Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ :- വോർസെസ്റ്റർഷെയറിൽ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ വേരിയന്റിനായുള്ള സമൂഹ പരിശോധനകൾ ജനങ്ങൾക്കിടയിൽ ആരംഭിച്ചു. കൺട്രി കൗൺസിലാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ഇതുവരെയും ഒരു കേസ് മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കൗൺസിലർ ടോണി മില്ലർ അറിയിച്ചു. രോഗം ബാധിച്ച ആളുമായി ബന്ധപ്പെട്ട എല്ലാവരെയും ഐസലേഷനിൽ ആക്കിയതായും അദ്ദേഹം അറിയിച്ചു. പുറത്തു നിന്ന് വന്ന യാത്രക്കാരിലൂടെയല്ല രോഗബാധ പകർന്നിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകളും മറ്റും കൗൺസിൽ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക്, ഐസലേഷൻ സമയത്ത് നാല് പ്രാവശ്യം ടെസ്റ്റ് ചെയ്യണമെന്നത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം ബ്രിട്ടനിൽ 19,114 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സൗത്ത് ആഫ്രിക്കൻ വേരിയന്റ് വളരെ എളുപ്പത്തിൽ പകരുവാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ദിവസേന വാക്സിൻ ലഭിക്കുന്നവരുടെ ശരാശരി കണക്ക് 4,30,000 ആയി ഉയർന്നിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ ടെസ്റ്റിന് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

രാജ്യത്തുടനീളം ഇതുവരെ കൊറോണ വൈറസിന്റെ 40 പുതിയ സ്ട്രെയിനാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മാസ് ടെസ്റ്റിങ്ങിൽ പോസിറ്റീവ് ആകുന്നവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും അയക്കും. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം അധികൃതർ നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് വാക്സീൻ പാസ്പോർട്ട്‌ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിൽ ബ്രിട്ടീഷ് സർക്കാർ. കോവിഡ് വാക്സീൻ സ്വീകരിച്ചെന്ന് തെളിയിക്കാൻ കഴിയുന്ന വിനോദസഞ്ചാരികൾക്കുള്ള ക്വാറന്റീൻ നിയമങ്ങൾ ഒഴിവാക്കാൻ ഗ്രീസ് തയാറെടുക്കുന്നതിനാൽ “വാക്സീൻ പാസ്‌പോർട്ടിന്റെ” പ്രവർത്തനം ബ്രിട്ടീഷ് സർക്കാർ ആരംഭിച്ചു. ഒരു സർട്ടിഫിക്കേഷൻ സംവിധാനം ആസൂത്രണം ചെയ്യുന്നതിലൂടെ മറ്റു രാജ്യങ്ങളിലേക്കുള്ള സഞ്ചാരമാണ് സാധ്യമാവുന്നത്. രണ്ട് ഡോസ് ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്സിനുകൾ സ്വീകരിച്ച ആളുകൾക്ക് സന്ദർശനം നടത്താൻ ആവശ്യമായ പ്രതിരോധശേഷി ലഭിക്കുമെന്ന് ഗ്രീസ് പറയുന്നു. മാരകമായ പകർച്ചവ്യാധിയാൽ തകർന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്ന് ടൂറിസമാണ്. ഗ്രീസിൽ എത്തുമ്പോൾ ബ്രിട്ടീഷുകാർക്ക് എന്ത് തരത്തിലുള്ള തെളിവാണ് കാണിക്കേണ്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, വിനോദസഞ്ചാരികൾ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഗ്രീസിലെ ഹോട്ടൽ ഫെഡറേഷന്റെ ഗ്രിഗോറിസ് ടാസിയോസ് പറഞ്ഞു: “ഗ്രീസ് വളരെക്കാലമായി ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ്. യുകെയിലെ കുത്തിവയ്പ്പ് നിരക്ക് യൂറോപ്പിലുടനീളമുള്ള മറ്റെല്ലാവരേക്കാളും ഉയർന്നതാണ്. ബ്രിട്ടീഷ് യാത്രക്കാർ ഏറ്റവും സുരക്ഷിതമായവരായി ആവും മെയ് മാസത്തോടെ ഇവിടെ യാത്ര ചെയ്യുക.” വാക്സീനുകൾ വിജയകരമായി പുറത്തിറങ്ങിയതിനാൽ ഇസ്രയേലികൾക്കും യുഎസ് വിനോദ സഞ്ചാരികൾക്കും ഗ്രീസ് സന്ദർശിക്കാൻ അനുവാദമുണ്ട്. വാക്സിൻ പാസ്‌പോർട്ടുകളെക്കുറിച്ച് “പൊതുവായ ധാരണ” ആവശ്യമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാക്കിസ് യൂറോപ്യൻ യൂണിയൻ മേധാവികളോട് ആവശ്യപ്പെട്ടിരുന്നു.

എല്ലാ അംഗരാജ്യങ്ങളിലും അംഗീകരിക്കപ്പെടുന്നതിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് പൊതുവായ ധാരണ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡി ലെയ്‌ന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. ടൂറിസത്തെ ആശ്രയിക്കുന്ന ഗ്രീസ് പോലുള്ള രാജ്യങ്ങൾക്ക്, വേനൽക്കാല സീസണിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിൻ സർട്ടിഫിക്കറ്റിനെക്കുറിച്ച് യുകെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ശുഭപ്രതീക്ഷയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വ്യാപനം 30 ശതമാനത്തോളം കുറഞ്ഞതായി ഒഎൻഎസ്, സിസ്റ്റം ട്രാക്കർ ആപ്പുകൾ പ്രകാരമുള്ള കണക്കുകൾ പുറത്തു വന്നു. ദിനം പ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം 20000 ത്തിൽ താഴെയായി. രോഗവ്യാപനത്തിൻെറ തോതായ ആർ റേറ്റ് 0.7 മുതൽ 0.9 വരെയാണ് എന്നത് പ്രത്യാശ നൽകുന്നു.

846,900 പേരാണ് കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ചത്. 1.01 മില്യൺ എന്ന കണക്കിൽ നിന്നുമാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറഞ്ഞത്. ദിനംപ്രതി രോഗബാധിതരാകുന്നവരുടെ എണ്ണം 20,360 ആണെന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം പിൻവാങ്ങുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങളിൽ അയവ് വരുത്താൻ ബോറിസ് ജോൺസണ് അഭ്യർത്ഥനകൾ ലഭിച്ചു കഴിഞ്ഞു. ആർ റേറ്റ് കുറച്ച് തന്നെ നിലനിർത്താനും, ജീവനുകൾ രക്ഷിക്കാനും, ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം എന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 65 പേരിൽ ഒരാൾക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. ആഴ്ചയിൽ 16 ശതമാനം പേർക്കാണ് രോഗബാധ കണ്ടെത്തുന്നത്.

ദുർബല വിഭാഗത്തിലെ 10 മില്യണോളം വരുന്ന ബ്രിട്ടീഷ് ജനതയ്ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിൻ നൽകി കഴിഞ്ഞു. 10 ദിവസത്തിനുള്ളിൽ അഞ്ചു മില്യനോളം പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കും. ഇത് വരും ദിവസങ്ങളിലെ രോഗവ്യാപനവും, മരണസംഖ്യയും, രോഗികളുടെ എണ്ണവും വളരെയധികം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മന്ത്രിമാരിൽ പലരും ലോക്ക്ഡൗൺ നിയമങ്ങൾ കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു, എന്നാൽ ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ തുടർന്നാൽ മാത്രമേ ഇത്രയും നാൾ സൂക്ഷിച്ചതിന് ഫലം ഉണ്ടാവുകയുള്ളൂ എന്ന അഭിപ്രായത്തിലാണ് ആരോഗ്യവിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഉടനീളം വരും ദിവസങ്ങളിൽ മഞ്ഞു പെയ്യാനും, വെള്ളപ്പൊക്കം ഉണ്ടാവാനും സാധ്യത ഏറെയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ സ് കോട്ട്‌ ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ ശക്തമായ മഞ്ഞ് പെയ്യലിന് സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ തെക്കു- കിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച മഞ്ഞു പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ നീണ്ടു നിൽക്കുന്നതാണ് ഈ മുന്നറിയിപ്പുകൾ. സ് കോട്ട്‌ ലൻഡിന്റെ ചിലയിടങ്ങളിൽ എട്ടു മുതൽ 12 ഇഞ്ച് വരെ കനത്തിൽ മഞ്ഞ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. ശക്തമായി മഞ്ഞ് പെയ്യുന്നത് ഗതാഗത സംവിധാനത്തെയും കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പുകളും അധികൃതർ നൽകുന്നുണ്ട്.

ചിലയിടങ്ങളിൽ മഞ്ഞിനോടൊപ്പം ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന പ്രതിസന്ധികൾ വാക്സിൻ വിതരണത്തെ തടസപ്പെടുത്തുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. റെയിൽവെ മേഖലയും ചിലയിടങ്ങളിൽ താറുമാറായി.

തെക്കുകിഴക്കൻ ഇംഗ്ലണ്ട്, വെയിൽസ്, വെസ്റ്റ് മിഡ്‌ലാൻഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. കനത്ത മഞ്ഞ് വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് അധികൃതരുടെ നിഗമനം. റോഡുകളിൽ വീണ മഞ്ഞ് നീക്കം ചെയ്യുന്നതിന് ഉടൻ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കിൽമാർനോക്ക് : മൂന്ന് മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കിൽമാർനോക്ക് നിവാസികൾ. അമ്മയെയും മകളെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വാഹനാപകടത്തിൽ 40കാരനും കൊല്ലപ്പെട്ടു. സ് കോട് ലൻഡ് കിൽമാർനോക്കിലെ ക്രോസ്ഹൗസ് ആശുപത്രിക്ക് പുറത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എൻ എച്ച് എസ് നേഴ്സ് ആയ എമ്മ റോബർട്ട്സൺ (39) മരണപ്പെട്ടതിന് തൊട്ടുപിന്നാലെ മകളായ നിക്കോൾ അൻഡേഴ്സനെ (24) തൊട്ടടുത്തുള്ള തെരുവിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അതിനുശേഷം ഉണ്ടായ വാഹനാപകടത്തിലാണ് 40കാരൻ കൊല്ലപ്പെട്ടത്. ഈ മൂന്നു മരണങ്ങളുമായി തമ്മിൽ ബന്ധമുണ്ടെന്ന് കുടുംബാംഗങ്ങൾ കരുതുന്നു. ഇരട്ടകൊലപാതകങ്ങൾക്ക് ശേഷം പ്രതി സ്വയം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.

ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണെന്ന് ചീഫ് സൂപ്രണ്ട് ഫറോക്ക് ഹുസൈൻ പറഞ്ഞു. രാത്രി 7:45നും 8:30നും ഇടയിലാണ് മൂന്ന് സംഭവങ്ങളും നടന്നത്. ഈ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. എൻ എച്ച് എസ് നേഴ്സിന്റെ ദുരൂഹ മരണം ഉണ്ടാക്കിയ ഞെട്ടലിലാണ് സഹപ്രവർത്തകർ. പോലീസിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും സ് കോട് ലൻഡ് ജസ്റ്റിസ് മിനിസ്റ്റർ ഹംസ യൂസഫ് ട്വീറ്റ് ചെയ്തു. സായുധ പോലീസ് ആശുപത്രിയുടെ മൈതാനത്ത് പട്രോളിംഗ് നടത്തുകയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണവൈറസ് രോഗവ്യാപന തീവ്രത യുകെയിൽ കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് -19 രോഗികളുടെ ആധിക്യം മൂലം എൻഎച്ച്എസിൻ മേലുള്ള സമ്മർദം കുറയുന്നതിൻെറ ആശ്വാസത്തിലാണ് രാജ്യം .ദൈനംദിന മരണങ്ങളും രോഗബാധയും കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്തിൻെറ കണക്കുകൾ പ്രകാരം 7 വയസ്സുള്ള ഒരു കുട്ടിയുൾപ്പെടെ 915 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേ സമയം 20634 പേർ പുതിയതായി രോഗബാധിതരായി . പുതിയ കണക്കുകൾ പ്രകാരം രാജ്യം കോവിഡിൻെറ അതിതീവ്രതരംഗത്തിൽ നിന്ന് മുക്തമായതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

അതേസമയം സ്കോട്ട്‌ലൻഡിനൊപ്പം വെയിൽസും ഫെബ്രുവരി 22-ന് സ്കൂളുകൾ തുറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു . വെയിൽസ് ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നടത്തിയത്. സ്കോട്ട്‌ലൻഡും വെയിൽസും സ്കൂളുകൾ തുറക്കുന്നത് പ്രധാനമന്ത്രി ബോറിസ് ജോൺസനുമേൽ ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കാനുള്ള സമ്മർദ്ദം ഏറും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മാർച്ച് 8 – ന് ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കാനാണ് ബോറിസ് ജോൺസൺ പദ്ധതിയിട്ടിരിക്കുന്നത്. ഇത് ഇംഗ്ലണ്ടിലെ കുട്ടികൾ മറ്റു സ്ഥലങ്ങളിലെ കുട്ടികളെക്കാൾ തങ്ങളുടെ അധ്യയനത്തിൽ പുറകിലാകാനുള്ള സാധ്യയുണ്ടന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ ഹോട്ടൽ ക്വാറന്റീൻ പദ്ധതി ഫെബ്രുവരി 15 ന് ആരംഭിക്കും. പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇത് യാഥാർഥ്യമാവുന്നത്. കാലതാമസം നേരിട്ട പദ്ധതിയുടെ മേൽനോട്ടത്തിനായി വിരമിച്ച റോയൽ മറൈൻ ജനറൽ സർ ഗോർഡൻ മെസഞ്ചറിനെ നിയോഗിച്ചു. കഴിഞ്ഞ വർഷം ലിവർപൂളിൽ ഒരു കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നൽകിയ വ്യക്തിയാണ് ഗോർഡൻ. ഈ പദ്ധതി ആരംഭിക്കുന്നതിനായി യുകെയിലുടനീളം 28,000 ഹോട്ടൽ മുറികൾ റിസർവ് ചെയ്യാൻ സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 15 നകം ഒരു ദിവസം 1,425 യാത്രക്കാരെ പാർപ്പിക്കാൻ ഹോട്ടൽ മേധാവികൾ തയ്യാറാകണമെന്ന് കരട് രേഖയിൽ പറയുന്നു. ഒരാൾക്ക് 800 പൗണ്ട് നിരക്കിൽ 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്വാറന്റീൻ. കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് ഹോട്ടലുകളിൽ എങ്ങനെ മുറി ബുക്ക് ചെയ്യാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും.

സർക്കാരിന്റെ പുതിയ നിർദേശങ്ങൾ തങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയാണെന്ന് പ്രമുഖ ഹോട്ടൽ ഉടമകൾ പറഞ്ഞു. സർക്കാരിന്റെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന യാത്രക്കാർക്കാണ് ക്വാറന്റീൻ. നിലവിൽ അവധിക്കാലം ആഘോഷിക്കുന്നത് നിയമവിരുദ്ധമാണ്, യുകെയിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര ചെയ്യുന്നതിന് മുമ്പ് ഒരു പരിശോധനയ്ക്ക് വിധേയരായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഒപ്പം എത്തുമ്പോൾ സ്വയം ഒറ്റപ്പെടലും നിർബന്ധമാണ്. പാൻഡെമിക്കിലുടനീളം, ശാസ്ത്രജ്ഞരുടെ ഉപദേശപ്രകാരം സർക്കാർ ആനുപാതികമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

വിമാനത്താവളങ്ങളിൽ പോലീസ് സാന്നിധ്യം വർദ്ധിക്കുകയും ആളുകൾ സ്വയം ഒറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിലാസങ്ങളിൽ കൂടുതൽ പരിശോധന നടത്തുകയും ചെയ്യും. വളരെ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ക്വാറന്റീൻ സൗകര്യങ്ങൾ സുരക്ഷിതമാക്കാൻ ഞങ്ങൾ ഇപ്പോൾ വേഗത്തിൽ പ്രവർത്തിക്കുകയാണെന്ന് മന്ത്രിമാർ അവകാശപ്പെട്ടു. പുതിയ വകഭേദങ്ങൾക്കിടയിലും ആളുകളെ സംരക്ഷിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ കൈകൊള്ളുന്നതും തുടരുന്നതും പ്രധാനമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യൻ ഗവൺമെന്റ് പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച അന്താരാഷ്ട്ര പോപ് ഗായിക റിഹാനക്കെതിരെയും, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൺബെർഗിനെതിരെയും ഇന്ത്യൻ ഗവൺമെന്റ് ശക്തമായി പ്രതികരിച്ചിക്കുകയാണ്. ഫെബ്രുവരി രണ്ടിനാണ് ഗായിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സി എൻ എൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന് ശേഷം ഇന്ത്യൻ ഗവൺമെന്റ് ഡൽഹി പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചത് സംബന്ധിച്ചായിരുന്നു വാർത്ത. റിഹാനയുടെ ട്വീറ്റിന് വൻ പിന്തുണ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ വിദേശ സെലിബ്രിറ്റികൾ വസ്തുതകൾ അറിയാതെ പ്രതികരിക്കരുതെന്ന് ഇന്ത്യൻ ഗവണ്മെന്റ് പ്രതികരിച്ചു. കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനപ്രദമാണ്. അതിനാൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കരുതെന്ന് വിദേശ കാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. ശരിയായ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മാത്രമേ പ്രതികരണങ്ങളിലേക്ക് കടക്കാവൂ എന്നും വാർത്താക്കുറിപ്പ് ഓർമിപ്പിക്കുന്നു.

റിഹാനക്കെതിരെ ട്വിറ്ററിൽ മോദി അനുകൂലികൾ വംശീയ അധിക്ഷേപം വരെ നടത്തി. റിഹാന വിഡ്ഢി ആണെന്നും, സമരം നടത്തുന്നത് കർഷകരല്ല മറിച്ചു തീവ്രവാദികളാണെന്നും ബോളിവുഡ് നടിയായ കങ്കണ റണൗട്ട് പ്രതികരിച്ചു. റിഹാനയോടൊപ്പം തന്നെ സ്വീഡിഷ് കാലാവസ്ഥ ആക്ടിവിസ്റ്റായ ഗ്രെറ്റ തൺബെർഗും കർഷകർക്ക് അനുകൂലമായി ട്വിറ്ററിൽ പ്രതികരിച്ചു. ഗ്രേറ്റക്കെതിരെയും ട്വിറ്ററിൽ ശക്തമായ വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ കാർഷിക പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ മലിനമാക്കുന്ന കർഷകർക്ക് അനുകൂലമായാണ് പരിസ്ഥിതി പ്രവർത്തക നിൽക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ശാമിക രവി പ്രതികരിച്ചു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണപ്രദം ആകും എന്നാണ് ഗവൺമെന്റിന്റെ നിലപാട്. എന്നാൽ ഇത് കോർപ്പറേറ്റ് കമ്പനികളുടെ വളർച്ചയ്ക്ക് മാത്രമേ സഹായിക്കൂവെന്ന് കർഷകർ ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം രോഗവ്യാപന തീവ്രത കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിൽ പുതിയ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന ആളുകൾക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ വ്യത്യസ്ത കോവിഡ് വാക്സിനുകൾ നൽകുന്നത് ഫലപ്രദമാണോ എന്നതാണ് പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടത്. ഇതുവഴി ഏതെങ്കിലും വാക്സിൻെറ ലഭ്യതയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പല നിർമാതാക്കളുടെ വാക്സിനുകൾ കൂടികലർത്തുന്നതിലൂടെ മികച്ച സംരക്ഷണം കിട്ടാനുള്ള സാധ്യതയും ശാസ്ത്രജ്ഞന്മാർ മുന്നിൽ കാണുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞത് വേനൽക്കാലം വരെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ കമ്മിറ്റിയുടെ ഔദ്യോഗിക മാർഗനിർദേശ പ്രകാരം രാജ്യത്തിൻറെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ആദ്യം കൊടുത്ത വാക്സിൻ തന്നെയാണ് രണ്ടാമത്തെ ഡോസ് ആയി നൽകേണ്ടത്. ഈ പഠനങ്ങൾക്കായി ഗവൺമെൻറ് 7 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നതായി പ്രതിരോധ കുത്തിവെയ്പ്പുകളുടെ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് യുദ്ധവീരന് ആദരമൊരുക്കി രാജ്യം. കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ക്യാപ്റ്റൻ സർ ടോം മൂറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബ്രിട്ടീഷ് ജനത. ഇന്നലെ വൈകുന്നേരം ആറു മണിക്ക് എല്ലാവരും ചേർന്നു കയ്യടിച്ചാണ് കോവിഡ് ഹീറോയ്ക്ക് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ വൈകുന്നേരം 6 മണിക്ക് ഡൗണിംഗ് സ്ട്രീറ്റിൽ കരാഘോഷത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേളയ്ക്ക് മുമ്പ് ഒരു മിനിറ്റ് നേരം മൗനം പാലിക്കാൻ ജോൺസൻ ആവശ്യപ്പെട്ടു. ടോം മൂറിന്റെ വീടിനുപുറത്ത് ആയിരക്കണക്കിന് ജനങ്ങൾ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പകർച്ചവ്യാധിക്കിടെ നടത്തിയ പരിശ്രമങ്ങൾക്കും യുദ്ധവീരനെന്ന നിലയിലും മൂറിന്റെ പ്രതിമ ഒരുക്കാൻ പദ്ധതിയിടുന്നുണ്ട്.

“ക്യാപ്റ്റൻ ടോമിനായി വൈകുന്നേരം 6 മണിക്ക് നമുക്ക് കൈയ്യടിക്കാം. ഒപ്പം അദ്ദേഹം നൽകിയ ശുഭാപ്തിവിശ്വാസത്തിനായി കൈയ്യടിക്കാം. അദ്ദേഹം പ്രചാരണം നടത്തിയ എല്ലാവർക്കുമായി കൈയ്യടിക്കാം.” കൊറോണ വൈറസ് ബ്രീഫിംഗിൽ സംസാരിച്ച പ്രധാനമന്ത്രി പറയുകയുണ്ടായി. ക്യാപ്റ്റൻ സർ ടോം മൂറിന്റെ പരിചരണത്തിൽ നേരിട്ട് പങ്കാളികളായ ബെഡ്ഫോർഡ് ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും കരഘോഷത്തിൽ പങ്കുചേർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്, സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ചാൻസലർ റിഷി സുനക്, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തുടങ്ങിയവരും കരഘോഷം മുഴക്കി ടോം മൂറിന് ആദരാജ്ഞലികൾ അർപ്പിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീത്തിലിയിൽ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ക്യാപ്റ്റന്‍ ടോം.

RECENT POSTS
Copyright © . All rights reserved