Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിൻ നിർമാതാക്കളായ ഇന്ത്യയ്ക്ക് കയറ്റുമതിക്ക് ആവശ്യമായ അളവിൽ നിർമ്മാണം വിപുലീകരിക്കാൻ കഴിയുന്നില്ല എന്നത് ലോകം മുഴുവൻ പ്രതിസന്ധിയോടെയാണ് കാണുന്നത്. എസ് ഐ ഐ, ( സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ) നൊവാ വാക്സ്, ആസ്ട്രാസെനെക വാക്സിനുകളാണ് വ്യാപകമായി നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ അസംസ് കൃത വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിൽ യുകെ, നേപ്പാൾ പോലെയുള്ള രാജ്യങ്ങളിലേക്ക് ആവശ്യപ്പെട്ടതനുസരിച്ചുള്ള അളവിൽ വാക്സിനുകൾ നിർമ്മിച്ചു നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ ഫിൽറ്ററുകൾ, പ്രത്യേക ബാഗുകൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് യുഎസ് നിർത്തലാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് അദർ പൂനവല്ല പറഞ്ഞു. സെൽ കൾച്ചർ മീഡിയ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ട്യൂബുകൾ, വാക്സിൻ നിർമ്മാണത്തിനുള്ള കെമിക്കലുകൾ എന്നിവയും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .

രാജ്യത്തിന് പറഞ്ഞ അളവിലുള്ള വാക്സിനുകൾ കയറ്റുമതി ചെയ്ത് വാക്കു പാലിക്കാൻ കഴിയുന്നില്ല എന്നുള്ളത് നേരാണ്, എന്നാൽ അസംസ്കൃതവസ്തുക്കളുടെ പരിമിതി മൂലമാണ് ഇത് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആവശ്യാനുസരണമുള്ള അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാൻ എസ് ഐ ഐ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി രാജ്യത്തിന് പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ജോ ബൈഡൻ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.രാജ്യത്തിനുള്ളിൽ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി കയറ്റുമതി ചെയ്യാതിരിക്കാനുള്ള ഡി പി എ നിയമം ഉപയോഗിച്ചാണ് ബൈഡൻ അസംസ് കൃതവസ്തുക്കൾ തടഞ്ഞു വെക്കുന്നത്.


ലോക വ്യാപകമായി ഒരു പ്രത്യേക വിഭാഗത്തിലുള്ള അസംസ്കൃത വസ്തുക്കൾക്ക് ആവശ്യം കൂടുമ്പോൾ സ്വാഭാവികമായും ക്ഷാമം നേരിടേണ്ടിവരുമെന്ന് ലിവർപൂളിലെ ജോൺ മൂർ യൂണിവേഴ്സിറ്റിയിലെ വാക്സിൻ സപ്ലൈ ചെയിൻ എക്സ്പെർട്ടായ സാറ ഷിഫ്ളിങ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബറിൽ 130 മില്യൺ കോവി ഷീൽഡ് നിർമ്മിക്കാമെന്ന് എസ് ഐ ഐ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ പ്രതിമാസം 60 മുതൽ 70 മില്യൺ വരെ വാക്സിനുകൾ മാത്രമാണ് നിർമ്മിക്കാൻ കഴിയുന്നത്. രാജ്യത്തിനുള്ളിൽ 39 മില്യണോളം പൗരന്മാർക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് ഒപ്പം തന്നെ സൗത്ത് ഏഷ്യയിലെ അയൽ രാജ്യങ്ങൾക്ക് സംഭാവനയായി വാക്സിൻ നല്കാനും രാജ്യം മുൻകൈ എടുത്തു എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- നാസയുടെ സ്പേസ് മിഷൻ പ്രോഗ്രാമായ സ്കൈലാബ് 4 പരാജയപ്പെട്ടിട്ടു ഏകദേശം അര നൂറ്റാണ്ടോളം ആയിരിക്കുകയാണ്. മൂന്ന് യാത്രികർ ആയിരുന്നു ഈ മിഷനിൽ ഉൾപ്പെട്ടിരുന്നത് – എഡ് ഗിബ്സൺ, വില്യം പോഗ്,ജരാൾഡ് കാർ എന്നിവരായിരുന്നു അവർ. ഇവർ നാസയുമായുള്ള ഗ്രൗണ്ട് കണ്ട്രോൾ സംവിധാനം വിച്ഛേദിക്കുകയും, സ്വന്തം രീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ ഇതല്ല യഥാർത്ഥ സത്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഡ് ഗിബ്സൺ. മൂന്ന് പേരിൽ ഇദ്ദേഹം മാത്രമാണ് ഇപ്പോൾ ഉള്ളത്.

സ്പേസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പോഗിന്റെ ആരോഗ്യസ്ഥിതി മോശമായതായി അദ്ദേഹം പറയുന്നു. ആദ്യമായാണ് തങ്ങൾ ഇത്തരത്തിൽ യാത്ര നടത്തുന്നതിനാൽ അതിന്റേതായ എല്ലാ ആരോഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിരുന്നതായി ഗിബ്സൺ പറയുന്നു. നാസയുടെ സ്കൈലാബ് സ്പേസ് ദൗത്യത്തിലൂടെ, ഇത്തരത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരുടെ ആരോഗ്യസ്ഥിതിയും മറ്റും പഠിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. 84 ദിവസമാണ് ഈ മിഷൻ നീണ്ടുനിന്നത്. യാത്രികർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ആവശ്യമായ സമയം നൽകിയില്ലെന്ന് നാസ തന്നെ സമ്മതിക്കുന്നുണ്ട്.

അതിനാൽ തന്നെ പോഗിന്റെ ആരോഗ്യ അവസ്ഥ തങ്ങൾ മറച്ചു വെക്കാൻ തീരുമാനിച്ചതായി ഗിബ്സൺ പറയുന്നു. എന്നാൽ തങ്ങളുടെ സംസാരങ്ങൾ എല്ലാം തന്നെ നാസ റെക്കോർഡ് ചെയ്തിരുന്നതായി തങ്ങൾ അറിഞ്ഞിരുന്നില്ല. ആരോഗ്യസ്ഥിതി മറച്ചുവെച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി നാസ ചിത്രീകരിച്ചതായി ഗിബ്സൺ പറഞ്ഞു. തങ്ങൾക്ക് മേൽ അധികഭാരം ആണ് പിന്നീട് ചുമത്തിയത്.ഷെഡ്യൂൾ പ്രകാരമുള്ള ജോലി കുറച്ച് കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഏകദേശം 90 മിനിറ്റോളം തങ്ങൾക്ക് നാസയുമായുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഗിബ്സൺ പറഞ്ഞു. ഇതാണ് തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമായി നാസ ചിത്രീകരിച്ചത്. എന്നാൽ ഇത് തങ്ങളുടെ അറിവോടെ അല്ലെന്നും, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിലുള്ള പ്രതിസന്ധി ആയിരുന്നുവെന്നും ഗിബ്സൺ ഉറപ്പിച്ചുപറയുന്നു. ഇതിനെ പിന്നീട് മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്തെ പ്രശ്നങ്ങൾ കേൾക്കുവാൻ പോലും ആരും തയ്യാറായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഷിബു മാത്യൂ
എന്റര്‍ടൈം ഡെസ്‌ക്
ഇലക്ഷന്‍ ചൂടില്‍ കേരളം. ട്രോളര്‍മാര്‍ക്കിത് ഉത്സവകാലം. ഇടതനെന്നോ വലതെനെന്നോ ബി ജെ പിയെന്നോ മറ്റു രാഷ്ട്രീയ പാര്‍ട്ടിയെന്നോ പാര്‍ട്ടിക്കപ്പുറം സ്വന്തന്ത്രനെന്നോ ഒരു വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യ പരിഗണന കൊടുത്ത് അവര്‍ മുന്നേറുന്നു. രാഷ്ട്രീ പാര്‍ട്ടികള്‍ക്കാണ് മുന്‍ഗണനയെങ്കിലും വ്യക്തികളെയും വെറുതേ വിടാറില്ല. ആദരണീയനായ പ്രധാനമന്ത്രിയില്‍ തുടങ്ങി വെറുമൊരു പഞ്ചായത്തു മെമ്പറു വരെയുള്ളവര്‍ക്ക് നല്ല പരിഗണന കൊടുത്താണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ആന്റണി ജോസഫ് ‌

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അതിലുപരി നേര്‍വഴിക്ക് തിരിച്ചുവിടാനും പലപ്പോഴും ട്രോളുകള്‍ക്ക് കഴിയാറുണ്ട്. മതാടിസ്ഥാനത്തില്‍പ്പോലും ട്രോളുകള്‍ എത്തിത്തുടങ്ങി. ക്രിസ്റ്റ്യന്‍ ട്രോളുകള്‍, ഇസ്‌ളാമിക ട്രോളുകള്‍, ഹൈന്ദവ ട്രോളുകള്‍ അങ്ങനെ പലതും.

ഇനി മറ്റൊര് ഐറ്റമുണ്ട്! തള്ള്. തളളിന്റെ ഉറവിടം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് ട്രോളര്‍മാരുടെ ഭാഷ്യം. തള്ളി തളളി അത് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിച്ച് ഒടുവില്‍ കേരളത്തിലുമെത്തി. വരവ് ഒറ്റയ്ക്കായിരുന്നില്ല. രാഹുല്‍ ഗാന്ധിയും കൂടത്തില്‍ പൊന്നു. അമുല്‍ ബേബിയായി വയനാട്ടിലെത്തി. ഇടതന് കൊണ്ടുവരാന്‍ തലസ്ഥാനത്ത് ആളില്ലാത്തതിന്റെ കുറവ് കേരള ഘടകം നികത്തുന്നുണ്ട് താനും. പൊലീസിന്റെ മുകളില്‍ കുതിര കയറുന്ന കുട്ടി സഖാക്കന്മാരും ഒന്നും രണ്ടും ചങ്കുള്ളവരും ഇതില്‍പ്പെടും. തളളില്‍ മിടുക്കന്മാര്‍ ബി ജെ പിയിലാണെന്നാണ് ട്രോളര്‍മാരുടെ അഭിപ്രായം. നേതാക്കന്മാര്‍ അത് തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടി വ്യത്യാസമില്ലാതെ നേതാക്കന്മാരുടെ ഭാര്യമാരെയും വെറുതേ വിടാറില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ഇടതു വശം ചേര്‍ന്ന് മറുകണ്ടം ചാടി ഡെല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയായി ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തി വീണ്ടും കൈകൂപ്പുന്ന ഒരു വിരുതന്റെ ഭാര്യയുടെ സന്തോഷം സോഷ്യല്‍ മീഡിയ ആഘോഷിച്ചത് ആരും മറക്കാനിടയില്ല.

കേരള രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ഗാലറിയിലിരുന്നു കാണുന്നവരാണ് പ്രവാസികള്‍. പ്രത്യേകിച്ചും


ആര്‍ട്ടിസ്റ്റ് ഫെര്‍ണാണ്ടെസ്

കേരളത്തില്‍ വോട്ടവകാശമില്ലാത്ത പാശ്ചാത്യരാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസികള്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള താല്പര്യവും ആവേശവും മാത്രമേ ഇവര്‍ക്കുള്ളൂ. എത്ര ആവേശം കൊണ്ടാലും വോട്ടവകാശമില്ലെങ്കില്‍ പറഞ്ഞിട്ടെന്തു കാര്യം?? ഇലക്ഷന്‍ കാലത്ത് നാട്ടിലെത്തി പ്രകടനങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും കലാശക്കൊട്ടിലുമൊക്കെ പങ്കെടുത്ത് ആശ്വാസം കൊള്ളാം എന്ന് ചിന്തിച്ചാല്‍പ്പോലും കോവിഡ് ചതിച്ചതുകൊണ്ട് അതിനും മാര്‍ഗ്ഗമില്ലാതായി. മാത്രമല്ല പ്രവാസിയേ കണ്ടാല്‍ പേപ്പട്ടിയെ നേരിടുന്നതു പോലെയാണല്ലോ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

പ്രവാസിയുടെ ആകെയുള്ള ആശ്വാസം സോഷ്യല്‍ മീഡിയ തന്നെ. ട്രോളുകളും തള്ളുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ട്രോളുകള്‍ കണ്ടു രസിക്കുകയും അപ്പോള്‍ തന്നെ കുറെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഷെയറ് ചെയ്യുന്നതിലും ആനന്ദം കൊള്ളുകയാണ് പ്രവാസികള്‍. സ്വന്തം അഭിപ്രായങ്ങളും ട്രോളാക്കുന്നവരും ധാരാളമുണ്ട്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ മാനസീകമായ ഒരു ഉല്ലാസത്തിനപ്പുറം മറ്റ് ഗൂഡ ലക്ഷ്യങ്ങളൊന്നുമില്ല ഇക്കൂട്ടര്‍ക്ക്.

മലയാളം യുകെ ന്യൂസിന്റെ ഗ്രൂപ്പുകളില്‍ ആയിരക്കണക്കിന് ട്രൊളുകളാണ് പ്രിയ വായനക്കാര്‍ ഭിവസംതോറും ആയ്ച്ചുതരുന്നത്. അതില്‍ നിന്നും രസാവഹമായ ആസ്വദതന പ്രധാന്യമുള്ള ട്രോളുകള്‍ തിരഞ്ഞെടുത്ത് വായയനക്കാരുടെ മുമ്പിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ചില ട്രോളും തള്ളും ഒരു പക്ഷേ ഇതിന് മുമ്പ് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകാം. ഓര്‍മ്മിക്കുക!ഇത് മലയാളം യുകെ ന്യൂസിന്റെ സൃഷ്ടിയല്ല. ചിതറി കിടക്കുന്നതിനെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിച്ച് ജനങ്ങളില്‍ എത്തിക്കുക എന്നു മാത്രമേ ലക്ഷ്യമുള്ളൂ. മലയാളം യുകെ ന്യൂസിന്റെ എന്റര്‍ടൈം ഡെസ്‌ക് കൈകാര്യം ചെയ്യുന്ന ആന്റണി ജോസഫ് ഗ്ലാസ്‌ഗോയാണ് ഇലക്ഷന്‍ ട്രോളും തള്ളും എന്ന പംക്തിയുടെ അമരക്കാരന്‍. ആര്‍ട്ടിസ്റ്റ് ഫെര്‍ണാണ്ടെസ് ഇതിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ഫലപ്രഖ്യാപന ദിവസമായ മെയ് ആറ് വരെ ട്രോളും തള്ളും മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ട്രോളും തള്ളും തുടങ്ങുന്നത് തലസ്ഥനത്ത് നിന്നും..

ഇതാണ് സത്യസന്ധമായ രാഷ്ട്രീയം.
അഞ്ചു വര്‍ഷം നിനക്കും അടുത്ത അഞ്ച് എനിക്കും..

സിനിമയിലെ റോളും ജീവിതത്തിലെ റോളും..

വാര്‍ത്താ വിനിമയ രംഗത്തെ ഇടതുപക്ഷത്തിന്റെ സംഭാവന.
ശിവന്‍കുട്ടി ഒറ്റയ്ക്ക് ലൈന്‍ വലിക്കുന്നു.

ഈസ്റ്ററിന് മുമ്പ് കര്‍ത്താവ് ബി ജെ പി യിലെത്തി. അയോധ്യയിലുയിര്‍ക്കും..

കാല് കഴുകുന്നതും കാല് തൊട്ട് വന്ദിക്കുന്നതും പ്രാകൃതം.. അടിമത്തം..
ചന്തി ചൊറിയുന്നത് ന്യൂനതം.. കേമത്തം

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്തെന്റില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ ജീസണ്‍ ഡേവിസിൻെറ(33) മരണ വാർത്തയുടെ ഞെട്ടലിലാണ് യുകെയിലെ സുഹൃത്തുക്കൾ. ഏതാനും ദിവസത്തെ അവധിക്കു സ്വദേശമായ ചാലക്കുടിയില്‍ എത്തിയ ജീസണെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ടുനിന്നവര്‍ സൂചന നല്‍കിയെങ്കിലും യുവാവ് പാളം മുറിച്ചു കടക്കുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങുകള്‍ കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിലെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

അന്നനാട് തളിയത് കുടുംബാംഗമാണ് ജീസണ്‍ ഡേവിസ്. പഠന രംഗത്ത് മിടുക്കനായിരുന്ന ജീസണ്‍ നഴ്സിങ് പഠന ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ഏതാനും നാള്‍ ഇവിടെ ജോലി ചെയ്യുമ്പോഴാണ് യുകെയിലേയ്ക്ക് നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യമായി നടക്കുന്നത് അറിയുന്നത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ജോലി വേണ്ടെന്നു വച്ച് യുകെയില്‍ എത്തുകയായിരുന്നു.

സ്‌നേഹം കൊണ്ട് ജീസപ്പാ എന്നാണ് കൂട്ടുകാര്‍ ജീസണിനെ വിളിച്ചിരുന്നത്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു ജീസണ്‍ സുഹൃത്തുക്കള്‍ക്ക്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എല്ലാം കൂടെത്തിയിട്ടും വിധി കനിവ് കാട്ടാന്‍ തയ്യാറായില്ലല്ലോ എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ജീസണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍.

ജീസണ്‍ ഡേവിസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകന്‍

യുകെ : ബെല്‍ഫാസ്റ്റ് മലയാളിയായ ജീവന്‍ തോമസ് ചെറുമാനത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ജീവന് 48  വയസ് മാത്രമായിരുന്നു പ്രായം. മലയാളികള്‍ക്കിടയില്‍ വളരെ സജീവമായിരുന്ന ജീവന്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം കീഴടക്കിയത്. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ജീവന്‍ ഇന്ന് വെളുപ്പിനെ 3.30നാണ് മരിച്ചത്.

നഴ്‌സിംഗ് ഹോമില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.

നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവക ചെറുമണത്ത് ലീലാമ്മയുടെയും പരേതനായ തോമസിന്റെയും മകനാണ്. ഭാര്യ ജോസിയും നഴ്‌സാണ്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച് ഇടവക കുഴ്യന്‍പറമ്പില്‍ കുടുംബാംഗമാണ് ജോസി. മൂന്നു മക്കളുണ്ട്. മൂത്തമകന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി തോമസ് കുട്ടി, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അഞ്ചല ജീവന്‍, ആന്‍ മരിയ.

ജീവന്റെ ഒരു സഹോദരി ജൂലി അയര്‍ലണ്ടില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ വന്നെത്തിയിട്ടുണ്ട്. ജസ്റ്റിന്‍, ജൂസി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ജീവന്റെ ഭാര്യ സഹോദരി ജോഷിയും ഭര്‍ത്താവ് സാജനും ഇവര്‍ താമസിയ്ക്കുന്ന മൊയിറയില്‍ തന്നെയാണ് താമസം.

യുകെയിലേക്ക് വരുന്നതിനു മുമ്പ് ജീവന്‍ ഡല്‍ഹി തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റാഫ് നഴ്‌സായാണ് സേവനമനുഷ്ടിച്ചിരുന്നത്. നാട്ടില്‍ വീടു പണി അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. താമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ജീവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ വെച്ച് തന്നെയായിരിക്കും നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അകാലത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരന് എൻ‌ഡി‌ആർ‌കെ നഴ്സിംഗ് കോളേജിലെ സുഹൃത്തുക്കൾ ആദരാഞ്ജലികൾ  അർപ്പിച്ചു.

ജീവന്റെ നിര്യാണത്തില്‍ മലയാളം യുകെ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജോജി തോമസ്

കഴിഞ്ഞദിവസം ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്ന് ഇന്ത്യ ബ്രിട്ടനിലേയ്ക്കുള്ള കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളും ,അത് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് വരുത്തുന്ന പ്രത്യാഘാതങ്ങളുമായിരുന്നു . ഇന്ത്യയിൽ ഉയർന്ന് കൊണ്ടിരിക്കുന്ന കോവിഡ് വ്യാപന നിരക്കും, സ്വന്തം പൗരൻമാർക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകതയുമാണ് ഇന്ത്യ ഗവണ്മെൻറ് കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ. എന്നാൽ ഈ ന്യായീകരണങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നും കർഷക സമരത്തോട് ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർവ്വമായ നിലപാടുകളാണ് കോവിഡ് വാക്സിൻ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മോദി ഗവൺമെന്റിനെ പ്രേരിപ്പിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. ഇന്ത്യ കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര ധാരണകളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലാവും. ഇത്തരത്തിലുള്ള കരാറുകളും ധാരണകളും രൂപപ്പെടുന്നതിനും മുൻപുതന്നെ ഏതൊരു രാജ്യവും സ്വന്തം രാജ്യത്തെ പൗരൻമാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അതിനായുള്ള വിഭവങ്ങളും ഉത്പാദന ശേഷിയും മാറ്റി വയ്ക്കുകയും ചെയ്യും. കാരണം നമ്മളൊരു അതിഥിയെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ കൂടുതൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കും . അല്ലാതെ വീട്ടിലുള്ളവരെ പട്ടിണിക്കിട്ട് അവർക്ക് കഴിക്കാനുള്ളത് ക്ഷണിക്കപ്പെട്ട് വരുന്ന അതിഥികൾക്ക് നൽകാറില്ല.

നരേന്ദ്രമോദി ഗവൺമെൻറ് മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങളോട് ഇത്തരത്തിൽ കടുത്ത പ്രതികരണം നടത്തുന്നത് ആദ്യ സംഭവമല്ല. പൗരത്വഭേദഗതി നിയമത്തിലും ,കാശ്മീർ വിഷയത്തിലും അഭിപ്രായപ്രകടനങ്ങൾ നടത്തിയ മലേഷ്യയെ അവിടെ നിന്നുള്ള പാമോയിൽ ഇറക്കുമതി നിയന്ത്രിച്ചാണ് തിരിച്ചടി നൽകിയത്. ഇന്ത്യയിലെ വൈകാരിക പ്രശ്നമായ കാശ്മീർ വിഷയത്തിൽ നൽകിയ തിരിച്ചടി ന്യായീകരിക്കാമെങ്കിലും, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നേപ്പാളിൻ മേൽ നടത്തിയ കുതിരകയറ്റം ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കിയത്. നേപ്പാൾ കൂടുതലായി ചൈനീസ് ആശ്രയത്തിലായി എന്നതാണ് ആത്യന്തിക ഫലം.

ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാരാണ്. വാക്സിൻ രാഷ്ട്രീയം ചൂടുപിടിക്കുകയും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളുകയും ചെയ്താൽ അതൊരു വൈകാരിക പ്രശ്നമായി വളരാൻ സാധ്യതയുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് തൊഴിലിടങ്ങളിൽ ഉൾപ്പെടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയാവില്ല. പുതിയ തൊഴിലിന് അപേക്ഷിക്കുമ്പോൾ തുടങ്ങി , നേഴ്സിംഗ് മേഖലയിൽ ഇന്ത്യയിൽനിന്ന് നടക്കുന്ന വ്യാപകമായ റിക്രൂട്ട്മെന്റിൽ പോലും വിവേചനം അനുഭവിക്കേണ്ടി വന്നേക്കാം. ശക്തമായ നിയമങ്ങളുടെ പിൻബലം ഉണ്ടെങ്കിലും, ബ്രിട്ടീഷ് സമൂഹത്തിൽ ഇന്നും വർഗ്ഗപരമായ വിവേചനമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഇന്ത്യക്കാരുടെ ബൗദ്‌ധിക നിലവാരത്തിനും, കഠിനാധ്വാനത്തിനും തൊഴിലിടങ്ങളിലുൾപ്പെടെ ഒരു ആദരവ് ലഭിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തിരിച്ചടിയാകുന്നതാണ് മോദിയുടെ പുതിയ രാഷ്ട്രീയം .

ഇന്ത്യക്കാർ പ്രവാസികളായി ഏതൊക്കെ രാജ്യത്ത് പോയിരുന്നോ, ആ രാജ്യങ്ങളെയൊക്കെ പോറ്റമ്മയുടെ സ്ഥാനത്തേ കണ്ടിരുന്നുള്ളൂ. അവരുടെ ഇഷ്ടക്കൂടുതൽ കൂടുതലും മാതൃ രാജ്യത്തോടു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കൂടുതൽ നടത്തിയതും മാതൃരാജ്യത്താണ്. പ്രവാസികളുടെ വിയർപ്പിലൂടെ ഒഴുകിയെത്തിയ വിദേശനാണ്യം ഇന്ത്യയുടെ വികസനത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇത്തരത്തിൽ ഏറ്റവുമധികം വിദേശനാണ്യം നേടിയിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. 2017 – 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ സംഭാവന 4 ലക്ഷം കോടി രൂപയിലേറെയാണ്. എന്നാൽ പ്രവാസികൾ ഇന്ത്യയിൽ എന്നും രണ്ടാംകിട പൗരന്മാരാണ്. ഇരട്ടപൗരത്വമോ, വോട്ടവകാശമോ ഒന്നും പരിഗണനയിൽ പോലുമില്ല.

കോവിഡിനെതിരെയുള്ള മരുന്നായി ഒരുകാലത്ത് കരുതിയിരുന്ന ഹൈഡ്രോക്സി ക്ലോറിക്കൂവിന്റെ അമേരിക്കയിലേയ്ക്കുള്ള കയറ്റുമതി ഒരുകാലത്ത് ഇന്ത്യ നിരോധിച്ചെങ്കിലും ട്രംമ്പൊന്ന് കണ്ണുരുട്ടിയപ്പോൾ അതൊന്നും നടപ്പാക്കിയില്ല. അന്ന് അമേരിക്കയുമായി പ്രത്യേകിച്ച് മരുന്ന് നൽകാമെന്ന് ധാരണ പോലും ഇല്ലാതിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിട്ട കോവിഡ് വാക്സിൻ രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര രംഗത്ത് മോശമാകാനേ ഉപകരിക്കൂ.

 

ലേഖകൻ മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷകനുമാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 ൻെറ തീവ്രത രാജ്യത്ത് കുറഞ്ഞതിനാൽ ഈ വർഷം വേനൽക്കാല അവധിക്ക് നാട്ടിൽ പോകാനായോ വിദേശത്ത് അവധി ആഘോഷിക്കാനായോ  ബുക്ക് ചെയ്ത യുകെ മലയാളികൾ ഒട്ടനവധിയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച രൂപരേഖയിൽ മെയ് 17 മുതൽ വിദേശത്ത് വേനൽക്കാലം ചിലവഴിക്കാനുള്ള അനുവാദം നൽകുമെന്ന് അറിയിച്ചത് ഒട്ടേറെ യുകെ മലയാളികൾ വേനൽക്കാല അവധിയ്ക്കായി ബുക്ക് ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ വർഷവും അവധിക്കാലം ചെലവഴിക്കാൻ സാധ്യമായേക്കില്ല എന്ന് ഗവൺമെൻറ് അഡ്വൈസർ ഡോ. മൈക്ക് ടിൽഡെസ്ലി മുന്നറിയിപ്പ് നൽകി.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരിലൂടെ ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഈ വർഷവും വേനൽക്കാല അവധി ദിനങ്ങൾ അനുവദിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായപ്രകടനം ഡോ. മൈക്ക് ടിൽഡെസ്ലി നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ആളുകൾ വിദേശ യാത്ര നടത്തുകയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും പിടിച്ചു നിർത്തിയ രോഗവ്യാപനം ബ്രിട്ടനിൽ കുതിച്ചു കയറുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുണ്ട്.

ഇതിനിടെ ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടം ഇന്നലെ രാജ്യം കൈവരിച്ചു. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2021 സെൻസസ് നടത്താൻ ഒരുങ്ങുമ്പോൾ പൊതുജനങ്ങൾക്ക് സ്വാഭാവികമായും വിവരങ്ങൾ പങ്കുവെക്കുന്നതിനെപ്പറ്റി സംശയങ്ങളും ആശങ്കകളും ഉണ്ടാവാം. എന്നാൽ വിവരശേഖരണത്തെ പറ്റിയും സ്വകാര്യതയെ പറ്റിയും ഗവൺമെന്റിന് കൃത്യമായ ധാരണകളുണ്ട്. പൊതുബോധത്തെ സംശയത്തിൽ ആക്കുന്ന, പൗരന്മാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ സെൻസസിൽ ഇല്ല എന്ന് ഉറപ്പു നൽകുകയാണ് അധികൃതർ.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 2021 മാർച്ച് സെൻസസ് ദിനത്തിന് മുൻപ് തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തുകൾ ജനങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാമാരി മൂലം സ്കോട്ട്‌ലൻഡ് സെൻസസ് 2022 -ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം വിദ്യാഭ്യാസം ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിക്കുക. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. സഹകരിക്കാത്തവർക്ക് 1,000 പൗണ്ടോളം പിഴയടക്കാൻ സാധ്യതയുണ്ട്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ ചോർന്നു പോകില്ല എന്നും, തേഡ് പാർട്ടിക്ക് കൈ മാറില്ലെന്നും ഗവൺമെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നു എന്നതിലുപരിയായി അടുത്തടുത്തുള്ള പ്രദേശങ്ങളിലെ കണക്കുകളാണ് കൂടുതലായും ശ്രദ്ധിക്കപ്പെടുക. പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കാനായി നിലവിലുള്ള നിയമങ്ങളെല്ലാം കണക്കിലെടുത്താവും സെൻസസ് നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്റ്റോക് -ഓൺ – ട്രെന്റിലെ ആഗ്നേസ് & ആർതർ ഡിമെൻഷ്യ കെയർ ഹോമിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 38 അന്തേവാസികൾ ഉള്ള ഹോമിൽ, 31 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവർ ഉൾപ്പെടെ എല്ലാവരും തന്നെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരായിരുന്നു. വാക്സിൻ റെസിസ്റ്റന്റ് ആയ പുതിയ ജനിതക മാറ്റം വന്ന വൈറസാണോ രോഗബാധയ്ക്ക് കാരണം എന്ന് ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അന്തേവാസികളെ കൂടാതെ ഹോമിലെ പത്തോളം കെയർടേക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധ തുടങ്ങി ഇത്രയും നാളിനിടയിൽ ഹോമിലെ ആർക്കും തന്നെ രോഗം ബാധിച്ചിരുന്നില്ല. ഏജൻസി ജോലിക്കാരാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചത് എന്നാണ് സ്ഥാപന നടത്തിപ്പുകാരായ സേഫ് ഹാർബറിന്റെ അധികൃതർ വ്യക്തമാക്കുന്നത്. ഹോമിൽ രോഗ ബാധ സ്ഥിരീകരിച്ചത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്റ്റോക് -ഓൺ -ട്രെന്റ് സിറ്റി കൗൺസിലും,എൻ എച്ച് എസ്‌ ജീവനക്കാരും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമെല്ലാം സേഫ് ഹാർബർ അധികൃതരോട് ചേർന്ന് രോഗം നിയന്ത്രിക്കാനായി പരിശ്രമിക്കുകയാണ്. വാക്‌സിൻ റെസിസ്റ്റന്റ് വൈറസിനുള്ള സാധ്യതയും തള്ളികളയുന്നില്ല.


എന്നാൽ അത്തരത്തിലൊരു സാധ്യത പൂർണമായും തള്ളിക്കളഞ്ഞ രീതിയിലാണ് ഡയറക്ടർ ഓഫ് സോഷ്യൽ കെയർ &ഹെൽത്ത്‌, പോൾ എഡ്മണ്ട്സൺ ജോൺസ് പ്രതികരിച്ചത്. അത്തരത്തിൽ വാക്സിൻ റെസിസ്റ്റന്റായ ഒരു വൈറസിന്റെ സാന്നിധ്യം ടെസ്റ്റുകളിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. ഏജൻസി ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് ബാധ പടർന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് ഏജൻസി ആണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടമാണ് രാജ്യം ഇന്ന് കൈവരിച്ചത്. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ വിജയം മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള നമ്മുടെ മാർഗ്ഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്.

ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved