ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- കൊടുങ്കാറ്റ് ഭീതി വിതച്ച എല്ലാ പ്രദേശങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച കെന്റക്കി സംസ്ഥാനത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ച് ബൈഡൻ ഫെഡറൽ എമർജൻസി ഡിസാസ്റ്റർ ഡിക്ലറേഷനിൽ ഒപ്പുവെച്ചു. യുഎസിലെ തന്നെ എക്കാലത്തെയും ഭീകരമായ ചുഴലിക്കാറ്റാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഉണ്ടായ ചുഴലിക്കാറ്റിൽ കെന്റക്കിയിൽ എഴുപതിലധികം പേർ മരണപ്പെട്ടു. എന്നാൽ ഈ കണക്ക് നൂറിലധികം ആകാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു മെഴുകുതിരി ഫാക്ടറി പൂർണമായും ദുരന്തത്തിൽ നശിച്ചതായും, അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. മെയ്‌ഫീൽഡിൽ ഉള്ള ഈ മെഴുകുതിരി ഫാക്ടറിയിൽ ഏകദേശം 110 പേർ ഉണ്ടായിരുന്നതിൽ, 40 പേരെ രക്ഷിക്കാനായെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷാർ വ്യക്തമാക്കി. മെയ്‌ഫീൽഡിലെ പോലീസ് സ്റ്റേഷനും, അഗ്നിശമനസേന കേന്ദ്രവുമെല്ലാം ചുഴലിക്കാറ്റിൽ തകർന്നതോടെ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമായിട്ടുണ്ട്.


ആയിരക്കണക്കിന് ആളുകൾ എപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാതെ സംസ്ഥാനത്തിൻെറ വിവിധഭാഗങ്ങളിൽ കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ എല്ലാമായി 12 പേരോളം മരണപ്പെട്ടിട്ടുണ്ട്. വേർപാടിലിരിക്കുന്ന കുടുംബാംഗങ്ങൾക്കായി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് എന്ന് ജോ ബൈഡൻ പറഞ്ഞു. അടിയന്തര സേനകളെ കൂടി ഈ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച കെന്റക്കിയിൽ ഗവർണർ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.