Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാക്ഷാ ബാരൻ കോഹൻ, കാരി മുല്ലിഗൻ, ഒലിവിയ കോൾമാൻ, ഡാനിയൽ കലൂയാ, സർ ആന്റണി ഹോപ് കിൻസ് എന്നിവരാണ് ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് താരങ്ങൾ. വനീസ കിർബി, ഗാരി ഓൾഡ്മാൻ, റിസ് അഹമ്മദ് എന്നിവരാണ് യുകെയിൽ നിന്ന് നോമിനേഷൻ ലഭിച്ച മറ്റുള്ളവർ.
ഇത്തവണത്തെ നോമിനേഷൻ ലഭിച്ചിരിക്കുന്ന 20 അഭിനേതാക്കളിൽ 9 പേരും എത്നിക് മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ടു വനിതകളുടെ പേരുകളും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ട് വനിതകളെ നോമിനേറ്റ് ചെയ്യുന്നത്.

ഇത്തവണ 25 ഏപ്രിലിൽ നടത്തുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. സാധാരണ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിലും, ലോസ് ആഞ്ചലസിലെ മെയിൻ റെയിൽവേ ഹബ്ബ്, യൂണിയൻ സ്റ്റേഷനിലുമായാണ് ചടങ്ങുകൾ നടക്കുക.

10 നോമിനേഷനുകളുമായി മാങ്ക് മുന്നിലുണ്ട്. ദ് ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മിശിഹാ, മിനാറി, നൊമാഡ് ലാൻഡ്,സൗണ്ട് ഓഫ് മെറ്റൽ, ദ ട്രയൽ ഓഫ് ചിക്കാഗോ സെവൻ എന്നിവയ്ക്ക് 6 നോമിനേഷനുകൾ വീതം ഉണ്ട്. 83 വയസ്സുള്ള സർ ആന്റണി നോമിനിസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അഹമ്മദ് പാകിസ്ഥാൻ വേരുകളുള്ള നടനാണ് എന്നതും, മികച്ച നടനുള്ള അവാർഡ് നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ മുസ്ലിം നടനാണ് എന്നതും ശ്രദ്ധേയമാണ്. നാല്പത്തി മൂന്നാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ച ബോസ് മാൻ അവസാനമായി അഭിനയിച്ച റോളിനും നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അവാർഡിനർഹനായാൽ മരണശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉടൻതന്നെ 8 ബില്യൻ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസ് നൽകുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെൽത്ത് സർവീസ് ലീഡഴ് സ് മുന്നറിയിപ്പുനൽകി. അടുത്ത സാമ്പത്തിക വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021 – 22 സാമ്പത്തിക വർഷത്തേയ്ക്കുള്ള എൻഎച്ച്എസിൻെറ ബഡ് ജറ്റിനെ സംബന്ധിച്ച് ട്രഷറിയും എൻഎച്ച്എസും തമ്മിൽ സമവായത്തിൽ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് സംഘടനകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻെറ ചീഫ് എക്സിക്യൂട്ടീവ് ഡാനി മോർട്ടിമെറിൻ ചാൻസലർ റിഷി സുനക്കിന് അയച്ച കത്തിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നൽകാൻ സാധിച്ചില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചത്ര സേവനം നൽകാൻ എൻഎച്ച്എസിന് സാധിച്ചില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഏകദേശം 3 ലക്ഷത്തിലധികം പേരാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന വാദത്തെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി പൂർണമായി തള്ളിക്കളഞ്ഞു. ബ്രിട്ടനിൽ ഓസ്‌ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ തുടരുമെന്ന് എംഎച്ച്ആർഎ അറിയിച്ചു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രക്തം കട്ടപിടിക്കും എന്ന ആശങ്ക കാരണം ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി നെതർലാൻഡ് ആണ് ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ച രാജ്യം.

പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയ 17 ദശലക്ഷത്തിലധികം ആളുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട സാധ്യതയെകുറിച്ച് യാതൊരു തെളിവുകളും ഇല്ലെന്ന് അസ്ട്രസെനക്കയും അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നതിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 24 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ( ആർ ബി എസ് ) ആയിരക്കണക്കിന് വരുന്ന ചെറുകിട ബിസിനസ് സംരംഭകർക്ക് കനത്ത തിരിച്ചടി നേരിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ ഈ നീക്കത്തിൽ ആൻഡ്ര്യൂ ബെയിലിയുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്. ഇപ്പോൾ നാറ്റ് വെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബാങ്ക് 16,000ത്തോളം വരുന്ന ചെറുകിട ബിസിനസ് ഗ്രൂപ്പുകളെ ഗ്ലോബൽ റിസ്ട്രക് ചറിങ് ഗ്രൂപ്പ് എന്ന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ 2009 മുതൽ 2013 വരെയുള്ള കാലയളവിൽ ഇവയിലെ 90% സംരംഭകരും ബാങ്കിന്റെ ഭാഗത്തുനിന്ന് പലരീതിയിലുള്ള അവഗണനകൾക്ക് വിധേയരായി.

” ചിലപ്പോൾ ചില കസ്റ്റമേഴ്സിനെ നശിക്കാനായി നമ്മൾ തന്നെ വിട്ടു കൊടുക്കേണ്ടി വരും ” എന്ന് അർത്ഥം വരുന്ന രീതിയിലുള്ള ഇമെയിലുകൾ ബാങ്കിന്റെ ഉദ്യോഗസ്ഥ വൃത്തത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്.

അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി എന്ന രീതിയിൽ പ്രവർത്തിക്കേണ്ടിയിരുന്ന ഒരു ഗവൺമെന്റ് സ്ഥാപനം തന്നെയാണ് ഉപഭോക്താക്കളുടെ ജീവിതം താറുമാറാക്കുന്ന രീതിയിലെ പ്രവർത്തനങ്ങൾ നടത്തിയത്. ഈ കെണിയിൽ വീണു പോയ പലരുടെയും ബിസിനസ് തകർന്നു, വിവാഹ ബന്ധം വേർപിരിയുകയോ ശാരീരിക മാനസിക ആരോഗ്യം തകരാറിലാവുകയോ ചെയ്തിട്ടുണ്ട്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ, അത് മുൻകൂട്ടി കണ്ടു ആവശ്യമായ നടപടികൾ സ്വീകരിക്കാനോ ബെയിലി തയ്യാറായിരുന്നില്ല.

ആർ ബി എസ് ഡിവിഷനിലെ മുൻ തലവനായ ഡെറിക് ബോസ് ” ഉപഭോക്താക്കൾക്ക് സപ്പോർട്ട് നൽകേണ്ടുന്ന സിസ്റ്റം തന്നെ അവരെ താഴേക്ക് വലിച്ചിടുകയാണെന്ന് ” അഭിപ്രായപ്പെട്ടിരുന്നു. 2016 ഒക്ടോബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജി ആർ ജി ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ട് സ്വയം വളരുകയാണെന്ന് കണ്ടെത്തിയിരുന്നു. ” ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉത്തരവാദിയായ ബെയിലി മറുപടി പറഞ്ഞേ മതിയാവൂ ” എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് രാജ്യത്തുനിന്ന് അധികവും ഉയർന്നത്. ആൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ ബിസിനസ് ബാങ്കിംഗ് കോ ചെയർമാൻ കെവിൻ ഹോളിൻറേക് എത്രയും പെട്ടെന്ന് ബെയിലി ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരണപ്പെട്ടതായി കണ്ടെത്തുകയും ചെയ്ത സാറഎവറാർഡിന്റെ വിഷയത്തിൽ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുവാനായി പുതിയ ടാസ്ക് ഫോഴ്സ് വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ സമ്മേളനത്തിൽ, ജനങ്ങൾക്കെതിരെ നടന്ന പോലീസ് നടപടിയിലും പ്രധാനമന്ത്രി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച 1500ഓളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയത്. ഇതിനുശേഷം പിന്നീട് പാർലമെന്റ് സ്ക്വയറിലും, ന്യൂ സ്കോട്ട്ലാൻഡ് യാർഡിലും പ്രതിഷേധങ്ങൾ നടന്നു. സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ നിരത്തിലിറങ്ങിയത്. പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.

ക്രൈം ആൻഡ് ജസ്റ്റിസ് ടാസ്ക് ഫോഴ്‌സിന്റെ മീറ്റിംഗ് തിങ്കളാഴ്ച കൂട്ടുവാനായി പ്രധാനമന്ത്രി തീരുമാനിച്ചു. മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും, ശക്തമായ നിയമ നടപടികൾ ഇതിനായി ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

എല്ലാവർക്കും തുല്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പലസ്ഥലങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് മരണങ്ങൾ കുറയുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യം. ഒക്ടോബർ ആദ്യ വാരത്തിന് ശേഷം യുകെയിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. 52 പേരാണ് ഇന്നലെ യുകെയിൽ കോവിഡ് മൂലം മരണമടഞ്ഞത്. എങ്കിലും ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധകുത്തിവെയ്പ്പിനായി മുന്നോട്ടുവരണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4618 പേരാണ് പുതിയതായി രാജ്യത്ത് കോവിഡ് ബാധിതരായത്. ശനിയാഴ്ച 5534 പേർക്കായിരുന്നു രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ശനിയാഴ്ച 121 കോവിഡ് മരണങ്ങളും നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ചത്തെ രോഗബാധയും മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ കണക്കുകൾ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം. അതേസമയം 24 ദശലക്ഷത്തിലധികം ആളുകൾക്ക് രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു .പുറത്തു വരുന്ന കണക്കുകൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഗവൺമെന്റിന് ആത്മവിശ്വാസം നൽകുന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു.

ലതികാ സുബാഷ് തല മുണ്ഠനം ചെയ്തത് എന്തുകൊണ്ട്?
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ തീരുമാനങ്ങളിലെ പോരായ്മകളല്ലേ ഇത്?
ഘടകകക്ഷികളെ സംതൃപ്തരാക്കിയപ്പോള്‍ കോണ്‍ഗ്രസും അണികളും എന്ത് കൊണ്ട് സന്തോഷവാന്മാരല്ല?
ജീവിതം മുഴുവനും കോണ്‍ഗ്രസ്സിനായി സമര്‍പ്പിച്ച ലതികാ സുഭാഷിനെ എന്തുകൊണ്ട് ഏറ്റുമാനൂരില്‍ പരിഗണിച്ചില്ല?
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി.ഡി. സതീശനോട് മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റര്‍ എഡിറ്റര്‍ ഷിബു മാത്യൂ ഫോണിലൂടെ ചോദിച്ച സന്ദര്‍ഭത്തിലാണ് വി. ഡി. സതീശന്‍ ഫോണ്‍ കട്ട് ചെയ്തത്.
കാര്യങ്ങളുടെ വ്യക്തത മനസ്സിലാക്കാതെയുള്ള ഈ സമീപനം വരുന്ന തെരെഞ്ഞെടുപ്പിനെ എത്രത്തോളം ബാധിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെസ്റ്റ് ലണ്ടനിൽ ബെഡ്റൂമും ബാത്റൂമും ഇല്ലാത്ത സിംഗിൾ റൂം ഫ്ലാറ്റിന്റെ വില 150,000 പൗണ്ട്. ലണ്ടനിലെ ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഫ്ലാറ്റിന് ഈ വില. പ്രശസ്തമായ ഹാരോഡ്സ് ഡിപ്പാർട്ട്മെന്റൽ സ്റ്റോറിന് എതിർവശത്തായി ഉള്ള ഈ സ്ഥലത്ത് 3.3 മില്യൺ പൗണ്ടാണ് ഭവനങ്ങളുടെ അടിസ്ഥാന വില. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രാഷ്ട്രീയപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിൽ കൂടുതൽ അപ്പാർട്ട്മെന്റുകളും മറ്റും ലഭ്യമാക്കേണ്ടത് അത്യാവശ്യം ആയിരിക്കുകയാണ്. തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹൗസിംഗ് സെക്രട്ടറി താങാമ് ഡബ്ബോനേയർ കുറ്റപ്പെടുത്തി.

2011ൽ പുറത്തിറക്കിയ റെഗുലേഷൻസ് പ്രകാരം 400 സ്ക്വയർ ഫീറ്റിൽ കുറഞ്ഞ ഭവനങ്ങൾ പണിയുന്നതിൽ നിന്ന് പ്രോപ്പർട്ടി ഡെവലപ്പേഴ്സിനെ വിലക്കിയിരുന്നു. എന്നാൽ ഈ ഫ്ലാറ്റ് 1976 -ൽ പണിതതായതിനാൽ നിയമാനുസൃതമായ വിൽപന തന്നെയാണ് നടന്നത്.

എന്നാൽ ഇത്തരത്തിൽ അമിത വിലയ്ക്ക് ഫ്ലാറ്റുകൾ വിറ്റുപോകുന്നത് സാധാരണക്കാരെ ബാധിക്കും എന്ന നിലപാടിലാണ് എംപിമാർ. ഇത്തരത്തിൽ തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ദിവസം മരണപ്പെട്ട 33 കാരിയായ സാറാ എവറാർഡിന്റെ അനുസ്മരണത്തിൽ ലോക്ഡൗൺ ലംഘിച്ച് ആയിരത്തോളം പേരാണ് ഒരുമിച്ചു കൂടിയത്. ശനിയാഴ്ച വൈകിട്ട് സൗത്ത് ലണ്ടനിലാണ് ഇത്തരത്തിൽ അനുസ്മരണം നടന്നത്. ഇതേത്തുടർന്ന് ജനങ്ങളും പോലീസുകാരുമായി സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. സംഭവത്തെ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. പോലീസുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധാർഹമായ നടപടികൾ ഉണ്ടായതായാണ് ജനങ്ങൾ പറയുന്നത്. നാലോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന് മണിക്കൂറുകൾ മുൻപ് കെയ്‌റ്റ് മിഡിൽട്ടൻ സ്ഥലം സന്ദർശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സംഭവത്തെ കൈകാര്യം ചെയ്തത് ശരിയായ രീതിയിൽ അല്ലെന്ന ആരോപണങ്ങൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. മാർച്ച് മൂന്നിനാണ് സെയിൽസ് എക്സിക്യൂട്ടീവ് ആയ യുവതിയെ കാണാതായത്. പിന്നീട് ഇവരെ മരണപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ സംഭവങ്ങൾ നടക്കുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ജനങ്ങൾ. നടന്ന സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ പറ്റാത്തതാണെന്ന് ലണ്ടൻ മേയർ വ്യക്തമാക്കി.

മാതൃത്വം ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ നാമങ്ങളില്‍ ഒന്ന്…
ഏറ്റം മഹോത്തര സ്ഥാനങ്ങളില്‍ മുമ്പില്‍…
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും സഹനത്തിന്റെയും ആള്‍രൂപം…
കാലത്തിന്റെയോ സമയത്തിന്റെയോ നിര്‍വ്വചനങ്ങളില്‍ തളയ്ക്കപ്പെടാന്‍ കഴിയാത്ത ദിവ്യമായ യാഥാര്‍ത്ഥ്യം..

കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം ഉരുകി തീരുമ്പോഴും അജയ്യമായി നില്‍ക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യത്തിന്റെ പ്രതീകമാണ് മാതൃത്വം. ഈ അവസ്ഥാന്തരങ്ങളാണ് മാതൃദിന ചിന്തകളെ സമ്പുംഷ്ടമാക്കുന്നത്.

ആവര്‍ത്തന വിരസതയുടെ പേരില്‍ മാതൃത്വത്തെ കൊട്ടിഘോഷിക്കുവാനും ശ്ലാഘിക്കുവാനും വിവരിക്കുവാനും ഞാന്‍ മുതിരുന്നില്ല. എന്നാല്‍, സ്ത്രീത്വത്തെ മാതൃത്വമാക്കുന്ന ഒരു ആത്മസാക്ഷാത്ക്കാരത്തെക്കുറിച്ച് മാത്രം സൂചിപ്പിക്കട്ടെ.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ശില അമ്മയാണ്. വിവിധ തലങ്ങളിലുള്ള ബന്ധത്തെ അഭിലഷണീയമായ ബന്ധനമാകുന്ന പ്രധാന ഘടകം. അംഗീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും ചേര്‍ത്ത് പിടിച്ച് സ്വയം പിന്‍പോട്ട് പോയി കുടുംബാംഗങ്ങളെ മുമ്പോട്ടു കൊണ്ടു പോകുവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ധാരാളമാണ്.

ഈ പ്രവാസ ജീവിതത്തില്‍ സുരക്ഷിതത്തിന്റെ ഒരു പുകമറയിലാണ് നമ്മുടെ കുടുംബങ്ങള്‍
ഇപ്പോഴുള്ളതെന്ന് വേദനയോടെ പറയാതെ വയ്യ. തലമുറകള്‍ തമ്മിലുള്ള വിടവ് ഏറ്റം പ്രകടം. സ്വന്തം അസ്ഥിത്വം തിരിച്ചറിയാന്‍ വിഷമിക്കുന്ന ഒരു പുതു തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുന്ന അതി ഭീതിദയമായ അവസ്ഥ.
കള്‍ച്ചറല്‍ ഷോക്കിന് നിരന്തരം വിധേയമാകുന്ന കുടുംബത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോള്‍ സമചിത്തത നിലനിര്‍ത്താനുള്ള ഒരു കാലഘട്ടത്തിന്റെ ചുമതലയും ഭാരവുമാണ് അമ്മമാരില്‍ നിക്ഷിപ്തമായിരിക്കുന്നത്.

വളരെ ചെറിയ ഇടപെടലുകള്‍ ഞാന്‍ ഈ സമൂഹത്തില്‍ നടത്തുന്നതിനാല്‍ എത്രയോ അഗ്‌നിപര്‍വ്വത സമാന കുടുംബങ്ങളെ കാണുവാന്‍ എനിക്ക് ഇടവരുന്നുണ്ട്. കുടുംബത്തിന്റെ ശാക്തീക ചേരികളില്‍ പാരമ്പര്യം മല്ലടിക്കുമ്പോഴും തിരിക്കല്ലില്‍ നുറുങ്ങുന്ന ധാന്യമണികള്‍ പോലെ നിസ്സഹായതയിലും വേദനയിലും തകരുന്ന അമ്മമാരെ കാണാറുണ്ട്. ഇവിടെ തോല്‍ക്കുന്നത് മാതൃത്വമാണ്. അത് സംഭവിച്ചുകൂടാ. അങ്ങനെ അല്ലെങ്കില്‍ കുടുംബം തകരും. സമൂഹം തകരും. ഇത്തരുണത്തില്‍ ഒരമ്മയ്ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ഘടകമുണ്ട്. പുതു തലമുറയിലെ മക്കളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. സ്‌പെയിസും സമയവും നല്‍കണം. അവരുടെ നേട്ടങ്ങളേക്കാളുപരി കോട്ടങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ അംഗീകരിച്ച് അണച്ചുപിടിച്ച് മുറിഞ്ഞുപോയ കണ്ണികള്‍ വിളക്കിയെടുക്കണം. തേഞ്ഞു പോകുന്ന തലങ്ങള്‍ ബലപ്പെടുത്തണം.

വായനയില്‍ അറിഞ്ഞ ഒരു വേറിട്ട ചിന്തകൂടി പങ്ക് വെയ്ക്കട്ടെ. മാതൃത്വത്തിന് ആര് ആരോടാണ് കടപ്പെട്ടിരിക്കുന്നത്? ‘പത്ത് മാസം പെറ്റു വളര്‍ത്തിയ’ അമ്മമാരോട് മക്കളോ, അതോ സ്ത്രീത്വത്തെ മാതൃത്വമാക്കി പരിണാമപ്പെടുത്തിയ മക്കളോട് അമ്മമാരോ? (കടപ്പാട്. Fr. Boby Jose Kattikad) ഈ യാഥാര്‍ത്യം തിരിച്ചറിഞ്ഞാല്‍ മാതൃത്വത്തിന്റെ സമ്പൂര്‍ണ്ണമായ സാക്ഷാത്കാരം സാധ്യമാകും.

ചുരുക്കിപ്പറഞ്ഞാല്‍ ‘അമ്മ’ സ്വന്തം സ്വത്വം സമഗ്രതയില്‍ തിരിച്ചറിയണം. സഹയാത്രികരായ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ സ്‌നേഹാശംസകള്‍.

 

ജോളി മാത്യൂ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ്, രൂപതയുടെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, നോര്‍ത്ത് കുമ്പ്രിയാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷ്യനര്‍, C C ഗ്ലോബല്‍ മെഡിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യുകെയില്‍ നോര്‍ത്ത് അലേര്‍ട്ടണിലാണ് താമസം. ഭര്‍ത്താവ് മാത്യൂ ജോണ്‍. ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.

Copyright © . All rights reserved