Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

1500 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന കേരളത്തിൻറെ സ്വപ്നപദ്ധതി കെ . ഫോൺ സംസ്ഥാനത്തുടനീളം അതിവേഗ ഇൻറർനെറ്റ് പ്രദാനം ചെയ്യും. വിതരണശൃംഖല നൽകുന്നത് സംസ്ഥാന ഗവൺമെന്റാണ് എന്നതാണ് കെ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാൻ സാധിക്കും. 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി ഇൻറർനെറ്റ് എത്തിക്കാൻ സാധിക്കും.

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം. കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിൻറെ നിർണ്ണായക നാഴിക കല്ലാകുമെന്ന് കരുതുന്ന കെ . ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് എത്തിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻ‌എച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസി‌എ‌എസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾ‌ക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ‌, സംഖ്യ ഇനിയും ഉയരുമെന്ന് യു‌സി‌എ‌എസ് കണക്കാക്കുന്നു.

മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യു‌സി‌എ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു.

“എൻ‌എച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർ‌സി‌എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം 99 വയസുള്ള ഫിലിപ്പിനെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന് കോവിഡില്ലെന്നും ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി പൊതു ഇടങ്ങളില്‍ നിന്നും ഫിലിപ്പ് രാജകുമാരന്‍ വിട്ടുനില്‍ക്കുകയാണ്. സെൻട്രൽ ലണ്ടനിലെ കിംഗ് എഡ്വേർഡ് VII ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജൂൺ 10 ന് തന്റെ നൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് ഫിലിപ്പ് രാജകുമാരന്‍.

94 കാരിയായ രാജ്ഞി വിൻഡ്‌സർ കാസിലിൽ ആണുള്ളത്. ഫിലിപ്പ് രാജകുമാരനും രാജ്ഞിക്കും കോവിഡ് -19 വാക്സിനേഷൻ ലഭിച്ചതായി കഴിഞ്ഞ മാസം കൊട്ടാരം അറിയിച്ചിരുന്നു. 2019 ഡിസംബറിലും ഫിലിപ്പ് രാജകുമാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം കഴിഞ്ഞ നവംബറിൽ, രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ 73-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കിയതിൻെറ ആത്മവിശ്വാസത്തിലാണ് ബ്രിട്ടൺ. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നുണ്ട്. മുൻഗണന ക്രമത്തിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന അഭിപ്രായവുമായി ടോറി എംപി മാർ രംഗത്തുവന്നിരുന്നു. ഇരുപത്തിരണ്ടാം തീയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തീയതിയെക്കാളും പ്രാധാന്യമർഹിക്കുന്നത് വിവരങ്ങൾ ശരിയായ രീതിയിൽ ശാസ്ത്രീയ വിശകലനം ചെയ്ത് തീരുമാനം എടുക്കുന്നതിനായിരുക്കും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന അപകടകാരികളായേക്കാവുന്ന പുതിയ കൊറോണ വൈറസിൻെറ കണ്ടെത്തൽ പ്രശ്നം വീണ്ടും സങ്കീർണ്ണമാകുമോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും പ്രതിരോധ കുത്തിവെയ്പ്പുകൾ നിഷ്ക്രീയമാക്കാനുള്ള ശേഷി രൂപമാറ്റം വന്ന വൈറസിനുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ നീങ്ങാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഇന്നലെ യുകെയിൽ 738 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 12718 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊലപാതകത്തിന് തൊട്ടുമുമ്പ് തുർക്കികാരനായ ഭർത്താവ് ഭാര്യയുമായി സെൽഫിക്ക് പോസ് ചെയ്തതായും പിന്നീട് ദാരുണമായ കൊലപാതകം നടത്തിയതായും കണ്ടെത്തി . തുർക്കിയിലെ മുഗ്ല നഗരത്തിലെ ബട്ടർഫ്ലൈ വാലിയിലാണ് പ്രസ്തുത സംഭവം നടന്നത്. 32കാരിയായ ഭാര്യ സെമ്ര അയസലിനെയും അവരുടെ ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ ഹകാൻ അയസലിനെ അറസ്റ്റ് ചെയ്തു . മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടാണ് ഹകാൻ അയസൽ കൊലപാതകം നടത്തിയത്.

അപകട മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൻെറ ചുരുളഴിഞ്ഞത് വളരെ വിദഗ്ധമായാണ്. കൊലപാതകത്തിന് തൊട്ടുമുമ്പ് തൻറെ ഭാര്യയുമായി സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. അതോടൊപ്പം 3 മണിക്കൂറോളം അവർ മലഞ്ചെരുവിൽ ഇരിക്കാനുള്ള കാരണം കുറ്റകൃത്യം നടത്തുമ്പോൾ അരികെ ആരും ഇല്ല എന്ന് ഉറപ്പു വരുത്താനാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അന്വേഷണത്തിലേയ്ക്ക് വെളിച്ചം വീശിയത് ഹകാൻ തൻെറ ഭാര്യയുടെ പേരിൽ എടുത്ത അപകട ഇൻഷുറൻസിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതാണ്. 400,000 ടർക്കിഷ് ലിറ(40,865 പൗണ്ട് ) ആണ് കൊലപാതകത്തിന് മുമ്പ് അപകട ഇൻഷുറൻസ് എടുത്തിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച്‌ പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.

“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച്‌ തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അമ്മയുടെ മരണവാർത്ത അറിഞ്ഞ് യുകെയിൽ എത്തിയ മകൾക്ക് മാഞ്ചസ്റ്ററിൽ അംഗീകൃത താമസസൗകര്യമില്ലാത്തതിനാൽ ലണ്ടൻ ഹോട്ടലിൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും. മുത്തശ്ശി ശനിയാഴ്ച അന്തരിച്ചതിനെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മടങ്ങിയെത്തിയ 44കാരിയായ ക്ലെയർ ഡേവിസ്, സർക്കാരിന്റെ ക്വാറന്റീൻ നിയമങ്ങൾ മനുഷ്യത്വരഹിതമാണെന്ന് കുറ്റപ്പെടുത്തി. മാഞ്ചസ്റ്ററിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ 10 ദിവസം ഹീത്രൂവിനടുത്തുള്ള ഒരു ഹോട്ടലിൽ അവൾക്ക് ചെലവഴിക്കേണ്ടിവരും. സർക്കാരിന്റെ ഈ നിയമങ്ങൾ കാരണം തനിക്ക് ഫ്ലൈറ്റ് റീ ബുക്ക്‌ ചെയ്യേണ്ടിവന്നുവെന്ന് എൻ‌എച്ച്എസിനായി ഒരു പതിറ്റാണ്ട് ജോലി ചെയ്ത ക്ലെയർ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയാണ് നോർത്ത് മാഞ്ചസ്റ്റർ ആശുപത്രിയിൽ വെച്ച് അമ്മ ജോവാൻ (68) അന്തരിച്ചത്. ”എനിക്ക് യുകെയിലേക്ക് നേരിട്ട് വിമാനം കയറാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്ററിലേക്ക് ഞാൻ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ ക്വാറന്റീനിൽ കഴിയാൻ ആവശ്യമായ ഹോട്ടലുകൾ ഇല്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഫ്ലൈറ്റ് റദ്ദാക്കേണ്ടിവന്നു. നൽകിയ പണം തിരികെ ലഭിച്ചില്ല. ഒരു വൗച്ചർ മാത്രമാണ് ലഭിച്ചത്. ഞാൻ ഹീത്രോയിലേക്ക് മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ഹോട്ടലിനായി 1,750 ഡോളർ നൽകുകയും ചെയ്തു.” ക്ലെയർ വെളിപ്പെടുത്തി.

“ഞാൻ ഏകമകളാണ്. പത്തു ദിവസം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന് ഞാൻ ദുഃഖമനുഭവിക്കേണ്ടി വരും. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടും യാതൊരു ഇളവുകളും ലഭിച്ചില്ല. ” ക്ലെയർ തുറന്നുപറഞ്ഞു. ക്വാറന്റീൻ സൗകര്യങ്ങളുടെ അഭാവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട്, ഫാർൺബറോ എയർപോർട്ട്, ഏതെങ്കിലും സൈനിക എയർഫീൽഡ്, തുറമുഖം എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും തങ്ങളുടെ മുൻനിര ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്യുന്നുണ്ട്. എന്നാൽ 4000 ആമസോൺ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തി കിട്ടിയ പരിശോധനാഫലം തെറ്റായിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത് . വൈറസ് പരിശോധന നടത്തി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസുമായി പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3853 തെറ്റായ അറിയിപ്പുകളാണ് ഫെബ്രുവരി -13 ന് നൽകപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത് . വൈറസ് പരിശോധനയിൽ നെഗറ്റീവായത് ജീവനക്കാരെ ആമസോൺ അറിയിച്ചിരുന്നു. എന്നാൽ കോൺടാക്ട് ട്രേസിന് തെറ്റായ സന്ദേശം നൽകിയതാണ് പിഴവിന് കാരണമായത്. വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ച സംഭവത്തിൽ ഒരു ടെസ്റ്റ് ആൻഡ് ട്രേസ് സെന്ററിന് മാത്രം ജീവനക്കാരിൽ നിന്ന് കിട്ടിയത് 500-ലധികം കേസുകളാണ്.

ഒക്ടോബർ മുതൽ ആമസോൺ കമ്പനി തങ്ങളുടെ ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് നടത്തുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലേയ്ക്ക് അയക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ കൈമാറിയതിൻെറ അടിസ്ഥാനത്തിൽ എൻഎച്ച്എസ് നിർദ്ദേശങ്ങൾ പാലിച്ചതായും എല്ലാ ജീവനക്കാർക്കും പിശകിനെ സംബന്ധിച്ച് മതിയായ വിവരങ്ങൾ കൈമാറിയെന്നും കമ്പനി അറിയിച്ചു. ക്വാറന്റൈനിൽ പോകാനുള്ള തെറ്റായ നിർദ്ദേശങ്ങൾ നൽകപ്പെട്ട ജീവനക്കാരുടെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം പിൻവലിച്ചതായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ അറിയിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൾഡ്ഹാം : പട്ടണത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഓൾഡ്‌ഹാമിലെ എൽഡൺ സ്ട്രീറ്റ് എസ്റ്റേറ്റിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഒരു കാർ പാർക്കിങ്ങിൽ എത്തുന്നു. അടുത്തുള്ള ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന സ്ത്രീകൾ ബാൽക്കണിയിൽ എത്തി അതുനോക്കി നിൽക്കുന്നു. കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി ഒരു പെട്ടി എടുത്ത് തുറക്കുന്നു. അതിലെ സാധനങ്ങൾ അവർ വിൽപ്പനയ്ക്കായി സജ്ജീകരിക്കുന്നു. എന്നാൽ ഇത് ഒരു വില്പനയല്ല. ബ്രെഡ്, വാഴപ്പഴം, ആപ്പിൾ, ദോശ, പാൽ, ചോക്ലേറ്റ്, ബീൻസ്, പാസ്ത, സൂപ്പ് തുടങ്ങിയവ നിരത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, കേ ആസ്റ്റ്ലി സൗജന്യ ഭക്ഷണം കൈമാറാൻ ഇവിടെയെത്തുന്നുണ്ട്. കാരണം ഈ എസ്റ്റേറ്റിലെ പല വീടുകളിലും ഭക്ഷണം കഴിക്കാനില്ലെന്ന് അവർ പറയുന്നു.

പകർച്ചവ്യാധിയും ലോക്ക്ഡൗണും നിരവധി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ഒരു ലക്ഷം ആളുകൾ താമസിക്കുന്ന ഓൾഡ്‌ഹാമിലെ മൂന്ന് കുട്ടികളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഭക്ഷണം കൊണ്ടുവരുന്ന വണ്ടിയിൽ നിന്ന് ക്യു പാലിച്ചാണ് എല്ലാവരും സാധനങ്ങൾ കൈകൊള്ളുന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ഉൽ‌പാദനക്ഷമതയുള്ള കോട്ടൺ മിൽ‌ ടൗൺ ആയിരുന്നു ഓൾ‌ഡ്‌ഹാം. ഇപ്പോൾ ഒരു ലക്ഷം ആളുകൾ താമസിക്കുന്ന, യുകെയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പട്ടണങ്ങളിൽ ഒന്നാണിത്. മോശം ആരോഗ്യം, തൊഴിലവസരങ്ങളുടെ അഭാവം, പാർപ്പിടം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

ഓൾഡ്‌ഹാമിന്റെ മധ്യഭാഗത്തുള്ള യൂറോപ്യൻ ഇസ്ലാമിക് സെന്ററിൽ ഒരു ഫുഡ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഉസ്മാൻ റോ പ്രവർത്തകർ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ സന്നദ്ധസേവനം നടത്തുന്നു. ഇവിടെയുള്ള ഒരുപാട് ആളുകൾക്ക്, ലോക്ക്ഡൗണിലെ ജീവിതം ദുസ്സഹമായ ഒന്നാണ്. ഓൾഡ്‌ഹാം കൗൺസിലിന്റെ കണക്കനുസരിച്ച് അയ്യായിരത്തോളം വീടുകൾ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല വീട്ടിലിരുന്നു പഠിക്കാനും കഴിയാതെ വരുന്നു. “ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് പണം സമ്പാദിക്കാൻ പ്രയാസമാണ്. വീടുകളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷമില്ലാത്തതിനാൽ അവർ കൂടുതൽ പഠിക്കുന്നില്ല. ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക് ഇത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും മനസ്സിലാക്കുന്നില്ല.” കോവിഡ് 19 സാരമായി ബാധിച്ച ഓൾഡ്‌ഹാമിലെ ഒരു വീട്ടിലെ അവസ്ഥയാണിത്. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കോവിഡ് വിന്റർ ഗ്രാന്റ് പദ്ധതി പോലെയുള്ള സഹായങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അപകടകാരിയായ കൊറോണാ വൈറസിൻെറ പുതിയ ഒരു വകഭേദത്തെ കൂടി യുകെയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നു. വൈറസിൻെറ ഈ പുതിയ വകഭേദത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പ്രതിരോധകുത്തിവെയ്പ്പുകൾ ഫലപ്രദമാകുമോ എന്ന കടുത്ത ആശങ്കകൾ ആരോഗ്യവിദഗ്ധർക്കുണ്ട്. B.1.525 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ 33 -കേസുകളാണ് ഇതുവരെ യുകെയിൽ തിരിച്ചറിയപ്പെട്ടിരിക്കുന്നത്.

എഡിൻബർഗ് സർവ്വകലാശാലയിലെ ഗവേഷകരാണ് പുതിയ വൈറസിന് വകഭേദത്തെ തിരിച്ചറിഞ്ഞത്. ഡെൻമാർക്ക്, നൈജീരിയ, യുഎസ് എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഈ വകഭേദത്തെ നേരത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പുതിയ വൈറസിൻെറ അപകട സാധ്യതകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വകഭേദം അപകടകാരിയാണെന്നതിനോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമെന്നതിനോ നിലവിൽ തെളിവുകളൊന്നും ഇല്ല എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് പ്രതിനിധീകരിച്ച് പ്രൊഫസർ യോൺ ഡോയൽ പറഞ്ഞു. എന്നിരുന്നാലും കൊറോണാ വൈറസിനെതിരെ വികസിപ്പിച്ച വാക്സിനുകൾ പുതിയ വൈറസ് വകഭേദങ്ങൾക്ക് ഫലപ്രദമാണോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകരും ശാസ്ത്രലോകവും .

RECENT POSTS
Copyright © . All rights reserved