Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രൊഫഷണൽ ബോക്സർ ക്രിസ് യുബാങ്കിന്റെ മകൻ സെബാസ്റ്റ്യൻ ദുബായിൽ വച്ച് മരണപ്പെട്ടു. മകനുണ്ടായി ആഴ്ചകൾക്ക് ശേഷമാണ് സെബാസ്റ്റ്യന്റെ മരണം. പിതാവിന്റെ പാത പിന്തുടർന്ന് സെബാസ്റ്റ്യനും പ്രൊഫഷണൽ ബോക്സിങ്ങിൽ എത്തിയിരുന്നു. മുപ്പതു വയസ്സ് ആകാൻ ദിവസങ്ങൾ ശേഷിക്കെയുള്ള മകന്റെ മരണം തന്റെ കുടുംബത്തെ തകർത്തതായി ക്രിസ് ട്വീറ്റ് ചെയ്തു. യുബാങ്കിന്റെ മൂന്നാമത്തെ പുത്രനാണ് സെബാസ്റ്റ്യൻ. ഭാര്യ സൽമയും ഒരു മാസം മാത്രം പ്രായമുള്ള മകൻ റഹീമുമടങ്ങുന്നതാണ് സെബാസ്റ്റ്യൻെറ കുടുംബം.

സെബാസ്റ്റ്യന്റെ ശവശരീരം ബീച്ചിലാണ് കണ്ടെത്തിയത്. മുങ്ങി മരണമാണ് എന്നാണ് ഇതു വരെയുള്ള നിഗമനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദുബായിലാണ് സെബാസ്റ്റ്യൻ താമസിച്ചിരുന്നത്. ദുബായിൽ വളരെ വ്യത്യസ്തമായൊരു ജീവിത രീതി ആയിരുന്നു സെബാസ്റ്റ്യൻ നയിച്ചിരുന്നത്. പേർസണൽ ട്രെയിനിങ് രംഗത്തും , പ്രൊഫഷണൽ ബോക്സിങ് രംഗത്തും പ്രസിദ്ധനായ സെബാസ്റ്റ്യൻ , അതോടൊപ്പം തന്നെ ഒരു സ്വതന്ത്ര ചിന്തകനും ആയിരുന്നു. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു സെബാസ്റ്റ്യനെന്ന് മാതാവ് കാറോൻ മെഡോസ് പറഞ്ഞു. തങ്ങളുടെ കുടുംബം വളരെയധികം ദുഃഖത്തിലും കടുത്ത മാനസിക വിഷമത്തിലുമാണെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് ജൂലൈ -19ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനൊപ്പം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അവസരം തന്നിരുന്ന വർക്ക് ഫ്രം ഹോം നിർത്തലാക്കുമെന്ന സൂചനകൾ പുറത്തുവന്നു. കോവിഡ് -19 മൂലം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ തരണം ചെയ്യാൻ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ജോലിസ്ഥലത്തേയ്ക്ക് മടങ്ങാൻ ചാൻസിലർ റിഷി സുനക് അഭ്യർത്ഥിച്ചു. എന്നാൽ വർക്ക് ഫ്രം ഹോമിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിവരുമ്പോൾ ജീവനക്കാർ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട് .

ആളുകൾ വീടുകളിൽ താമസിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കനത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ മൂലം ബിസിനസിൽ ഉണ്ടായിട്ടുള്ള കനത്ത ഇടിവിനെ തുടർന്ന് പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിർബന്ധിതരായിട്ടുണ്ട്. ചെറുപ്പക്കാരും തുടക്കക്കാരുമായിട്ടുള്ള ജീവനക്കാർക്ക് തങ്ങളുടെ ജോലി സ്ഥലത്തുനിന്നും സഹപ്രവർത്തകരിൽ നിന്നും കിട്ടുന്ന അനുഭവജ്ഞാനം വർക്ക് ഫ്രം ഹോമിൽ ലഭ്യമാകുന്നില്ല , അതുകൊണ്ടുതന്നെ ആളുകൾ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം രോഗവ്യാപനം പരക്കെ വർദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് കോവിഡ്-19 ആപ്ലിക്കേഷനിലെ മുൻകരുതൽ നിർദേശങ്ങൾ ജനങ്ങൾക്ക് അയക്കുന്നതിൽ 60 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്സിനുകളായ ഫൈസറിനും , മോഡേണയ്ക്കും അപൂർവ്വമായ പുതിയ പാർശ്വഫലങ്ങൾ ഉള്ളതായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹൃദയത്തിന്റെ മാംസപേശികളിലുണ്ടാകുന്ന വീക്കം അഥവാ മയോകാർഡൈറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള സഞ്ചിയിലെ ടിഷ്യുവിനുണ്ടാകുന്ന വീക്കം അഥവാ പെരികാർഡൈറ്റിസ് എന്നിവയാണ് പുതുതായി അംഗീകരിച്ചിരിക്കുന്ന പാർശ്വഫലങ്ങൾ. യു കെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ടസ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ ) ആണ് പുതുതായി പുറത്തിറക്കിയ വാക്സിനുകളുടെ സേഫ്റ്റി ഇൻഫർമേഷനിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇത്തരം അവസ്ഥകൾ വരുന്നത് തികച്ചും അപൂർവമാണെന്നും, അതോടൊപ്പം തന്നെ ചെറിയതോതിൽ മാത്രമേ ഉണ്ടാകൂ എന്നുമാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ എടുത്ത ശേഷം നെഞ്ചുവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അമിതമായ ഹൃദയമിടുപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻതന്നെ ചികിത്സ തേടണമെന്ന കർശന നിർദ്ദേശമാണ് എം എച്ച് ആർ എ നൽകിയിരിക്കുന്നത്. കൂടുതലും സെക്കൻഡ് ഡോസ് എടുത്ത ചെറുപ്പക്കാരായ യുവാക്കളിലാണ് ഇത് ഉണ്ടാക്കുന്നത് എന്നാണ് നിലവിലുള്ള പഠനങ്ങൾ തെളിയിക്കുന്നത്.

യുകെയിൽ മാത്രം ഏകദേശം നൂറോളം മയോകാർഡൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ പഠനങ്ങൾ നടന്നത്. ഇത്തരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വാക്സിനുകൾ ചെറിയതോതിലെങ്കിലും കാരണമാകുന്നുണ്ടെന്ന് എം എച്ച് ആർ എ ചീഫ് എക്സിക്യൂട്ടീവ് ഡോക്ടർ ജൂൺ റൈനെ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പ്രസ്താവിച്ചിരുന്നു. എന്നാൽ വാക്സിനുകളുടെ പ്രയോജനങ്ങൾ അതിന്റെ പാർശ്വഫലങ്ങളെക്കാൾ അനവധി ആണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഫൈസറും, മോഡേണയും നൽകിയ യു എസ് മിലിറ്ററിയിലെ 23 പേർക്ക് ഇത്തരത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പാർശ്വഫലങ്ങൾ ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് എല്ലാവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ -19ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലേയ്ക്ക് എത്തുന്നവർക്ക് സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ല. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്കാണ് ഈ ഇളവിൻെറ ആനുകൂല്യം ലഭിക്കുക. എന്നാലും മടങ്ങി വരുന്നതിൻെറ മുൻപും ശേഷവും കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവരെയും ക്വാറന്റീനിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ മാറ്റത്തെ യാത്രാ – വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ റെഡ് ലിസ്റ്റിൽ പെട്ട കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ആംബർ ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ട് ഡോസ് വാക്സിൻ കിട്ടി 14 ദിവസം കഴിഞ്ഞതിനുശേഷമേ പൂർണമായും വാക്സിനേഷൻ നടന്നതായി കണക്കാക്കുകയുള്ളൂ. കൂടാതെ എൻഎച്ച്എസ് നൽകിയ പ്രതിരോധകുത്തിവെയ്പ്പുകൾ മാത്രമേ കണക്കാക്കുകയുള്ളൂ. എന്നാൽ രോഗവ്യാപനത്തിൻെറ തീവ്രത അനുസരിച്ച് ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങൾ യുകെയിലെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് ഗതാഗത സെക്രട്ടറി മുന്നറിയിപ്പുനൽകി. അങ്ങനെവന്നാൽ യാത്രക്കാർ നിർബന്ധിത ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ചുരുക്കത്തിൽ യാത്ര തുടങ്ങി അവസാനിക്കുന്നതുവരെ സന്ദർശിക്കുന്ന രാജ്യങ്ങൾ ആംബർ ലിസ്റ്റിൽ ആണെങ്കിൽ മാത്രമേ ക്വാറന്റീൻ ഒഴിവാക്കുന്ന ഇളവു ലഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നാറ്റോ മിഷന്റെ ഭാഗമായി അഫ് ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിൽ ഭൂരിഭാഗം പേരും ബ്രിട്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ബാക്കിയുള്ളവരും ഉടൻതന്നെ എത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പിൻവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2001 മുതൽ താലിബാൻ, അൽ- ഖായിദ തുടങ്ങിയവരുമായുള്ള ഏറ്റുമുട്ടലുകളിൽ ഏകദേശം 450 ഓളം ബ്രിട്ടീഷ് സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ ഇത്തരത്തിൽ വിദേശ സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുന്നത് അഫ് ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്ന് ബ്രിട്ടന്റെ മുതിർന്ന ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസും സെപ്റ്റംബർ 11 ഓടെ തങ്ങളുടെ മുഴുവൻ സൈനികരെയും അഫ് ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് നീക്കം.


2001 മുതലാണ് നാറ്റോ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 1,30,000ത്തോളം സൈനികരെ അഫ് ഗാനിസ്ഥാനിൽ വിന്യസിപ്പിച്ചത്. 2014-ൽ തന്നെ ഭൂരിഭാഗം സൈനികരും ബ്രിട്ടണിൽ മടങ്ങിയെത്തിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ബാക്കിയുണ്ടായിരുന്ന ഏകദേശം 750 ഓളം പേരാണ് ഉടനടി മടങ്ങുന്നത്. 20 വർഷം കൊണ്ട് നേടിയ വിജയത്തിൽ ആരും സംശയം പ്രകടിപ്പിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. 20 വർഷം മുൻപ് ലോക തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രം ആയിരുന്നു അഫ് ഗാനിസ്ഥാനെങ്കിൽ, ഇന്ന് സാഹചര്യങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ വന്നതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ ട്രൂപ്പുകളുടെ പിൻവാങ്ങലിനെ സംബന്ധിച്ച് പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

അൽ -ഖായിദയെയും മറ്റു തീവ്രവാദ സംഘടനകളെയും പ്രദേശത്ത് വളർത്തുവാൻ സമ്മതിക്കില്ലെന്ന ഉറപ്പോടെ താലിബാനും നാറ്റോ രാജ്യങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇതേ തുടർന്നാണ് സെപ്റ്റംബറോടുകൂടി തങ്ങളുടെ സൈനികരെ പിൻവലിക്കുവാൻ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ താലിബാൻ കൂടുതൽ പ്രദേശങ്ങൾ കയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്. ഇത്രയും വർഷം കൊണ്ട് ബ്രിട്ടീഷ് സൈനികർ നേടിയെടുത്തത് ചെറിയ കാര്യമല്ലെന്ന് ആർമഡ് ഫോഴ്സസ് ഹെഡ് ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ പ്രവർത്തനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ധാരണ കൊണ്ട് താലിബാനാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നേർ കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദം ഇല്ലാതാക്കുന്നതിന് ബ്രിട്ടനിലെ എല്ലാ സഹായങ്ങളും അഫ് ഗാനിസ്ഥാന് തുടർന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോ കപ്പ് സെമിഫൈനലിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരുടെ എണ്ണം 66,000ത്തിൽ ഏറെ. ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട ആരാധകർ തെരുവിലും ആഘോഷ പ്രകടനങ്ങൾ നടത്തി. സാമൂഹിക അകലം പാലിക്കാതെയുള്ള ഈ ആഘോഷങ്ങൾ ഇംഗ്ലണ്ടിൽ വരും ദിനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. യൂറോ കപ്പും വെംബ്ലിയിൽ ആഘോഷവും പുരോഗമിക്കുന്നതിനോടൊപ്പം ജൂലൈ 19 നകം രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം 100,000 കടക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇംപീരിയൽ കോളേജ് ലണ്ടൻ ശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ കേസുകൾ നിലവിൽ ആറു ദിവസം കൂടുംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ സ്ത്രീകളേക്കാൾ 30 ശതമാനം കൂടുതൽ പുരുഷന്മാരിലാണെന്നും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗം ബാധിക്കുന്നവരിൽ ഏറെയുമെന്ന് അവർ അറിയിച്ചു.

തിരക്കേറിയ വാതിൽപ്പുറ ഇടങ്ങളിൽ മാസ്‌ക്കുകൾ നിർബന്ധമല്ലെങ്കിലും അവ ധരിക്കുന്നത് കോവിഡിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജൂൺ മാസത്തിൽ ഇംഗ്ലണ്ടിലെ കേസുകൾ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിന്റെ വിജയയാത്രയുടെ ഓരോ ഘട്ടവും കാണാനായി പുരുഷന്മാർ പബ്ബുകളിലും വീടുകളിലും ഒത്തുകൂടിയിരുന്നു. 55 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പ്രധാന ഫൈനലിനായി ഞായറാഴ്ച ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അത് കൂടുതൽ വഷളാകുമെന്ന ആശങ്കയുമുണ്ട്. ബാറുകളിൽ ആഘോഷിക്കുന്നതും പൊതുഗതാഗതത്തിൽ കൂട്ടം കൂടി സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ & ട്രോപിക്കൽ മെഡിസിനിലെ പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫസർ മാർട്ടിൻ മക്കി പറഞ്ഞു.


സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കുന്ന ആരാധകർ മാത്രമല്ല ഈ ഭീഷണി നേരിടുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആരാധകർ പബ്ബുകളിലും വീടുകളിലും കൂട്ടം കൂടിയിരുന്ന് മത്സരം ആസ്വദിക്കുന്നുണ്ട്. ജൂലൈ 19 ന് രാജ്യത്ത് ഇളവുകൾ കൊണ്ടുവരുമ്പോൾ പ്രതിദിന കേസുകൾ 50,000 ആയി ഉയരുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞിട്ടുണ്ട്. മത്സരം കാണുമ്പോൾ ഇരിപ്പിടത്തിൽ തന്നെ തുടരാനും സാധ്യമാകുന്നിടത്ത് മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ഇരിക്കാത്തപ്പോൾ മാസ്ക് ധരിക്കാനും നിയമങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : 55 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മുൻനിര ചാമ്പ്യൻഷിപ്പുകളിലൊന്നിന്റെ ഫൈനലിൽ ഇംഗ്ലീഷ് പടയാളികൾ ബൂട്ട് കെട്ടുന്നു. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് കെയ്‌നും കൂട്ടരും യൂറോ ഫൈനലിലേക്ക് രാജകീയമായി മാർച്ച്‌ ചെയ്‍തത്. 66,000 ആരാധകർക്ക് മുന്നിലും, പുതിയ വെംബ്ലി മുമ്പ് അനുഭവിച്ചിട്ടില്ലാത്ത അന്തരീക്ഷത്തിലും ആരംഭിച്ച മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. മുപ്പതാം മിനിറ്റിൽ തന്നെ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ ഡെന്മാർക്ക് അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിനെ സഹായിച്ചു. ഡെന്മാർക് ക്യാപ്റ്റന്റെ സെൽഫ്ഗോൾ. 90 മിനിറ്റും പിന്നിട്ട് അധികസമയത്തേക്ക് നീണ്ട കളി 103ആം മിനിറ്റിൽ എത്തിയപ്പോഴാണ് വെംബ്ലി കാത്തിരുന്ന സുന്ദരനിമിഷം പിറന്നത്. നായകന്റെ ബൂട്ടിൽ നിന്നുതന്നെ വിജയഗോൾ. പശ്ചിമ ജർമ്മനിക്കെതിരായ 1966 ലെ ലോകകപ്പ് ഫൈനൽ വിജയത്തിനുശേഷം ഗാരെത്ത് സൗത്ത്ഗേറ്റിന്റെയും ഇംഗ്ലണ്ടിന്റെയും പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയ ടൂർണമെന്റ് ആണിത്. പ്രീ ക്വാർട്ടറിൽ ജർമ്മനിയെയും ക്വാർട്ടറിൽ യുക്രൈനെയും സെമിയിൽ ഡെന്മാർക്കിനെയും തകർത്തുള്ള ഫൈനൽ പ്രവേശനം.

30ാം മിനിറ്റിൽ ഡാംസ് ഗാർഡി​ലൂടെ ഡെൻമാർക്ക്​ ആണ്​ മുന്നിലെത്തിയത്. 25 വാര അകലെ നിന്നുള്ള ഉഗ്രൻ ഫ്രീകിക്ക് ഗോൾ. ഇംഗ്ലണ്ട് വലയിലേക്ക് പറന്നിറങ്ങിയ ആ ഗോൾ ഈ ടൂർണമെന്റിലെ ആദ്യ ഫ്രീകിക്ക് ഗോളാണ്. ഒപ്പം ഈ ടൂർണമെന്റിൽ പിക്ഫോർഡിന്റെ പോസ്റ്റിലേക്കിറങ്ങിയ ആദ്യ ഗോളും ഇതാണ്. അതോടെ ഇംഗ്ലീഷ് പട തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഡെന്മാർക്ക് ഗോളി കാസ്​പർ ഷ്​മിഷേൽ ഉരുക്കു മുഷ്ടികളുമായി നിലകൊണ്ടു. ഒന്നാം പകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ബുകായോ സാക റഹീം സ്​റ്റെർലിങ്ങിന്​ നൽകിയ ക്രോസിന്​ കാൽവെച്ചത് ഡാനിഷ്​ ക്യാപ്​റ്റൻ സിമോൺ കെയർ. തട്ടിയകറ്റാൻ ശ്രമിച്ച പന്ത് സ്വന്തം വലയിൽ കയറിയതോടെ ഇംഗ്ലണ്ട് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഹാരി മഗ്വയറും ഹാരി കെയിനും തുടരെ തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും ഡാനിഷ് ഗോളി സധൈര്യം നിലകൊണ്ടു. കളി അധികസമയത്തേക്ക്. 103ആം മിനിറ്റ്. രാജ്യവും ആരാധകരും സ്റ്റേഡിയവും കാത്തിരുന്ന നിമിഷം. റഹീം സ്​​റ്റെർലിങ്ങിനെ ജൊആകിം മീഹൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി തടുത്തിട്ട്​ ഷ് മിഷേൽ ശ്രമം നടത്തിയെങ്കിലും റീബൗണ്ടിൽ കെയ്​ൻ കാലുവെച്ച് വലകുലുക്കി. സ്കോർ 2-1.

പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനായി 10 ഗോളുകൾ നേടിയ ഗാരി ലിനേക്കറുടെ ദീർഘകാല റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ. തോറ്റെങ്കിലും തലയുയർത്തി പിടിച്ച് ഡാനിഷ് താരങ്ങൾക്ക് മടങ്ങാം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ സൂപ്പർ താരത്തെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ തുടർന്ന് കളിച്ച ഡെന്മാർക്കിന്റെ തിരിച്ചുവരവും പോരാട്ടവീര്യവും കളി മികവും ഏതൊരു ഫുട്ബോൾ ആരാധകനെയും ഹരം കൊള്ളിക്കുന്നതാണ്. ഞായറാഴ്​ച ഇതേ മൈതാനത്ത്​ നടക്കുന്ന കലാശപ്പോരിൽ ഇറ്റലിയെ വീഴ്​ത്തിയാൽ സൗത്ത്ഗേറ്റിനും കൂട്ടർക്കും നെഞ്ചുംവിരിച്ച് മടങ്ങാം. എന്നാൽ ഫൈനലിൽ കാത്തിരിക്കുന്ന ഇറ്റലി ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്. പതിയെ തുടങ്ങി വൈകി തിരിച്ചെത്തുന്ന ഇംഗ്ലീഷ് പട്ടാളത്തിന് അസൂറികളെ പിടിച്ചുകെട്ടാൻ കഴിയുമോന്ന് കണ്ടറിയണം.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യൂറോ കപ്പിന്റെ ഭാഗമായി വെമ്പ്ളിയിൽ വെച്ച് നടന്ന ജർമനി – ഇംഗ്ലണ്ട് മത്സരത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത് ജർമ്മനിയുടെ ആരാധികയായ ഒരു കുഞ്ഞു പെൺകുട്ടിയാണ്. ജർമ്മനി ഇംഗ്ലണ്ടിനോട് 2-0 ത്തിന് പരാജയപ്പെട്ടതിനെ തുടർന്ന് കരയുന്ന ഈ പെൺകുട്ടിയെ ചേർത്തുപിടിക്കുന്ന പിതാവിന്റെ ചിത്രം സോഷ്യൽ മീഡിയകളിലും മറ്റും വൈറലായിരുന്നു. എന്നാൽ ചില ഇംഗ്ലണ്ട് ആരാധകർ പെൺകുട്ടിക്കെതിരെ മോശമായ കമന്റുകളും മറ്റും ട്വിറ്ററിൽ കുറിച്ചിരുന്നു. പെൺകുട്ടിയുടെ ജർമൻ പൗരത്വത്തെയും, ജർമ്മനിയുടെ നാക്സി ചരിത്രത്തെയും ഒക്കെ സൂചിപ്പിച്ചാണ് അധിക്ഷേപിക്കുന്ന തരത്തിൽ കമന്റുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ അധിക്ഷേപം നേരിട്ടതിനെ തുടർന്നാണ്, ഈ പെൺകുട്ടിക്കായി ഒരു ഫണ്ട് റെയ് സർ ക്യാമ്പയിൻ ആരംഭിച്ചത്. യുകെയിൽ ഉള്ള എല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ല എന്ന് തെളിയിക്കുന്നതിനായി ആണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചത്. ഈ ക്യാമ്പയിനിലൂടെ ഏകദേശം 36000 പൗണ്ട് തുക പെൺകുട്ടിയുടെ കുടുംബത്തിനായി ലഭിച്ചു.


തന്റെ കുടുംബത്തിനായി ലഭിച്ച ഈ സഹായത്തിനായി നന്ദിയുണ്ടെന്നും, ഈ തുക യൂനിസെഫിനായി നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി. 51 കാരനായ ജോയൽ ഹ്യൂഗ്സ് എന്ന വ്യക്തിയാണ് പെൺകുട്ടിക്കായി ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പെയിനിൽ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഹ്യൂഗ്സ് അറിയിച്ചു. 500 പൗണ്ട് തുക മാത്രമാണ് താൻ ഉദ്ദേശിച്ചത്. യുകെയിൽ ഉള്ളവരെല്ലാവരും മോശം ചിന്താഗതി ഉള്ളവരല്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയും, പെൺകുട്ടിയുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിൽ ക്യാമ്പയിൻ ആരംഭിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ജനങ്ങളുടെ ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങൾ നിരവധിയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഹോം ഡെലിവറി വഴിയുള്ള നിത്യോപക സാധനങ്ങളുടെയും ടേക്ക് എവേ ഫുഡിന്റെയും വാങ്ങലുകൾ. കോവിഡ് കാലഘട്ടത്തിൽ സുരക്ഷിതത്വത്തിന്റെ പേരിൽ ജനങ്ങൾ തുടങ്ങിവച്ച ശീലമാണ് ഇതെങ്കിലും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ഭാവിയിലും ഹോം ഡെലിവറിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയൊരു പ്രതീക്ഷയിലാണ് ബ്രിട്ടണിലെ വാഹന വിപണിയിൽ വാനുകളുടെ ആവശ്യം കുതിച്ചുയരുന്നത്.

വാഹനവിപണിയിൽ മറ്റു വാഹനങ്ങളുടെ വിൽപ്പന മന്ദീഭവിച്ചു നിൽക്കുന്ന അവസരത്തിലാണ് വാനുകളുടെ വിൽപ്പനയിൽ റിക്കോർഡ് കുതിച്ചുകയറ്റം. 2021-ൽ ആദ്യപാദത്തിൽ ഇതിനോടകം രണ്ട് ലക്ഷത്തിനടുത്ത് വാനുകളാണ് വിറ്റഴിക്കപ്പെട്ടത്. കമ്പ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെ വാനുകളുടെ നിർമാണത്തിന് ആവശ്യമായ പല ആവശ്യ വസ്തുക്കളുടെയും ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. അല്ലെങ്കിൽ വാനുകളുടെ വിൽപന ഇതിൽ കൂടുമായിരുന്നു എന്നാണ് വിലയിരുത്തലുകൾ. എന്തായാലം ഇനിയുള്ള കാലഘട്ടം ഹോം ഡെലിവറിയുടെ ചാകരക്കാലമാണെന്നാണ് വാനുകളുടെ വില്പനയിലുള്ള കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻ‌എച്ച്‌എസ് വാക്സിൻ പാസ്‌പോർട്ട് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് ഗുണകരമാണെങ്കിലും വൻ തട്ടിപ്പുകളാണ് അതിലൂടെയും നടന്നുവരുന്നത്. എൻഎച്ച്എസിന്റെ ഭാഗമാണെന്ന് നടിച്ച് നിരവധി ആളുകളുടെ വ്യക്തിഗത വിവരങ്ങളും പണവും മോഷ്ടിക്കുകയാണ് വ്യാജ വാക്സിൻ പാസ്‌പോർട്ട് തട്ടിപ്പുകാർ. അവധിദിനങ്ങളും ടിക്കറ്റുകളും ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ വരുന്നതോടെ അവധിദിനങ്ങളും വലിയ പരിപാടികളും വീണ്ടും സജീവമാകും. ഇത് ബ്രിട്ടീഷുകാർക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിനോടൊപ്പം തട്ടിപ്പുകാർക്ക് പുതിയ അവസരങ്ങളും ഒരുക്കും.

പാസ്പോർട്ട്‌ നൽകാമെന്ന വ്യാജേനയാണ് ഇവർ ആളുകളെ ബന്ധപ്പെടുന്നത്. തുടർന്ന് എൻ‌എച്ച്‌എസ് വെബ്‌സൈറ്റുകളിലേക്കെന്ന് തോന്നിപ്പിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ഇമെയിലുകൾ അയക്കും. പേയ്‌മെന്റുകൾ ഉപയോഗിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കാനും വ്യക്തിഗത വിശദാംശങ്ങൾ നൽകാനും ആളുകളെ പ്രേരിപ്പിക്കും. ഈ മാർഗത്തിലൂടെയാണ് പണവും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് നോർത്ത് ടീസിലെയും ഹാർട്ട്‌പൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും മെഡിക്കൽ ഡയറക്ടർ ദീപക് ദ്വാരകനാഥ് മുന്നറിയിപ്പ് നൽകി. “കോവിഡ് -19 വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് എൻ‌എച്ച്‌എസ് കോവിഡ് പാസ് നിർണായകമാണ്. കാരണം യാത്ര ചെയ്യാൻ ഇത് ആളുകളെ അനുവദിക്കുന്നു. കൂടാതെ അവധിദിനങ്ങൾ ആഘോഷിക്കാനും വലിയ പരിപാടികളിൽ പങ്കെടുക്കാനും ഇത് സഹായിക്കും. ഈയൊരു അവസരം മുതലെടുത്ത് ചിലർ ക്രൂരമായ രീതിയിൽ മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് അപമാനകരമാണ്.” അദ്ദേഹം പറഞ്ഞു. “രണ്ട് ഡോസും പൂർത്തീകരിച്ച ശേഷം നിങ്ങൾക്ക് പാസ് ആവശ്യമാണെങ്കിൽ, ദയവായി എൻ‌എച്ച്എസ് ചാനലുകൾ ഉപയോഗിച്ച് അത് നേടുക.” അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved