . പൗൾട്രി രംഗത്തേയ്ക്കായി മൂന്ന് മാസത്തേയ്ക്ക് 5,500 താത്കാലിക വിസ ഗവൺമെൻറ് അനുവദിച്ചെങ്കിലും ഗവൺമെൻറ് നടപടി വളരെ വൈകി പോയെന്നാണ് ടർക്കി കർഷകരുടെ പരാതി.

ബ്രിട്ടനിൽ വിതരണശൃംഖലയിലെ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. രണ്ടാഴ്ചമുമ്പ് ഡ്രൈവർമാരുടെ ക്ഷാമം മൂലം കനത്ത ഇന്ധനക്ഷാമമാണ് രാജ്യം നേരിട്ടത്. കോവിഡ് മഹാമാരി, ബ്രെക്സിറ്റ്‌ , നികുതിയിലുണ്ടായ കുതിച്ചുകയറ്റം തുടങ്ങിയവയാണ് പ്രധാനമായും വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികൾക്ക് അടിസ്ഥാനകാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എച്ച്ജിവി വിദേശ ഡ്രൈവർമാർക്ക് അടിയന്തരമായി വിസ നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇന്ധനക്ഷാമത്തിനു പുറമേ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നത് ബോറിസ് സർക്കാരിനെതിരെ ജനരോഷം കുതിച്ചുയരാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ത്രീ മൊബൈൽ നെറ്റ്‌വർക്ക് ഡൗൺ ആയതുമൂലം ഇന്ന് പുലർച്ചെ മുതൽ കോളുകൾ വിളിക്കാൻ കഴിയാതെ വലഞ്ഞ് ബ്രിട്ടീഷ് ജനത. ഡൗൺ ഡിറ്റക്ടർ അനുസരിച്ച് നെറ്റ്‌വർക്കിൻെറ ഉപഭോക്താക്കൾക്ക് ഇന്ന് പുലർച്ചെ 5 മണി മുതലാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. രാവിലെ ഏകദേശം 7:30 ഓടെ തങ്ങളുടെ നെറ്റ്‌വർക്കിൽ ഒരു പ്രശ്നം നേരിടുന്നതായി ത്രീ മൊബൈൽ നെറ്റ്‌വർക്ക് അറിയിച്ചിരുന്നു. തങ്ങളുടെ എഞ്ചിനീയർമാർ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും നെറ്റ്‌വർക്ക് ക്രാഷുമൂലം നിങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

പലരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങൾ പങ്ക് വച്ചു. തനിക്ക് കോളുകൾ സ്വീകരിക്കാനോ വിളിക്കാനോ കഴിയുന്നില്ലെന്നും ഇത് ത്രീ മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് മാത്രമാണോ എന്നും ഉപഭോക്താക്കളിൽ ഒരാൾ ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ആശങ്കകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലം ടെക്നോളജി കമ്പനികൾക്ക് ബുദ്ധിമുട്ടേറിയ കാലമായിരുന്നു. ഇന്നലെ സ്‌നാപ് ചാറ്റ് ഏകദേശം നാല് മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ ഫേസ്ബുക്കിൻെറ ഉടമസ്ഥതയിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഏഴു മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു.

 

RECENT POSTS
Copyright © . All rights reserved