സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി നൂതന ആശയങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്ലാസ്റ്റിക് കമ്പനി, പ്ലാസ്റ്റോക്ക്. പെർസോണ 360 എന്ന പേരിൽ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരു മൊബൈൽ പ്ലാസ്റ്റിക് ഷീൽഡ് നിർമ്മിക്കാൻ ആരംഭിച്ചിരിക്കുകയാണ് കമ്പനി. നിലവിൽ 100 പൗണ്ടോളം ആണ് ഒരു ഷീ്ൽഡിന്റെ വില. ഇതിന് ആവശ്യക്കാർ വർധിക്കുകയാണെങ്കിൽ, കൂടുതൽ തോതിലുള്ള നിർമാണത്തിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഷീ്ൽഡുകൾ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതിനാൽ, ജനങ്ങൾ എല്ലാവരും ഇത് വാങ്ങിക്കണം എന്ന നിലപാടാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്.
ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നിരിക്കുകയാണ്. 4, 56, 726 പേരാണ് ഇതുവരെ രോഗ ബാധ മൂലം ലോകത്താകമാനം മരണപ്പെട്ടത്. ബ്രിട്ടനിൽ നിലവിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വ്യക്തി സുരക്ഷയ്ക്കായി ഇത്തരം ഷീൽഡുകൾ ജനങ്ങൾക്ക് ആവശ്യമാണ്.
ജനങ്ങളെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലോകത്താകമാനമുള്ള ആരോഗ്യ അധികൃതർ നിർദ്ദേശിക്കുന്നു. വ്യക്തി സുരക്ഷയ്ക്കായി, മറ്റുള്ളവരുടെ ജീവന്റെ കരുതലിനായി ഇത്തരം പ്രൊട്ടക്ഷൻ കിറ്റുകൾ ധരിക്കേണ്ടത് ഒരാളുടെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.
ഡോ. ഐഷ വി
ജൂൺ 19 വായനാ ദിനം. ശ്രീ പി എൻ പണിക്കരെ നമ്മൾ സ്മരിയ്ക്കുന്നത് ഈ ദിനത്തിലൂടെയാണ്. ഓരോ ദിനാചരണത്തിനും ചില സവിശേഷതകളുണ്ട്. വർഷം മുഴുവൻ കാര്യമായി ഒന്നും ചെയ്യാത്തവർ പോലും ദിനാചരണത്തോടനുബന്ധിച്ച് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ചെയ്യും. അതുപോലെ വായനാ ദിനം ആചരിക്കാൻ വേണ്ടിയെങ്കിലും കുറേപ്പേർ പുസ്തകങ്ങൾ വായിക്കും. വായനയുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച നടത്തിച്ച ധാരാളം പേരുണ്ടാകും നമ്മുടെ ജീവിതത്തിൽ . അവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിയ്ക്കാം. ഓരോ വായനയും നമുക്ക് വിശാലമായ ലോകാനുഭവങ്ങൾ നൽകുന്നു.
കുട്ടിക്കാലത്തെ എന്റെ വായനയിൽ സ്വാധീനം ചെലുത്തിയവരിൽ അധ്യാപകരും സഹപാഠികളും മാതാപിതക്കളും ബന്ധുക്കളും അയൽപക്കക്കാരുമുണ്ട്. മുതിർന്നപ്പോൾ സഹപ്രവർത്തകരും.
ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചിരവാത്തോട്ടത്തെ അമ്മ വീട്ടിൽ ഒരു രാത്രി വല്യമാമൻ വന്നപ്പോൾ ഒരു ശാസ്ത്രകേരളവും ഒരു ശാസ്ത്രഗതിയും ഒരു യുറീക്കയുമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. പിന്നീട് എല്ലാ ആഴ്ചയും വല്യമാമൻ വരുമ്പോൾ ഞങ്ങൾക്ക് നല്ല നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. വല്യമാമന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. മഹാഭാരതം എല്ലാ വാല്യങ്ങളും മെഡിസിന്റെ ഇന്റർ നാഷണൽ ജേർണലുകൾ പരിണാമ സിദ്ധാന്തം ആയുർവേദ പുസ്തകങ്ങൾ എല്ലാം അതിൽപ്പെടും. എന്റെ അച്ഛൻ വല്യമാമന്റെ ശേഖരത്തിലെ മഹാഭാരതം ചിട്ടയായി വായിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം അതിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളും വായിച്ചു തീർത്തു.
ഞാൻ ഋതുമതിയായ വിവരമറിഞ്ഞ വല്യമാമൻ എനിക്ക് മനുഷ്യ ശരീരത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അറിവുകൾ സ്വായത്തമാക്കുവാൻ ഇന്റർനെറ്റില്ലാത്ത അക്കാലത്തെ ഈ വായനകൾ സഹായിച്ചു. വല്യമാമന് സംസ്കൃതം നല്ല വശമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിന് സംസ്കൃത വ്യാകരണം പറ്റിയതാണെന്നറിഞ്ഞപ്പോൾ ഒരു സംസ്കൃത വ്യാകരണ ഗ്രന്ഥം അദ്ദേഹം എനിക്ക് സമ്മാനിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്വയo പുസ്തകങ്ങളുo മാഗസിനുകളും തിരഞ്ഞെടുക്കാൻ തുടങ്ങി. അച്ഛൻ ബാലരമ, പൂമ്പാറ്റ, ഭാഷാപോഷിണി എന്നിവ വരുത്തുമായിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്ത് കോമ്പറ്റീഷൻ സക്സസ് റിവ്യൂ വായിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ ബാലരമ എന്റെ കൈയ്യിലേയ്ക്ക് വച്ചു തന്നപ്പോൾ ഞാൻ അച്ഛന് കോമ്പറ്റീഷൻ സക്സസ് റിവ്യൂ കാട്ടിക്കൊടുത്തു. അപ്പോഴാണ് അച്ഛന് മകൾ വളർന്നു എന്ന് തോന്നിയത് എന്നെനിയ്ക്ക് തോന്നി. അച്ഛനമ്മമാർ അങ്ങനെയാണ്. മക്കൾ അവർക്കെന്നും കുട്ടികളാണ്. അമ്മയുടെ ബജറ്റ് പലപ്പോഴും താളം തെററിയത് എന്റെ പുസ്തകം വാങ്ങുന്ന സ്വഭാവം കൊണ്ടാണ്. വല്യമാമന് സ്ട്രോക്ക് വരുന്നതിന് ഒരു മാസം മുമ്പ് ഞാനും അനുജത്തിയും കൂടി വല്യമാമനെ കാണാൻ പോയപ്പോൾ ശ്രീ നാരായണ ഗുരുവെഴുതിയ “ശ്രീമത് ശങ്കര ” എന്ന് തുടങ്ങുന്ന ശ്ലോകം ഞങ്ങളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിരുന്നു. “ആത്മോപദേശ ശതകവും” അദ്ദേഹം ഇതുപോലെ വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിട്ടുണ്ട്.
ഞാൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോളേജ് ലൈബ്രറിയിലേയും കൊല്ലം പബ്ലിക് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഹോമർ , പി.വത്സല, ഒ എൻ.വി , തകഴി , ജി ശങ്കര കുറുപ്പ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചത് അവിടെ നിന്നാണ്. കൊല്ലം പബ്ലിക് ലൈബ്രറിയിലെ അന്നത്തെ ലൈബ്രറേറിയൻ ഒരല്പം കർക്കശ സ്വഭാവമുള്ളയാളായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ബുക്ക് ഷെൽഫുകളുടെ സ്ഥാനം മാറ്റി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം അതേ സ്ഥാനത്ത് നമ്മൾ ഉദ്ദേശിച്ച പുസ്തകം തിരഞ്ഞാൽ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ ഭരണ പരിഷ്കാരത്തെ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരമെന്ന് ചിലർ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ലൈബ്രറി നിശബ്ദവും വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഈ ഭരണ പരിഷ്കാരം ആളുകൾ പുസ്തകങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഞങ്ങളുടെ കോളേജിലെ ഒരു ഹിന്ദി പ്രൊഫസറായിരുന്നു എന്നെ ആ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇൻട്രൊഡ്യൂസ് ചെയ്തത്. എ ക്ലാസ്സ് മെമ്പർഷിപ്പുണ്ടായിരുന്ന എനിക്ക് മൂന്ന് പുസ്തകങ്ങൾ എടുക്കാമായിരുന്നു.
കോഴിക്കോട് ആർ ഇ സി യിലെ ലൈബ്രറി വളരെ വല്യ ലൈബ്രറി ആയിരുന്നു. പഠനം സാങ്കേതിക തയിലേയ്ക്ക് വഴിമാറിയപ്പോൾ വായനയും ആ വഴിക്കായി. തൃശൂരിലെ മാള പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനും അഞ്ചുവും കൂടി അതിനടുത്ത ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു. സിഡ്നി ഷിൽസന്റെ നോവലുകൾ വായിച്ചത് ആ സമയത്താണ്. പല ഹോസ്റ്റലുകളിലും താമസിച്ചിട്ടുള്ളപ്പോൾ റും മേറ്റ്സ് വായിക്കാനായി കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.
ജോലി സ്ഥലത്ത് പല പ്രസാധകരുടെ ഏജന്റുമാരും പുസ്തകവുമായി വരുമ്പോഴും ടെയിനിൽ യാത്ര ചെയ്യുമ്പോഴും ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയൊരിക്കൽ മാവേലിക്കരയിൽ ജോലി ചെയ്യുമ്പോൾ പുസ്തകം കൊണ്ടുവന്നയാളിൽ നിന്നും അധ്യാപകർ വ്യത്യസ്തമായ പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വാങ്ങുമ്പോൾ കൈമാറി വായിക്കാമല്ലോ? അന്ന് കണക്ക് അധ്യാപകനായ ഹാരിസ് സാർ വാങ്ങിയത് ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ “അഗ്നി ചിറകുകൾ ” ആയിരുന്നു. ഞാൻ ഹാരിസ് സാറിനോട് ആ പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് വായിക്കാൻ തരണേയെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അല്പം ഡിപ്രഷൻ ഉണ്ടായിരുന്നു. അവിടത്തെ സഹപ്രവർത്തകൾ അദ്ദേഹത്തിന്റെ ഡിപ്രഷൻ മാറ്റാനായി കോളേജ് സമയം കഴിഞ്ഞ് സാറിനേയും കൂട്ടി പന്തുകളിയ്ക്കുമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹാരിസ് സാറിന് ആറ്റിങ്ങലേയ്ക്ക് ട്രാൻസ്ഫർ ആയി. പോകാൻ നേരം ” അഗ്നി ചിറകുകൾ” എനിക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. കുറേ നാൾ കഴിഞ്ഞ് ഹാരിസ് സാറിന്റെ ആത്മഹത്യാ വാർത്തയാണ് ഞങ്ങൾ അറിയുന്നത്. അഗ്നി ചിറകുകളെ കുറിച്ച് ഓർക്കുമ്പോഴോ കേൾക്കുമ്പോഴോ ഹാരിസ് സാറിനേയും ഓർമ്മ വരും.
അതുപോലെ തന്നെയാണ് ഡിഗ്രിയ്ക്ക് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഉഷ. കുമാരനാശാന്റെ ലീല എനിയ്ക്ക് സമ്മാനിച്ചത് ഉഷയാണ്. ഉഷയും ആത്മഹത്യ ചെയ്തിട്ട് കാലമേറെയായി.
ചിലർ പുസ്തകങ്ങൾ വാങ്ങിയാൽ തിരികെ കൊടുക്കാത്തവരാകും. തിരികെ കൊടുക്കേണ്ടവ തിരികെ കൊടുക്കണമെന്ന നിലപാടിലാണ് ഞാൻ. എൻട്രൻസ് പരീക്ഷയെഴുതുന്ന സമയത്ത് പരവൂരിലെ വല്യച്ഛന്റെ മകളും കോളേജ് അധ്യാപികയുമായ സത് ലജ് ചേച്ചിയുടെ അടുത്ത് ചെന്ന് കെമിസ്ട്രി സംശയ നിവാരണം ഞാൻ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി എനിക്ക് കുറച്ച് കെമിസ്ട്രി പുസ്തകങ്ങൾ തന്നു. ചേച്ചി ഒരു കണ്ടീഷനേ വച്ചുള്ളൂ. പുസ്തകങ്ങൾ തിരികെ കൊടുക്കണം. ഞാൻ പഠിച്ച ശേഷം പുസ്തകങ്ങൾ തിരികെ കൊടുക്കുകയും ചെയ്തു. രഘു മാമനും അതു പോലെ ഒരു ഫിസിക്സ് പുസ്തകം തന്നിട്ടുണ്ടായിരുന്നു. അതും പഠിച്ച ശേഷം തിരികെ കൊടുത്തു. ഇതെല്ലാം പാഠപുസ്തകത്തിനുപരിയായുള്ള വായനയ്ക്ക് ഇടയാക്കിയിരുന്നു.
ചില പ്രസാധകരും പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ഈയിടെ ലഭിച്ച പുസ്തകങ്ങളാണ് ശ്രീ എം മുകുന്ദന്റെ ” തട്ടാത്തി പെണ്ണിന്റെ കല്യാണം” ശ്രീ ചന്ദ്ര പ്രകാശിന്റെ ” പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ” എന്നിവ . എന്റെ അധ്യാപകനായിരുന്ന ഡയറ്റ് പ്രിൻസിപ്പാളായി പെൻഷൻ പറ്റിയ ഡോ. പ്രസന്നകുമാർ സാറിന്റെ ” ഗാന്ധിജിയും പരിസ്ഥിതിയും” എന്ന പുസ്തകവും ഈയിടെ വായിച്ചിരുന്നു.
നല്ല പുസ്തകങ്ങൾ എന്നും നല്ല കൂട്ടുകാരെപ്പോലെയാണ്. നമ്മുടെ ജീവിതത്തെ നേർവഴിയ്ക്ക് നയിക്കാനും പ്രചോദിപ്പിക്കാനും അവ ഉതകും. സ്വീകരിച്ചാൽ മാത്രം പോരല്ലോ കൊടുക്കുകയും വേണ്ടേ. എന്റെ വല്യമാമന് ഞാൻ രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി നൽകി. അതിലൊന്ന് ഡോ. ബി. ഇക്ബാൽ എഴുതിയ 21-)o നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തേയും ആരോഗ്യത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായിരുന്നു. ഒരിക്കൽ ഞാൻ പെരേരയുടെ “28 ദിവസത്തിനുള്ളിൽ വിജയം “എന്ന പുസ്തകം വാങ്ങിയിരുന്നു. ആ 38 രൂപയ്ക്ക് വാങ്ങിച്ച ആ പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അക്കാലത്ത് ഞാൻ 38000 രൂപ അധിക വരുമാനം ഉണ്ടാക്കിയിരുന്നു. ഏകദേശം അക്കാലത്തെ 6 പവന്റെ തുക. പിന്നീട് ആ പുസ്തകം ഞാൻ എന്റെ പ്രിയ ശിഷ്യൻ അരുണിന് സമ്മാനിക്കുകയായിരുന്നു. പ്രതിപാദ്യ വിഷയമനുസരിച്ച് വായന നമ്മെ പല ലോകത്തേയ്ക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും. വായനയുടെ ലോകത്ത് ഞാനിന്നും ഒരു ശിശു മാത്രമാണ്. ഇനിയും എത്രയോ വായിക്കാനിരിയ്ക്കുന്നു. വായിക്കാത്ത ലോകം ശ്രീ നാലാപ്പാട് നാരായണ മേനോൻ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ അനന്തം അജ്ഞാതം അവർണ്ണനീയം….” നിങ്ങൾക്ക് എല്ലാ പേർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
സ്വന്തം ലേഖകൻ
ലണ്ടൻ : പൊതുജനങ്ങളെ കബളിപ്പിക്കുന്ന എൻഎച്ച്‌എസ് കോൺടാക്റ്റ് ട്രേസറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സർക്കാർ മുന്നറിയിപ്പ്. കോൺടാക്റ്റ് ട്രേസറുകൾ എന്ന വ്യാജേന നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായി പരാതി ലഭിച്ചു. കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകളുടെ ചെലവ് നികത്താൻ പണം ആവശ്യപ്പെടുന്ന വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്‌പ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഹാംഷെയർ, ബാത്ത്, നോർത്ത് ഈസ്റ്റ് സോമർസെറ്റ്, ബോർൺമൗത്ത്, ക്രൈസ്റ്റ്ചർച്ച്, പൂൾ എന്നീ കൗൺസിലുകൾ ഇവയിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ട്രേസറുകൾ ഒരിക്കലും പണം ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാസം അവസാനം ടെസ്റ്റ് ആന്റ് ട്രേസ് സിസ്റ്റം പുറത്തിറക്കിയത്. കോവിഡ് -19 സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയവരെ കോൺടാക്റ്റ് ട്രേസറുകൾ ബന്ധപ്പെടുന്നു. എന്നാൽ കോൺടാക്റ്റ് ട്രേസറുകൾ എന്ന പേരിൽ നിരവധി ആളുകൾ ഇപ്പോൾ തട്ടിപ്പു നടത്തുന്നുണ്ട്.
യഥാർത്ഥ കോൺടാക്ട് ട്രേസർമാർ ഒരിക്കലും നിങ്ങളോട് പ്രീമിയം റേറ്റ് നമ്പർ ഡയൽ ചെയ്യുവാൻ ആവശ്യപ്പെടില്ല. (09 ലോ 087 ലോ തുടങ്ങുന്ന നമ്പറുകൾ ) ഏതെങ്കിലും തരത്തിലുള്ള പണമടയ്ക്കൽ നടത്താൻ ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല, പാസ്സ്‌വേർഡുകളോ പിൻകോഡുകളോ ആവശ്യപ്പെടില്ല, ഒരിക്കലും ഒരു ഉത്പന്നം വാങ്ങാൻ നിങ്ങളോട് പറയില്ല, ഒപ്പം സർക്കാരിനോ എൻഎച്ച്‌എസിനോ പങ്കില്ലാത്ത ഏതെങ്കിലും വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുകയുമില്ല. അതിനാൽ തന്നെ വ്യാജ കോളുകൾക്കും സന്ദേശങ്ങൾക്കും എതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കൊറോണ വൈറസ്-ട്രേസിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന രീതി സർക്കാർ ഉപേക്ഷിച്ചു. ആപ്പിൾ – ഗൂഗിൾ മോഡൽ ആവും ഓഗസ്റ്റ് മുതൽ രാജ്യത്ത് പ്രവർത്തിക്കുക. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ആപ്പിൾ – ഗൂഗിൾ മോഡൽ പുറത്തിറങ്ങുക. എന്നാൽ മാറ്റ് ഹാൻകോക്ക് പ്രഖ്യാപിച്ച കോൺടാക്റ്റ്-ട്രേസിംഗ് ആപ്പിന്റെ “ഹൈബ്രിഡ്” പതിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ആപ്പിൾ പറഞ്ഞു. അവകാശവാദങ്ങൾ മനസിലാക്കാൻ പ്രയാസമാണെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. ആപ്പിളുമായും ഗൂഗിളുമായും ചേർന്ന് സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞത്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയുടെ കൊറോണ വൈറസ് അലേർട്ട് ലെവൽ നാലിൽ നിന്ന് മൂന്നായി കുറച്ചു. ലോക്ക്ഡൗണിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കുന്നതിനുള്ള നടപടിയാണിത്. പുതിയ രോഗികൾ, ആശുപത്രി പ്രവേശനങ്ങൾ, മരണങ്ങൾ എന്നിവ ഗണ്യമായി കുറഞ്ഞിരുന്നു. പുതിയ ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ ഈ മാറ്റം ശുപാർശ ചെയ്യുകയും ക്രിസ് വിറ്റി ഉൾപ്പെടെ യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ അംഗീകരിക്കുകയും ചെയ്തു. അടുത്തയാഴ്ച തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് അധികൃതർ പറഞ്ഞു. വീണ്ടും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്ന പബ്ബുകളെയും മറ്റും സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പ്രത്യേക നിയമനിർമ്മാണം നടത്തുന്നുണ്ട്. അടുത്ത മാസം തന്നെ രണ്ട് മീറ്റർ അകലത്തിൽ മാറ്റം വരുമെന്നും അതിനാൽ കൂടുതൽ ബിസിനസുകൾ ആരംഭിക്കാമെന്നും ജോൺസൺ ശക്തമായ സൂചന നൽകി.
കൊറോണ വൈറസ് അലേർട്ട് ലെവൽ കുറച്ചതിനുശേഷം രണ്ട് മീറ്റർ അകലം പാലിക്കൽ നിയമം ഒരു മീറ്ററായി കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മറ്റ് മുൻകരുതലുകൾ നിലവിലുണ്ടെങ്കിൽ നിയന്ത്രണത്തിൽ അയവുവരുത്തുവാൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കെട്ടിടങ്ങൾ ശരിയായ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക, മാസ്കുകളുടെ ഉപയോഗം അല്ലെങ്കിൽ ആളുകൾ പരസ്പരം അടുത്തിരിക്കുന്ന ഇടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കുക തുടങ്ങിയ മുൻകരുതലുകൾ ഇതിൽ ഉൾപ്പെടുന്നു. ഇനിയും പ്രാദേശിക ലോക്ക്ഡൗൺ ആവും രാജ്യത്ത് നടപ്പിലാകുക എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. അലേർട്ട് ലെവൽ കുറച്ചതിൽ താൻ സന്തോഷവാനാണെന്നും ഹാൻകോക്ക് അറിയിച്ചു.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ വിദ്യാർത്ഥികളും സെപ്റ്റംബർ മുതൽ സ്കൂളിലേക്ക് മടങ്ങിയെത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും സ്കൂളിലേക്ക് തിരികെകൊണ്ടുവരുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസം ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒരു മില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് സമയത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിച്ച്, ക്ലാസുകളിൽ 15 വിദ്യാർത്ഥികളെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സെപ്റ്റംബർ മുതൽ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണെന്ന് വില്യംസൺ പറഞ്ഞു. 30 കുട്ടികൾക്ക് വരെ ഒരു സമയം ക്ലാസ്സിൽ ഇരിക്കുവാനുള്ള രീതിയിലേക്ക് ക്രമീകരിക്കും. എന്നാൽ നിർദേശങ്ങൾ ആലോചിച്ചിട്ടില്ലെന്ന് അധ്യാപക യൂണിയനുകൾ പറഞ്ഞു. “ഒരു ക്ലാസ് മുറിയിൽ 30 കുട്ടികളുണ്ടെങ്കിൽ സാമൂഹിക അകലം പാലിക്കാനാവില്ല.” നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ (എൻയുയു) ജോയിന്റ് ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി അസോസിയേഷന് പ്രത്യേക പരാമർശം. കൊറോണ കാലത്തിനിടയിൽ സമൂഹത്തിലെ ദുർബലരായ ആളുകൾക്കു സഹായം നൽകിയതിനാലാണ് ഈസ്റ്റ് ഹാമിന്റെ എംപി സ്റ്റീഫൻ ടിംസ് മലയാളി അസോസിയേഷന് നന്ദി പറഞ്ഞത്. “പൊതു ഫണ്ടുകളിലേക്ക് യാതൊരു സഹായവും നൽകരുത്” എന്ന വ്യവസ്ഥ താൽക്കാലികമായി പിൻവലിക്കണമെന്ന് സ്റ്റീഫൻ ടിംസ് എംപി ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദുർബലരായ എല്ലാ വ്യക്തികളും പിന്തുണ ലഭിക്കുവാൻ അർഹതയുള്ളവരാണ്. താത്കാലിക ഇമിഗ്രേഷൻ സ്റ്റാറ്റസിൽ രാജ്യത്ത് കഴിയുന്നവർക്ക് ബാധകമായ അവസ്ഥയാണ് നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ട്‌സ് (എൻആർപിഎഫ്). യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെ ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുകയില്ല. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരെ കൊറോണ വൈറസ് എങ്ങനെ ബാധിക്കുമെന്നുള്ള ചർച്ചയ്ക്കിടെ സ്റ്റീഫൻ ടിംസ് എംപി ഈ ജനങ്ങളുടെ ദുരവസ്ഥ എടുത്തുകാട്ടി.
ഏകദേശം 10 ലക്ഷത്തോളം ആളുകൾക്ക് സാർവത്രിക ക്രെഡിറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഈ അവസ്ഥ ഒഴിവാക്കുന്നതിന് ഒരു അപേക്ഷ നൽകാൻ വെബ്സൈറ്റിൽ ഫോം ഉണ്ടെങ്കിലും മറുപടി ലഭിക്കാൻ ഏകദേശം രണ്ട് മാസം സമയമെടുക്കും. ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് ഇത് പ്രായോഗികമായ നടപടിയല്ല. അതിനാൽ തന്നെ കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഇത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുർബലരായ ആളുകളെ സഹായിക്കുന്നതിനുള്ള പരിശ്രമത്തിനും സംഭാവനയ്ക്കും യുകെയിലെ മലയാളി അസോസിയേഷൻ, തമിഴ് സംഘം, ഇബ്രാഹിം മോസ്ക് തുടങ്ങിയ സംഘടനകൾക്ക് ടിംസ് നന്ദി പറഞ്ഞു.
പകർച്ചവ്യാധിയുടെ സമയത്ത് മലയാളി അസോസിയേഷൻ സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചകളിൽ പാകം ചെയ്യാത്ത ഭക്ഷണവും വെള്ളിയാഴ്ച്ചകളിൽ പാകം ചെയ്ത ഭക്ഷണവും അടങ്ങിയ കിറ്റുകൾ അവർ വിതരണം ചെയ്തിരുന്നു. ബിബിസി ഉൾപ്പെടെയുള്ള ചാനലുകളിൽ മലയാളി അസോസിയേഷന്റെ ഈ പ്രവർത്തനം വാർത്തയായി വന്നു. എൻആർപിഎഫ് വ്യവസ്ഥ നീക്കംചെയ്യണമെന്ന് കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷനും അഭ്യർത്ഥിച്ചു. എൻആർപിഎഫ് അവസ്ഥയിലുള്ള ധാരാളം ആളുകൾ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് പകർച്ചവ്യാധിയുടെ സമയത്ത് പിന്തുണയ്ക്കായി കൗൺസിലുകളെ സമീപിച്ചിരുന്നു. എൻആർപിഎഫ് വ്യവസ്ഥ താൽക്കാലികമായി നിർത്തിവച്ചാൽ ആളുകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ അക്സസ്സ് ചെയ്യാൻ കഴിയും. അതിനാൽ തന്നെ അവർക്ക് ഭവനരഹിതരായി കഴിയേണ്ടി വരില്ല.
സ്വന്തം ലേഖകൻ
ലെസ്റ്റർ സിറ്റി : ലെസ്റ്ററിലും വെസ്റ്റ് യോർക്ക്ഷെയറിലും കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ലെസ്റ്ററിൽ സ്ഥിരീകരിച്ച 2,494 കോവിഡ് കേസുകളിൽ 25% കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതേസമയം, അസ്ഡ സ്റ്റോറുകളുടെ വിതരണക്കാരായ വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിക്കടുത്തുള്ള ക്ലെക്ക്ഹീറ്റനിലെ കോബർ ഫാക്ടറിയിൽ നിരവധി കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലെസ്റ്ററിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 658 കേസുകളാണ്. സംഖ്യ താരതമ്യേന ചെറുതാണെന്നും എന്നാൽ ആശങ്കയുണ്ടെന്നും ലെസ്റ്റർ സിറ്റി കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഇവാൻ ബ്രൗൺ പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗം പൊട്ടിപുറപ്പെട്ടതിനെത്തുടർന്ന് വെസ്റ്റ് യോർക്ക്ഷെയറിലെ ഇറച്ചി സംസ്കരണ പ്ലാന്റ് താൽക്കാലികമായി അടയ്ക്കുകയാണെന്ന് വ്യാഴാഴ്ച വൈകുന്നേരം അസ്ഡ അറിയിച്ചു.
“കോബർ സൈറ്റിലെ ജോലിക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചയുടനെ പ്രാദേശിക അതോറിറ്റിയുമായും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായും സഹകരിച്ച് എല്ലാ ജോലിക്കാരെയും ഞങ്ങൾ പരിശോധിക്കുകയുണ്ടായി. രോഗബാധിതരെ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രക്ഷേപണം തടയുന്നതിനുമായി സൈറ്റ് അടച്ചിരിക്കുകയാണ്. ” പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു. ക്ലെക്ക്ഹീറ്റനിലെ ഇറച്ചി സംസ്കരണ പ്ലാന്റ് ഉൾപ്പെടുന്ന ബാറ്റ്‌ലി ആന്റ് സ്‌പെന്റെ എംപിയായ ട്രേസി ബ്രാബിൻ, രോഗം പൊട്ടിപുറപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്ന് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ട ഉടനെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച പ്രാദേശിക അധികാരികളെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും ഹാൻകോക്ക് പ്രശംസിച്ചു.
കഴിഞ്ഞ ദിവസം വെയിൽസിലെ രണ്ട് ഫുഡ് പ്രോസസ്സിംഗ് പ്ലാന്റുകളിലെ തൊഴിലാളികൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തണുത്തതും നനഞ്ഞതുമായ അന്തരീക്ഷത്തിൽ കൊറോണ വൈറസ് അതിവേഗം വ്യാപിക്കും. ഇതാണ് ഇറച്ചി ഫാക്ടറികളിൽ രോഗം പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. തിരക്കേറിയ ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുവാനും കഴിയുന്നില്ല. വൈറസിന് നിലനിൽക്കാനും അതിവേഗം വ്യാപിക്കുവാനും അനുയോജ്യമായ ഇടങ്ങളാണ് ഇറച്ചി സംസ്കരണ പ്ലാന്റുകൾ എന്ന് ലിവർപൂൾ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനും സർക്കാരിന്റെ ഉപദേശകനുമായ പ്രൊഫ. കലം സെംമ്പിൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ലോകത്തിലെ ഏറ്റവും മികച്ച പത്ത് യുവപ്രതിഭകളുടെ കൂട്ടത്തിലേക്ക് ചേക്കേറാൻ യുകെ മലയാളിയും. ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) സ്പോൺസർ ചെയ്യുന്ന ജെസിഐ TOYP (Ten Outstanding Young Persons of the World) വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന 40 വയസ്സിനു താഴെയുള്ള 10 പേരെ തിരഞ്ഞെടുക്കുകയാണ്. ഇതിന്റെ ആദ്യ ഇരുപതിലാണ് യുകെ പ്രവാസി മലയാളിയായ പ്ലാസ്റ്റിക് സർജൻ ഡോ. ജജിനി വർഗീസ് ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർക്കാവും പുരസ്‌കാരം നൽകുക. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ഒരു അന്താരാഷ്ട്ര ജഡ്ജിങ് പാനൽ മികച്ച 10 യുവപ്രതിഭകളെ തിരഞ്ഞെടുക്കും.
ഡോ. ജജിനി വർഗീസ്
കേരളത്തിലെ ഹരിപ്പാട്, മറ്റം സ്വദേശിനിയായ ഡോ. ജജിനി കുവൈറ്റിൽ ആണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജോർജ് വർഗീസ് – മറിയാമ്മ വർഗീസ് ദമ്പതികളുടെ മകളാണ് ജജിനി. ജെറി വർഗീസും ജെസ്വിൻ വർഗീസും സഹോദരങ്ങളാണ്. ജെറി അമേരിക്കയിലും ജെസ്വിൻ കുവൈറ്റ് എയർവേയ്‌സിൽ ജോലി ചെയ്യുന്നു. ഇരുവരും ഏറോനോട്ടിക്കൽ എഞ്ചിനീയർമാരാണ്. ഡോക്ടർ ആയ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ലണ്ടനിലാണ് ജജിനി ഇപ്പോൾ താമസിക്കുന്നത്.
ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് ആദ്യ പത്തിലേക്ക് എത്തിയാലാണ് പുരസ്‌കാരം ലഭിക്കുക. അതിനാൽ തന്നെ ഓരോ വോട്ടും നിർണായകമാണ്. ജജിനി വർഗീസിന്റെ ഈ നേട്ടം ഓരോ പ്രവാസി മലയാളിയ്ക്കും അഭിമാനം പകരുന്നു. ഡോ. ജജിനി വർഗീസിന് വോട്ട് രേഖപ്പെടുത്തുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. വോട്ടെടുപ്പ് 2020 ജൂൺ 22 തിങ്കളാഴ്ച അവസാനിക്കും.
https://toyp.jci.cc/
മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്
പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .
രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക് കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.
നീനുമോൾ
കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ് യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.
ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.
നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- മികച്ച സേവനങ്ങൾക്ക് ബ്രിട്ടീഷ് എമ്പയർ മെഡലിന് അർഹയായ നേഴ്സ് നെയോമി ബെന്നെറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 2019-ൽ തനിക്കെതിരെ നടന്നത് വംശീയ അധിക്ഷേപം എന്ന് ആരോപിച്ചാണ് നെയോമി രംഗത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ്സിലെ നിറം അമിതമാണ് എന്നാരോപിച്ചാണ് നെയോമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ പോലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യുന്നത് തടസ്സമുണ്ടാക്കി എന്ന ആരോപണവും പിന്നീട് നെയോമിക്കെതിരെ ചേർക്കപ്പെട്ടു. തന്നെ വളരെ മനുഷ്യത്വരഹിതമായാണ് കാറിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതെന്ന് നെയോമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിറത്തിന്റെ പേരിലാണ് തന്നോട് ഇത്രയും അപമര്യാദയായി പെരുമാറിയതെന്നും, ഒരു വെള്ളക്കാരനാണ് ആ കാറിലുണ്ടായിരുന്നതെങ്കിൽ ഇത് ആയിരിക്കുകയില്ല പോലീസിന്റെ സമീപനമെന്നും നെയോമി ആരോപിക്കുന്നു.
കാറിൽ നിയമവിരുദ്ധമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും, മനഃപ്പൂർവമായി നെയോമിയെ പിടിച്ചു വയ്ക്കുകയായിരുന്നു. ഇത് തനിക്ക് മാത്രമല്ല, നിരവധി കറുത്തവർഗക്കാർ ദിവസവും നേരിടുന്ന പ്രശ്നമാണെന്ന് നെയോമി വ്യക്തമാക്കുന്നു. താൻ ആ രാത്രിയിൽ അനുഭവിച്ച വേദനയും ഭയവും വിവരിക്കാവുന്നതിലുമപ്പുറമാണ്. ഇതിനെതിരെ ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് നെയോമി.
ആളുകളുടെ നിറം അനുസരിച്ചാണ് പോലീസുകാരുടെ പെരുമാറ്റമെന്നും, ഇത് ഒരുതരത്തിലും അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന് നെയോമി പറയുന്നു. ജനങ്ങളുടെ അവകാശങ്ങൾ തുല്യമാണെന്നും അത് തുല്യമായി പാലിക്കപ്പെടേണ്ടതാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെയോമി വ്യക്തമാക്കി.