Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് – അസ്ട്രാസെനക്ക വാക്സിനെ സംബന്ധിച്ചുള്ള ആശങ്ക കാരണം 30 വയസ്സിന് താഴെയുള്ളവർക്ക് ബുക്ക് ചെയ്ത എല്ലാ ഫസ്റ്റ് ഡോസ് കൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ്പുകളും റദ്ദാക്കി എൻഎച്ച്എസ്. നാളെ മുതൽ അസ്ട്രാസെനക്ക വാക്സിൻ സ്വീകരിക്കാൻ ബുക്ക് ചെയ്ത 18 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപ്പോയിൻമെന്റുകൾ റദ്ദാക്കും.

അതേസമയം ഇത്തരത്തിലുള്ള ഒരു തീരുമാനം ആയിരക്കണക്കിനാളുകളെ ഗുരുതരമായി ബാധിച്ചേക്കും. യുവജന ആരോഗ്യ സാമൂഹ്യപ്രവർത്തകരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. അസ്ട്രാസെനക്ക വാക്സിനും രക്തം കട്ടപിടിക്കുന്നതിലും തമ്മിൽ ബന്ധമുണ്ടെന്ന ആശങ്ക കാരണമാണ് സർക്കാരിൻറെ ജോയിന്റ് കമ്മിറ്റി ഓൺ വാക്‌സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻെറ ഉപദേശത്തിൽ മാറ്റം വരുത്തിയത്. അതേസമയം 30 വയസ്സിനു താഴെയുള്ളവർക്ക് ഇതിനു പകരമായി മറ്റേതെങ്കിലും വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.

കൊറോണ വൈറസിൽ നിന്ന് 30 വയസ്സിന് താഴെയുള്ളവർക്കുള്ള അപകടസാധ്യത കുറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാൽ മിക്ക രോഗികൾക്കും വാക്സിനിൽ നിന്നുള്ള അപകടസാധ്യതയേക്കാൾ വൈറസിൽ നിന്നുള്ള അപകട സാധ്യതയാണുള്ളതെന്ന് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) പറഞ്ഞു. എംഎച്ച്ആർഎയുടെ കണക്കുകൾ പ്രകാരം വാക്സിൻ സ്വീകരിച്ചവരിൽ ആകെ 79 പേരിലാണ് രക്തം കട്ട പിടിച്ചിരിക്കുന്നത്. ഇതിൽ 19 പേർ മരണപ്പെടുകയും ചെയ്തു. ഏതെങ്കിലും പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തണമെന്ന് തങ്ങൾ ശുപാർശ ചെയ്യുന്നില്ലെന്ന് ജെ സി വി ഐ അറിയിച്ചു. അതേസമയം അസ്ട്രാസെനക്ക വാക്സിനേഷൻ റദ്ദാക്കാനുള്ള എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ തീരുമാനം നടപ്പാക്കുമെന്നും നിലവിൽ റദ്ദാക്കൽ ബാധിച്ചവർക്ക് തങ്ങളുടെ അപ്പോയിന്റ്മെന്റുകൾ റീബുക്ക് ചെയ്യാമെന്നും അവർ പറഞ്ഞു. ഏപ്രിൽ 9 മുതൽ ഉള്ള അപ്പോയിന്റ്മെന്റുകൾ റദ്ദാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ വാക്‌സിൻ പ്രോഗ്രാം ഡയറക്ടറായ എമിലി ലോസൺ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇസ്രായേൽ പലസ് തീൻ സംഘർഷം ലോകമാകെ വ്യാപിക്കുകയാണ്. ഇസ്രായേൽ ഇന്നലെ ഗാസ സിറ്റിയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെ ലണ്ടനിൽ നടന്ന പലസ് തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. ഒമ്പത് പോലീസുകാർക്ക് പരിക്കേറ്റു. പലസ് തീനികൾക്കെതിരായ ക്രൂരമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുകെ സർക്കാർ ‘അടിയന്തര നടപടി’ സ്വീകരിക്കണമെന്ന് സംഘാടകർ പറഞ്ഞു. മാർബിൾ ആർച്ചിനടുത്തുള്ള ഹൈഡ് പാർക്കിലാണ് പ്രതിഷേധക്കാർ ഇറങ്ങിയത്. പ്രതിഷേധത്തിനിടെ ഒമ്പത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം നോർത്ത് ലണ്ടനിലെ ഒരു ജൂത സമൂഹത്തിലൂടെ പലസ് തീൻ പതാകകൾ വഹിച്ച കാറുകളുടെ സംഘം സഞ്ചരിച്ചതിനെതിരെ ബോറിസ് ജോൺസൻ പ്രതികരിച്ചു. അശ്ലീലവാക്കുകൾ പ്രയോഗിച്ചാണ് സംഘം കടന്നുപോയത്.

ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കാറുകൾ നിർത്തിയതിനെ തുടർന്ന് നാല് അറസ്റ്റുകൾ നടന്നതായി മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലെ ഫൂട്ടേജുകളിൽ ഫിഞ്ച്ലി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാർ ജൂതന്മാർക്കെതിരായ ഭീഷണികൾ ഉയർത്തിയതായി കേൾക്കുന്നു. ലണ്ടനിലെ ഒരു മുതിർന്ന റബ്ബിയെ എസെക് സ് സിനഗോഗിന് സമീപം രണ്ട് യുവാക്കൾ ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം. ”നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല. ബ്രിട്ടനിലെ ജൂതന്മാർക്കൊപ്പം ഞാൻ നിൽക്കുന്നു. ഇന്ന് നാം കണ്ട ലജ്ജാകരമായ വംശീയത അവർ സഹിക്കേണ്ടതില്ല.” പ്രധാനമന്ത്രി ജോൺസൺ ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ ഈ പെരുമാറ്റം തീർത്തും ഞെട്ടിക്കുന്നതായിരുന്നു. ഇത് അനുവദിക്കില്ല. ഇത് സമൂഹത്തിൽ വളരെയധികം ആശങ്കയുണ്ടാക്കുമെന്നും സെന്റ് ജോൺസ് വുഡ്, ഗോൾഡേഴ് സ് ഗ്രീൻ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം അധിക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസിങ് ഓപ്പറേഷന്റെ സൂപ്രണ്ട് ജോ എഡ്‌വാർഡ്‌സ് അറിയിച്ചു. ഭയാനകമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമാധാനപരമായ പലസ് തീൻ അനുകൂല പ്രതിഷേധങ്ങൾ ബ്രിട്ടനിലുടനീളം നടന്നുവരുന്നുണ്ട്. ഓക്സ്ഫോർഡിൽ നടന്ന ‘സ്പീക്ക് അപ്പ് പാലസ്തീൻ’ പ്രകടനത്തിൽ ബോൺ സ്ക്വയറിലെ കാണികളെ അഭിസംബോധന ചെയ് ത് മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ സംസാരിക്കുകയുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം വരുമ്പോൾ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദങ്ങളുടെ വ്യാപന ഭീഷണിയിലാണ് ബ്രിട്ടൻ. പ്രതിരോധ കുത്തിവെയ്പ്പുകൾ ഇന്ത്യൻ വേരിയൻ്റിനെതിരെ ഫലപ്രദമാണെന്ന ആത്മവിശ്വാസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് പ്രകടിപ്പിച്ചു. പുതിയ വൈറസ് വകഭേദം മാരകവും കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതുമാണെന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ഒരാഴ്ച കൊണ്ട് പുതിയ വൈറസ് വ്യാപിച്ച കേസുകൾ മൂന്നിരട്ടിയായി ഉയർന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ പുതിയ വൈറസ് വകഭേദം ബാധിച്ച് ബ്രിട്ടനിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന ഭൂരിപക്ഷം ആൾക്കാരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്തി.

ഇതിനിടെ യുദ്ധകാലാടിസ്ഥാനത്തിൽ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകുന്നത് പുരോഗമിക്കുകയാണ്. അടുത്ത ആഴ്ച മുതൽ 35 വയസ്സും അതിനുമുകളിലുള്ളവർക്കും രാജ്യത്ത് വാക്സിൻ നൽകിത്തുടങ്ങും. കൂടുതൽ പേർക്ക് എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകി ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങളെ ചെറുക്കാനാണ് യുകെ പദ്ധതി തയ്യാറാക്കുന്നത്. ഒരു പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത 5 പേരും 2 പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ഒരാളും ആണ് ഇന്ത്യൻ വേരിയൻറ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളത്. കെൻ്റ് വേരിയൻ്റിനേക്കാൾ 40-45 ശതമാനം വ്യാപനശേഷി പുതിയ വൈറസ് വകഭേദത്തിനുണ്ടെങ്കിൽ അത് ആശങ്കാജനകമാണെന്ന് മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലങ്കാഷെയറിലെ ലാൻ‌സിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു പിഞ്ചു കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നു. രണ്ട് വയസുകാരനായ ജോർജ്ജ് ഹിന്‌സ് ആണ് ദാരുണമായി മരണമടഞ്ഞത്. മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ ആശുപത്രിയിലാണ്. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ കൊച്ചു മാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി ജോർജിൻറെ മാതാപിതാക്കൾ വിക്കി സ്റ്റഡ്‌ഹോമും, സ്റ്റീഫൻ ഹിൻഡ്സും പോലീസുകാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അപകടത്തിൽ രണ്ട് വീടുകൾ തകരുകയും മൂന്നാമതൊരു വീടിന് ഭാഗികമായ തകരാറുകൾ സംഭവിച്ചതായും ലങ്കാഷെയർ പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോ എഡ്വേർഡ്സ് സംഭവസ്ഥലത്ത് വച്ച് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും എല്ലാവരെയും കണ്ടെത്തിയതായി വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

40 ഓളം പേരെ സമീപ ഭവനങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദുരിതബാധിതർക്ക് കൗൺസിലുകൾ ഭവന സഹായം നൽകുമെന്നും ഹെൽപ്പ് ലൈൻ തുറന്നതായും ലാൻകാസ്റ്റർ സിറ്റി കൗൺസിൽ നേതാവ് എറിക ലൂയിസ് പറഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി എന്നാണ് അയൽക്കാരിൽ ഒരാൾ സംഭവത്തെ കുറിച്ച് വിവരിച്ചത്.
പാചകവാതകത്തിന് തീപിടിച്ചുള്ള അപകടങ്ങൾ ബ്രിട്ടനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞ ആഴ്‌ച വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്നും സ്‌ഫോടനത്തിന് കാരണമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലങ്കാഷെയറിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. നാല് മുതിർന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചക വാതകത്തിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ രണ്ട് വീടുകൾ തകരുകയും മൂന്നാമതൊരു വീടിന് ഭാഗികമായ തകരാറുകൾ സംഭവിച്ചതായും ലങ്കാഷെയർ പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോ എഡ്വേർഡ്സ് സംഭവസ്ഥലത്ത് വച്ച് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും എല്ലാവരെയും കണ്ടെത്തിയതായി വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

40 ഓളം പേരെ സമീപ ഭവനങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദുരിതബാധിതർക്ക് കൗൺസിലുകൾ ഭവന സഹായം നൽകുമെന്നും ഹെൽപ്പ് ലൈൻ തുറന്നതായും ലാൻകാസ്റ്റർ സിറ്റി കൗൺസിൽ നേതാവ് എറിക ലൂയിസ് പറഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി എന്നാണ് അയൽക്കാരിൽ ഒരാൾ സംഭവത്തെ കുറിച്ച് വിവരിച്ചത്. കഴിഞ്ഞ ആഴ്‌ച വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്നും സ്‌ഫോടനത്തിന് കാരണമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ അടുത്തമാസം അവസാനിക്കാൻ ഇരിക്കുന്ന ലോക്ക്ഡൗൺ ഇന്ത്യൻ കോവിഡ് വേരിയന്റ് മൂലം നീളാൻ സാധ്യതയെന്ന് വിദഗ്ധർ. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വീണ്ടും കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കെന്റ് സ്‌ട്രെയിനിനെക്കാളും അൻപത് ശതമാനം അധികം പ്രശ്നകരമാണ് ഇന്ത്യൻ സ്ട്രെയിൻ എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച നടത്തിയ പത്ര പ്രസ്താവനയിൽ ഇന്ത്യൻ സ്ട്രെയിൻ അഥവാ ബി.1.617.2 എന്ന സ്ട്രെയിൻ യുകെയിൽ ആശങ്ക ഉളവാക്കുന്നതാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഈ സ്ട്രെയിനിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ വിദഗ്ധർ നൽകുന്നുണ്ട്.

ബി.1.617.2 സ്ട്രെയിൻ മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം യുകെയിൽ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 520ൽ നിന്ന് 1213 എന്ന നിലയിലേയ്ക്കാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ബി.1.617 എന്നതാണ് ഇന്ത്യൻ സ്ട്രെയിനിന്റെ യഥാർത്ഥ നാമം. ഒക്ടോബറിലാണ് ഈ സ്ട്രെയിൻ മൂലമുള്ള ആദ്യത്തെ കേസ് തിരിച്ചറിയുന്നത്. ഇന്ത്യയിലെ നിലവിലെ അവസ്ഥ വളരെ മോശമാണ്. അടുത്തിടെയായി ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടണിലും ഇപ്പോൾ ഈ വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ് എന്നത് ആശങ്കയുളവാക്കുന്നു.


ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 ന്റെ മൂന്ന് വകഭേദങ്ങളാണ് യുകെയിൽ ഉള്ളത്. ഇതിൽ ബി.1.617.2 എന്ന വകഭേദമാണ് കൂടുതൽ ഗുരുതരം. ഈ വകഭേദം മൂലമാണ് യുകെയിൽ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും. ഇതുമൂലം മരണനിരക്കും ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതുവരെ നാലു പേരാണ് ഈ സ്ട്രെയിൻ ബാധിച്ചത് മൂലം മരണപ്പെട്ടത് എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ലണ്ടൻ, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ എന്നിവിടങ്ങളിലാണ് ഈ സ്ട്രെയിൻ കൂടുതൽ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ലണ്ടനിൽ മാത്രം 400 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ വാക്‌സിൻ ഈ സ്‌ട്രെയിനിനു ഫലപ്രദമല്ല എന്ന് ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ എല്ലാവരും വാക്സിൻ എടുക്കണം എന്ന നിർദ്ദേശമാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ഈ സ്ട്രെയിൻ മൂലം ലോക് ഡൗൺ മാറ്റുന്നത് പ്രശ്നമുണ്ടാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ ജൂൺ 21 ന് ലോക് ഡൗൺ മാറ്റാനുള്ള സാധ്യതയും കുറവാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിങ്കളാഴ്ച മുതൽ യുകെയിലെ ബാറുകളിലും റസ്റ്റോറന്റുകളിലും പോകാൻ ബ്രിട്ടീഷ് ജനതയ്ക്ക് സാധിക്കും. ഇത് സമ്പദ്‌വ്യവസ്ഥയെ തിരികെ പിടിക്കാനുള്ള ഒരു നാഴികക്കല്ലായാണ് കണക്കാക്കുന്നത്. എന്നാൽ മിക്കവർക്കും തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്റുകളിൽ ഇനി പോകാൻ സാധിക്കില്ല . കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആയിരക്കണക്കിന് റസ്റ്റോറന്റുകളാണ് അടച്ചുപൂട്ടിയതെന്ന് സർവേകൾ സൂചിപ്പിക്കുന്നു. റസ്റ്റോറന്റുകളുടെ എണ്ണം മുൻപുള്ളതിനേക്കാൾ 9.7 ശതമാനത്തോളം കുറഞ്ഞു. ഇതേ സമയം കാഷ്വൽ ഡൈനിങ്ങ് വേദികളുടെ എണ്ണം 19.4 ശതമാനമായാണ് കുറഞ്ഞത്.

ഓസ്കറും ഭാര്യയും

അലിക്സ്പാർട്ട്നേർ‌സും സി‌ജി‌എയുടെ മാർക്കറ്റ് റിക്കവറി മോണിറ്ററും നൽകിയ വിവരങ്ങൾ അനുസരിച്ച് പകർച്ചവ്യാധിയുടെ കാലയളവിൽ നിരവധി പബ്ബുകളും ബാറുകളും അതിജീവിക്കാൻ കഷ്ടപ്പെട്ടിരുന്നെങ്കിൽ പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചത് റസ്റ്റോറന്റുകളെയാണ്. ഇതിനൊരുദാഹരണമാണ് വെയിൽസിലെ ന്യൂപോർട്ടിലുള്ള ഓസ്കാർ അലിയുടെ റസ്റ്റോറൻറ്. ബിസിനസിനായി അവർ നല്ലൊരു തുകയാണ് വിനിയോഗിച്ചത്. തങ്ങൾക്ക് നിരവധി ഉപഭോക്താക്കൾ ഉണ്ടായിരുന്നെന്നും കോവിഡ് -19 തങ്ങളെ നന്നായി ബാധിച്ചെന്നും ഒടുവിൽ റസ്റ്റോറൻറ് അടയ്ക്കേണ്ടതായി വന്നെന്നും ഓസ്കാർ പറഞ്ഞു. ക്രിസ്മസ് കാലയളവിൽ നഷ്ടപ്പെട്ടുപോയ കച്ചവടം തിരിച്ചു പിടിക്കാം എന്ന് വിചാരിക്കവേയാണ് ഓസ്കാറിൻെറ ഭാര്യ കോവിഡ് ബാധിതയായത്. അതിനാൽ രണ്ടാഴ്ച ഐസലേഷനിൽ കഴിയേണ്ടതായി വന്നു. ജനുവരി ആയപ്പോൾ ഇനി തങ്ങൾക്ക് തുടരാനാവില്ലെന്ന് മനസ്സിലാക്കിയാണ് കട അടച്ചത്. ഗവൺമെൻറ് നൽകുന്ന ധനസഹായം കൊണ്ട് തങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ലെന്നും ഓസ്കാർ പറഞ്ഞു. കമ്പ്യൂട്ടർ സയൻസ് ഗ്രാജുവേറ്റ് ആയ ഓസ്കാർ ഇപ്പോൾ അതിജീവനത്തിനായി മറ്റു തൊഴിലുകൾ നോക്കുകയാണ്. ഓസ്കാറിൻെറ ഒരു ഒറ്റപ്പെട്ട സംഭവമല്ല ഇത്തരത്തിൽ നിരവധി പേർ കോവിഡ് -19 ൻെറ സാഹചര്യത്തിൽ തങ്ങളുടെ അതിജീവന മാർഗമായിരുന്ന റസ്റ്റോറന്റുകൾ അടച്ചിടാൻ നിർബന്ധിതരായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെയ്ജിങ്: സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി ഇറക്കി ചൈന. ശനിയാഴ്ച പുലർച്ചയോടെയാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം. മൂന്ന് മാസത്തോളം ഗ്രഹത്തെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ പ്ലാനിഷ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്. കഴിഞ്ഞ വർഷം ജൂലായ് 23 ന് ദൗത്യം ആരംഭിച്ച ടിയാൻവെൻ 1 പേടകം ഈ വർഷം ഫെബ്രുവരി 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. മൂന്ന് മാസത്തോളം റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ചുറ്റും.

സോളാറിൽ പ്രവർത്തിക്കുന്ന സുറോങ് റോവറിന് 240 കിലോഗ്രാമാണ് ഭാരം. ആറ് ചക്രങ്ങളിൽ സഞ്ചരിക്കുന്ന സുറോങ് ചൊവ്വയിലെ പാറയുടെ സാമ്പിളുകൽ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങൾക്കായി ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കും. ചൈനീസ് പുരാണമനുസരിച്ച് അഗ്നിദേവന്റെ പേരിൽ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നൽകിയത്. ചൈനയുമായുള്ള ഭാവി സഹകരണത്തിന് ഈ വിജയം സഹായകരമാകുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് പറഞ്ഞു. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടം ഇതോടെ ചൈന സ്വന്തമാക്കിക്കഴിഞ്ഞു.

റോവര്‍ വിജയകരമായി ചൊവ്വയിൽ എത്തിച്ച ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ സംഘത്തെ പ്രസിഡൻ്റ് ഷി ജിൻപിങ് അഭിനന്ദിച്ചു. “ഇത് നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പരിവേഷണ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ്. നിങ്ങൾക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ട്. കഠിനമായ പരിശ്രമത്തിലൂടെ ബഹിരാകാശ പര്യവേഷണത്തിൽ ആഗോള തലത്തിൽ നമ്മുടെ രാജ്യത്തെ നിങ്ങൾ എത്തിച്ചു.” ബഹിരാകാശ ഏജൻസിയുടെ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനം അറിയിച്ച് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ

പുഡ്ഡിംഗ് ചേരുവകൾ

250 ഗ്രാം ഈന്തപ്പഴം അരിഞ്ഞത്

1 ടീസ് സ്പൂൺ ബേക്കിംഗ് സോഡ

1 1/2 കപ്പ് തിളച്ച വെള്ളം

125 ഗ്രാം ഉപ്പില്ലാത്ത ബട്ടർ

1 കപ്പ് ബ്രൗൺ പഞ്ചസാര

1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

2 മുട്ട

1 3/4 കപ്പ് മൈദ + 1 1/ 2 ടീസ്പൂൺ ബേക്കിംഗ് പൗഡർ [ അല്ലെങ്കിൽ 1 3/4 കപ്പ് self-raising flour )

കാരമൽ സോസ് ചേരുവകൾ

1 കപ്പ് ബ്രൗൺ പഞ്ചസാര

300 മില്ലി തിക്കൻഡ് ക്രീം [ ഹെവി ക്രീം]

1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

60 ഗ്രാം ബട്ടർ

പുഡ്ഡിംഗ് ഉണ്ടാക്കുന്ന രീതി

Step 1

ഓവൻ 180 ° C ൽ പ്രീഹീറ്റ് ചെയ്യുക . 7cm ആഴത്തിലുള്ള, 22cm (ബേസ്) കേക്ക് പാനിൽ ബട്ടർ തേക്കുക.

Step 2

ഈന്തപ്പഴവും ബേക്കിംഗ് സോഡയും ഒരു പാത്രത്തിൽ ഇടുക അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു 20 മിനിറ്റ് വെക്കുക

Step 3

ഒരു ഇലക്ട്രിക് മിക്സർ ഉപയോഗിച്ച്, ബട്ടർ , പഞ്ചസാര, വാനില എന്നിവ ഇളം ക്രീം നിറം ആകുന്ന വരെ ബീറ്റ് ചെയ്യുക . മുട്ടകൾ ഓരോന്നു ഓരോന്നായി ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക .

ഒരു വലിയ സ്പൂൺ ഉപയോഗിച്ച്, ഈന്തപ്പഴം മിക്സ് , മൈദ മാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

Step 4

തയ്യാറാക്കിയ കേക്ക് പാനിലേക്ക് മിശ്രിതം ഒഴിക്കുക . 35 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക. (അല്ലെങ്കിൽ ഒരു skewer വൃത്തിയായി വരുന്നതുവരെ). റെഡി ആയ ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക .

കാരമൽ സോസ് ഉണ്ടാക്കുന്ന രീതി

Step 1

ഒരു സോസ്പാനിൽ എല്ലാ സോസ് ചേരുവകളും ചേർത്ത് യോജിപ്പിക്കുക . ഇടത്തരം ചൂടിൽ സോസ് തിളക്കുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം 2 മിനിറ്റ് ചെറു തീയിൽ വെക്കുക .

Step 2

ഒരു skewer ഉപയോഗിച്ച് പുഡ്ഡിങ്ങിൽ എല്ലായിടത്തും കുത്തിടുക . 1/2 കപ്പ് സോസ് ചൂടുള്ള പുഡ്ഡിംഗിൽ ഒഴിക്കുക എന്നിട്ടു 10 മിനിറ്റ് വെക്കുക .

അതിനുശേഷം പുഡ്ഡിംഗ് മുറിച്ചു ബാക്കിയുള്ള സോസ് ഉപയോഗിച്ച് കഴിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

ഏത് യുദ്ധവും വലിയ നാശനഷ്ടത്തിലേ കലാശിക്കുകയുള്ളൂ. യുദ്ധത്തിന്റെ തീവ്രതയനുസരിച്ച് നാശത്തിന്റെ അളവും കൂടും. സമാധാനത്തിന്റേയും ശാന്തിയുടേയും വഴിയാണ് നന്മയുടെ വഴി. അത് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നു. ഇന്ന് ലോകം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. അതിന് രാജ്യാതിർത്തികളില്ല. ജാതി മത വംശ ഭേദങ്ങളില്ല. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന യുദ്ധം. കൊറോണയെന്ന സുന്ദരമായ വൈറസിനെതിരെ ഒരേ ലക്ഷ്യത്തോടെയുള്ള യുദ്ധം. ഈ യുദ്ധത്തിൽ മാനവരാശി ജയിക്കണമെന്ന് മനുജൻ ആഗ്രഹിക്കുന്നു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുകയും അത് എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നു എന്ന കാര്യo സ്തുത്യർഹം തന്നെ. അതിനിടയിൽ വൈറസിന്റെ ജനിതക വ്യതിയാനവും അതുളവാക്കുന്ന ശക്തിമത്തായ രണ്ടാം തരംഗവും മൂന്നാം തരംഗവുമൊക്കെ അതിജീവിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ലോക ജനത.

അതിനിടയ്ക്കാണ് മഹാമാരിയെ നേരിടുന്ന ജനതയ്ക്ക് പേമാരിയേയും കൊടുംങ്കാറ്റിനേയും നേരിടേണ്ടി വരുന്നത്. അനന്തരഫലങ്ങളായ കടൽ കയറ്റം വെള്ളപ്പൊക്കം എന്നിവ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. ഒക്കെയും രോഗവ്യാപന സാധ്യതകൾ കൂട്ടുന്ന കാര്യങ്ങൾ. ഇതൊക്കെ പ്രകൃത്യാ നടക്കുന്നത് എന്ന് കരുതാം. എന്നാൽ മനുഷ്യൻ കരുതി കൂട്ടി ചെയ്യുന്ന ചിലയാക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ. അതിലൊന്ന് ഈയാഴ്ച നടന്ന ഇസ്രായേലിലേയ്ക്കുള്ള പാലസ്തീന്റെ റോക്കറ്റാക്രമണം. അതിൽ ഒരു മലയാളി വനിത മരണത്തിനിരയാകുകയും ചെയ്തു. അതിനിടയിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞ കാഴ്ച . ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ തലമറന്ന് എണ്ണ തേയ്ക്കുകയാണോ എന്ന് തോന്നിപ്പോകും.

ഈ ലോകത്ത് താമസ സൗകര്യമില്ലാത്ത നിരവധി ജനങ്ങൾ ഉണ്ട്. അപ്പോൾ ഉള്ള കെട്ടിടങ്ങൾ എന്തിന്റെ പേരിലായാലും ഏതു രാജ്യത്തിന്റെ മുതലായാലും ശരി തകർക്കുന്നത് ന്യായീകരിക്കത്തക്ക കാര്യമല്ല. ഓരോ യുദ്ധത്തിലും മരിക്കുന്നത് അച്ഛനമ്മമാരോ മക്കളോ സഹോദരങ്ങളോ ഒക്കെയാകാം. ഒരു രാജ്യം വെട്ടിപിടിച്ചതു കൊണ്ടോ, അന്യ രാജ്യാതിർത്തി കയ്യേറി കുറേക്കൂടി വെട്ടിപിടിച്ചതുകൊണ്ടോ ആരും പ്രത്യേകിച്ചൊന്നും അധികത്തിൽ നേടുന്നില്ല. അപ്പോൾ ഓരോ രാജ്യവും അവനവന്റെ രാജ്യാതിർത്തിയ്ക്കുള്ളിൽ നിന്ന് സർവ്വോന്മുഖമായ വികസനം ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമമായ വഴി. അതിനാൽ കോവിഡിനെതിരെയുള്ള യുദ്ധം നടക്കുന്ന സമയത്ത് ലോകം മുഴുവൻ സമാധാനത്തിന്റേയും ശാന്തിയുടേയും വഴി തെളിക്കുന്നതാണ് നല്ലത്.

“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന വാക്യം നമുക്ക് സ്മരിക്കാം. പാലിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved