Main News

രാജു കാഞ്ഞിരങ്ങാട്

പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!

അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു

വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു

ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, –
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും

മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു

കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

മെട്രിസ് ഫിലിപ്പ്

മേടപ്പൊന്നണിയും, കൊന്ന പൂക്കളുമായി വിഷുക്കാലം എത്തിയിരിക്കുന്നു. എല്ലാ വായനക്കാർക്കും വിഷു ആശംസകൾ. മേടമാസത്തിലെ നനുത്ത പുലർകാലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ കൊന്നപ്പൂക്കളും, ഫലങ്ങളും ഒരുക്കി കണികാണുവാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് ഓണം പോലെ തന്നെ ആണ് വിഷുവും. വിഷുക്കാലം ഉത്സവങ്ങളുടെയും വിളവെടുപ്പിന്റെയും കൂടി ഉള്ള ഒരു ആഘോഷമാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ, വെള്ളരിയും, പയറും, പാവലും, പടവലവും, എല്ലാം വിഷു ഒരുക്കത്തിനായി വിളഞ്ഞു നിൽക്കുന്ന നയന മനോഹര കാഴ്‌ചകൾ മലയാളക്കരയിൽ കാണുവാൻ സാധിക്കും. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, നന്മയുടെ, ഒരു ഒത്തു ചേരലായി ഈ വിഷുക്കാലം മാറണം. പുലർകാലത്ത് കാണുന്ന ആദ്യകാഴ്ച്ചയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഭഗവാന്റെ അനുഗ്രഹം നേടിയാൽ ഈ വർഷം അനുഗ്രഹപ്രദമാകും.

ഇന്ന് നമ്മുടെ എല്ലാം ആഘോഷങ്ങൾ വളരെ വലുതായി മാറിയിരിക്കുന്നു. നാട്ടിലും മറുനാട്ടിലും ഉള്ള ഓരോ കാഴ്ച്ചകളും അപ്പപ്പോൾ സോഷ്യൽമീഡിയ വഴി പങ്കു വെക്കപ്പെടുന്നത് കൊണ്ട് നാടും മറുനാടും വളരെ അടുത്താണെന്ന് തോന്നിപോകും. അത്രമാത്രം സോഷ്യൽമീഡിയ വളർന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യർ മതങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടെല്ലാം എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. പെട്ടന്ന് ഓരോ വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികൾ. അതിന്റെ ഒരു ഉദാഹരണം ആണ് കഴിഞ്ഞ ദിവസം വയറലായ കോളേജ്സ്റുഡന്റ്സിൻെറ ഡാൻസ്. അതിൽ വരെ മതങ്ങളെ, വിഷയമാക്കുന്ന, മത ഭ്രാന്തൻമാരെ ആട്ടിയകറ്റണം. കോവിഡ് എന്ന മഹാമാരിയിൽ, തളരാതെ, മുന്നോട്ട് പോകാം.

2021 വിഷുക്കാലം കൂടുതൽ അർത്ഥപൂർണ്ണമാക്കി ജീവിതം മനോഹരമാക്കാം. ഓരോ വ്യക്തിയ്ക്കും ഒരു ജീവിതം മാത്രമേ ഉള്ളു. പകയും സ്നേഹമില്ലായ്‌മയും ദൂരെക്കളയാം. ജീവിതം പങ്കുവെക്കലിന്റെയും പരസ്നേഹത്തിന്റെയും കൂടിചേരൽ ആക്കാം. കണി ഒരുക്കി, വിഷു കൈ നീട്ടം വാങ്ങി, സദ്യ ഉണ്ട്, വിഷു പടക്കം പൊട്ടിച്ച് ഈ വിഷുക്കാലം ആഘോഷിക്കാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ തകർത്ത് നല്ല മനുഷ്യരായി മാറാം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വാക്സിൻ വിതരണത്തിന് നിർണായകമായ പുതിയ ഘട്ടം ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാനുള്ള ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ വെബ്സൈറ്റ് വഴിയാണ് പ്രതിരോധ കുത്തിവെയ്പ്പിനായി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എല്ലാ മുതിർന്നവർക്കും ജൂലൈ ആദ്യവാരത്തോടെ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 15നകം 9 പ്രയോരിറ്റി ഗ്രൂപ്പിൽപ്പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പൂർത്തിയാകും.

യുകെയിലെ വാക്‌സിനേഷൻ രണ്ടാം ഘട്ടത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നതിൻെറ ഭാഗമായാണ് 45 മുതൽ 49 വയസ്സുവരെയുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നത്. ഈ പ്രായപരിധിയിൽ 3.7 ദശലക്ഷം ആളുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 32 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ രാജ്യത്തിനായി. ചില കമ്പനികളുടെ വാക്സിന് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തെ നേരിടാൻ മിക്സഡ് വാക്‌സിൻ കോമ്പിനേഷൻ ഉൾപ്പെടുന്ന പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ജോയിൻറ് കമ്മിറ്റി ഓഫ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ അംഗം പ്രൊഫസർ ജെറമി ബ്രൗൺ പറഞ്ഞു. ഇന്നലെ രാജ്യത്ത് പുതിയതായി 3568 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പേർ കോവിഡ് -19 മൂലം മരണമടയുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.

കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.

കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.

പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെ​ള്ളി​യാ​ഴ്​​ച അ​ന്ത​രി​ച്ച ഫി​ലി​പ്​ രാ​ജ​കു​മാ​രന്റെ സം​സ്​​കാ​ര ചടങ്ങുകൾ 17ന്​ ​വി​ൻ​സ​ർ കാ​സി​ൽ ഗ്രൗ​ണ്ടി​ലു​ള്ള സെൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃ​ഖാ​ച​ര​ണ​ത്തി​ലാ​ണ്​ രാ​ജ്യം. ഈ ദിവസങ്ങളിൽ പുതിയ നിയമങ്ങളൊന്നും പാസാക്കാൻ പാർലമെന്റിനെ അനുവദിക്കില്ല. പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഒപ്പം ടിവി അവതാരകർ കറുപ്പ് ധരിക്കും. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃ​ഖാ​ച​ര​ണം. രാജകീയ വസതികൾ, സർക്കാർ കെട്ടിടങ്ങൾ, സായുധ സേന സ്ഥാപനങ്ങൾ, വിദേശത്തുള്ള യുകെ പോസ്റ്റുകൾ എന്നിവയിൽ യൂണിയൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. പൊതു സേവനങ്ങളും സർക്കാരിന്റെ കോവിഡ് -19 നുമായി ബന്ധപ്പെട്ട ഏത് സേവനങ്ങളും സാധാരണപോലെ തുടരും. ആവശ്യാനുസരണം ആളുകൾക്ക് വിവരങ്ങളും സേവനങ്ങളും ഓൺലൈനിൽ ആക്സസ് ചെയ്യാൻ കഴിയും.

മൂന്നാം ദേശീയ ലോക്ക്ഡൗണിൽ മാസങ്ങളോളം അടച്ചതിനുശേഷം ഇംഗ്ലണ്ടിലെ ആവശ്യേതര കടകളും പബ്ബുകളും പോലുള്ള നിരവധി ബിസിനസുകൾ വീണ്ടും തുറന്നു. അതുകൊണ്ട് തന്നെ ഇവ വീണ്ടും അടച്ചിടാൻ സാധ്യതയില്ല. ശനിയാഴ്ച ഫിലിപ്പിന്റെ സംസ്കാര ചടങ്ങുകൾക്കായി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒരു മിനിറ്റ് നിശബ്ദത പാലിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ ബിസിനസുകൾ ഒരുങ്ങണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. അതേസമയം ഈ വാരാന്ത്യത്തിൽ ആസൂത്രണം ചെയ്തതുപോലെ എല്ലാ ഫുട്ബോൾ മത്സരങ്ങളും മുന്നോട്ട് പോകുമെന്ന് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. എന്നാൽ കളിക്കാർ കറുത്ത കൈപ്പട്ട ധരിക്കുമെന്നും മത്സരങ്ങൾ കളിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് നിശബ്ദത പാലിക്കുമെന്നും അറിയിച്ചു.

ഫിലിപ്പിന്റെ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃ​ഖാ​ച​ര​ണത്തിൽ പ്രവേശിച്ചു. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​ൻ കൊ​ട്ടാ​ര​ത്തി​നു​​മു​ന്നി​ൽ പൂ​ക്ക​ൾ ​വെ​ക്കു​ന്ന​തി​നു പ​ക​രം ജീവകാരു​ണ്യ​ത്തി​നാ​യി പ​ണം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നു ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​രം ജ​ന​ങ്ങ​ളോ​ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

മോറിസൺ കാർ പാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 21 കാരിയായ യുവതിയും 36 കാരനായ പുരുഷനുമാണ് അറസ്റ്റിലായത്. ശിശുവിൻെറ അമ്മയെ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെസ്റ്റ് മിഡ് ലാന്റ് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് വോൾവർഹാംപ്ടണിലുള്ള ബിൽസ്റ്റണിലെ മോറിസൺസിലെ കാർപാർക്കിങ്ങിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. പൂർണ്ണവളർച്ചയെത്താത്ത കുട്ടിയുടെ മരണകാരണം അറിയുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിൻെറ രോഗവ്യാപനം തടയാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റ്  കിറ്റുകൾ നൽകാനൊരുങ്ങി ബ്രിട്ടീഷ് ഗവൺമെൻറ്. ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ രോഗവ്യാപനതോത് ഉയരുമെന്ന ആശങ്ക രാജ്യമൊട്ടാകെ ഉയർന്നിട്ടുണ്ട്. എല്ലാ വീടുകളിലേയ്ക്കും സൗജന്യമായി ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നൽകാനുള്ള ബൃഹത് പദ്ധതി സർക്കാർ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനത്തെ പിടിച്ച് നിർത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 ബാധിച്ച മൂന്നുപേരിൽ ഒരാൾക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രോഗബാധിതനെ തിരിച്ചറിയാൻ ഈ നടപടി വളരെ നിർണ്ണായകമാകും.

നിലവിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഇല്ലാത്തവരോ 18 വയസ്സോ അതിൽകൂടുതലോ പ്രായമായിട്ടുള്ളവരോടാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ജോലിയോ പഠനമോ നടക്കുന്ന സ്ഥലത്ത് നിന്ന് കോവിഡ്-19 പരിശോധനകൾ ഒന്നുംതന്നെ കിട്ടാത്ത സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്താനാണ് നിർദേശം കൊടുത്തിരിക്കുന്നത്. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾക്ക് പകരം അവർ തീർച്ചയായും പിസിആർ ടെസ്റ്റ് നടത്തുകയും സ്വയം ഒറ്റപ്പെടലിന് വിധേയമാകുകയും ചെയ്യണം.

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡയാന രാജകുമാരിയുമായി മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിലിപ്പ് രാജകുമാരൻ. വിൻഡ്സർ കാസിലിൽ തന്നെ മനസിലാക്കിയ ഒരേ ഒരാളാണ് ഭർതൃപിതാവായ ഫിലിപ്പ് എന്ന് ഡയാന വെളിപ്പെടുത്തിയിട്ടുണ്ട്. എത്ര സ്ത്രീകൾ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ ഭർതൃപിതാവുമായി ചർച്ച ചെയ്യുമെന്ന് ഒരിക്കൽ അവൾ തന്റെ സുഹൃത്തുക്കളോട് ചോദിച്ചു. കൊട്ടാരത്തിലെ ഒരു അംഗം ആയി നിലകൊണ്ടപ്പോഴും സമൂഹത്തിലെ ജീവിതങ്ങളെ നോക്കികണ്ട ഫിലിപ്പ്, കൂടുതൽ യാഥാർഥ്യബോധത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്. ഡയാനയോട് ഇഷ്ടമുണ്ടായിരുന്നിട്ടും തെറ്റ് കണ്ട സമയങ്ങളിൽ അത് ചൂണ്ടിക്കാട്ടാനും ഫിലിപ്പ് മടിച്ചില്ല. ഡയാനയെ കഠിനാധ്വാനിയായാണ് അദ്ദേഹം കണക്കാക്കിയതെങ്കിലും, രാജകുമാരിക്ക് സ്ഥാപനത്തോട് യഥാർത്ഥ പ്രതിബദ്ധതയുണ്ടോയെന്ന് അദ്ദേഹം സംശയിച്ചു.

32കാരനായ മകൻ ചാൾസിന് ഒരു തുണയെ കണ്ടെത്തിയത് പിതാവ് ഫിലിപ്പ് ആണ്. ഫിലിപ്പ് അവളെ സ്വാഗതം ചെയ്യുകയും അവളെ സന്തോഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് അവളെ വളരെ ഇഷ്ടമായിരുന്നു. പാർക്കർ ബൗൾസിനോടുള്ള മകന്റെ മതിപ്പ് അദ്ദേഹത്തിനും രാജ്ഞിക്കും അറിയില്ലായിരുന്നു. ഈ ആദ്യകാലഘട്ടത്തിലുടനീളം ഡയാനയുടെ യുക്തിരഹിതവും പ്രവചനാതീതവുമായ പെരുമാറ്റത്തെ ഫിലിപ്പ് നോക്കിക്കാണുന്നുണ്ടായിരുന്നു.

രാജകുടുംബത്തിൽ വിവാഹം കഴിച്ചെത്തി, ജീവിതത്തിലെ സമ്മർദ്ദങ്ങളെയും ഉത്തരവാദിത്തങ്ങളെയും നേരിടേണ്ടിവന്ന അദ്ദേഹത്തെപ്പോലെയുള്ള ഒരു പുറംനാട്ടുകാരിയായിരുന്നു അവൾ. ഡയാനയുടെ സങ്കടത്തിന്റെ ആദ്യകാല കാരണം എന്തുതന്നെയായാലും ഫിലിപ്പിന് അവളോട് ഗണ്യമായ സഹതാപമുണ്ടായിരുന്നു. പ്രണയത്തിലായ ദമ്പതികളെന്ന നിലയിൽ ചാൾസിലും ഡയാനയിലും തനിക്കും രാജ്ഞിക്കും എപ്പോഴും ‘വലിയ പ്രതീക്ഷകൾ’ ഉണ്ടായിരുന്നുവെന്ന് ഫിലിപ്പ് ഒരു സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞിരുന്നു. ഡയാനയ്ക്ക് എഴുതിയ കത്തുകളുടെ അവസാനത്തിലെല്ലാം അദ്ദേഹം ഒരു വാചകം കുറിച്ചിടുമായിരുന്നു. “നിറയെ സ്നേഹത്തോടെ, പാ” ഒരു മകളെ പോലെ ഡയാനയെ കരുതുകയും സ്നേഹിക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും കയർക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഫിലിപ്പ്. ഒരർത്ഥത്തിൽ അവളെ ഏറ്റവും അടുത്തറിഞ്ഞ മനുഷ്യൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് മുതൽ ബ്രിട്ടനിൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ നിലവിൽ വരും. പബ് ഗാർഡനുകൾ, ഇൻഡോർ ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവ ഇന്നുമുതൽ ഇംഗ്ലണ്ടിൽ തുറന്നു പ്രവർത്തിക്കും . വടക്കൻ അയർലൻഡിലെ “സ്റ്റേ-അറ്റ്-ഹോം” നിയമത്തിലും മാറ്റം വന്നിട്ടുണ്ട്. പല നിയമങ്ങളിലും ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടുമ്പോൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു. ഇളവുകൾ അനുവദിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടും എന്ന ആശങ്ക പൊതുവേ നിലവിലുണ്ട് . ഇളവുകൾ സാധാരണ ജീവിതത്തിലേക്കുള്ള രാജ്യത്തിൻെറ ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുതൽ 15 പേർക്ക് വിവാഹങ്ങളിലും 30 പേർക്ക് ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാൻ സാധിക്കും. സ്കോട്ട്ലൻഡിൽ എല്ലാ സ്കൂൾ വിദ്യാർത്ഥികളും സ്കൂളുകളിലേയ്ക്ക് മടങ്ങിയെത്തുകയാണ്. രാജ്യത്ത് ജനുവരി 6 -ന് ആരംഭിച്ച മൂന്നാംലോക് ഡൗണിന് ശേഷം ഇത് മൂന്നാം തവണയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഘട്ടംഘട്ടമായി അനുവദിക്കുന്നത്. ഇന്നലെ കോവിഡ് -19 മൂലം 7 പേരാണ് രാജ്യത്ത് മരണമടഞ്ഞത് . 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. അതേസമയം ഇന്നലെ രാജ്യത്ത് 1730 പേർ കോവിഡ് പോസിറ്റീവായി

RECENT POSTS
Copyright © . All rights reserved