ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ 25 -നും 29 -നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്സിൻ നൽകാനുള്ള തീരുമാനത്തിൻെറ ഭാഗമായാണ് ഈ നീക്കം. രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ വാക്സിനുകൾ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു . ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിൻെറ പ്രധാനകാരണം രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക് ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കി മുന്നേറിയ ബ്രിട്ടനെ ആശങ്കയിലാക്കിയത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപനമാണ് . ഗവൺമെന്റിൻെറ നിർദിഷ്ട പദ്ധതി പ്രകാരം ജൂൺ 21 -നാണ് എല്ലാ ലോക് ഡൗൺ നിയന്ത്രണങ്ങളും പിൻവലിക്കേണ്ടത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് ഇപ്പോഴേ ഉറപ്പു പറയാൻ സാധിക്കില്ല എന്ന അഭിപ്രായമാണ് ആരോഗ്യ സെക്രട്ടറി പ്രകടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. പുതിയ നയം മോദി സർക്കാരിൻറെ ഇതുവരെയുള്ള വാക്സിൻ വിതരണ നയത്തിൽ കാതലായ മാറ്റമാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ ഗവൺമെൻറ് പരാജയമായിരുന്നു എന്ന് പരക്കെ വിമർശനമുയർന്നിരുന്നു. പുതിയ നയത്തിൻറെ ഭാഗമായി വാക്‌സിൻെറ സംഭരണം പൂർണമായും കേന്ദ്രസർക്കാരിന് കീഴിലായിരിക്കും.

75 ശതമാനം വാക്സിൻ നിർമാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങും. ഇതാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്‌സിൻ കമ്പനികളിൽ നിന്ന് ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ഒരു ഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ് മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂ. കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികം താമസിക്കാതെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ രാജ്യത്ത് രൂക്ഷമായ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഹാരി രാജകുമാരനും മേഗനും ഒരു പെൺകുഞ്ഞ് പിറന്നതിൻെറ സന്തോഷത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരവും ബ്രിട്ടനും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയോടും ഹാരിയുടെ അമ്മയായ ഡയാന രാജകുമാരിയോടുമുള്ള സ്നേഹ ബഹുമാനാർത്ഥം ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11. 40 ന് കാലിഫോർണിയയിലെ സാന്താ ബാർബറയിലെ ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ് എന്നത്. രണ്ട് വയസുകാരനായ ആർച്ചി രാജകുമാരനാണ് ഹാരിയുടെയും മേഗൻെറയും ആദ്യത്തെ കണ്മണി.

2018 മെയ് 19ന് വിവാഹിതരായ ഹാരിയും മേഗനും ബ്രിട്ടീഷ് രാജ കുടുംബവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് യുഎസിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഹാരിയും മേഗനും അടുത്തകാലത്ത് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുത്തശ്ശനായ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരി യുകെയിൽ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൻെറ പ്ലാറ്റിനം ജൂബിലിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്നതിന് കൊട്ടാരത്തിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വാഷിംഗ്‌ടൺ : രാജ്യാന്തര സ്മാർട്ട് ഫോൺ വിപണിയിൽ വൻ നേട്ടവുമായി ഐഫോൺ കുതിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാനം പിടിച്ചെടുത്തത്. എന്നാൽ ഓരോ ഐഫോൺ 12 മോഡലിലും ആപ്പിൾ നിർമ്മിച്ച മാഗ്നറ്റിക് ചാർജിംഗ് സംവിധാനമായ മാഗ് സേഫ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഈ ആഴ്ച ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (ജാഹ) പ്രസിദ്ധീകരിച്ചു. ജീവൻ രക്ഷാ തെറാപ്പികളെ തടഞ്ഞുനിർത്താൻ ഐഫോൺ 12 ന് സാധിക്കുമെന്ന നിഗമത്തിലാണ് അവർ എത്തിച്ചേർന്നത്. പേസ്‌മേക്കറുകളും ഡീഫിബ്രില്ലേറ്ററുകളും ഉൾപ്പെടുന്ന കാർഡിയാക് ഇംപ്ലാന്റബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി (സിഐഇഡി) വൈദ്യുതകാന്തിക ഇടപെടലിന് കാരണമാകുന്ന മാഗ്‌സെഫിന്റെ കഴിവിൽ നിന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്.10 ഗൗസ് കാന്തിക വലയത്തിൽ സിഇഡികൾ തടസപ്പെടുമെന്നിരിക്കെ നേരിട്ട് ബന്ധത്തിൽ വരുമ്പോൾ ഐഫോൺ 12 പ്രോ മാക്‌സിന്റെ കാന്തിക വലയ ശക്തി 50 ജിയിൽ കൂടുതലാകാമെന്ന് പഠനത്തിൽ പറയുന്നു.

“ആളുകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകൾ ബ്രെസ്റ്റ് പോക്കറ്റിലാണ് ഇടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.” അവർ കൂട്ടിച്ചേർത്തു. ജനുവരിയിൽ ഹാർട്ട് റിഥം ജേണൽ നടത്തിയ ഗവേഷണവുമായി ജാഹയുടെ കണ്ടെത്തലുകൾക്ക് സാമ്യമുണ്ട്. ഐഫോൺ 12 ശ്രേണിയിലെ മാഗ് സേഫ് കാന്തങ്ങൾക്ക് “ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയെ തടയാൻ കഴിയും” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഐഫോണും മാഗ് സേഫും സിഐഇഡി ഉപകരണത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് ഉപയോഗിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

എല്ലാ ഐഫോൺ 12 മോഡലുകളിലും മുമ്പത്തെ ഐഫോൺ മോഡലുകളേക്കാൾ കൂടുതൽ കാന്തിക ശക്തി അടങ്ങിയിട്ടുണ്ടെങ്കിലും, വൈദ്യശാസ്ത്രത്തിൽ കാന്തിക ഇടപെടലിന് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്ന് ആപ്പിൾ പ്രതികരിച്ചു. ഈ റിപ്പോർട്ട് പൊതുജന അവബോധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ജാഹ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾ ഒരു ഹാർട്ട് റിഥം സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. ഈ പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ ആപ്പിൾ തങ്ങളുടെ വെബ്‌സൈറ്റിലെ മാഗ് സേഫ് മുന്നറിയിപ്പ് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. വരാനിരിക്കുന്ന ഐഫോൺ 13 ശ്രേണിയിൽ മാഗ്‌സേഫ് മാഗ്നറ്റുകൾ കൂടുതൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ത്യൻ വേരിയന്റ് വൻ ഭീഷണി സൃഷ്ടിച്ചതിൻെറ പിന്നാലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നു. മെയ് 13, 14 തീയതികളിൽ 600 ഓളം ക്രൂയിസ് കപ്പൽ ജീവനക്കാർ റെഡ് ലിസ്റ്റിൽപ്പെട്ട ഇന്ത്യയിൽനിന്ന് ഹീത്രോ വിമാനത്താവളം വഴി യുകെയിൽ എത്തിച്ചേർന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അത് കൂടാതെ കർശനമായി നടപ്പിലാക്കേണ്ട 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഈ യാത്രക്കാരെ ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കടുത്ത പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ ശ്രദ്ധയിൽ പെടുത്തിയതിന് തുടർന്ന് മെയ് 19 ഓടുകൂടിയാണ് ഇത്തരത്തിലുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തപ്പെട്ടത്. ഷാഡോ ഇമിഗ്രേഷൻ മന്ത്രി പ്രസ്തുത സംഭവങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം സുരക്ഷാ പഴുതുകൾ ഉണ്ടാക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളെ തുടർന്ന് രോഗവ്യാപനം ഉയരുന്നതു മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്ത് നീണ്ടു പോകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽ ചൂണ്ടി.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ എത്തിച്ചേരാൻ അനധികൃത കുടിയേറ്റം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക്, ട്വിറ്റർ , ടിക്‌ടോക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റങ്ങളെ ആകർഷണീയമാക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഫോട്ടോകളും കൂടുതൽ പേരെ ജീവൻ പണയം വച്ച് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു . ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നവർ പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.

വ്യാജ പാസ്പോർട്ടുകളും വിസകളും സംഘടിപ്പിച്ചു കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളും വ്യാപകമായ രീതിയിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള രാജ്യദ്രോഹപരമായ ഫോട്ടോകളും കമൻറുകളും നീക്കംചെയ്യാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകി. യുകെയിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. കാലായിസിൽ നിന്ന് ഡോവറിലേക്ക് കുടിയേറുന്നവരുടെ ഒരു വീഡിയോ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിൽ എട്ട് ലക്ഷം പേരാണ് കണ്ടത്. അനധികൃത കുടിയേറ്റങ്ങൾ പലപ്പോഴും അഭയാർഥികളുടെ ജീവഹാനിയിലാണ് കലാശിക്കുന്നത്.

യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലറിൻെറ അഭിപ്രായം. 2014 -ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത് .
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 25 വർഷം നീണ്ടു നിന്ന തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻഭാര്യ മറീന വീലർ. 2019 ൽ തനിക്കു സെർവൈക്കൽ ക്യാൻസർ സ്ഥിരീകരിച്ചതായും മറീന വെളിപ്പെടുത്തിയിരിക്കുകയാണ്. കാരി സിമണ്ട്സുമായുള്ള ബോറിസ് ജോൺസന്റെ വിവാഹം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി നടന്നതിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മറീന പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1993ലാണ് മറീന വീലർ – ബോറിസ് ജോൺസൻ വിവാഹം നടന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇതിലുണ്ട്. 2018 ലാണ് ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കാൻ പറ്റാതായതിനെ തുടർന്നാണ് അവസാനിപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ക്യാൻസർ സ്ഥിരീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം മറീന മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകുകയാണ്. കൃത്യമായ ഇടവേളകളിൽ ക്യാൻസർ ടെസ്റ്റ് ചെയ്യുവാൻ അവർ സ്ത്രീകളെ ബോധവൽക്കരിക്കുന്നു. വളരെ തുടക്കത്തിൽ കണ്ടുപിടിച്ചതിനെ തുടർന്നാണ് തന്റെ അസുഖം ഭേദമാക്കാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. എഴുത്തുകാരിയും, അഡ്വക്കേറ്റും ആയിരിക്കുന്ന മറീനയുമായുള്ള ദാമ്പത്യത്തിനിടെ തന്നെ, തനിക്ക് ബോറിസ് ജോൺസനുമായി നാലുവർഷം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് ബിസിനസ് വിമൺ ജെന്നിഫർ അർകുറി വെളിപ്പെടുത്തിയിരിക്കുകയാണ്. 2012 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ, ബോറിസ് ജോൺസൺ രണ്ടാംതവണ ലണ്ടൻ മേയർ ആയിരിക്കുന്ന സമയത്താണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് ജെന്നിഫർ വ്യക്തമാക്കുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിലുള്ള ബന്ധത്തെപ്പറ്റി ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നിരുന്നാലും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തരത്തിലുള്ള പ്രസ്താവനയും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കഴിഞ്ഞ കാലത്തിന്റെ യാഥാർഥ്യങ്ങൾ എന്ന രീതിയിൽ നമ്മളെ വിശ്വസിപ്പിച്ചിരുന്ന പലതും യഥാർത്ഥത്തിൽ നുണകളാണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത വ്യക്തികളെ പറ്റിയും പൂർണ്ണമായി മനസ്സിലാകാത്ത സാമ്രാജ്യങ്ങളെക്കുറിച്ചും അഭിമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചു കാലങ്ങളായി രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരനായ ഓട്ടോ ഇംഗ്ലീഷാണ് ന്യൂസ് ആർക്കൈവുകളിൽ തുടങ്ങി മ്യൂസിയങ്ങളിലെ പുരാവസ്തുക്കളെ പറ്റി അന്വേഷണം നടത്തുകയും ചരിത്രത്തിലെ അനതിസാധാരണമായ നുണകൾക്ക് പിന്നാലെ യാത്ര നടത്തുകയും ചെയ്തിരിക്കുന്നത്.

വ്യാജ ചരിത്രം ആഴത്തിൽ വേരോടാറുണ്ട് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നുണകൾ എല്ലാം ഒന്നും പൊളിച്ചടുക്കാം എന്നു ഞാൻ കരുതിയതായി അദ്ദേഹം പറഞ്ഞു. വ്യാജമായ ചരിത്ര നിർമ്മിതിയെ പറ്റി നമ്മളിൽ കൂടുതൽ പേരും വ്യാകുലപ്പെടുന്നില്ല എന്നതാണ് നേര്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അത് സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്ര സുഖം തോന്നാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് എന്റെ പതിവാണ്. ന്യൂസ് ആർക്കൈവുകളെകുറിച്ചും, പുരാവസ്തു മ്യൂസിയങ്ങളെ സമീപിച്ചും അന്വേഷണങ്ങൾ നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
രാജകുടുംബം ജർമനിയിൽ നിന്നുള്ളതാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ, എന്നാൽ 1702 ൽ കുട്ടികളില്ലാത്ത ആൻ രാജ്ഞിക്ക് ശേഷം ജർമ്മൻ വംശജനായ ജോർജ് ഒന്നാമൻ റെ പിന്തുടർച്ച ഉറപ്പാക്കിക്കൊണ്ട് ഒരു നിയമം പാസാക്കിയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജോർജ് രണ്ടാമൻ മുതൽ മുഴുവൻ ഭരണകർത്താക്കളും ഇംഗ്ലീഷുകാർ ആയിരുന്നു.

അതുപോലെ ലോകത്തെ മുഴുവൻ ഞെട്ടി വിറപ്പിച്ചിരുന്ന ഹിറ്റ്ലർ സ്വമേധയാ നൽകിയിരുന്ന തലക്കെട്ട് താൻ ഒരു കലാകാരനായിരുന്നു എന്നത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് ഓട്ടോ ഇംഗ്ലീഷിൻെറ കണ്ടെത്തൽ. സമാനമായ രീതിയിൽ ലോകമറിയുന്ന നാവികനായ കൊളംബസിന്റെ യഥാർത്ഥ ജീവിതവും പരാജയങ്ങളും സ്പെയിനിലേക്ക് നാടുകടത്തപ്പെട്ടതുൾപ്പെടെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ഷെഫ് ജോമോൻ കുര്യക്കോസ്
വൃത്തിയാക്കിയ വലിയ കൊഞ്ച് തോടോടു കൂടിയത് – 6 എണ്ണം
തക്കാളി- 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ചെറിയഉള്ളി – ഒരു കപ്പ്
കറിവേപ്പില- 2 തണ്ട്
ഇഞ്ചി നീളമുള്ളത് – 2 എണ്ണം
വെളുത്തുള്ളി 5 അല്ലി
പച്ചമാങ്ങ – 1 എണ്ണം
കുരുമുളക് 1 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം:
1) വെളിച്ചെണ്ണ ചേർത്ത് ചേരുവകളെല്ലാം അരച്ച് പേസ്റ്റ് ആക്കിയെടുക്കുക. എന്നിട്ട് വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന കൊഞ്ചിൽ പേസ്റ്റ് പുരട്ടി രണ്ട് മണിക്കൂർ വെക്കുക.
വെളിച്ചെണ്ണ തൂവി ചൂടാക്കിയ തവയിൽ മൊരിച്ചു എടുക്കുക. തവയിൽ നിന്നും കോരുന്നതിന് മുമ്പ് അല്പം ചെറിയഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ നല്ല വാസനയും രുചിയും കൂടും.

ഷെഫ് ജോമോൻ കുര്യാക്കോസ്

ഡോ. ഐഷ വി
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.
പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.
ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.
തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.