ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് നിയന്ത്രണങ്ങൾ ജൂലൈ -19ന് പിൻവലിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക തലത്തിൽ എങ്ങനെയാണ് നടപ്പാക്കപ്പെടുക എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 19 -ന് ശേഷം ലണ്ടനിൽ പൊതു ഗതാഗതത്തിന് മാസ്കുകൾ നിർബന്ധിതമായിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ടാക്സി ഡ്രൈവർമാരും തലസ്ഥാനത്തെ യാത്രക്കാരും മാസ്ക് ധരിക്കുന്നത് തുടരേണ്ടതായിവരും. സ്കോട്ട്‌ലൻഡിലും വെയിൽസിലും മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ യാത്രക്കാരെ മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ലെന്ന് സൂചിപ്പിച്ചു.
നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലേബർ പാർട്ടി മേയറായുള്ള സാദിഖ് ഖാന്റെ നീക്കം. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കമായി ഗവൺമെൻറ് മുന്നോട്ട് പോകുമ്പോഴും വർദ്ധിച്ചുവരുന്ന രോഗ വ്യാപനത്തിൽ കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സിറിയ : വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിലും ജയിലുകളിലും ബ്രിട്ടീഷിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ കുട്ടികൾ ആജീവനാന്ത തടവ് അനുഭവിക്കുന്നുവെന്ന് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടിയെ വേർപ്പെടുത്തി ക്യാമ്പുകളിൽ നിന്നും ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചതായി ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. സിറിയയിൽ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ ബ്രിട്ടനിൽ തിരിച്ചെത്തിയിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും അനാഥരാണ്. തങ്ങൾക്ക് നേരിടാൻ കഴിയില്ലെന്നും ഐ.എസ് തീവ്രവാദ സെല്ലുകൾ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്തു പ്രവർത്തിക്കുന്നെന്ന് കുർദിഷ് അധികൃതർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ചയ്ക്ക് ശേഷം ആയിരക്കണക്കിന് കുട്ടികളാണ് ഡീറ്റെൻഷൻ ക്യാമ്പുകളിൽ പെട്ടു പോയത്. അൽ റോജ് ക്യാമ്പിൽ ബ്രിട്ടീഷ് കുട്ടികൾ അടക്കമുള്ള വിദേശ കുട്ടികൾ കഴിയുന്നുണ്ട്.
അമ്മ നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ പല രാജ്യങ്ങളും കുട്ടികളെ സ്വദേശത്തേക്ക് മടക്കികൊണ്ടുവരാൻ തയ്യാറെടുക്കുകയുള്ളൂ. ഐ എസ് യുവാവിനെ വിവാഹം ചെയ്ത ബ്രിട്ടീഷ് യുവതിയുടെ വാക്കുകളിൽ നിന്നു തന്നെ അവരുടെ അവസ്ഥ മനസിലാക്കാം. പോരാട്ടത്തിൽ ഭർത്താവ് കൊല്ലപ്പെട്ട യുവതിയ്ക്ക് കുട്ടികളുണ്ട്.. ” എനിക്ക് തിരിച്ചു നാട്ടിൽ പോകണമെന്നും കുടുംബത്തോടൊപ്പം ചേരണമെന്നും ആഗ്രഹമുണ്ട്. കുട്ടികളാണ് എന്റെ എല്ലാം. അവരെ തനിച്ച് നാട്ടിലേക്ക് വിടാൻ എനിക്ക് സാധിക്കില്ല. അവരുടെ സുരക്ഷയെ കരുതിയാണെങ്കിലും വേർപിരിയാൻ കഴിയില്ല. ” അവർ പറഞ്ഞു.
അനാഥർക്ക് വേണ്ടിയുള്ള പുനരധിവാസ കേന്ദ്രത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ കഴിയുന്നുണ്ട്. ഇവിടുത്തെ അവസ്ഥ മെച്ചമാണെങ്കിലും സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായി തുടരുകയാണ്. ലണ്ടനിലും പാകിസ്ഥാനിലും ബാല്യം ചിലവഴിച്ച 13കാരനായ അഹമ്മദ് ഇവിടെ കഴിയുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. സിറിയയിൽ നിന്നും രക്ഷപെട്ടാൽ ആദ്യം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അഹമ്മദിന്റെ മറുപടി ഇതായിരുന്നു.”ഞാൻ എന്റെ ശേഷിക്കുന്ന കുടുംബത്തോടൊപ്പം ചേരും. ഇവിടെ നടന്നതൊക്കെ അവരോട് പറയും.” കേന്ദ്രത്തിൽ കുട്ടികളെ 18 വയസ് വരെ പാർപ്പിക്കും. രാജ്യം തിരികെ ആവശ്യപ്പെട്ടില്ലെങ്കിൽ അവരെ ജയിലിലേക്ക് മാറ്റും. ഇതുപോലുള്ള നിരവധി ക്യാമ്പുകൾ സിറിയയിലുണ്ട്. തിരികെ സ്വന്തം ദേശത്തേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി പാർക്കുന്ന നിരവധി സ്ത്രീകളും കുട്ടികളും അവിടെ കഴിയുന്നു, ഒരു സ്വപ്നവുമായി.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ലണ്ടനിലെ എക് സൽ സെന്റർ നൈറ്റിൻഗയിൽ ഹോസ്പിറ്റലിൽ വച്ച് 2020 ഏപ്രിൽ മാസത്തിൽ നടന്ന 2 കോവിഡ് മരണങ്ങൾ വെന്റിലേറ്ററിൽ തെറ്റായ ഫിൽറ്റർ ഉണ്ടായിരുന്നത് മൂലമെന്ന് റിപ്പോർട്ട്. കിഷോർകുമാർ പട്ടേൽ, കോഫി അനിങ് എന്നിവരുടെ മരണത്തെ കുറിച്ചാണ് സംശയങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് പ്രത്യേകമായി തയ്യാറാക്കിയ ആശുപത്രിയാണ് ഇത്. ക്രിട്ടിക്കൽ അവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് അന്നുതന്നെ പരാതികൾ ഉയർന്നിരുന്നു.
ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഈ മരണങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിവിധ നിറത്തിലുള്ള, വിവിധതരത്തിലുള്ള ഫിൽട്ടറുകൾ തമ്മിൽ പലപ്പോഴും മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഐസിയുവിൽ ഉള്ള വളരെ കുറച്ച് സ്റ്റാഫിനെ മാത്രമേ ഇതുസംബന്ധിച്ച് വളരെ വ്യക്തമായ ധാരണയുള്ളൂ. എല്ലാ ആശുപത്രികളിലും ഇതേ അവസ്ഥ തന്നെയാണ് എന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ഈ കേസിന്റെ ട്രയൽസ് നടക്കാനിരിക്കെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ഇതിനിടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെ നിരുത്തരവാദപരമെന്നാണ് സീനിയർ ഡോക്ടേഴ്സ് വിശേഷിപ്പിച്ചത് . പ്രതിദിനം 1000 മുതൽ 2000 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത് . അതോടൊപ്പം ആൾക്കൂട്ട ആഘോഷമായി യൂറോ 2020 നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇറ്റലിക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവിന്റെ ട്വീറ്റ് ഇതിന് തെളിവാണ് . “എന്റെ കണ്ണുകൾക്ക് മുന്നിൽ സംഭവിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ടോ?” എന്ന അവരുടെ ട്വീറ്റിന് വൻ പ്രചാരം ആണ് ലഭിച്ചത്. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനൽ ഉൾപ്പെടെ ജൂലൈയിലെ മൂന്ന് മത്സരങ്ങളിൽ വെംബ്ലിയിലെ 90,000 ശേഷിയുള്ള സ്റ്റേഡിയത്തിന്റെ 75% കാണികളെ പ്രവേശിപ്പിക്കാൻ യുഫയുമായി യുകെ കരാർ ഒപ്പിട്ടിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പെട്ടെന്നുണ്ടായ കനത്ത മഴയിൽ ലണ്ടനിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. റോഡുകളിൽ വെള്ളം ഉയർന്നതോടെ കാറുകൾ മുങ്ങി. റോഡുകളിലും വീടുകളിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. യുകെയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. നോർത്ത് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ, ഹൈഗേറ്റ് എന്നിവയുൾപ്പെടെ സൗത്ത് വെസ്റ്റ് ലണ്ടന്റെ ഭാഗങ്ങളായ ബാർനെസ്, റെയ്ൻസ് പാർക്ക്, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ലണ്ടനിൽ നിന്ന് മാത്രം ആയിരത്തിലധികം കോളുകൾ ലഭിച്ചതായി ലണ്ടൻ അഗ്നിശമന സേന ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് റെയ്‌ൻസ് പാർക്ക് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് പോലീസ് നിർദ്ദേശം നൽകി.
കോൾവില്ലെ ടെറസ്, ഹോളണ്ട് റോഡ്, ലാഡ്ബ്രോക്ക് ഗ്രോവ് എന്നിവയുൾപ്പെടെയുള്ള ഹമ്മർസ്മിത്തിന്റെ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും എംപിഎസ് വെസ്റ്റ്മിൻസ്റ്റർ ട്വീറ്റ് ചെയ്തു. ട്രാക്കുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ലണ്ടൻ യൂസ്റ്റണിലും പുറത്തും ഉള്ള ട്രെയിനുകൾ റദ്ദാക്കി. നോട്ടിംഗ് ഹില്ലിലെ പോർട്ടോബെല്ലോ റോഡിൽ 90 മിനിറ്റിൽ 3 ഇഞ്ച് മഴയാണ് ലഭിച്ചത്. റോഡിൽ രണ്ടടിയോളം ഉയർന്ന വെള്ളത്തിൽ കാറുകൾ ഉപേക്ഷിച്ചാണ് ജനങ്ങൾ രക്ഷപെട്ടത്.
അയൽവാസികളെ ശ്രദ്ധിക്കാനും സ്വന്തം പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ശ്രദ്ധിക്കാനും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഇന്ന് വൈകുന്നേരം യാത്ര ചെയ്യുന്നവർ അവരുടെ ട്രെയിൻ ഓപ്പറേറ്ററുമായോ ദേശീയ റെയിൽ അന്വേഷണ വെബ്‌സൈറ്റിലോ പരിശോധിക്കാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനായി നിശ്ചയിക്കപ്പെട്ടിരുന്ന ജൂലൈ -19ന് മുൻനിശ്ചയപ്രകാരം ഇളവുകളുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യ സെക്രട്ടറി എംപിമാരോട് സ്ഥിരീകരിച്ചു. എന്നാൽ ഫെയ്സ് മാസ്‌കും വാക്സിൻ പാസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്ന നയം ആയിരിക്കും തുടർന്നും ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് നിർണായകമായ ചുവടു വെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെയും അവസാനത്തെയും ഘട്ടമായ ജൂലൈ -19ന് സാമൂഹിക അകലം സംബന്ധിച്ചും സാമൂഹിക സമ്പർക്കത്തിനുമുള്ള നിയമങ്ങൾ പിൻവലിക്കപ്പെടും. മഹാമാരിയെ തുടർന്ന് അടച്ചിടപ്പെട്ട നൈറ്റ് ക്ലബ്ബ് ഉൾപ്പെടെയുള്ള എല്ലാ ബിസിനസുകളും വീണ്ടും അനുവദിക്കുകയും ചെയ്യും .
ഇതിനിടെ വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തിൽ കടുത്ത ആശങ്കയാണ് ശാസ്ത്രജ്ഞർക്കും ആരോഗ്യവിദഗ്ധർക്കും ഉള്ളത് . ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 34471 ആയിരുന്നു. 6 പേർ മരണമടയുകയും ചെയ്തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീയതിയിൽ അല്ല വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളപ്പെടുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഗവ്യാപനം കൂടിയിട്ടും നിയന്ത്രണങ്ങൾ ഇളവുവരുത്താനുള്ള തീരുമാനവുമായി ഗവൺമെൻറ് മുന്നോട്ടുപോകുന്നത് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയിൽ നിന്നുള്ള പിന്നോക്കം പോകലാണെന്ന അഭിപ്രായമാണ് ശാസ്ത്രലോകത്തിനുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടന്ന് അഭയാർത്ഥികൾ ചെറിയ ബോട്ടുകളിലായി എത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 70 ഓളം പേരാണ് ഇത്തരത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ഏകദേശം 20 പേരടങ്ങുന്ന ഒരു സംഘത്തെയാണ് ബോർഡർ ഫോഴ് സ് അംഗങ്ങൾ കരയിൽ എത്തിച്ചത്. ഇതിൽ ഭൂരിഭാഗം പേരും 20 വയസിനോടടുത്തവരായിരുന്നു. ഇവർക്ക് പുറകെ ഏകദേശം 50 പേരടങ്ങുന്ന അടുത്ത സംഘത്തെയും എമർജൻസി ടീമംഗങ്ങൾ കരയിലെത്തിച്ചു. ഇതിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച മാത്രം എത്രത്തോളം പേർ ഇത്തരത്തിൽ എത്തിയതായി ഇതുവരെ കൃത്യമായ കണക്കുകൾ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ വർഷം മാത്രം ഏകദേശം ഏഴായിരത്തോളം പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തിയത് എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏകദേശം പത്തോളം ബോട്ടുകളിലാണ് ഇത്തരത്തിൽ ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചത്. ഇത്തരത്തിലുള്ള യാത്രയിൽ കടലിൽ വീണ രണ്ടുപേരെ ബോർഡർ ഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു. യുകെയിലേക്ക് കൃത്യമായ എൻട്രി പാസുകൾ ഇല്ലാതെ കടക്കുന്നത് നിയമവിരുദ്ധം ആക്കാൻ ഇരിക്കെയാണ് അഭയാർഥികളുടെ പ്രവാഹം. അഭയാർഥികളുടെ മറവിലൂടെ നടക്കുന്ന കള്ളക്കടത്ത് തടയാൻ ആണ് ഈ നിയമം പാസാക്കുന്നത്. വളരെ അപകടം നിറഞ്ഞ യാത്രയാണ് ഇംഗ്ലീഷ് ചാനലിലൂടെ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ് ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സാമൂഹ്യ മാധ്യമത്തിൽ വംശീയാധിക്ഷേപം ഉയർന്നത്. നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ച ശേഷം എക് സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് അസൂറിപ്പട സ്വന്തമാക്കിയത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് ഇറ്റലി കിരീടം ഉറപ്പാക്കിയത്. ഇതിനുപിന്നാലെയാണ് രോക്ഷാകുലരായ ആരാധകർ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങൾക്കെതിരെ അധിക്ഷേപം നടത്തിയത്. “വംശീയ അധിക്ഷേപങ്ങൾക്ക് വിരാമമിടാൻ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ മത്സരങ്ങൾ തുടങ്ങിയതുതന്നെ. ഷൂട്ടൗട്ടിൽ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്‌ബോൾ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കീഴടക്കിയ ചെറുപ്പക്കാരാണ് അവർ. ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവർക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.” താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൂന്നു പേരും യുവതാരങ്ങളാണെന്ന പരിഗണന പോലും നൽകാതെയാണ് ആരാധകര്‍ അധിക്ഷേപം അഴിച്ചുവിട്ടത്. താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ കേസ് എടുക്കുമെന്ന് മെറ്റ് പോലീസ് അറിയിച്ചു. അതോടൊപ്പം തോൽവിക്കു പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളിൽ 45 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇംഗ്ലണ്ട് പുരുഷ-വനിതാ ദേശീയ ടീമുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇരകളായ കളിക്കാർക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
ഫുട്ബോളിൽ വംശീയതയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു. വംശീയ അധിക്ഷേപങ്ങളോട് പ്രതിഷേധിക്കാനായി മുട്ടുകുത്തിയാണ് ഇംഗ്ലണ്ട് ടീം മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ഈ സമയം പലപ്പോഴും ഗാലറിയില്‍ നിന്ന് മോശം പെരുമാറ്റമാണ് ഉയരുന്നത്. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ പല രാജ്യങ്ങളിലും ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ പതിവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരള :- മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വിടവാങ്ങി. മാസങ്ങളായി ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ്, പുലർച്ചെ 2.35 ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഒരു സഭയുടെ തലവൻ എന്നതിനേക്കാളുപരിയായി മനുഷ്യഹൃദയങ്ങളെ ചേർത്തു നിർത്തിയ പുണ്യ ഇടയനെയാണ് കേരളത്തിലെ സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുവാനും, അശരണരെയും ആലംബഹീനരേയും കരുതുവാനും പിതാവ് കാണിച്ച താൽപര്യം എടുത്തുപറയേണ്ടതാണ്. എല്ലാവരെയും തുല്യമായി കാണുക എന്ന തത്വത്തിൽ ആയിരുന്നു പിതാവ് വിശ്വസിച്ചിരുന്നത്. പതിമൂന്നാം തീയതി രാവിലെയുള്ള പൊതുദർശനത്തിനു ശേഷം, വൈകിട്ട് മൂന്നുമണിയോടു കൂടി ശവസംസ്കാര ശുശ്രൂഷ ഉണ്ടാകും.
മലയാളം യു കെയുമായി പിതാവ് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മലയാളം യുകെ വായനക്കാർക്കായി അദ്ദേഹം എഴുതിയ സന്ദേശം. അസാധാരണമായ കോവിഡ് കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ക്ഷണികതയെയും ഓർമിപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാനുള്ള കാലത്തിന്റെ പരിശ്രമമാണ് ഓരോ പ്രതിസന്ധിയുമെന്ന് തിരുമേനി എഴുതിയിരുന്നു. പരസ്പരമുള്ള വിശ്വാസമില്ലായ്മകളും, അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ മറ്റുള്ളവർക്കായി തുറക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു. ഇത്തരത്തിൽ എല്ലാവരെയും കരുതുകയും സ്നേഹിക്കുകയും ചെയ്ത നല്ല ഇടയനെ ആണ് സഭയ്ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജന മനസ്സുകളിലൂടെ കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോ കപ്പ് ഫൈനൽ മത്സരം നടന്ന വെംബ്ലി സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാത്ത കാണികൾ അതിക്രമിച്ച് കയറി. പോലീസ് ബാരിക്കേഡുകളും, മറ്റു സുരക്ഷാ വലയങ്ങളും ഭേദിച്ചാണ് കാണികൾ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരിക്കലും അംഗീകരിക്കാൻ ആകുന്ന പെരുമാറ്റമല്ല കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇത് മൂലം ഇംഗ്ലണ്ട് ടീമിന് തന്നെ നാണക്കേട് ഉണ്ടായെന്നും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കൂടുതൽ പേർ അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കുവാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥരോടൊപ്പം മെട്രോപോളിറ്റൻ പോലീസും ഉടൻതന്നെ നടപടിയെടുത്തു. ടിക്കറ്റില്ലാത്ത കാണികളെ ഉടൻതന്നെ പുറത്താക്കാനുള്ള നടപടികളും കൈക്കൊണ്ടതായി പോലീസ് അധികൃതർ വ്യക്തമാക്കി. അതിക്രമിച്ചു കടക്കുന്നതിൽ ഉൾപ്പെട്ടതായി തിരിച്ചറിയുന്ന എല്ലാവർക്കും എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ സുരക്ഷാ വീഴ്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് വെംബ്ലി സ്റ്റേഡിയം അധികൃതർ അറിയിച്ചത്. എന്നാൽ പിന്നീട് ചെറിയതോതിൽ വീഴ്ച ഉണ്ടായതായും, പൊലീസിനൊപ്പം ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമിച്ചുകയറിയ കാണികളെ പുറത്താക്കിയതായും അവർ വ്യക്തമാക്കി. കാണികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘട്ടനത്തിൽ ഏർപ്പെട്ടതിന്റെ ഫൂട്ടേജുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കാണികളെ നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് ഇല്ലായിരുന്നതായുള്ള കുറ്റപ്പെടുത്തലുകളും ഉണ്ട്.