ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രിയപ്പെട്ട ചിക്കൻ വിഭവങ്ങൾക്ക് തീപിടിച്ച വില കൊടുക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് കോഴിയിറച്ചി മൊത്ത വിതരണക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ബിസിനസിൽ നേരിടുന്ന അധികചെലവുകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ വില കൂട്ടുകയല്ലാതെ വേറെ പരിഹാരമാർഗമില്ലെന്ന് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് റൊണാൾഡ് കെർസ് പറഞ്ഞു . 600 ഫാമുകളും 16 ഫാക്ടറികളുമാണ് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന് യുകെയിലുടനീളം ഉള്ളത്. നിലവിലെ വിലയിൽ നിന്ന് 10 % വർദ്ധനവ് ചിക്കൻെറ വിലയിൽ ഉണ്ടാവുമെന്ന് 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ സ്ഥാപകൻ രഞ്ജിത് ബൊപ്പാരൻ ബുധനാഴ്ച പറഞ്ഞിരുന്നു.

ഈ വരുന്ന ക്രിസ്തുമസ് ടർക്കി റോസ്റ്റില്ലാതെ ആഘോഷിക്കേണ്ടി വരുമെന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം ടർക്കി മാംസം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ക്രിസ്തുമസിലേയ്ക്കായി ടർക്കികൾ റെഡിയാകുന്നുണ്ടെങ്കിലും ഇവയൊന്നും തീൻ മേശയിൽ എത്താൻ സാധ്യതയില്ലെന്ന് ടർക്കി ഫാർമേഴ്സ് അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു . പൗൾട്രി രംഗത്തേയ്ക്കായി മൂന്ന് മാസത്തേയ്ക്ക് 5,500 താത്കാലിക വിസ ഗവൺമെൻറ് അനുവദിച്ചെങ്കിലും ഗവൺമെൻറ് നടപടി വളരെ വൈകി പോയെന്നാണ് ടർക്കി കർഷകരുടെ പരാതി.

ബ്രിട്ടനിൽ വിതരണശൃംഖലയിലെ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. രണ്ടാഴ്ചമുമ്പ് ഡ്രൈവർമാരുടെ ക്ഷാമം മൂലം കനത്ത ഇന്ധനക്ഷാമമാണ് രാജ്യം നേരിട്ടത്. കോവിഡ് മഹാമാരി, ബ്രെക്സിറ്റ് , നികുതിയിലുണ്ടായ കുതിച്ചുകയറ്റം തുടങ്ങിയവയാണ് പ്രധാനമായും വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികൾക്ക് അടിസ്ഥാനകാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എച്ച്ജിവി വിദേശ ഡ്രൈവർമാർക്ക് അടിയന്തരമായി വിസ നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇന്ധനക്ഷാമത്തിനു പുറമേ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നത് ബോറിസ് സർക്കാരിനെതിരെ ജനരോഷം കുതിച്ചുയരാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ത്രീ മൊബൈൽ നെറ്റ്‌വർക്ക് ഡൗൺ ആയതുമൂലം ഇന്ന് പുലർച്ചെ മുതൽ കോളുകൾ വിളിക്കാൻ കഴിയാതെ വലഞ്ഞ് ബ്രിട്ടീഷ് ജനത. ഡൗൺ ഡിറ്റക്ടർ അനുസരിച്ച് നെറ്റ്‌വർക്കിൻെറ ഉപഭോക്താക്കൾക്ക് ഇന്ന് പുലർച്ചെ 5 മണി മുതലാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. രാവിലെ ഏകദേശം 7:30 ഓടെ തങ്ങളുടെ നെറ്റ്‌വർക്കിൽ ഒരു പ്രശ്നം നേരിടുന്നതായി ത്രീ മൊബൈൽ നെറ്റ്‌വർക്ക് അറിയിച്ചിരുന്നു. തങ്ങളുടെ എഞ്ചിനീയർമാർ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും നെറ്റ്‌വർക്ക് ക്രാഷുമൂലം നിങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

പലരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങൾ പങ്ക് വച്ചു. തനിക്ക് കോളുകൾ സ്വീകരിക്കാനോ വിളിക്കാനോ കഴിയുന്നില്ലെന്നും ഇത് ത്രീ മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് മാത്രമാണോ എന്നും ഉപഭോക്താക്കളിൽ ഒരാൾ ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ആശങ്കകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലം ടെക്നോളജി കമ്പനികൾക്ക് ബുദ്ധിമുട്ടേറിയ കാലമായിരുന്നു. ഇന്നലെ സ്‌നാപ് ചാറ്റ് ഏകദേശം നാല് മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ ഫേസ്ബുക്കിൻെറ ഉടമസ്ഥതയിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഏഴു മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാനായി ഉപയോഗിക്കുന്ന ‘ഓൾ ഇൻ വൺ ചെസ്റ്റി കഫ് ആൻഡ് കോൾഡ്’ ലെമൺ സാഷേസ് (Max All-In-One Chesty Cough & Cold Lemon Sachets) തിരിച്ചു വിളിച്ച് ടെസ്കോ. ഏതാനും ബാച്ചുകളിൽ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോഗിക്കും മുമ്പ് കവറിലെ വിവരങ്ങൾ ശ്രദ്ധിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഏകദേശം 78,000 പായ്ക്കുകളിൽ ഈ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകാമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. 16 വയസും അതിൽ കൂടുതലും ഉള്ളവരാണ് മരുന്ന് ഉപയോഗിക്കുന്നത്. അതിനാൽ 16 വയസ്സിന് താഴെയുള്ളവർക്ക് ഈ മരുന്ന് നൽകരുതെന്നാണ് ഇപ്പോഴുള്ള നിർദേശം. മരുന്നിലെ പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെയാണ് വിറ്റുപോയവ തിരിച്ചുവിളിക്കാൻ ടെസ്കോ തയ്യാറായത്.

രോഗിയുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് എംഎച്ച്ആർഎ ചീഫ് സേഫ്റ്റി ഓഫീസർ ഡോ. അലിസൺ കേവ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ള ഒരാൾ അടുത്തിടെ ഈ മരുന്ന് ഉപയോഗിക്കുകയും ദോഷഫലങ്ങൾ ഉണ്ടാവാതിരിക്കുകയും ചെയ്താൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അവർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ദോഷഫലങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യെല്ലോ കാർഡ് സ്കീം വെബ്സൈറ്റ് വഴി അറിയിക്കാവുന്നതാണ്.

12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് 24 മണിക്കൂറിനുള്ളിൽ 1000 മില്ലിഗ്രാം പാരസെറ്റമോൾ അടങ്ങിയ 4 പാക്കറ്റുകൾ ഉപയോഗിക്കാമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. മരുന്ന് ഉപയോഗിച്ചിട്ടുണെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും പാർശ്വഫലങ്ങൾ നിരീക്ഷിക്കണമെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ചെയർമാൻ തോറൺ ഗോവിന്ദ് പറഞ്ഞു. ഛർദ്ദി അല്ലെങ്കിൽ മയക്കം എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പാരസെറ്റമോൾ കുട്ടികൾക്ക് നൽകാവുന്ന മരുന്നാണെങ്കിലും അമിത ഡോസ് ആപത്ത് വിളിച്ചുവരുത്തും. 9MW0145 (Expiry Date- നവംബർ 2022), 0CW0054 ( Expiry Date- ജനുവരി 2023),
0FW0133 (Expiry Date- മെയ് 2023) എന്നീ ബാച്ച് നമ്പറിൽ ഉൾപ്പെട്ട മരുന്നുകളാണ് തിരിച്ചുവിളിച്ചിരിയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായമായവരെയും ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരെയും ശ്രുശൂഷിക്കുന്ന കെയർ സ്റ്റാഫുകളുടെ കുറവ് ആശുപത്രികളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന പ്രായമായ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് ഒരു കാരണം കെയർ സ്റ്റാഫുകളുടെ എണ്ണത്തിലുള്ള കുറവുമൂലമാണെന്നും എൻഎച്ച്എസ് അധികൃതർ പറഞ്ഞു. അധിക ധനസഹായവും റിക്രൂട്ട്മെന്റ് ഡ്രൈവുകളും കെയർ സ്റ്റാഫുകളുടെ കുറവിനെ നികത്താൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. പകർച്ചവ്യാധിയുടെ മുമ്പുള്ളതിനേക്കാൾ ഒഴിവുകളാണ് ഇപ്പോൾ ആരോഗ്യ മേഖലയിൽ ഉള്ളതെന്ന് സൂചിപ്പിക്കുന്ന വിവിധ പഠന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും അവരെ ആ ജോലിയിൽ നിലനിർത്തുന്നതിലും കെയർ കമ്പനികൾ പരാജയപ്പെടുന്നതായിട്ടും ആരോപണം ഉണ്ട്.

ഇംഗ്ലണ്ടിലെ ഏകദേശം 1.54 ദശലക്ഷം കെയർ വർക്കർമാരെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൻെറ ഫലമായാണ് ആനുവൽ സ്‌കിൽസ് ഫോർ കെയർ വർക്ക് ഫോഴ്‌സ് ഈ റിപ്പോർട്ട് തയാറാക്കിയത്. പകർച്ചവ്യാധിയുടെ മുൻപ് ഏകദേശം 8% ഒഴിവുകളാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്, എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ അനുസരിച്ച് ആരോഗ്യ മേഖലയിലുള്ള ഒഴിവുകൾ ഏകദേശം 8.2% ആയി ഉയർന്നിരിക്കുകയാണ്. അതായത് ഏകദേശം 100,000 തസ്തികളിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് സ്കിൽസ് ഫോർ കെയർ ചൂണ്ടിക്കാട്ടി. ഇതുമൂലം രോഗികൾ കൂടുതൽനേരം ആശുപത്രിയിൽ തങ്ങാൻ നിർബന്ധിതരാകുന്നു. ഇത് എൻഎച്ച്എസിൻെറ മേലുള്ള സമ്മർദ്ദം കൂട്ടുന്നതായി അധികൃതർ വ്യക്തമാക്കി.വൈകുന്ന ഡിസ് ചാർജുകൾ ഇപ്പോൾ കോവിഡിനേക്കാൾ ഗുരുതമായ പ്രശ്നമായി വരികയാണെന്നും ആശുപത്രി അധിയകൃതർ പറഞ്ഞു. രോഗികൾ ആശുപത്രി വിടാൻ താമസിക്കുന്നത് ചികിത്സ വേണ്ട മറ്റുള്ളവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു. നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളും മറ്റു മേഖലകളിലുള്ള ഉയർന്ന ശമ്പളവുമാണ് ജീവനക്കാരുടെ കുറവിന് കാരണമെന്ന് കെയർ കമ്പനികൾ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഊർജ്ജ വില വൻതോതിൽ വർധിച്ചതിനെ തുടർന്ന് രണ്ടു യു കെ ഊർജ്ജ വിതരണ കമ്പനിക്കാർ കൂടി വിതരണത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ്. പ്യുവർ പ്ലാനറ്റ്, കൊളറാഡോ എനർജി എന്നീ കമ്പനികളാണ് വിതരണം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഊർജ്ജ വിലയിലുള്ള വൻതോതിലുള്ള വർധനവും, കസ്റ്റമേഴ്സിനു മേൽ കൂടുതൽ തുക ചുമത്തുന്നതിലുള്ള നിയന്ത്രണങ്ങളുമാണ് കമ്പനികളെ ഈ സംരംഭത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നത്. രണ്ടു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പുതിയ സപ്ലൈയേഴ്സിനെ ലഭിക്കും. ഏകദേശം 2,35000 ത്തോളം ഉപഭോക്താക്കൾക്കാണ് പ്യുവർ പ്ലാനറ്റ് ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവ വിതരണം ചെയ്യുന്നത്. കോളറാഡോ വിതരണക്കാർ ഏകദേശം 15, 000 ത്തോളം ഉപഭോക്താക്കൾക്കും നൽകിവരുന്നുണ്ട്. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് പുതിയ ഡീലർമാരെ ലഭിക്കുമെന്ന ഉറപ്പ് എനർജി റെഗുലേറ്റർ ആയിരിക്കുന്ന ഓഫ്ജെം അറിയിച്ചിട്ടുണ്ട്.

ഇതോടെ ഊർജ്ജ വിലവർദ്ധനവ് മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഏകദേശം രണ്ടു മില്യനോളം ആയിരിക്കുകയാണ്. ഊർജ്ജ വിലവർദ്ധനവ് വിതരണക്കാർക്ക് മേൽ വൻ സമ്മർദ്ദം ഏൽപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഓഫ്ജെം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംരക്ഷണമാണ് തങ്ങൾക്ക് മുഖ്യമെന്ന് ഓഫ്ജെം ഡയറക്ടർ നീൽ ലോറൻസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ധനനഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. തങ്ങൾ ഊർജ്ജം വാങ്ങുന്നതിനേക്കാൾ കുറച്ചു വിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിക്കണമെന്നാണ് ഗവണ്മെന്റും ഓഫ്ജെമും ആവശ്യപ്പെടുന്നതെന്ന് പ്യുവർ പ്ലാനറ്റ് അധികൃതർ പറഞ്ഞു. എന്നാലിത് തങ്ങളാൽ അസാധ്യമാണെന്നും, അതിനാലാണ് പിൻമാറുന്നതെന്നും കമ്പനി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസുകളിൽ മാറ്റമുണ്ടാകുമെന്നും ലൈസൻസുകൾ ഡിജിറ്റലായി മാറുമെന്നും ഡിവിഎൽഎ വ്യക്തമാക്കി. ഇപ്പോഴുള്ള ഡ്രൈവിംഗ് ലൈസൻസിന് പകരമായി ഡിജിറ്റൽ ലൈസൻസ് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. 2024ഓടെ ലൈസൻസുകൾക്കായി ഒരു ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഡിവിഎൽഎ വ്യക്തമാക്കിക്കഴിഞ്ഞു. താൽക്കാലിക ലൈസൻസ് വിജയകരമാണെങ്കിൽ, പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കാരണമാണ് ഡിജിറ്റൽ ലൈസൻസുകൾ അവതരിപ്പിക്കുന്നതിന് കാലതാമസം വന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി.

2021 മുതൽ 2024 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലെ ആദ്യ ഘട്ടമായി പ്രൊവിഷണൽ ഡ്രൈവർമാർക്ക് ഡിജിറ്റൽ ലൈസൻസ് നൽകും. പേപ്പർ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ നിരവധി സേവനങ്ങളിലേയ്ക്ക് വളരെ വേഗം എത്താൻ കഴിയുമെന്നതോടൊപ്പം വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയെന്ന ലക്ഷ്യവും സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ ആവുന്നതോടെ ഉപയോഗം എളുപ്പമാകുമെന്ന് മോട്ടോർ റിസർച്ച് ചാരിറ്റി ആർഎസി ഫൗണ്ടേഷന്റെ ഡയറക്ടർ സ്റ്റീവ് ഗുഡിംഗ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഡ്രൈവിംഗ് ചാരിറ്റികളും സ്ഥാപനങ്ങളും പുതിയ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. വ്യക്തിഗത വിവരങ്ങൾ ഫോണുകളിൽ സൂക്ഷിക്കുന്നത് ഹാക്കർമാരെ കൂടുതൽ ആകർഷിക്കുമെന്ന് അവർ ഭയപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്സിനെതിരെ പ്രചാരണം നടത്തുന്നവർ സ്കൂളുകളിലെ കുട്ടികൾ വാക്‌സിനെടുക്കെരുതെന്ന തരത്തിലുള്ള വ്യാജ രേഖകൾ പ്രധാനാദ്ധ്യാപകർക്ക് നൽകി. യുകെയിൽ 12 – 15 വയസ്സിനിടയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായുള്ള തീരുമാനം എടുക്കുന്നതിന് വളരെ മുൻപ് തന്നെ പ്രായമായവരെ അപേക്ഷിച്ച് കൊറോണ വൈറസിൽ നിന്ന് വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ആരോഗ്യമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകേണ്ടതുണ്ടോ എന്ന ചർച്ച നടന്നിരുന്നു. എന്നാൽ ഈ ചർച്ച നിലനിൽക്കേയാണ് വാക്‌സിനെതിരെ പ്രചാരകർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
എൻഎച്ച്എസിൽ നിന്ന് എന്ന രീതിയിലുള്ള വ്യാജ വാക്സിൻ-സമ്മത പത്രമാണ് ഇംഗ്ലണ്ടിലെ സ്കൂളുകളിലേയ്ക്ക് പ്രചാരകർ അയച്ചത്. ഇത്തരത്തിലുള്ള വാക്സിൻ വിരുദ്ധ കത്തുകളെക്കുറിച്ച് സ്കൂളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് . വാക്സിൻ സ്വീകരിക്കുന്ന 29,389 ൽ ഒരാളെങ്കിലും വാക്സിൻ സ്വീകരിക്കുന്നത് മൂലം മരണപ്പെടുന്നുണ്ടെന്നുള്ള തെറ്റായ പ്രസ്താവനയും കത്തിൽ ഉണ്ട്. പ്രതിരോധകുത്തിവയ്പുകൾ എടുത്തതിനുശേഷം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ യെല്ലോ കാർഡ് സ്കീമിൽ നിന്നാണ് ഈ കണക്കുകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം. സ്കീമിൽ ഏകദേശം 49 ദശലക്ഷം ആളുകൾ ഒരു ഡോസ് പ്രതിരോധകുത്തിവയ്‌പ്പെങ്കിലും സ്വീകരിച്ചതായും 1,600 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിനുശേഷം ഒരാൾ മരിക്കുമ്പോൾ വാക്സിൻ സ്വീകരിച്ചതുമൂലമാണ് അയാൾ മരിച്ചതെന്ന് അർഥമാകുന്നില്ല. ഓരോ ദിവസവും പല കാരണങ്ങളാൽ മനുഷ്യർ മരിക്കുന്നു, പ്രായമായവരും ഗുരുതരമായ രോഗാവസ്ഥയിൽ നിൽക്കുന്നതുമായ നിരവധി പേരാണ് കോവിഡ് വാക്സിൻ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

എംഎച്ച്ആർഎ യുടെ അന്വേഷണത്തിൽ മരണമുൾപ്പടെയുള്ള കോവിഡ് വാക്സിൻെറ പാർശ്വ ഫലങ്ങളായി കരുതുന്നവ സാധാരണ ജനസംഖ്യയെ അപേക്ഷിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ താരതമ്യേന കുറവാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് 5 മരണങ്ങൾക്കാണ് വാക്സിൻ അടിസ്ഥാന കാരണമായി നിലനിൽക്കുന്നത്. ഇത് മരിച്ചവരുടെ മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ചതിൻെറ വെളിച്ചത്തിൽ ഡോക്ടർമാരാണ് നിർണയിച്ചത്. അതായത് അഞ്ച് ദശലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത് മൂലം മരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചുവന്ന ‘എക്സ്’ അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ വാഹനമോടിച്ചാൽ ഇനി പിടിവീഴും. പ്രവേശനം നിരോധിച്ച വഴിയിലൂടെ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഓട്ടോമാറ്റിക് മോട്ടോർവേ ക്യാമറകൾക്ക് കഴിയുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. രാജ്യമെമ്പാടുമുള്ള മോട്ടോർവേകളിൽ ‘എക്സ്'(X) അടയാളപ്പെടുത്തിയ പാതകളിൽ വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാനാണ് പുതിയ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. റെഡ് എക്സ് ലെയിനിൽ ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോർവേ ക്യാമറകൾക്ക് ഇപ്പോൾ നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ സ്വയമേ കണ്ടെത്താനാകുമെന്നും അധികൃതർ അറിയിച്ചു. പിടിക്കപ്പെട്ടാൽ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റുകളും നേരിടേണ്ടിവരും.

എന്നാൽ പുതിയ നിയമത്തിൽ ഡ്രൈവർമാർ അസന്തുഷ്ടരാണ്. ഇത്തരം നിയന്ത്രണങ്ങൾ വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവർ പ്രതികരിച്ചു. റോഡ് പണിയില്ലാത്തപ്പോൾ മോട്ടോർവേയിൽ അസംബന്ധ ചിഹ്നങ്ങൾ സ്ഥാപിക്കുന്നത് ആദ്യം അവസാനിപ്പിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും നിയമങ്ങൾ കർശനമാകുന്നതോടെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഇത്തരം മോട്ടോർവേ ക്യാമറകളിലൂടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഒരുപരിധി വരെ തടയിടാൻ കഴിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരിയുടെ തുടക്കത്തിൽ കൂടുതൽ ഫലപ്രദമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടൻ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തുന്ന എംപിമാരുടെ റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് കൈകാര്യം ചെയ്തത് രാജ്യത്തിൻറെ ചരിത്രത്തിലെ നാളിതുവരെയുള്ള പൊതുജനാരോഗ്യ പരാജയങ്ങളുടെ ഏറ്റവും വലിയതായാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത് . വൈറസ് ബാധയിലൂടെ നേടുന്ന ആർജ്ജിത പ്രതിരോധശേഷിയിലൂടെ മഹാമാരിയെ മറികടക്കാമെന്ന ചിന്താഗതി സർക്കാരിനെ ഉണ്ടായിരുന്നതാണ് ബ്രിട്ടനിൽ തുടക്കത്തിൽ കോവിഡ്-19 പിടിവിട്ട് പടർന്നു പിടിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടക്കത്തിൽ ഏർപ്പെടുത്താൻ കാലതാമസം നേരിട്ടതും അതിൻറെ ഫലമായി ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടാൻ കാരണവും ആയത് . റിപ്പോർട്ടിലെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ബോറിസ് ജോൺസൺ സർക്കാരിൻറെ മേൽ വൻ വിമർശനങ്ങൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ റിപ്പോർട്ടിൽ പ്രതിരോധകുത്തിവയ്പ്പിനെ കുറിച്ചുള്ള പരാമർശ ഭാഗങ്ങൾ ഗവൺമെൻറിന് ആശ്വാസം നൽകുന്നവയാണ് . ലോകത്തിൽ ആദ്യമായി പൊതു ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കം ഇട്ടത് ബ്രിട്ടനായിരുന്നു . യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി രോഗത്തെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാരിനും എൻഎച്ച്എസിനും വിജയം കണ്ടെത്താനായി . പലരാജ്യങ്ങളും ആവശ്യമായ വാക്സിൻ കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴും തുടക്കത്തിൽ തന്നെ വാക്‌സിൻ നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാൻ രാജ്യത്തിനായി. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി, വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ എന്നിവരിൽനിന്ന് തെളിവ് എടുത്താണ് 180 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ജോലി ഒഴിവുകൾ 11 ലക്ഷത്തിൽ എത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2001 ന് ശേഷം ഇതാദ്യമായാണ് ഒഴിവുകൾ ഇത്രയധികം ഉയരുന്നത്. ചില്ലറവ്യാപാര മേഖലയിലും വാഹന അറ്റകുറ്റപ്പണി മേഖലയിലുമാണ് കൂടുതൽ ഒഴിവുകൾ. കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് തൊഴിൽ മേഖല ശക്തിപ്പെട്ടു വരികയാണ്. ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം സെപ്റ്റംബറിൽ ഉയർന്നിട്ടുണ്ട്. എല്ലാ തൊഴിൽ മേഖലയിലും കോവിഡിന് മുമ്പുള്ളത്രയും ഒഴിവ് ഇപ്പോഴുമുള്ളതായി ഒഎൻഎസ് വ്യക്തമാക്കി.

സർക്കാരിന്റെ പ്രവർത്തനം പ്രോത്സാഹജനകമാണെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് എട്ടു മാസം തുടർച്ചയായി കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന ഒഴിവുകൾ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെത്താൻ തൊഴിലുടമകൾ ബുദ്ധിമുട്ടുന്നതിനാൽ പല മേഖലയിലും ഒഴിവുകൾ വർദ്ധിക്കുകയാണ്. ജീവനക്കാരെ നിലനിർത്തുന്നത് ഒരു പ്രശ്നമാണെന്നും വ്യവസായത്തിന് മേൽ സമ്മർദ്ദം ഏറുകയാണെന്നും തൊഴിലുടമകൾ വ്യക്തമാക്കി.

ലോറി ഡ്രൈവർമാരുടെ കുറവ്, കോവിഡ്, ബ്രെക്സിറ്റ്, നികുതി മാറ്റങ്ങൾ എന്നിവയോടൊപ്പം കഴിഞ്ഞ ആഴ്ച ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും ഭക്ഷ്യ വിതരണ ശൃംഖലയെ മോശമായി ബാധിച്ചു. തൊഴിൽ ക്ഷാമം സമ്പദ് വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് സ്റ്റഡീസ് അറിയിച്ചു. കോവിഡ് സമയത്ത് സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ പിന്തുണ പദ്ധതിയായ ഫർലോ സ്കീം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. സ്കീമിനെ ആശ്രയിച്ചാണ് പത്തു ലക്ഷത്തോളം ജോലികൾ നിലനിന്നിരുന്നത്. എന്നാൽ അതിനുശേഷം ജോലി വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.