ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ് ടൺ : അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ അക്രമത്തിൽ ഞെട്ടിത്തരിച്ചു ലോകം. ലോകം മുഴുക്കെ ജനാധിപത്യത്തിന് നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന് സംഭവത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അമേരിക്കയിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിനുള്ളിൽ കടന്ന് ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടിയ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് അദ്ദേഹം അധികാരത്തിന് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായി 25-ാം ഭേദഗതി നടപ്പാക്കാൻ മന്ത്രിസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളാണ് ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകൾ അക്രമത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അത് തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു.

ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിലെ അംഗങ്ങൾ രാജി വെച്ച് തുടങ്ങിയതോടെ രാഷ്ട്രീയ പതനത്തിനാണ് അമേരിക്കയിൽ കളമൊരുങ്ങുന്നത്. അക്രമത്തിനുശേഷം കോൺഗ്രസ് വീണ്ടും ഒത്തുചേരുകയും ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിച്ചു. അരിസോണയിലെയും പെൻസിൽവാനിയയിലെയും ഫലം അസാധുവാക്കാനുള്ള ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെ എതിർപ്പ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് ഔദ്യോഗിക തീരുമാനം കൈകൊള്ളുകയായിരുന്നു. ആക്രമികൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 മഹാമാരിയുടെ പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണ നിരക്കിനാണ് യുകെ ഇന്നലെ സാക്ഷ്യംവഹിച്ചത് . രോഗംബാധിച്ച് ഇന്നലെ മാത്രം യുകെയിൽ മരണമടഞ്ഞത് 1041 പേരാണ്. തുടർച്ചയായി രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 60000 ത്തിന് മുകളിലാണ്. ഇന്നലെ 62322 പേരാണ് കോവിഡ് പോസിറ്റീവ് ആയത് .രോഗം അതിൻെറ മൂർദ്ധന്യത്തിലായിരുന്ന ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ബാധിച്ചുള്ള മരണനിരക്ക് 37 ശതമാനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക് ഇനിയും ഇതിലും കൂടാനുള്ള സാധ്യതയിലേയ്ക്കാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിരൽചൂണ്ടുന്നത് .

ഇതിനിടെ സ്കൂളുകൾ മാർച്ചിന് മുൻപ് തുറക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റദ്ദാക്കിയ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾക്ക് പകരമായി അധ്യാപകർ തയ്യാറാക്കുന്ന ഗ്രേഡുകൾ ആകും കുട്ടികൾക്ക് നൽകുക എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. അൽഗോരിതം ഉപയോഗിച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിന് പകരം അവരുടെ സ്വന്തം അധ്യാപകർ നൽകുന്ന ഗ്രേഡുകളിൽ വിശ്വാസമർപ്പിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ് കൂളുകൾ അടച്ചിടപ്പെട്ട സാഹചര്യത്തിൽ ദിനംപ്രതി 3 മുതൽ 5 മണിക്കൂർ വരെയുള്ള ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പുനൽകി.

വീടുകളിൽ ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിക്കാത്ത കുട്ടികളെ സ്കൂളുകളിൽ അയക്കാമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു . ഏകദേശം 1.3 ദശലക്ഷത്തോളം കുട്ടികൾക്ക് ഇൻറർനെറ്റ് സൗകര്യങ്ങളില്ല എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് . കഴിഞ്ഞ മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി കീ വർക്കേഴ് സിൻെറ മക്കൾക്കും മറ്റ് ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമായി സ്കൂളുകൾ തുറക്കുമെന്ന് ഗവൺമെൻറ് തീരുമാനമെടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളുടെ വാർഡ് മുതൽ കാൻസർ വാർഡുകൾ വരെ കോവിഡ് 19 രോഗികൾക്കായി നൽകിയിരിക്കുകയാണ്. നോക്കുന്നിടത്തെല്ലാം ഐസിയുകളും വെന്റിലേറ്ററുകളും. കാൻസർ സർജറികൾ മുഴുവൻ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വാർഡിലെ വർണാഭമായ കാർട്ടൂണുകളും ചിത്രങ്ങളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു, അവിടെയാവട്ടെ ശ്വാസത്തിനു വേണ്ടി പിടയുന്ന രോഗഗ്രസ്തരായ ഒരുകൂട്ടം മുതിർന്നവർ പുറംലോകം കാണാൻ കാത്തു കഴിയുന്നു.

സെൻട്രൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന കണക്കുകളേക്കാൾ തിരക്കുണ്ട് ഇപ്പോൾ . കോവിഡ് തട്ടിയെടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറവല്ല. ആരോഗ്യപ്രവർത്തകർ മാനസികമായും ശാരീരികമായും ഏറെ തളർന്നിരിക്കുന്നു. ഡോക്ടർ ജിം പറയുന്നു ” ഒരാഴ്ചയ്ക്കുള്ളിൽ നമ്മൾ കേസുകൾ പരമാവധി കുറയ്ക്കണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും”. ഒരു ആശുപത്രിയിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി ഗുരുതര രോഗികളാണ് ഇപ്പോഴുള്ളത്. ഡോക്ടർ ആലീസ് കാർട്ടർ ഇപ്പോഴത്തെ അവസ്ഥയെ ഒരു ഇലാസ്റ്റിക് ബാന്റിനോട് ഉപമിക്കുന്നു. വലിഞ്ഞ് വലിഞ്ഞ് ഇനി ഒരിക്കലും തിരികെ പഴയ അവസ്ഥയിലെത്താൻ കഴിയാത്തതുപോലെ ഇപ്പോൾ തന്നെ ആയിട്ടുണ്ട്, പക്ഷേ ഇനിയും സമ്മർദ്ദം കൂടിയാൽ പൊട്ടിപ്പോകും. ഇപ്പോഴത്തെ സാഹചര്യം കണക്കുകൂട്ടിയാൽ ആ ബ്രേക്കിംഗ് പോയിന്റ് വളരെ ദൂരത്തല്ല”,ഡോക്ടർ പറഞ്ഞു.

38 കാരി ഗർഭിണിയായ റെയ്ച്ചൽ കോവിഡ് രോഗിയാണ്, 5 ആഴ്ചയ്ക്ക് അപ്പുറം ലോകം കാണേണ്ട കുഞ്ഞിനെ ഉൾപ്പെടെയാണ് ചികിത്സിക്കുന്നത്. കുഞ്ഞിന് അപകടം വരുത്തുന്ന ഒന്നും ചെയ്യാനാവില്ല, റിസ്ക് ഇരട്ടിയാണ്. എങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമ്മയ്ക്ക് കേൾപ്പിച്ചു കൊടുത്താണ് ആരോഗ്യപ്രവർത്തകർ സമാധാനിപ്പിക്കുന്നത്. രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു, രോഗത്തിന്റെ തീവ്രതയും. എൻ എച്ച് എസ് ഒരു മുനമ്പിലാണ് നിൽക്കുന്നത്. ഏതു നിമിഷവും എന്തും സംഭവിക്കാം. പരമാവധി രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ശ്രമിക്കുന്നുണ്ട്. ഡെക്സമെത്തോസീൻ പോലെയുള്ള പുതിയ മരുന്നുകൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഒട്ടനവധി ആരോഗ്യപ്രവർത്തകർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന ഒരു രോഗിയുടെ അവസ്ഥയിലാണ് ഇപ്പോൾ എൻഎച്ച്എസ്. ദുഃഖ വാർത്ത അറിയിക്കാൻ ബന്ധുക്കൾക്ക് സന്ദേശം നൽകേണ്ടി വരുന്നതാണ് തങ്ങളെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് ഹോസ്പിറ്റൽ സ്റ്റാഫ് പറയുന്നു.
സ്വന്തം ലേഖകൻ
യു എസ് :- യുഎസിൽ നാടകീയ സംഭവങ്ങൾക്കാണ് ബുധനാഴ് ച സാക്ഷ്യംവഹിച്ചത്. അക്രമാസക്തരായ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറി ജനലുകളും മറ്റും അടിച്ചുതകർത്തു. ഈ ആക്രമണത്തിൽ ട്രംപ് അനുകൂലിയായ ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വൈകിട്ട് മുതൽ ക്യാപിറ്റോൾ കെട്ടിടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനയും, നാഷണൽ ഗാർഡും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആളുകളോട് ദയവുചെയ്ത് പിരിഞ്ഞു പോകണം എന്ന് പ്രസിഡന്റ് ജോ ബൈഡെൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ ഈ പ്രതിഷേധത്തെ അനുകൂലിക്കുകയാണ് ചെയ്തത്.

ആക്രമികൾ കെട്ടിടത്തിൻെറ ജനലുകളും ഗ്ലാസ്സുകളും എല്ലാം അടിച്ചു തകർത്തു. ജനാധിപത്യത്തിന് എതിരെയുള്ള അതിഭീകരമായ ആക്രമണമാണ് നടന്നതെന്ന് സ്പീക്കർ നാൻസി പേലോസി അഭിപ്രായപ്പെട്ടു. നിരവധി അറസ്റ്റുകൾ ഇനിയും നടക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎസിൽ നടന്നത് അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മാതൃകയായ യുഎസിൽ ഇത്തരമൊരു സാഹചര്യം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നിരവധി ലോക നേതാക്കൾ അമേരിക്കയിൽ നടന്ന ഈ സാഹചര്യത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ മൂന്നാം ലോക്ക്ഡൗൺ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കും. ഇതോടെ യുകെയിലെ എല്ലാ പ്രദേശങ്ങളും രോഗവ്യാപനം തടയാനായി കർശന നിയന്ത്രണത്തിൻെറ കീഴിലായി . രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങളും മാർച്ച് അവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. സ്കൂളുകൾ മാർച്ചിനു മുൻപ് തുറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. യൂകെയിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് കർശനമാക്കി ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു . ആളുകൾ കഴിയുന്നത്ര വീടുകളിൽ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു . കഴിഞ്ഞവർഷം കോവിഡ് ഏറ്റവും കൂടിനിന്ന കാലത്ത് ചികിത്സ തേടിയവരുടെ മൂന്നിരട്ടിയാണ് ഇപ്പോൾ ആശുപത്രികളിൽ എത്തുന്നതെന്നത് രോഗവ്യാപനത്തിൻെറ തീവ്രതയുടെ നേർക്കാഴ്ചയായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

യുകെയിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻ പിഴ ശിക്ഷ നേരിടേണ്ടി വരും. ഇന്നുമുതൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യുക, വീടിനുപുറത്ത് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസിനോ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസേഴ്‌സിനോ പിഴ ചുമത്താൻ സാധിക്കും . മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുറത്ത് ജോലിക്ക് പോകുവാൻ അനുവാദം ഉണ്ട് . എങ്കിലും ഭക്ഷണം ,മരുന്ന് ,വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വീടിനു പുറത്തുപോകാൻ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

ഇതിനിടയിൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട് . ജനങ്ങൾ പുറത്തിറങ്ങുന്നതിനായി പറയുന്ന കാരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പക്ഷെ ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചെങ്കിൽ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടുവാൻ സാധിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ നേരത്തെ തന്നെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിമർശനം നേരിട്ടിരുന്നു . എന്നാൽ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായി യുകെയിലെ പ്രതിദിന രോഗവ്യാപനം 60,000 കടന്നെന്ന വാർത്ത അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു . അതുകൊണ്ടുതന്നെ ഗവൺമെൻറ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടുള്ള എതിർപ്പുകൾ ദുർബലമാകാനാണ് സാധ്യത.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
വൈറസ് പ്രതിരോധത്തിൻെറ ഭാഗമായി സ്കൂളുകൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഈ വർഷത്തെ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ നടക്കില്ല എന്ന് ഉറപ്പായി. എക്സാം റഗുലേറ്റർ ഓഫ് സ്റ്റെഡും വിദ്യാഭ്യാസവകുപ്പും വിദ്യാർത്ഥികൾക്ക് എങ്ങനെ ഗ്രേഡുകൾ നൽകും എന്നതിനെക്കുറിച്ച് തീരുമാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . സമ്മറിന് മുമ്പായി എല്ലാ സ്കൂളുകളും തുറക്കുമെന്നും വിദ്യാർത്ഥികൾ ക്ലാസുകളിലേയ്ക്ക് തിരിച്ചെത്തുമെന്നും ഉറപ്പ് പറയാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . ജിസിഎസ്ഇ, എ-ലെവൽ എക്സാമിനേഷൻ ക്യാൻസൽ ചെയ്യാനുള്ള തീരുമാനം വിദ്യാർത്ഥികളിലും മാതാപിതാക്കളിലും കനത്ത അനശ്ചിതത്വം ആണ് ഉളവാക്കിയിരിക്കുന്നത് . കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ ഗ്രേഡുകൾ നിശ്ചയിക്കപ്പെട്ടപ്പോൾ കടുത്ത പ്രതിഷേധമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായത് . പല വിദ്യാർത്ഥികൾക്കും തങ്ങൾക്ക് പ്രതീക്ഷിക്കപ്പെട്ട ഗ്രേഡുകൾ കിട്ടിയില്ല എന്ന് കടുത്ത വിമർശനം യുകെയിൽ ഉടനീളം വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം ആദ്യമായി അറുപതിനായിരത്തിൽ കൂടുതലായി. കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം രോഗബാധിതരായവരുടെ എണ്ണം 60916 ആണ്. യുകെയിൽ ഡിസംബർ 29 ന് ശേഷം സ്ഥിരമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തിന് മുകളിലാണ്. ഇംഗ്ലണ്ടിൽ ആകെ 50 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് രോഗബാധയെ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 1.3 ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു . ഇതിൽ 23 ശതമാനം ആൾക്കാരും 80 വയസിന് മുകളിലുള്ളവരാണ്. ഫെബ്രുവരി മധ്യത്തോടെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും വിതരണം തുടങ്ങിയിരുന്നു. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുമ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നതിലുള്ള ആശങ്കയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ലോക്ക് ഡൗൺ നിയമങ്ങൾ പ്രകാരം, അവധിക്കാല ആഘോഷ യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ഇത് എയർലൈൻസ് ഇൻഡസ്ട്രിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ജോലിസംബന്ധമായ യാത്രകൾ മാത്രമായിരിക്കും ഇനിമുതൽ അനുവദിക്കുക. പ്രധാനമന്ത്രിയുടെ ഈ തീരുമാനം അവധിക്കാല യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് തിരിച്ചടിയാകും. ഫെബ്രുവരി പകുതിവരെ തങ്ങളുടെ എല്ലാ ഹോളിഡേ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തുവെന്ന് ടി യു ഐ അറിയിച്ചു.ബ്രിട്ടീഷ് എയർവെയ് സും, ഈസി ജെറ്റും തങ്ങളുടെ ഫ്ലൈറ്റുകളെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.

ഒമ്പത് മാസമായി തകർച്ചയിൽ ആയിരുന്ന എയർലൈൻസ് ഇൻഡസ്ട്രിയെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇനി പണം തിരിച്ചു നൽകേണ്ടതായി വരും. പുതിയതായി പ്രഖ്യാപിച്ച ലോക് ഡൗൺ ഇൻഡസ്ട്രിയെ വീണ്ടും തകർക്കുമെന്ന നിഗമനത്തിലാണ് ജീവനക്കാർ. ഇനിമുതൽ യുകെയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ മാത്രമേ ലോക്ക് ഡൗണിൽ എന്തെങ്കിലും ഇളവുകൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളെന്ന് മൈക്കൽ ഗോവ് അറിയിച്ചു. സൗത്താഫ്രിക്കയിൽ ഉണ്ടായിരിക്കുന്ന വൈറസിന്റെ പുതിയ സ്ട്രെയിനിനെ സംബന്ധിച്ച് വളരെ ആശങ്ക ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ നിന്ന് യു കെയിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. അവധിക്കാല യാത്രകൾ ക്യാൻസൽ ചെയ്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.
സ്വന്തം ലേഖകൻ
കെനോഷ വിൻകോസിനിൽ ജേക്കബ് ബ്ലെയ്ക്കിനെ വെടിവെച്ച് അരയ്ക്കു താഴേക്ക് തളർത്തിയ സംഭവം യുഎസിൽ കനത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കറുത്ത വർഗക്കാരനായ ബ്ലെയ്ക്കിനെ വെള്ളക്കാരനായ റസ്റ്റിൻ ഷെസ്കി അകാരണമായി വെടിവെച്ചത് ഓഗസ്റ്റ് 23 നായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തിൽ കെനോഷയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൈയിലി റിട്ടൻഹൗസ് എന്ന കൗമാരക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

കെനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ ഗ്രേവ്ലിയാണ്, ബ്ലേക്കിനെ വെടിവെച്ച ഓഫീസർ ഷെസ്കിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ആവില്ലെന്ന് ഉത്തരവിട്ടത്. അന്നു നടന്ന സംഭവങ്ങൾ മുഴുവൻ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി വീഡിയോ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ ബ്ലെയ്ക്കിനെ വെടിവെച്ച ഉദ്യോഗസ്ഥൻ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നും, ബ്ലെയ്ക്കിന്റെ കൈവശം ആയുധം ഉണ്ടായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. “സെൽഫ് ഡിഫൻസ് സ്റ്റേറ്റ് ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ പ്രവർത്തിക്കാനാവില്ല” കോടതി പറഞ്ഞു.

വീഡിയോയിൽ കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജേക്കബ് ബ്ലെയ്ക്കിനോട് പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതം കാട്ടി തന്റെ എസ് യു വിയിലേക്ക് കുനിഞ്ഞ ബ്ലെയ്ക്കിനോട് ആയുധം താഴെയിടാൻ പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബ്ലെയ്ക്കിൻെറ കൈവശം കത്തി ഉണ്ടായിരുന്നില്ല. കാറിനുള്ളിൽ ആയുധം ഉണ്ടായിരുന്നു എന്ന് പോലീസ് വാദിക്കുന്നുണ്ട്. ബ്ലെയ്ക്ക് കുനിഞ്ഞയുടൻ ഒരു പോലീസുകാരൻ ഷർട്ടിൽ പിടിച്ച് പിന്നിലേക്ക് വലിക്കുകയും പിൻ വശത്തായി ഏഴു പ്രാവശ്യം വെടിവെക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ജേക്കബ് ബ്ലെയ്ക്കിൻെറ മൂന്ന് കുട്ടികളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഇരയുടെ അരയ്ക്കുതാഴേയ്ക്കുള്ള ചലനം നഷ്ടമായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരിൽ ആരുടെ പക്കലും ബോഡി ക്യാമറ ഉണ്ടായിരുന്നില്ല. കനത്ത വംശീയതയുടെ തെളിവാണ് ഈ സംഭവം എന്ന് രാജ്യമൊട്ടുക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു.
പിന്നീട് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ കൈയിലിയെന്ന കൗമാരക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് മുതൽ വിചാരണ ആരംഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏഴാം ദിവസവും 50,000ൽ ഏറെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഫെബ്രുവരി പകുതി വരെ നീളുന്ന ലോക്ക്ഡൗണിൽ സ്കൂളുകളെല്ലാം അടച്ചിടും. ഇംഗ്ലണ്ടിൽ 26,626 രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഏപ്രിലിലെ കണക്കിനേക്കാൾ 40% കൂടുതലാണ് ഇത്. ലോക്ക്ഡൗൺ എന്ന് അവസാനിക്കുമെന്നതിൽ വ്യക്തത ഇല്ലെങ്കിലും ഫെബ്രുവരി 22നകം ഇത് അവലോകനം ചെയ്യും. വാക്സിൻ ലഭിച്ച ആളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കില്ല. ഏറ്റവും പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വീട്ടിൽ തന്നെ തുടരുക
മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടും. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് അസാധ്യമാണെങ്കിൽ പുറത്ത് ജോലിക്ക് പോകാൻ അനുവാദമുണ്ട്. ഭക്ഷണം, മരുന്ന്, വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സഞ്ചരിക്കാം. സപ്പോർട്ട് ബബിളിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്.
സ്കൂളുകൾ – വിദ്യാഭ്യാസം
എല്ലാ പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും കോളേജുകളും അടച്ചിടും. മുൻനിര തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം സ്കൂളിൽ എത്താം. ബാക്കിയുള്ളവർക്ക് ഓൺലൈൻ വിദ്യാഭ്യാസം തുടരും. നവംബറിലെ ലോക്ക്ഡൗണിനേക്കാൾ കർശനമാണ് ഇത്. യോഗ്യരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാകും. എന്നാൽ ഇത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സപ്പോർട്ട് ബബിൾ
വീടിന് പുറത്തുള്ളവരുമായി ബബിൾ രൂപീകരിക്കാൻ അനുവാദമില്ല. എന്നാൽ ഒരു വ്യക്തിക്ക് മറ്റൊരു വീട്ടിൽ നിന്നുള്ള ഒരാളുമായി പുറത്ത് വ്യായാമം ചെയ്യാൻ സാധിക്കും. സാമൂഹിക അകലം പാലിക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്. വേർപിരിഞ്ഞ ദമ്പതികളുടെ കുട്ടികൾക്ക് മുമ്പത്തെ ലോക്ക്ഡൗണുകളിലേതുപോലെ മാതാപിതാക്കളുടെ വീടുകൾക്കിടയിൽ സ്വതന്ത്രമായി നീങ്ങുന്നത് തുടരാം. ഫർലോഫ് സ്കീമിൽ പുതിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

കടകൾ അടച്ചിടും
അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം അടച്ചിടും. മൊബൈൽ ഫോൺ ഷോപ്പുകൾ, വാഹന ഷോറൂമുകൾ, ഹോംവെയർ സ്റ്റോറുകൾ, വസ്ത്രശാലകൾ തുടങ്ങിയവ അടച്ചിടും. റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി വേദികൾ എന്നിവ അടച്ചിരിക്കണം. ഭക്ഷണത്തിനായി മാത്രം ടേക്ക് എവേ സംവിധാനം ഉണ്ട്. ഹെയർഡ്രെസ്സർമാർ, നെയിൽ ബാറുകൾ, സ്പാ ടാറ്റൂ പാർലറുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിടും.
ഔട്ട്‌ഡോർ ടീം സ്പോർട് സ് അനുവദിക്കില്ലെന്നും പ്രീമിയർ ലീഗ് മത്സരങ്ങൾ തുടരും. ശവസംസ്കാര ചടങ്ങുകളിൽ ടയർ 4ലേതിന് സമാനമായി പരമാവധി 30 പേർക്ക് പങ്കെടുക്കാൻ കഴിയും. ആരാധനാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനയ്ക്കും സഭാ ആരാധനയ്ക്കുമായി തുറന്നിടാം. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. തിയേറ്ററുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കില്ല. അതിതീവ്ര വൈറസിൽ നിന്നും സ്വയം രക്ഷ നേടേണ്ടതിനായി മാസ്ക് ധരിക്കേണ്ടതുണ്ട്. പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമാണ്. രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ഈ ഘട്ടത്തിൽ വൻ ദുരന്തത്തിലേക്ക് ജനങ്ങളെ തള്ളിവിടാതിരിക്കാനുള്ള സുപ്രധാന നീക്കം കൂടിയാണ് ഈ ലോക്ക്ഡൗൺ.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
വൈറസ് വ്യാപനത്തിൻെറ തീവ്രത വർദ്ധിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. 2020 ആദ്യം ആരംഭിച്ച കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇപ്രാവശ്യം സ്കൂളുകൾ പൂർണമായും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗൺ നീളുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻഗണനാക്രമത്തിൽ ആദ്യ നാല് വിഭാഗങ്ങൾക്ക് അടുത്തമാസം പകുതിയോടെ പ്രതിരോധ കുത്തിവെയ്പ്പ് നൽകി തീരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സ്കോട്ട്ലാൻഡിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രഖ്യാപനം നടത്തിയത് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനാണ്. സ്കോട്ട്ലാൻഡിലെ സ്കൂളുകൾ ജനുവരിയിൽ അടച്ചിടുമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നത്. ഇതിനിടെ മിക്ക സ്കൂളുകളും മാതാപിതാക്കൾക്ക് സ്കൂൾ അടച്ചിടുന്നത് സംബന്ധിച്ചുള്ള ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു.പലരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും സ്കൂളുകളിൽ ചെല്ലാനുള്ള അവസരമുണ്ട് . പല സ്കൂളുകളും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം കുട്ടികളെ അറിയിച്ചിട്ടുണ്ട് . കീ വർക്കേഴ്സിൻെറ കുട്ടികൾ സ്കൂളിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ വരുന്ന കുട്ടികൾക്ക് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ സംശയമുണ്ട് എന്നുള്ളതാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുട്ടികളെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ എങ്ങനെ അയക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ രോഗവ്യാപനത്തിൻെറ തീവ്രത കൊണ്ട് എങ്ങനെയും അടുത്ത ദിവസം തന്നെ സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ട് ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തേണ്ട രീതിയിലേയ്ക്ക് രോഗവ്യാപനം കൂടുന്ന അവസ്ഥയാണ് യുകെ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് ഇന്നലെ യുകെയിൽ ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും കിണഞ്ഞ് പരിശ്രമിക്കുന്നത്.