Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലേയ്ക്ക് പറക്കാൻ കൊതിച്ചിരുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യയിൽനിന്നുള്ള നേഴ്സിംഗ് റിക്രൂട്ട്മെൻറ് താൽക്കാലികമായി ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചു . എൻഎച്ച്എസിലും വിവിധ നഴ്സിംഗ് ഹോമുകളിലെ സീനിയർ കെയർ ജോലികൾക്കുമായി നിരവധി നേഴ്സുമാരായിരുന്നു എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കാത്തിരുന്നത്. ഇൻറർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതുനിമിഷവും ബ്രിട്ടനിലേയ്ക്ക് ജോലിക്കായി പോകാൻ തയ്യാറെടുത്തിരുന്നവർക്കാണ് ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

കോവിഡ് – 19 ഇന്ത്യൻ ആരോഗ്യ വ്യവസ്ഥയെ തകിടംമറിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന്റെ ധാർമികത പരിഗണിച്ചാണ് ബ്രിട്ടീഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിൻറെ ഈ തീരുമാനം എൻഎച്ച്എസ് ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളുടെ ഭാവി പരിപാടികളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. സീനിയർ കെയർ വിസകൾക്കായി ബ്രിട്ടൻ അനുമതി നൽകിയതിനെ തുടർന്ന് നിരവധി നേഴ്സിങ് സ്ഥാപനങ്ങളാണ് ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിച്ചത്.

നേരത്തെ തന്നെ കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയും ഇന്ത്യ ബ്രിട്ടന്റെ യാത്രാവിലക്കിൽ ഉൾപ്പെടുകയും ചെയ്തതിനെ തുടർന്ന് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് തങ്ങൾ റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ യാത്ര മാറ്റി വയ്ക്കേണ്ടതായി വന്നിരുന്നു. എന്നാലും ബ്രിട്ടനിലെ ഹോസ്പിറ്റലുകൾ നേരിടുന്ന നേഴ്സുമാരുടെ ക്ഷാമം അവസാനിപ്പിക്കാൻ ഹോട്ടൽ ക്വാറന്റെയിൻ ഉൾപ്പെടെ പുതിയതായി വരുന്ന നഴ്സുമാർക്ക് നൽകാൻ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ മുന്നോട്ടുവന്നിരുന്നു. പക്ഷെ ബ്രിട്ടനിലേയ്ക്ക് വരാനിരുന്ന ഇന്ത്യൻ നേഴ്‌സുമാരുടെ റിക്രൂട്ട് ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചതിലൂടെ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നുള്ളതാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ പണം അനുവദിക്കുകയും വിസ നടപടിക്രമങ്ങൾ ഇളവ് ചെയ്യുകയും ചെയ്തതിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യൻ നഴ്സുമാരാണ് അടുത്തകാലത്തായി ബ്രിട്ടനിലേയ്ക്ക് വന്നു കൊണ്ടിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗെയിം ഓഫ് ത്രോൺസ് നടി എസ്മെ ബിയാൻകോ ഗായകൻ മെർലിൻ മാൻസണെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. മയക്കുമരുന്ന്, ബലപ്രയോഗം എന്നിവയിലൂടെ നിർബന്ധപൂർവ്വം മാൻസൺ ബ്രിട്ടീഷ് നടിയെ ഉപയോഗിച്ചതായാണ് കേസ്. എന്നാൽ തനിക്കെതിരായ ഒന്നിലധികം ആരോപണങ്ങളെ മാൻസൺ നിരസിക്കുകയുണ്ടായി. ഫെബ്രുവരിയിൽ നടി ഇവാൻ റേച്ചൽ വുഡിനെ മാൻസൺ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. ഒരു ഡസനിലധികം മറ്റ് സ്ത്രീകൾ സമാനമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. “വ്യക്തമായും, എന്റെ കലയും ജീവിതവും വളരെക്കാലമായി വിവാദങ്ങൾക്ക് നടുവിലാണ്. പക്ഷേ എന്നെക്കുറിച്ചുള്ള ഈ സമീപകാല അവകാശവാദങ്ങൾ തെറ്റാണ്.” ഫെബ്രുവരി 1 ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മാൻസൺ ഇപ്രകാരം എഴുതി.

ഗെയിം ഓഫ് ത്രോൺസിൽ റോസായി അഭിനയിച്ച ബിയാൻകോ, ഈ വർഷം ആദ്യം മാൻസണിനെതിരെ സംസാരിച്ച സ്ത്രീകളിൽ ഒരാളാണ്. മാൻസൻെറ ആരോപണങ്ങൾക്കെതിരായ ആദ്യത്തെ നിയമനടപടിയാണ് വെള്ളിയാഴ്ച കോടതിയിൽ നടന്നത്. 2005 ലാണ് താൻ മാൻസണെ കണ്ടതെന്ന് ബിയാൻകോ പറഞ്ഞു. 2009 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിലേക്ക് ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കാൻ അദ്ദേഹം അവളെ ക്ഷണിച്ചുവെന്ന് കേസിൽ പറയുന്നു. ബിയാൻ‌കോ എത്തിയപ്പോൾ അവിടെ ഫിലിം ക്രൂ ഇല്ലായിരുന്നതായും വീട്ടിൽ താമസിക്കേണ്ടി വന്നതായും പറയുന്നു. ആ നാല് ദിവസത്തെ താമസത്തിനിടെ തനിക്ക് ഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ടതായും മയക്കുമരുന്നും മദ്യവും നൽകിയതായും വാദി ആരോപിക്കുന്നു. 2009 മെയ് മാസത്തിൽ അവർ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ആരംഭിച്ചതായും 2011 വരെ അത് നീണ്ടുനിന്നതായും പറയപ്പെടുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാൻസൺ തന്നെ നിർബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. അത് അക്രമാസക്തവും അപമാനകരവുമായിരുന്നു. 2011 ൽ മാൻസൺ തനിക്കെതിരെ ഒന്നിലധികം ലൈംഗിക പ്രവർത്തികൾ നടത്തിയെന്നും അതേ വർഷം മെയ് മാസത്തിൽ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും വാദി ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദൂരമായി വിമാന ഗതാഗതം നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി എയർപോർട്ട്. 70 മൈലിലധികം അകലെയുള്ള ഒരു നിയന്ത്രണ ടവറിൽ നിന്നാണ് വിമാനങ്ങൾ നിയന്ത്രിക്കുന്നത്. എയർപോർട്ടിൽ 50 മീറ്റർ ഉയരമുള്ള ഒരു ടവർ നിർമ്മിച്ചിട്ടുണ്ട്, അതിൽ 14 ഹൈ-ഡെഫനിഷൻ ക്യാമറകൾ ഉണ്ട്, അത് വീഡിയോയും ഓഡിയോയും ഹാംപ്ഷെയറിലെ എയർ ട്രാഫിക് കൺട്രോളർ നാറ്റ്സ് അധിഷ്ഠിതമായ റിമോട്ട് കണ്ട്രോൾ സെന്ററിലേക്ക് നൽകും. സ്വീഡനിലെ സാബ് ഡിജിറ്റൽ എയർ ട്രാഫിക് സൊല്യൂഷനുകളാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വ്യോമയാന വ്യവസായത്തിന്റെ ഒരു പ്രധാന മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുകയാണ് റിമോട്ട് ടവർ ലക്ഷ്യമിടുന്നതെന്ന് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലിസൺ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

റഡാർ, കാലാവസ്ഥാ വിവരങ്ങൾ എന്നിവ പോലുള്ള അധിക വിവരങ്ങൾ നിറഞ്ഞ പനോരമിക് സ്ക്രീനുകളിളാണ് റൺവേകൾ കാണുന്നത്. വിമാന ഗതാഗതം വിദൂരമായി നിയന്ത്രിക്കുന്നതിൽ ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും കർശനമായ പരിശോധന പ്രക്രിയ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധനായ ഹോളി വില്യംസ് അഭിപ്രായപ്പെട്ടു. വ്യോമയാനത്തിലെ ഒരു പ്രധാന ചുവടുവെപ്പായിട്ടാണ് പുതിയ സാങ്കേതികവിദ്യയെ എല്ലാവരും കാണുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനും പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളെ കൂടുതൽ സഹായിക്കുന്നതിനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനമായ അരൂപ്പിലെ ഗ്ലോബൽ ഡിജിറ്റൽ ഏവിയേഷൻ ലീഡറായ അലൻ ന്യൂബോൾഡ് ചൂണ്ടിക്കാട്ടി.

ഐശ്വര്യ ലക്ഷ്മി. എസ്സ്

മെയ് ഒന്ന്,ലോക തൊഴിലാളി ദിനം. 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ‘ഹേയ് മാർക്കറ്റ്’ കലാപത്തിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളെ നിരാകരിച്ച മുതലാളി വർഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു ജനതയുടെ ജീവിത വിജയമായിരുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.

മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉയർന്നതാണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേയ് മാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.

ഇന്ത്യൻ തൊഴിലാളികളുടെ ജോലിസമയം 8 മണിക്കൂറായി നിയമപരമായ ക്രമീകരണം നടത്തിയത് ഡോ. അംബേദ്കർ ആയിരുന്നു. തൊഴിൽസമയം 14 മണിക്കൂറിൽ നിന്നും എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പാസ്സാക്കപ്പെട്ടു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ,തുല്യവേതനം,സ്ത്രീ തൊഴിലാളികളുടെ സുരക്ഷ എന്നീ സുപ്രധാനമായ ചില തൊഴിൽനിയമങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.

തൊഴിലാളി വർഗ്ഗം ഏതൊരു രാജ്യത്തിന്റെയും നിർണ്ണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്‍റെ നില എല്ലായിടത്തും പരിതാപകരമാണ്.ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റമുണ്ടായിട്ടും അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.ലോകത്താകെയുള്ള തൊഴിലാളി സമൂഹത്തിന്‍റെ അവകാശ പോരാട്ടങ്ങളുടെ സന്ദേശമാണ് ഓരോ മെയ് ദിനവും നല്‍കുന്നത്. നാമെല്ലാവരും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ തൊഴിലാളികളാണ്. എന്നാൽ ഒരിക്കൽ നാം പൊരുതിയിരുന്നത് മുതലാളിത്ത വർഗത്തിൽനിന്നും അവകാശങ്ങൾ നേടിയെടുക്കാനായിരുന്നെങ്കിൽ ഇന്ന് നാം പൊരുതുന്നത് നമ്മുടെ ജീവനുമേൽ ആധിപത്യം സ്ഥാപിക്കാൻ വെമ്പുന്ന കൊറോണ വൈറസുമായാണ്. പോരാളിയുമായി ഒളിയുദ്ധമായതുകൊണ്ടുതന്നെ ഓരോ നിമിഷവും സൂക്ഷ്മതയോടെ വേണം മുന്നോട്ടു പോകാൻ. ഈയൊരു മെയ്ദിനം കടന്നുപോകുന്നത് അതിജീവനാർത്ഥം തൊഴിലും ജീവനും തുലാസിലാക്കി മുന്നോട്ടു പോകുന്ന തൊഴിലാളി ജനതയ്ക്കിടയിലൂടെയാണ്. ഈ കാലവും കടന്നുപോകും എന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ മുന്നോട്ടുപോകുന്നത്. ഇവർക്ക് പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട്.

കൊറോണ മഹാമാരിയോട് പൊരുതുന്ന ലോകത്താകെയുള്ള ആരോഗ്യ പ്രവര്‍ത്തകരിന്ന് ജീവന്‍ മരണ പോരാട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജീവന്‍ പണയം വെച്ചുകൊണ്ടാണ്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവര്‍ അനുഭവിക്കുന്ന ദുരിതം വാക്സിനേഷൻ ക്യാമ്പയിനിലൂടെയും നമ്മൾ സ്വീകരിക്കുന്ന പ്രതിരോധമാർഗ്ഗങ്ങളിലൂടെയും മാത്രമേ ലഘൂകരിക്കാനാവൂ. ഇന്ത്യയില്‍ പലകുറി നഴ്സുമാര്‍ തങ്ങള്‍ക്ക് മാന്യമായ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഈ ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ പോലും അവർക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നത് അപലപനീയമാണ്. സേവന മേഖല എന്നതുമൊരു തൊഴിലിടം തന്നെയാണ്. അവരോടൊപ്പം നമ്മൾ കൂടി പോരാടിയാലേ മാനവരാശിയുടെ ജീവിതമെന്ന അവകാശം സ്ഥാപിച്ചെടുക്കാനാവൂ. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകണം ഈ മെയ്ദിനവും.

തൊഴിലിനൊപ്പം ജീവിക്കാനുള്ള അവകാശംകൂടി നേടിയെടുക്കേണ്ട ഘട്ടത്തിലാണ് നാമിന്ന്. നാം തന്നെ പ്രതിരോധിച്ചില്ലെങ്കിൽ നാം നേടിയെടുത്തതൊക്കെയും തകിടം മറിഞ്ഞ് പ്രതീക്ഷിക്കാത്തത്ര ദുരിതക്കയത്തിലാണ്ടു പോവാം. കരുതലോടെ വേണം ഓരോ നിമിഷവും മുന്നേറാൻ. ജീവശ്വാസത്തിനായ് നെട്ടോട്ടമോടുമ്പോഴും മാനുഷികത മറന്നുള്ള പ്രവർത്തികൾ അരങ്ങേറുന്നത് മുന്നണിപോരാളികളുടെ ആത്മവിശ്വാസംപോലും നഷ്ടപ്പെടുത്തുന്നുണ്ട്. ഒരുമിച്ചു നിന്നെങ്കിലേ എന്നുമീ തൊഴിലിടങ്ങളുണ്ടാവൂ. അതിനായി നാം സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് പ്രതിരോധത്തിന്റെ കോട്ട തീർത്തേ മതിയാവൂ.

പരിണാമമിതൊന്നു വേണമീ മനുഷ്യനും
തളരരുതു കരുതിടേണം
അവസാനകണ്ണിയും അറ്റുവീണതിന്മേൽ വിജയക്കൊടി പാറുംവരെ
പൊരുതിടേണം നാം
തൊഴിലിടങ്ങളൊന്നും
പകരുമിടങ്ങളായിടല്ലു
കാത്തിടേണം നാം നമ്മെയൊക്കെയും
വാക്സിനൊക്കെയും ചേർത്തകന്നു ചേർന്നിടേണം നാമിതൊന്നായ്

പ്രിയ വായനക്കാർക്ക് മലയാളംയുകെയുടെ മെയ്ദിനാശംസകൾ.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]

 

സുരേഷ് നാരായണൻ

തെരുവോരത്തെ
പോപ്ലാർ
വൃക്ഷനിരകളപ്പാടെ
തലകുനിച്ചു നിശബ്ദരായ് നിന്നിരുന്നു.

നിർബാധം പച്ചിലകൾ പൊഴിച്ചിട്ടുകൊണ്ട്,
തങ്ങളുടെ ചുവട്ടിലഭയം പ്രാപിച്ച പ്രവാഹങ്ങളെ മൂടുവാനവർ ശ്രമിച്ചു.

ഫാക്ടറിസൈറനുകളും വെടിയൊച്ചകളും മത്സരിച്ചു മുഴങ്ങി.

അതികാലത്തെഴുന്നേറ്റ്
അച്ചടക്കത്തോടെ ഫാക്ടറിയിലേക്ക് പോയവർ…

അവരുടെ രക്തമാണ് തെരുവിനെ കീഴടക്കിയിരിക്കുന്നത്.

തെരുവിൻറെ മറ്റേയറ്റത്തുനിന്നപ്പോൾ
ദിമിത്രിയുടെ വിലാപം കേട്ടു;ബധിരനായ ചെരുപ്പുകുത്തി.

“എന്തുകൊണ്ടിത്ര നേരമായിട്ടും
ഫാക്ടറിത്തൊഴിലാളികളാരും
അവരുടെ പഴഞ്ചൻ തുകൽ ഷൂസുകൾ
നന്നാക്കുവാൻ കൊണ്ടുവരുന്നില്ല?”

ദൈവമേ,
അയാളോടു
ഞാനെന്തുപറയും;
അഥവാ
എങ്ങനെ പറയും?

തൊഴിലാളികളെല്ലാം കൊല്ലപ്പെട്ടുവെന്നോ..
സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ
പിന്നാമ്പുറത്തുള്ള പാഴ്ഭൂമി
വിലപിച്ചു വിറങ്ങലിച്ചുകൊണ്ടാ
ശരീരങ്ങളെയത്രയും ഏറ്റുവാങ്ങിയെന്നോ…..

ഒക്ടോബർ
നീയെന്തു പറയുന്നു?
നിനക്കിത്രയും രക്തം ആവശ്യമുണ്ടായിരുന്നോ?

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന  മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ  കവിതാപുരസ്കാരജേതാവ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസമായി പുതിയ സ്കൂൾ യൂണിഫോം നയം ബ്രിട്ടനിൽ നടപ്പാക്കാൻ തീരുമാനമായി. ഇതനുസരിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള സ്കൂൾ യൂണിഫോം തങ്ങളുടെ കുട്ടികൾക്കായി മേടിക്കാനായി സാധിക്കും. പുതിയ നയം നടപ്പാക്കുന്നതിലൂടെ സ്കൂൾ കുട്ടികൾ ഉള്ള ഓരോ കുടുംബത്തിനും നൂറ് കണക്കിന് പൗണ്ടാണ് ലഭിക്കാൻ സാധിക്കുന്നത്. പുതിയ ബില്ലിൽ പറയുന്ന പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾക്ക് പകരം വിലകുറഞ്ഞ സൂപ്പർമാർക്കറ്റ് കിറ്റും വാങ്ങാം.

നിലവിൽ മാതാപിതാക്കൾ സെക്കൻഡറി സ്കൂളിലെ ഓരോ കുട്ടിക്കും യൂണിഫോമിന് ഏകദേശം 337 പൗണ്ടും പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് 315 പൗണ്ടും ചെലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി പറഞ്ഞു. ഇതിൻെറ മൂന്നിലൊന്ന് തുകയ്ക്ക് യൂണിഫോം ലഭ്യമാക്കാം എന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. അതായത് ചിലവ് കുറഞ്ഞ സെക്കൻഡറി സ്കൂൾ യൂണിഫോമിന് 105 പൗണ്ടും പ്രൈമറിസ്കൂൾ യൂണിഫോമിന് 85 പൗണ്ടും ആകുകയുള്ളൂ എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും കരുതുന്നത്. കഴിഞ്ഞവർഷം താൻ 2 കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോമിനായി ചിലവഴിച്ചത് 850 പൗണ്ടാണ് എന്ന് മാതാപിതാക്കളിൽ ഒരാൾ വെളിപ്പെടുത്തി. ചില സ്കൂളുകൾ ചില ബ്രാൻഡുകൾ നിഷ്കർഷിക്കുന്നതിലൂടെ മാതാപിതാക്കൾ അധിക വിലയ്ക്ക് ആ ബ്രാൻഡ് തന്നെ വാങ്ങേണ്ട ദുരവസ്ഥയും നിലവിലുണ്ടായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ് സ്ഥാനം ഒഴിയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാവ്യാധിയെ ഫലപ്രദമായി നേരിട്ടെന്ന ചാരിതാർത്ഥ്യവുമായാണ് എൻഎച്ച്എസ് മേധാവി പടിയിറങ്ങുന്നത് . 54 കാരനായ സ്റ്റീവൻസ് ജൂലൈയിൽ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അദ്ദേഹത്തിൻറെ പിൻഗാമി കുറച്ചുമാത്രം തുറന്നുപറയുന്ന ആരോഗ്യ സേവന ബഡ്ജറ്റിനെ പറ്റി വെല്ലുവിളിക്കാൻ തയ്യാറാകാത്ത ഒരാളായിരിക്കുമെന്നാണ് പിന്നാമ്പുറ സംസാരം. സ്റ്റീവൻസിന്റെ ഡെപ്യൂട്ടി അമണ്ട പ്രിറ്റ്‌ചാർഡ്, നോർത്തേംബ്രിയ എൻ‌എച്ച്‌എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ ജെയിംസ് മാക്കി, എൻ‌എച്ച്എസിന്റെ ഡയറക്ടർ ഓഫ് ട്രാൻസ്ഫോർമേഷൻ ആയ ഡോ. ടിം ഫെറിസ് എന്നിവരാണ് ഈ പദവിയിലേക്ക് വരാൻ സാധ്യതയുള്ളവരായി കരുതപ്പെടുന്നത്.

സ്റ്റീവൻസ് ജൂലൈ 31ന് സ്ഥാനമൊഴിയുമ്പോഴേയ്ക്കും അദ്ദേഹത്തിൻറെ പകരക്കാരനെ നിയമിക്കാൻ ആകുമെന്നാണ് എൻഎച്ച്എസ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എൻഎച്ച്എസിൻെറ ബോർഡ് ഒരു പിൻഗാമിയെ തിരഞ്ഞെടുത്തതിന് ശേഷവും ഗവൺമെൻറ് ഹെൽത്ത് സെക്രട്ടറി ആയ മാറ്റ് ഹാൻകോക്ക് വഴി ആ തീരുമാനം തള്ളിക്കളയാം . ഗൈസ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റിൻെറയും ചീഫ് എക്സിക്യൂട്ടീവ് കൂടിയായ പ്രിച്ചാർഡ് ഈ സ്ഥാനത്തേക്കുള്ള ശക്തമായ ഒരു മത്സരാർത്ഥിയാണ്. ലഭിച്ച വിവരങ്ങളനുസരിച്ച് സ്റ്റീവൻസിനൊപ്പം എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മറ്റും അവർ ഈ സ്ഥാനത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം നോർത്തേംബ്രിയയിലെ ട്രസ്റ്റിൻെറ മേധാവി എന്ന നിലയിൽ സർ ജെയിംസ് മാക്കി പ്രശസ്തനാണ്. പ്രിറ്റ്‌ചാർഡിനെ പോലെതന്നെ എൻഎച്ച്എസ് ട്രസ്റ്റ് നോക്കി നടത്താനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുമുണ്ട്. പുതുമയുള്ള ആശയങ്ങളും നവീകരണങ്ങളും ഉള്ള അദ്ദേഹത്തിൻറെ കീഴിലുള്ള ട്രസ്റ്റിൽ മഹാമാരിയുടെ കാലയളവിൽ മറ്റ് ട്രസ്റ്റുകളേക്കാൾ ഒഴിവാക്കിയ ഓപ്പറേഷനുകളുടെ എണ്ണം കുറവാണ്.

മഹാമാരി ഒഴിഞ്ഞാലും എൻഎച്ച്എസ് വരും ദിവസങ്ങളിൽ നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികളാണ്. കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

മെയ് 11ന് രാജ്ഞിയുടെ പ്രസംഗത്തിലൂടെ എൻഎച്ച്എസ് പരിഷ്കരണ ബിൽ അനാവരണം ചെയ്യും. ഇതോടുകൂടി 2012 ൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന് നൽകിയ അധികാരം ആരോഗ്യ സെക്രട്ടറിയ്ക്ക് തിരികെ നൽകും. സൈമണിനേക്കാൾ കുറഞ്ഞ രാഷ്ട്രീയം ഉള്ളതും കൂടുതൽ പ്രവർത്തനപരവുമായ ഒരാളെ വേണമെന്ന് ഒരു മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എൻഎച്ച്എസിൻെറ പ്രവർത്തനവും അധികാരവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന ഒരാളായിരിക്കും ഇനി വരുന്ന എൻഎച്ച്എസിൻെറ മേധാവി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർവ്വകലാശാലകളിൽ സെക്ഷ്വൽ കൺസന്റ് ടെസ്റ്റ്‌ (Sexual Consent Test) വേണമെന്ന് വിദ്യാർത്ഥികൾ. സർവ്വകലാശാലയുടെ തുടക്കത്തിൽ തന്നെ ‘ലൈംഗിക സമ്മതം’ എന്ന വിഷയത്തിൽ നിർബന്ധിത ടെസ്റ്റ്‌ നടത്തണമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും കരുതുന്നു. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവേയിൽ 58% വിദ്യാർത്ഥികൾ ഈ ആശയത്തെ പൂർണമായി പിന്തുണച്ചു. കാമ്പസിലെ ലൈംഗിക പീഡനത്തെക്കുറിച്ച് സർവ്വകലാശാലകൾ മുന്നറിയിപ്പ് നേരിട്ടിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ നടത്തിയ തിങ്ക് ടാങ്കിന്റെ സർവേയിൽ നാലിലൊന്ന് പേർ മാത്രമേ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നൽകുന്നുണ്ടെന്ന് കരുതുന്നുള്ളൂ. ലൈംഗിക സമ്മതത്തെക്കുറിച്ച് സമഗ്രമായ ധാരണയുണ്ടാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള അനുഭവവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 ഓഗസ്റ്റിൽ ബിരുദ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ സർവേയിൽ 43% പേർ സർവ്വകലാശാലയിൽ പോകുന്നതിനുമുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 25% പേർ ആരെയും ചുംബിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. പുരുഷ വിദ്യാർത്ഥികളിൽ, 66% വിദ്യാർത്ഥിയായിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 53% സ്ത്രീ വിദ്യാർത്ഥികൾ അവരുടെ യൂണിവേഴ്സിറ്റി കാലയളവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്തിലുമുപരി കൂട്ടുകാരെ കണ്ടെത്തുന്നതാണ് യൂണിവേഴ്സിറ്റിയിൽ പ്രധാനമെന്ന് 58% വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കൂടുതൽ വിശ്വസനീയമായ തെളിവുകൾ നൽകുകയെന്നതാണ് സർവേയിലൂടെ ലക്ഷ്യമിടുന്ന കാര്യമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാന പരിവർത്തന കാലം ഏതാണെന്നു തിരിച്ചറിയാൻ ഈ റിപ്പോർട്ട്‌ സഹായിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാർസോ : ഈജിപ്ത് എന്നുകേട്ടാൽ ആദ്യം ഓർമ വരിക മമ്മികളെയായിരിക്കും. മരിച്ചുപോയ മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരങ്ങൾ സംരക്ഷിച്ചിരുന്നതിനെ പറയുന്നതാണ് മമ്മി. പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. ഈജിപ്തിൽനിന്ന് 1800ൽ കണ്ടെടുത്ത മമ്മിയിൽ പ്രത്യേക സവിശേഷത ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ മമ്മിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗർഭിണിയായിരിക്കെ മരിച്ച സ്ത്രീയുടേതാണിത്. ഗർഭിണിയായ മമ്മിയെ ആദ്യമായാണ് കണ്ടെത്തുന്നത്. തീബ്സ് എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഈ മമ്മിക്ക് 2000 വർഷത്തെ പഴക്കമുണ്ട്. 20 വയസുള്ള യുവതി മരിക്കുമ്പോൾ 26 നും 30 ആഴ്ചയ്ക്കിടയിൽ ഗർഭിണിയായിരുന്നുവെന്ന് പോളിഷ് അക്കാദമി ഓഫ് സയൻസസിലെ വിദഗ്ദർ പറഞ്ഞു. 1800 കളിൽ തീബ്സിലെ റോയൽ ടോംബ്സിൽ നിന്ന് കണ്ടെത്തിയ മമ്മിയെ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇത് ഗർഭിണിയായിരുന്നുവെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. സിടി സ്കാനുകളും എക്സ്-റേകളും സംയോജിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.

ഭ്രൂണം എങ്ങനെയാണ് സ്ത്രീക്കുള്ളിൽ അവശേഷിച്ചതെന്നും എന്തുകൊണ്ടാണ് വെവ്വേറെ മമ്മി ചെയ്യാതിരുന്നതെന്നും വ്യക്തമല്ല. മൃതദേഹം ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങളിൽ പൊതിഞ്ഞ് ഹോറസിന്റെ നാല് ആൺമക്കളെ പ്രതിനിധീകരിക്കുന്ന നിരവധി അമ്യൂലറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. അവർ തീബ്സിലെ വളരെ പ്രധാനപ്പെട്ട ഒരാളാണെന്ന് വിദഗ്ദ സംഘം സൂചിപ്പിക്കുന്നു. 1800 കളിൽ കണ്ടെത്തിയ ഇത് ബിസി ഒന്നാം നൂറ്റാണ്ടിൽ ക്ലിയോപാട്ര രാജ്ഞിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നതാണ്.

ഈജിപ്ഷ്യൻ വാലി ഓഫ് കിംഗ്സിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചില കണ്ടെത്തലുകളുടെ സമയത്ത് 1826 ൽ ഈ മമ്മിയെ പോളണ്ടിലെ വാർസോയിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ഈ മമ്മി പുരാതന കാലത്തെ ഗർഭധാരണ പഠനത്തിന് പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇത് നിലവിലെ കേസുകളുമായി താരതമ്യപ്പെടുത്താനും ബന്ധപ്പെടുത്താനും കഴിയും.’ പഠന രചയിതാക്കൾ എഴുതി. പുരാതന ഈജിപ്ഷ്യൻ ശ്മശാന സമ്പ്രദായങ്ങളുടെ കണ്ടെത്താത്ത ഒരു വശത്തെക്കുറിച്ചും പുരാതന ഈജിപ്ഷ്യൻ മതത്തിന്റെ പശ്ചാത്തലത്തിൽ ഗർഭാവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളെപറ്റി പഠിക്കാനും ഈ മാതൃക സഹായിക്കും. ഗർഭിണികളായ സ്ത്രീകളുടെ മമ്മികൾ വളരെ അപൂർവമായി മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യം സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുമെന്ന് യുകെയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. ദിവസേനയുള്ള രോഗവ്യാപനം 10 ശതമാനം കുറഞ്ഞ് 2166 ആയതും കോവിഡ് മരണങ്ങൾ 29 ആയതും മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . യുകെയിലെ രണ്ടാം തരംഗത്തിന് വഴിമരുന്നിട്ട കെന്റ് വേരിയന്റിനെ പിടിച്ചു നിർത്താൻ പ്രതിരോധ കുത്തിവെയ്പ്പ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നാണ് വിദഗ് ദാഭിപ്രായം. അതേസമയം രാജ്യത്തെ 68.3 ശതമാനം മുതിർന്നവരിലും കോവിഡിനെതിരെയുള്ള ആൻറി ബോഡീസ് ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസിൻെറ സർവേയിൽ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇത് 53.1 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും ഈ രോഗത്തിനെതിരെ പ്രതിരോധശേഷി ഉണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകിയതുകൊണ്ടാണിതെന്നാണ് ആരോഗ്യവിദഗ് ദർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 34 ദശലക്ഷം ആൾക്കാർക്ക് ഒരു ഡോസും 13.5 ദശലക്ഷം പേർക്ക് രണ്ടുഡോസും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വൈറസ് ബാധിക്കാനുള്ള സാധ്യത പകുതിയായി കുറയുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിൽ 42 വയസ്സ് മുതലുള്ളവർക്ക് പ്രതിരോധകുത്തിവയ്പ്പിനായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ ഒന്നിന് 42 വയസ്സ് തികയുന്നവർക്കുമുതൽ ഈ അവസരം ഉപയോഗിക്കാൻ സാധിക്കും. 42 കാരനായ താൻ ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഈ പ്രായപരിധിയിലുള്ള മറ്റുള്ളവരും ഈ അവസരം ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭ്യർത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved