25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.
വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബേസിൽ ജോസഫ്
ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ്ആൻഡ് ചിപ്സ്. കാലങ്ങളായി വെള്ളിയാഴ്ചകളിൽ യുകെയിലെ ഭൂരിപക്ഷം ആളുകളും ഇറച്ചി ഒഴിവാക്കി ഫിഷ് ഉപയോഗിക്കുന്നു . ഈശോയുടെ കുരിശുമരണം വെള്ളിയാഴ്ച ആയതിനാൽ ആ ദിവസത്തെ ത്യാഗത്തിന്റെ ദിനമായി കാണുകയും അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചകളിൽ ഇറച്ചി ഉപേക്ഷിക്കുക എന്നൊരു ആചാരം ഉടലെടുത്തത്’ .
യുകെയിലെ ഏതു ചെറിയ ടൗണിൽ ചെന്നാൽ പോലും കുറഞ്ഞ പക്ഷം രണ്ടോ മൂന്നോ ഫിഷ് ആൻഡ് ചിപ്‌സ് ഷോപ്പുകൾ എങ്കിലും കാണും. ഇത് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതയെ ആണ് വെളിവാക്കുന്നത് മുള്ളില്ലാത്ത നീളത്തിലുള്ള ഒരു മീൻ കക്ഷണം പ്രത്യേകം തയാറാക്കിയ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹാഡോക്ക് എന്നിവയാണ്. നല്ല ഫ്രഷ് ആയി വറുത്ത ചിപ്‌സും കൂട്ടിയാണ് സാധാരണ സെർവ് ചെയ്യുക . അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു. ചിലപ്പോൾ സൈഡ് ഡിഷ് ആയി ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്തതും, സലാഡും, ടാർ ടാർ സോസുംകൂടി വിളമ്പാറുണ്ട്. ബ്രിട്ടീഷുകാരുടെ റെസിപ്പിയിൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടേതായ തനി ചില ചേരുവകൾ കൂട്ടിയാണ് ഫിഷ് വറക്കാനുള്ള ബാറ്റർ ഇവിടെ തയ്യാറാക്കിയിക്കുന്നത്.
ചേരുവകൾ
ഫിഷ് – മുള്ളില്ലാത്ത കോഡ്/ഹാഡോക്ക് – 4 പീസ്
പ്ലെയിൻഫ്ലോർ -2 കപ്പ്
പപ്രിക്ക പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ -4 ടീസ്പൂൺ
ഉപ്പ് – ടീ സ്പൂൺ
റൈസ് വിനിഗർ -3 ടീസ്പൂൺ
ഓയിൽ -3 ടീസ്പൂൺ
വാട്ടർ -2 കപ്പ്

പാചകംചെയ്യുന്ന വിധം
ഒരുമിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ളോർ എടുത്തു അതിലേക്ക് പപ്രിക്ക പൗഡർ ,ഉപ്പ് ,ബേക്കിംഗ് പൗഡർ, ഓയിൽ, റൈസ് വിനിഗർ എന്നിങ്ങനെ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക .ഇതിലേയ്ക്ക് വെള്ളം അല്പാല്പമായി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക .ഈ ബാറ്ററിൽ മീൻ അൽപനേരം മുക്കിയിടുക. ഒരു പാനിൽ വറക്കുവാൻ ആവശ്യമുള്ള ഓയിൽ ചൂടാക്കി മീൻ ഓരോന്ന് ഓരോന്നായി ചെറു തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറുത്തു എടുക്കുക. ഏകദേശം ഒരു 7 -10 മിനിട്ട് മാത്രമേ മീൻ വേകാൻ എടുക്കയുള്ളു. പാനിൽ നിന്നും മാറ്റി ഓയിൽ വാർന്ന ശേഷം ഒരു സെർവിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചിപ്‌സും ചേർത്തുവിളമ്പുക.

ബേസിൽ ജോസഫ്

ഡോ. ഐഷ വി
വൈകുനേരം പ്യൂൺ കാർത്ത്യായനിയമ്മ ബെല്ലടിച്ചു. സ്കൂൾ വിട്ടു. ആ ബെല്ലടി കേട്ടാലുടൻ കുട്ടികളിൽ ചിലർ വീട്ടിലേയ്ക്കോടും ചിലർ ശാസ്താ ക്ഷേത്ര മൈതാനത്ത് കളിക്കാൻ ഒരുങ്ങും. ചിലർ കൂട്ടുകാർ എത്തുന്നതു വരെ കാത്തു നിൽക്കും. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പ് മാധവൻ എന്നു പേരുള്ള ഒരു പ്യൂൺ ആയിരുന്നു. സ്കൂളിൽ ബെല്ലടിച്ചിരുന്നത്. ഇത്തിരി കുടവയറുള്ള അദ്ദേഹം ചുറ്റികയും താങ്ങി ബെല്ലടിക്കാനെത്തുമ്പോഴേയ്ക്കും ചിലർ ആത്മഗതമായും പുറമേയും പറയുമായിരുന്നത്രേ.
” വള്ളം തള്ളി മാധവണ്ണാ
ബെല്ലടി , ബെല്ലടി ബെല്ലടി”. അങ്ങനെ ആ സ്കൂളിലെ പല കഥകളും തലമുറകൾ കൈമാറി പോന്നതാണ്. ചിലപ്പോൾ ഇരട്ട പേരുകൾ വരെ.
കാർത്ത്യായനിയമ്മ ബെല്ലടിക്കുന്ന കാര്യത്തിലൊന്നും കുട്ടികൾക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ കാർത്ത്യായനിയമ്മയുടെ ഭർത്താവ് പരമു എന്നയാളെ കുട്ടികൾ വെറുതെ വിട്ടിരുന്നില്ല. പേരിന് മുന്നിൽ “നക്കി” എന്ന വിശേഷണം കൂടി ചേർത്തായിരുന്നു വിളിച്ചിരുന്നത്. സ്കൂളിൽ ചേരാനുള്ള അപേക്ഷാ ഫോറം, മുതിർന്നവർക്കാവശ്യമായ നാരങ്ങാ വെള്ളം, സോഡ, ബീഡി, തീപ്പെട്ടി, ന്യൂസ് പേപ്പർ, മുറുക്കാൻ മുതലായവയും കുട്ടികൾക്ക് പ്രിയങ്കരമായ നാരങ്ങ മിഠായി , പൊട്ടു കടല, നീലക്കടല, അണു ഗുണ്ടു മിഠായി, ജീരക മിഠായി, പേന , പെൻസിൽ , നോട്ട്ബുക്ക് എന്നിവയും പരമുവിന്റെ കടയിൽ ഉണ്ടായിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടാൽ ചില കുട്ടികൾ പരമുവിന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറും. അവർ അഞ്ചോ പത്തോ പൈസ കൊടുക്കുമ്പോൾ കിട്ടുന്ന എള്ളുണ്ട പോലെ കറുത്തുരുണ്ട അണു ഗുണ്ട് മിഠായിയുടേയോ മറ്റ് മിഠായികളുടേയോ എണ്ണം കുട്ടികൾ ഉദ്ദേശിച്ചത്രയും ഇല്ലെങ്കിൽ നേരത്തേ പറഞ്ഞ വിശേഷണം കൂടി ചേർത്ത് പേര് നീട്ടി വിളിച്ച ശേഷം കുട്ടികൾ ഓടുകയായിരുന്നു പതിവ്. അതിൽ പരമുവിന് പരാതിയോ പരിഭവമോ ദ്യേഷ്യമോ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അടുത്ത കുട്ടിക്ക് വേണ്ട സാധനങ്ങൾ കൊടുക്കുന്നതിലായിരിയ്ക്കും പരമുവിന്റെ ശ്രദ്ധ.
അന്ന് ഞാൻ വല്യേച്ചിയോടും കൊച്ചേച്ചിയോടുമൊപ്പം വീട്ടിലേക്ക് തിരിച്ചു. ചിറയുടെ അടുത്ത് എത്താറായപ്പോൾ ശക്തമായ കാറ്റും മഴയും തുടങ്ങി. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥിനി ഓടി വന്ന് എന്റെ കുടയിൽ കയറി. എന്റെ കൈയ്യിൽ നിന്നും കുട വാങ്ങി ആ കുട്ടി പിടിച്ചു. ചുരുക്കത്തിൽ ഒട്ടകത്തിന് തല വയ്ക്കാൻ സ്ഥലം കൊടുത്തപ്പോൾ അറബി ടെന്റിൽ നിന്നും പുറത്തായ അവസ്ഥയിലായി ഞാൻ. ആ കുട്ടി കാറ്റിനെതിരെ കുട പിടിക്കേണ്ടതിന് പകരം കാറ്റിന് അനുകൂലമായി പിടിച്ചു. ശക്തിയായ കാറ്റിൽ കുട സാധാരണ നിവർത്തി വച്ചാൽ എങ്ങിനെയിരിക്കുമോ അതിന്റെ എതിർ ദിശയിലേയ്ക്ക് കുട മലക്കം മറിഞ്ഞു. കുടയുടെ ആകൃതി മറിഞ്ഞപ്പോൾ കുട്ടി സൂത്രത്തിൽ കുട എന്റെ കൈയ്യിൽ തന്നശേഷം മറ്റൊരു കുട്ടിയുടെ കുടക്കീഴിലേയ്ക്ക് മാറി.
കുടനന്നാക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ആ കുടയും പിടിച്ച് നടക്കാൻ എനിയ്ക്കാകെ നാണക്കേടായി. ഗത്യന്തരമില്ലാതെ ഞാനാ കുട പിടിക്കേണ്ടി വന്നു. വല്യേച്ചി എന്നെ വല്യേച്ചിയുടെ കുടയിൽ കയറ്റി. കുട നേരെയാക്കാൻ വല്യേച്ചിയും ശ്രമിച്ചു. നിഷ്ഫലം തന്നെ. വീടെത്തിയപ്പോഴേയ്ക്കും ആ കുട പിടിയ്ക്കുന്നതിലെ നാണക്കേട് മാറിയിരുന്നു. പിന്നീട് അച്ഛൻ വന്നപ്പോൾ എനിക്ക് കുട ശരിയാക്കി തന്നു. ആർച്ച്(ഉസാഗ്) ആകൃതിക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്ന് പഠിപ്പിച്ചു തന്നത് അച്ഛനാണ്. വീശിയടിക്കുന്ന കാറ്റ് കുടയുടെ ഉൾഭാഗത്തേയ്ക്കടി യ്ക്കാൻ ഇടയായാൽ കുടമലക്കം മറിയുമെന്ന് ഞാൻ പഠിച്ചു. കാറ്റിനെതിരേ കുടയുടെ പുറം ഭാഗം വരത്തക്കവിധത്തിൽ പിടിച്ചാൽ ചെറുത്തു നിൽക്കാമെന്നും എനിക്ക് മനസ്സിലായി.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു പി : ഗംഗാ തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ, ഇന്ത്യയുടെ ദാരുണമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. രോഗവ്യാപനവും മരണനിരക്കും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം കൂടി സംജാതമായതോടെ പൊതുജനങ്ങൾ കൂടുതൽ ഭീതിയിലായിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സംസ്‌കരിച്ച ഇടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണു സംഭവം. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തി.

പക്ഷികളും നായ്ക്കളും മറ്റും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിച്ചു കൊണ്ടുപോകാറുണ്ട്. ശരിയായ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. നാട്ടിലെ ഒട്ടുമിക്ക ആളുകളും ദരിദ്രരും ശവസംസ്കാരത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തവരുമാണ്. ഇതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

ഈയടുത്ത ദിവസങ്ങളിൽ അഞ്ഞൂറിൽ അധികം മൃതദേഹങ്ങൾ വരെ ഈ രീതിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തി. നേരത്തേ യുപിയിലെ ഗാസിപുരിലും ബിഹാറിലെ ബക് സറിലും നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രതിദിനം നാലായിരത്തോളം മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡിനെ കൂടാതെ ബ്ലാക്ക് ഫംഗ് സ് എന്ന അതിഭീകര രോഗവും ഇന്ത്യയിൽ പടർന്നുപിടിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജകുടുംബവുമായുള്ള ഹാരിയുടെ ബന്ധം കൂടുതൽ വഷളാകുന്നു. ഓപ്ര വിൻഫ്രിയുമായി അടുത്തിയിടെ നടത്തിയ അഭിമുഖത്തിൽ രാജകുടുംബത്തിനെ സംബന്ധിച്ച പല കാര്യങ്ങളും ഹാരി വെളിപ്പെടുത്തുകയുണ്ടായി. മാർച്ചിൽ വിൻഫ്രെയുമായുള്ള ദമ്പതികളുടെ അഭിമുഖത്തിന് മുന്നോടിയായി രാജകുടുംബവും മാധ്യമങ്ങളും തന്റെ ഭാര്യ മേഗനെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആപ്പിൾ ടിവി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് കൂടുതൽ കാര്യങ്ങൾ ഹാരി വെളിപ്പെടുത്തിയത്. ബാല്യകാലത്ത് പിതാവ് ചാൾസ് രാജകുമാരൻ തങ്ങളെ കഷ്ടപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മേഗൻ എപ്രകാരമാണ് തന്റെ കഠിനമായ ചിന്തകൾ ഹാരിയോട് പങ്കുവച്ചതെന്ന് ഡോക്യുമെന്ററിയിൽ ഹാരി പറയുന്നുണ്ട്. യുകെയിൽ മേഗൻ അനുഭവിച്ച വംശീയതയെക്കുറിച്ച് പരാമർശിച്ച ഹാരി, അമ്മയുടെ മരണത്തെപ്പറ്റിയും സംസാരിച്ചു.

സ്വന്തം അനുഭവങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായി സംസാരിക്കാതെ മാനസികാരോഗ്യത്തെക്കുറിച്ച് ഫലപ്രദമായി സംസാരിക്കാൻ ഹാരിയ്ക്ക് കഴിയുമായിരുന്നുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നതോടെ ഹാരിയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം കൂടുതൽ വഷളാകുകയാണ്. അഞ്ച് എപ്പിസോഡ് ഇന്നലെ പൂർണമായി പുറത്തിറങ്ങി. രാജകുടുംബത്തിനും രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങൾക്കുമെതിരായ മറ്റൊരു ആരോപണത്തിന് ഇത് കാരണമായി. അതിൽ നിരവധി ‘ട്രൂത്ത് ബോംബുകൾ’ അടങ്ങിയിരിക്കുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. രാജകുടുംബം മേഗനോട് തികഞ്ഞ അവഗണനയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഭിമുഖം നേടുന്നതിനായി ഡയാന രാജകുമാരിയെ വഞ്ചിച്ചതുപോലെയുള്ള സംഭവങ്ങൾ വീണ്ടും ഉണ്ടാവാതിരിക്കാൻ ബിബിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മാർട്ടിൻ ബഷീർ 1995 ലെ അഭിമുഖത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീണ്ട 25 വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തിയതിന് മുൻ സുപ്രീം കോടതി ജഡ്ജി ഡൈസനോട് നന്ദിയുണ്ടെന്ന് ജോൺസൺ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പ്രത്യേക ടെർമിനൽ നീക്കിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലണ്ടനിലെ ഹീത്രോ എയർപോർട്ട്. ഇത്തരം യാത്രക്കാരെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരോടൊപ്പം ക്യൂവിൽ നിൽക്കുവാൻ അനുവദിച്ചതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജൂൺ ഒന്നു മുതൽ, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രയ്ക്കായി ഹീത്രോ എയർപോർട്ടിലെ മൂന്നാം ടെർമിനൽ പൂർണ്ണമായി അനുവദിക്കും. ഇവിടെ നിന്നും ഹോട്ടലിലേക്ക് എത്തിക്കുന്ന ഇവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

കൂടുതൽ രാജ്യങ്ങളും ഇപ്പോൾ ആംബർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ വീടുകളിൽ തന്നെയാണ് ക്വാറന്റൈൻ ചെയ്യുന്നത്. യുകെയിൽ നിന്നുള്ള യാത്രക്കാരെ തിങ്കളാഴ്ച മുതൽ അനുവദിക്കുമെന്ന് സ്പെയിൻ വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു.

അവധിക്കാലം ആഘോഷിക്കാൻ ഉള്ള യാത്രകൾ തീർത്തും ഒഴിവാക്കണമെന്നാണ് ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര തീർത്തും ഒഴിവാക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്കുള്ള അവധിക്കാലം ആഘോഷിക്കുവാൻ ഉള്ള യാത്രകളും ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോർച്ചുഗൽ ആണ് ക്വാറന്റൈൻ ഇല്ലാതെ യാത്രക്കാരെ അനുവദിക്കുന്നത്. ഇതിനോടൊപ്പം യൂറോപ്യൻ യൂണിയൻ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലേക്കും പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ആണ് ഇത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 32 – 33 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിനായി ക്ഷണിച്ചുകൊണ്ടുള്ള ടെക്സ്റ്റ് മെസ്സേജുകൾ ഈ പ്രായക്കാർക്ക് അയച്ചു കഴിഞ്ഞു. യുകെയിൽ ഇതുവരെ 37.5 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ആദ്യത്തെ ഡോസും 21.6 ദശലക്ഷം ജനങ്ങൾക്ക് രണ്ടാമത്തെ ഡോസും ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

സ് കോട്ട്ലൻഡിൽ 30 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾക്കും വെയിൽസിൽ 18 വയസ്സിന് മുകളിലുള്ളവർക്കും വടക്കൻ അയർലണ്ടിൽ 25 വയസ്സിന് മുകളിലുള്ളവർക്കുമാണ് നിലവിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകികൊണ്ടിരിക്കുന്നത്. ഇതിനിടെ ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത്. നിലവിൽ യോർക്ക്ഷെയർ, ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത് . നിലവിൽ യോർക്ക്ഷെയർ , ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകിയും കോവിഡിനെ പ്രതിരോധിക്കുന്നതിൽ ബ്രിട്ടൻ കൈവരിച്ച വിജയത്തിന് ഭീഷണിയാവുകയാണ് ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻെറ വകഭേദങ്ങൾ . ഇന്ത്യൻ വേരിയന്റിൻെറ ഭീഷണിയെത്തുടർന്ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് ബ്രിട്ടന് പിന്നോക്കം പോകേണ്ടതായി വരുമോ എന്ന ആശങ്ക പരക്കെ ശക്തമാണ് . പുതിയ വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ എത്രമാത്രം ഫലപ്രദമാണെന്ന ആശങ്കയും പരക്കെയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ബില്യനോളം ജനസംഖ്യയുള്ള ദക്ഷിണേഷ്യ, സമീപകാലത്തെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് . കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും രൂക്ഷമായ വർദ്ധനവ് കാണിക്കുന്നുണ്ട് , ഇത് ശ്രീലങ്ക പോലുള്ള ചെറിയ രാജ്യങ്ങളെ കൂടുതൽ ദുർബലമാക്കുന്നുണ്ട് . ചൈന ഈ രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ആ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 25 മെയ് വരെ ശ്രീലങ്കൻ ജനതയ്ക്ക് അത്യാവശ്യവസ്തുക്കൾ വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കഴിഞ്ഞ വർഷത്തെ ഒന്നാം വ്യാപനത്തെ അപേക്ഷിച്ച് , ഒരു ചെറിയ രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന രണ്ടാം വ്യാപനമാണ് ഇക്കുറി ഉണ്ടായത്. ഇപ്പോൾ പ്രതിദിനം 3000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്, കഴിഞ്ഞ മാസത്തേതിന്റെ 1000 ഇരട്ടിയോളം കൂടുതൽ. ഞങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനം മികച്ചതായിരുന്നു പക്ഷെ , ഈ രണ്ടാം വ്യാപനം സംവിധാനത്തെ അത്രയധികം വെല്ലുവിളിച്ചിരിക്കുകയാണെന്ന് , ”പൊതുജനാരോഗ്യ വിദഗ്ധൻ ശശിക ബന്ദാര പറഞ്ഞു. ശ്രീലങ്കൻ ഗവണ്മന്റ്നെതിരെയും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

ഏപ്രിൽ മുതൽ യു കെ, ഇന്ത്യൻ വേരിയന്റുകളാണ് കൂടുതൽ വ്യാപിക്കുന്നതെന്ന് ശ്രീലങ്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രവി റണ്ണൻ-ഏലിയ അറിയിച്ചു.
ഈ വർഷം ആദ്യം തന്നെ ശ്രീലങ്ക ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തുടങ്ങി, അസ്ട്രാസെനെക്ക വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യയെ കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാൽ അവിടെ സ്ഥിതി വഷളാകുകയും കയറ്റുമതി നിർത്തുകയും ചെയ്തതോടെ അതും അവസാനിപ്പിക്കേണ്ടി വന്നു.

അപ്പോഴാണ് ചൈനയുടെ കടന്ന് വരവ്. ശ്രീലങ്കയടക്കം ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഇതിനകം തന്നെ കാര്യമായ സാന്നിധ്യമുള്ള ഏഷ്യൻ ഭീമൻ ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്, വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ഫെയ്സ് മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ സംഭാവന ചെയ്യുന്നുണ്ട്. നയതന്ത്രപരമായ നീക്കമായി ഇതിനെ കാണാവുന്നതാണ്.1.1 ദശലക്ഷം സിനോഫാം വാക്സിനുകൾ ചൈന ശ്രീലങ്കയ്ക്ക് സംഭാവന ചെയ്തു, ഇത് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കാൻ സഹായിച്ചു. റഷ്യയുടെ സ് പുട് നിക്കിനൊപ്പം കൂടുതൽ വാക് സിൻ വാങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ ഇടിത്തീയായി പതിച്ച ഡയാന രാജകുമാരിയുടെ അഭിമുഖത്തിനെതിരെ വില്യം രാജകുമാരൻ. 1995ൽ ബിബിസി പനോരമ നടത്തിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് മാർട്ടിൻ ബഷീർ അഭിമുഖം നടത്തിയെന്ന അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടരുടെ വഞ്ചന ഡയാന രാജകുമാരിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിൽ ഈ അഭിമുഖം പ്രധാന പങ്കുവഹിച്ചുവെന്നും വില്യം കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ ഫലപ്രദമായി സ്ഥാപിച്ചെടുത്ത് കാൽനൂറ്റാണ്ടിലേറെയായി ബിബിസിയും മറ്റുള്ളവരും വാണിജ്യവത്ക്കരിക്കുകയായിരുന്നുവെന്ന് വില്യം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മാപ്പ് പറഞ്ഞ് രാജ്ഞിയ്ക്കും വില്യം, ഹാരി എന്നിവർക്കും ബിബിസി കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അഭിമുഖം സുരക്ഷിതമാക്കാൻ മാർട്ടിൻ ബഷീർ വഞ്ചനാപരമായി പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബിബിസി നടപടികളൊന്നും കൈകൊണ്ടിട്ടില്ല. “എന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിന് അഭിമുഖം ഒരു പ്രധാന സംഭവമായിരുന്നു. അമ്മയുടെ മരണത്തിന് കാരണമായതും ഈ വഞ്ചനയാണെന്ന് വിശ്വസിക്കുന്നു.” ഹാരി രാജകുമാരൻ തുറന്നടിച്ചു. ഇത് മറ്റ് കുടുംബാംഗങ്ങളെയും മാനസികമായി ബാധിച്ചു. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന മുൻ സുപ്രീംകോടതി ജഡ് ജി ജോൺ ഡൈസനെയും ടീമിനെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു.

അതേസമയം അഭിമുഖം സംഘടിപ്പിച്ച മാർട്ടിൻ ബഷീർ കഴിഞ്ഞ ദിവസം ബി.ബി.സി വിട്ടിരുന്നു. ബി.ബി.സിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്ഥാനത്തുനിന്ന് മാർട്ടിൻ ബഷീർ രാജിവെച്ച് കമ്പനിയിൽനിന്ന് പുറത്തുപോകുകയാണെന്ന് ബി.ബി.സി ന്യൂസ് ഡെപ്യൂട്ടി ഡയറക്ടർ ജൊനാഥൻ മൺറോ പറഞ്ഞു. 1995ൽ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന് 22.8 മില്ല്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്.

ചാൾസിന്‍റെ സഹോദരൻ സ്പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു ഈ അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ് അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചതെന്ന സ്പെൻസറിന്റെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് അഭിമുഖത്തിൽ പങ്കെടുപ്പിച്ചെന്നതിന് പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക് ചാരപ്പണി നടത്താൻ കൈക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.