Main News

ബോൾട്ടൺ: ഈ കഴിഞ്ഞ ജൂലൈ പതിനാലാം തിയതി ബോൾട്ടണിൽ മരണമടഞ്ഞ എവ്‌ലിന്‍ ചാക്കോയ്ക്ക് (17)  ഹൃദയം തകർന്ന കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും,  യുകെ മലയാളികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഒരുപക്ഷെ വീഡിയോ കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകന്ന നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് മൃതസംസ്‌കാരചടങ്ങുകൾ മുൻപോട്ട് നീങ്ങിയത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാവിലെ പത്തരയോടെ എവ്‌ലിന്‍ ചാക്കോയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിലക്കുന്നതിനാൽ കുടുംബാംഗങ്ങള്‍ ഒഴികെ പുറത്തു നിന്ന് ആര്‍ക്കും വീട്ടിൽ വരുവാൻ അനുവാദമില്ലായിരുന്നു. തുടർ കർമ്മൾക്കായി പത്തേമുക്കാലോടെ ഫ്യൂണറൽ ഡിറക്റ്റേഴ്സ് എവ്‌ലിന്‍ ചാക്കോയുടെ ഭൌതികദേഹം  പള്ളിയിലെത്തിച്ചു.11 മണിയോടെ ഔര്‍ ലേഡ് ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ ഇടവക വികാരിയായ ഫാ. ഫാന്‍സുവായുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കമായി. അധികം വൈകാതെ ഗ്രേറ്റ് ബ്രിട്ടൺസീറോ മലബാർ സഭയുടെ റീജിണൽ കോ ഓർഡിനേറ്റർ ആയ അഞ്ചാനിക്കൽ അച്ചനും എത്തിചേർന്നു സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും പുരോഹിതര്‍ക്കും ഉൾപ്പെടെ 30 പേർക്ക് മാത്രമാണ് പള്ളിയിൽ ഇരുന്ന് ചടങ്ങിൽ പങ്കെടുക്കുവാൻ അനുവദിച്ചിരുന്നത്.

എങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലം പള്ളിയില്‍ പാലിച്ചു പള്ളിയിലേക്ക് ഇംഗ്ലീഷുകാരും സഹപാഠികളും സുഹൃത്തുക്കളും മലയാളികളും അകാലത്തിൽ പൊഴിഞ്ഞ അവരുടെ പ്രിയപ്പെട്ട എവ്‌ലിന്‍ ചാക്കോയെ അവസാനമായി യാത്രയാക്കാൻ എത്തിച്ചേർന്നു. പലരുടെയും കണ്ണുകൾ നിറകണ്ണുകളായി മാറിയത് വളരെ പെട്ടെന്ന്‌.11.50 ആയതോടെ  സംസ്ക്കാര ചടങ്ങുകളുടെ ആദ്യഭാഗം പൂർത്തിയായി . തുടന്ന് പരേതയായ എവ്‌ലിന്‍ ചാക്കോയെക്കുറിച്ചുള്ള കൂട്ടുകാരുടെ വികാരപരമായ ഓർമ്മക്കുറിപ്പുകൾ പള്ളിയങ്കണത്തിലെ ദുഃഖത്തെ വർദ്ധിപ്പിക്കുകയായിരുന്നു.

തുടർന്ന് മറുപടി പ്രസംഗത്തിന് എത്തിയത് പരേതയായ എവ്‌ലിന്‍ ചാക്കോയുടെ  ഒരേയൊരു സഹോദരിയായ അഷ്‌ലിൻ ആയിരുന്നു. അതുവരെ കണ്ണീർ വാർത്തു കരഞ്ഞ അമ്മയെ മുറുകെ പിടിച്ചു സമാധാനിപ്പിച്ചിരുന്ന അഷ്‌ലിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഞങ്ങളുടെ വീട്ടിലെ വെളിച്ചമാണ് ഇല്ലാതായതെന്നും മറ്റുള്ളവരുടെ വിഷമ ഘട്ടങ്ങളിൽ എല്ലാവരെയും ആശ്വസിപ്പിച്ചിരുന്ന എന്റെ അനുജത്തി, അവളുടെ വിഷമങ്ങൾ ഞാൻ അറിയാതെ പോയി എന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ വാവിട്ടു കരഞ്ഞ അഷ്‌ലിന്റെ വാക്കുകൾ കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുക മാത്രമല്ല മറിച്ച് ഹൃദയം പിളർക്കുകയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും വളർത്തിയെടുക്കാൻ പപ്പയും മമ്മിയും അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ചപ്പോൾ… 12.15 ടെ ചടങ്ങുകളുടെ അവസാനഭാഗത്തേക്ക്… അന്ത്യചുംബന രംഗങ്ങൾ ഏതൊരു മനുഷ്യനും കണ്ട് നിൽക്കാൻ സാധിക്കാത്ത വികാരപരമായ കാഴ്ചകൾ… പ്രവാസിയായി വേദനയും ബുദ്ധിമുട്ടുകളും പേറി വളത്തിയെടുത്ത പെറ്റമ്മയുടെ ദുഃഖം…. വേദനയിൽ പിടിച്ചുനിന്ന പിതാവായ ചാക്കോയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ടു… എല്ലാവരും ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും പരാജയമടയുന്നു. ചേതനയറ്റ മോളുടെ മൃതുദേഹമടങ്ങുന്ന പെട്ടിയിൽ മുറുകെ പിടിക്കുന്ന ഒരു പെറ്റമ്മയുടെ വേദന… ഒരാൾക്കും ഈ അവസ്ഥ നൽകരുതേയെന്ന് പ്രാർത്ഥിക്കുന്ന, അറിയാതെ പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ…

തുടന്ന് സെമിത്തേരിയില്‍ 1.45ന് കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചതെങ്കിലും ഒന്നരയോടെ എത്തിച്ചേരുകയായിരുന്നു. തുടന്ന് പതിനഞ്ച്മിനിറ്റുകൊണ്ട് കർമ്മങ്ങൾ പൂർത്തിയാക്കി. ശുശ്രൂഷകള്‍ ലൈവ് സംപ്രേക്ഷണം ചെയ്‌തത്‌ പങ്കെടുക്കാൻ സാധിക്കാത്ത ഒരുപാട് സുഹൃത്തുക്കൾക്കും യുകെ മലയാളികൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിച്ചു. ബ്രിട്ടനിലെ ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി സണ്ണി ചാക്കോയുടെയും നഴ്‌സായ വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (17 ) കഴിഞ്ഞ ജൂലൈ 14 ന് ആണ് മരണമടഞ്ഞത്. സഹോദരി അഷ്‌ലിൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു.  പരേത ജി സി എസ് സി വിദ്യാർത്ഥിനിയായിരുന്നു. അസുഖ ബാധിതയായി ഈവൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിന്നീട് ഈവലിൻ ചാക്കോയെ  ആശുപത്രിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  

വീഡിയോ കാണാം

[ot-video][/ot-video]

Latest news.. യുകെയിൽ നഴ്‌സായ ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങവേ ‘എനിക്ക് ശർദ്ദിക്കാൻ വരുന്നു എന്ന പറഞ്ഞ ഭർത്താവ്… ഡ്യൂട്ടി കഴിഞ്ഞു തിരികെ എത്തിയപ്പോൾ കാണുന്നത് മരിച്ചുകിടക്കുന്ന തന്റെ പങ്കാളിയെ… യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി കോട്ടയം സ്വദേശിയുടെ മരണം 

സ്വന്തം ലേഖകൻ

ലണ്ടൻ : മാർച്ചിന് ശേഷം ഇതാദ്യമായി ഇംഗ്ലണ്ടിലെ ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. കൊറോണകാലത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ശാരീരികവും മാനസികവുമായ തിരിച്ചുവരവാണ് ജിമ്മുകൾ വീണ്ടും തുറക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് ജിം-ഗോയിർ ജമെല മേ പറഞ്ഞു. സൗത്ത് വെസ്റ്റ്‌ ലണ്ടൻ ജിം തുറന്നതിന് ശേഷം ആദ്യം പ്രവേശിച്ച ആളാണ് ജമെല. എങ്കിലും പൊതുസൗകര്യങ്ങളിൽ മൂന്നിലൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീണ്ടും തുറക്കുന്ന ജിമ്മുകൾ കർശനമായ ശുചിത്വവും സാമൂഹിക വിദൂര നടപടികളും പാലിക്കണം. ജിമ്മിൽ കടക്കുന്ന ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തണം. ഈ മാസം ആദ്യം പുറപ്പെടുവിച്ച സർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് ജിമ്മുകളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. നോർത്തേൺ അയർലണ്ടിലെ ഇൻഡോർ ജിമ്മുകൾ ഈ മാസം ആദ്യം തുറന്നെങ്കിലും സ് കോട് ലൻഡിലും വെയിൽസിലും അവ അടഞ്ഞുകിടക്കുകയാണ്.

വൺ-വേ എൻട്രി, എക്സിറ്റ് സിസ്റ്റം ഉൾപ്പടെയുള്ള സുരക്ഷാ നടപടികളാണ് ഇൻഡോർ പൂളുകളിൽ സ്വീകരിച്ചിരിക്കുന്നത്. 20% ൽ താഴെയുള്ള കുളങ്ങൾ ഈ വാരാന്ത്യത്തിൽ വീണ്ടും തുറക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ നിക്കേഴ്‌സൺ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നീന്തൽകുളങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കണമെന്നും അവർ നിർദേശിച്ചു. ഈ സാഹചര്യത്തിൽ ഒരേസമയം 40 നീന്തൽക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ലിൻഡെഹാംപ്ടൺ വേവ് പൂളിന്റെ മാനേജർ പോൾ ഡഗ്ലസ്-സ്മിത്ത് പറഞ്ഞു. കോറോണകാലത്തിന് മുമ്പ് ഇത് 130 ആയിരുന്നു. അതേസമയം, കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ ജിമ്മുകളും സ്പോർട്സ് സൗകര്യങ്ങളും ല്യൂട്ടണിലും ബ്ലാക്ക്ബേണിലും വീണ്ടും തുറക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്ഥിരീകരിച്ചു.

നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടും പകർച്ചവ്യാധിക്കിടയിൽ ഒരു സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ പല സൗകര്യങ്ങളും അടയ്‌ക്കേണ്ടിവരുമെന്ന് വ്യവസായ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഇൻഡോർ ജിമ്മുകളും മറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് ഏകദേശം 305 മില്യൺ പൗണ്ട് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വിനോദ കേന്ദ്രങ്ങളും ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും മറ്റ് ഇൻഡോർ കായിക സൗകര്യങ്ങളും മാർച്ച് 21നായിരുന്നു അടച്ചത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ കടകളിലും ബാങ്കുകളിലും ടേക്ക്‌അവേകളിലും നിർബന്ധമായി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ഫേസ് മാസ്ക് നിയമങ്ങൾ സർക്കാർ പുറത്തിറക്കി. പുതിയ നിയമങ്ങൾ അനുസരിച്ച് ഷോപ്പുകൾ, ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ, പോസ്റ്റോഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ എന്നിവയിൽ ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതാണ്. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, സലൂണുകൾ, തിയേറ്ററുകൾ തുടങ്ങി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുളള വേദികളിൽ ഇവ ധരിക്കണമെന്ന് നിർബന്ധമില്ല. വൈകല്യമുള്ളവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, 11 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷിതമായി ഷോപ്പിംഗ് തുടരേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. “ഈ പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശം പിന്തുടർ‌ന്ന് വൈറസിനെതിരെ പോരാടുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കണം. ഈ മഹാമാരിയുടെ സമയത്ത് രാജ്യം സുരക്ഷിതമായി നിലനിർത്താൻ ബ്രിട്ടനിലെ ജനങ്ങൾ ചെയ്യുന്ന എല്ലാ ത്യാഗത്തിനും ഞാൻ നന്ദി പറയുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കഫെയിൽ നിന്ന് കോഫി വാങ്ങുമ്പോഴും മാസ്ക് നിർബന്ധമാണെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഫെയ്‌സ് മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. ടേക്ക്‌അവേ ഔട്ട്‌ലെറ്റുകളിൽ മാസ്ക് നിർബന്ധമാക്കുന്നതിനെ മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് ശക്തമായി എതിർത്തിരുന്നു. സാൻ‌ഡ്‌വിച്ച് ഷോപ്പിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നത് “നിർബന്ധമല്ല” എന്നും ഡൗണിംഗ് സ്ട്രീറ്റ് നിർദ്ദേശിച്ചു. പൊതുജനാരോഗ്യ പ്രശ്‌നമായതിനാൽ ആരോഗ്യ സാമൂഹ്യ പരിപാലന വകുപ്പാണ് നിയമങ്ങൾ തയ്യാറാക്കിയത്. ഇത് മന്ത്രിമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പുതിയ നിയമം ലംഘിക്കുന്ന ആളുകൾക്ക് 100 പൗണ്ട് പിഴ ഈടാക്കും. 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ടായി കുറയും. മാസ്ക് ധരിക്കുന്നത് രോഗം പടരാനുള്ള സാധ്യത കുറയ്‌ക്കുമെന്നതിൽ തെളിവുകളുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, പുതിയ നിയമങ്ങൾ തൊഴിലാളികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് യൂണിയൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഷോപ്പ് വർക്കേഴ്സ് യൂണിയൻ ഉസ്ഡാവ് ജനറൽ സെക്രട്ടറി പാഡി ലില്ലിസ്, കടകളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും സർക്കാരിൽ നിന്ന് വ്യക്തവും വിശദവുമായ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.

സ്വന്തം ലേഖകൻ

തേംസ് വാലി : പിസി ആൻഡ്രൂ ഹാർപ്പർ കൊലപാതകത്തിൽ മൂന്നു കൗമാരക്കാർ കുറ്റക്കാരാണെന്ന് കോടതി. ജെസ്സി കോൾ, ഹെൻ‌റി ലോംഗ്, ആൽബർട്ട് ബോവേഴ്സ് (എൽ‌ആർ) എന്നിവർക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച ഓൾഡ്‌ ബെയ്‌ലിയിൽ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് 19നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ കൊലപാതകം. ഒരു ക്വാഡ് ബൈക്ക് മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാർപറും സഹപ്രവർത്തകനും അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടത്. ഷിഫ്റ്റ്‌ അവസാനിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവസ്ഥലത്തെത്തിയ ഹാർപ്പറെ പ്രതികൾ കാറിന് പിന്നിൽ കയറിൽ കെട്ടിയിട്ട് ബെർക്ക്‌ഷെയറിലെ പാതയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരവും വിവേകശൂന്യവുമായ കൊലപാതകമാണ് ഇതെന്നും ജീവിതകാലം മുഴുവൻ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഹാർപ്പറിന്റെ വിധവ ലിസി വെളിപ്പെടുത്തി. കോടതിയുടെ വിധിയിൽ താൻ വളരെയധികം നിരാശയാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു ഹാർപ്പർ കൊല്ലപ്പെട്ടത്.

പോലീസ് കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നുള്ള വീഡിയോ കോടതിയിൽ കാണിക്കുകയുണ്ടായി. സഹപ്രവർത്തകനായ ആൻഡ്രൂ ഷാ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഡ്രൈവർ ഹെൻറി ലോംഗും (19) യാത്രക്കാരായ ആൽബർട്ട് ബോവേഴ്‌സും ജെസ്സി കോളും (18) കൊലപാതകം നിഷേധിച്ചിരുന്നു. പ്രതികൾ ക്വാഡ് ബൈക്ക് മോഷ്ടിച്ച കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ വിസ്താരത്തിലാണ് മൂവരും കൊലപാതകത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. “ആൻഡ്രൂവിന്റെ ജീവിതം അപഹരിക്കപ്പെട്ട രീതി ക്രൂരവും വിവരണാതീതവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നൽകിയ വിധിയിൽ ഞാൻ നിരാശയാണ്.” ലിസി കൂട്ടിച്ചേർത്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തേംസ് വാലി പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് ബ്ലെയ്ക്ക്, പിസി ഹാർപറിന്റെ മരണ രാത്രി “ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു രാത്രിയാണ്” എന്ന് പറഞ്ഞു. “ഒരു കുടുംബത്തിനും ഒരിക്കലും നേരിടേണ്ടിവരാത്ത ഒരു കാര്യത്തിലൂടെയാണ് ഹാർപ്പറിന്റെ കുടുംബം കടന്നുപോയത്. പക്ഷേ അവർ ഓരോ ഘട്ടത്തിലും അവിശ്വസനീയമായ അന്തസ്സും ധൈര്യവും പ്രകടിപ്പിച്ചു.” തേംസ് വാലി പോലീസ് ചീഫ് കോൺസ്റ്റബിൾ ജോൺ കാമ്പ്‌ബെൽ പറഞ്ഞു. പ്രണയിച്ചു കൊതിതീരും മുമ്പേ ഭൂമിയിൽ നിന്ന് അടർത്തിമാറ്റപെട്ട ഹാർപ്പറിന് മരണശേഷമെങ്കിലും ഉചിതമായ നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.

സ്വന്തം ലേഖകൻ

ലോകത്ത് ആദ്യമായി ഗ്രൈൻഡറുകൾക്കും, മറ്റ് കട്ടിംഗ് ഉപകരണങ്ങൾക്കും അഭേദ്യമായ വസ്തു വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. പ്രൊറ്റിയസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വസ്തു, സ്റ്റീലിനെക്കാളും ആറ് മടങ്ങ് ശക്തമാണ്. ഗ്രേപ്പ്ഫ്രൂട്ട്കളും, മൊളസ്ക്കുകളും ആണ് ഈ വസ്തുവിന്റെ നിർമ്മാണത്തിന് പിന്നിലെന്ന്, നിർമ്മാതാക്കളിൽ ഒരാളായ ദർഹം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോക്ടർ സ്റ്റീഫൻ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു വസ്തു നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രേപ്പ്ഫ്രൂട്ടുകൾക്ക് സുഷിരങ്ങളുള്ള, സ്പോൻഞ്ച് പോലെയുള്ള തൊലിയാണ് ഉള്ളത്. അതിനാൽ തന്നെ അത് താഴെ വീഴുമ്പോൾ, നശിച്ചു പോകുന്നതും വിരളമാണ്. ഇതേ പോലെ തന്നെയാണ് കടൽജീവികളായ മൊളസ്ക്കുകളുടെ പുറംതോടും. ഇത്തരം പുറന്തോടുകൾ ആണ് അവയെ മറ്റു ജീവികളിൽ നിന്നും സംരക്ഷിക്കുന്നത്. ഇഷ്ടികയുടെ 2000?മടങ്ങു ശക്തിയാണ് ഇത്തരം ഷെല്ലുകൾക്ക് ഉള്ളത്. ബ്രിട്ടനിൽ നിന്നും, ജർമനിയിൽ നിന്നുമായുള്ള ശാസ്ത്രജ്ഞരാണ് ഈ വസ്തു വികസിപ്പിച്ചെടുത്തത്. ഈ വസ്തു കൊണ്ട് സുരക്ഷിതമായ പൂട്ടുകളും മറ്റും നിർമ്മിക്കുവാൻ സാധിക്കും എന്നത് പ്രയോജനപ്രദമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ടെന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. കൊറോണ വൈറസ് ഇല്ലാതാവില്ലെന്നും പൊതുജനങ്ങൾ അതിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മുൻ ലേബർ പ്രധാനമന്ത്രി ടോണി ബ്ലെയർ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാലത്ത് വൈറസ് വീണ്ടും ഉയർന്നു വരുമെന്നതിനാൽ യുകെയ്ക്ക് കൂടുതൽ “കണ്ടെയ്ന്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ” ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനാൽ കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അദ്ദേഹത്തിന്റെ തിങ്ക് ടാങ്ക് ശുപാർശ ചെയ്തിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ബ്രിട്ടൻ പകർച്ചവ്യാധിയെ മറികടക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ ഈ വൈറസിനെ നിയന്ത്രണത്തിലാക്കാൻ ഇനിയും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രോഗവ്യാപനം ഉയരാതിരിക്കാൻ ഇപ്പോൾ നടപടി സ്വീകരിക്കണമെന്നും രാജ്യവ്യാപകമായി ലോക്ക്ഡൗണിലേക്ക് മടങ്ങുന്നത് സാധ്യമല്ലെന്നും ബ്ലെയർ പറഞ്ഞു. “നാം കോവിഡ് -19 നൊപ്പം ജീവിക്കാൻ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അത് ഇല്ലാതാക്കാൻ നമുക്ക് ശരിക്കും കഴിയില്ല.” അദ്ദേഹം മുന്നറിയിപ്പ് നൽകി. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പൊതുഗതാഗതത്തിൽ ജോലിചെയ്യുന്നവർ തുടങ്ങിയ പ്രധാന തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ഫേസ് ഷീൽഡുകൾ നൽകണമെന്ന് ബ്ലെയറിന്റെ തിങ്ക് ടാങ്ക് നിർദേശിച്ചു. വൈറസ് ബാധിച്ചവർക്ക് സർക്കാർ നൽകുന്ന N95 മെഡിക്കൽ മാസ്കുകൾ പ്രത്യേക നിറത്തിൽ ആയിരിക്കണമെന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ചിൽ അറിയിച്ചു.

വിപുലമായ വാക്ക്-ഇൻ സെന്ററുകളിലൂടെ ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 500,000 ടെസ്റ്റുകൾ നടത്താൻ കഴിയുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ നൂറുകണക്കിന് വാക്ക്-ഇൻ യൂണിറ്റുകൾ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ആളുകൾ ഇപ്പോഴും പരിശോധനയ്ക്കായി മുന്നോട്ട് വരുന്നില്ലെന്ന ആശങ്കയ്ക്കിടയിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ശൈത്യകാലത്തിന് മുമ്പായി സൗജന്യ ഫ്ലൂ വാക്സിനേഷൻ കൊണ്ടുവരുന്നതോടൊപ്പം ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിനായുള്ള ശൈത്യകാല ധനസഹായവും വർധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏകദേശം 30 മില്യൺ പൊതുജനങ്ങൾക്കും ഈ വർഷം ഇൻഫ്ലുവൻസ വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ വൈറസ് വ്യാപനം ഉയരുമെന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ഇൻഫ്ലുവൻസ വാക്സിൻ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ആദ്യമായി സെക്കന്ററി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാവും വാക്സിൻ നൽകുക. സ് കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരകമായതും ആശുപത്രികളിൽ ചികിത്സ ആവശ്യമായതുമായ പകർച്ചപ്പനി കോവിഡ് സമയത്ത് കൂടുതൽ ഭീഷണി ഉയർത്തും. എന്നാൽ എത്ര വലിയ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന് അറിവില്ല. കൊറോണ വൈറസ് തടയുന്നതിനുള്ള സാമൂഹിക-അകലം, ശുചിത്വ നടപടികൾ രോഗം കുറയുന്നതിന് കാരണമായേക്കുമെന്നും കരുതുന്നുണ്ട്.

കൊറോണ വൈറസ് രോഗികൾ, അവരോടൊപ്പം കഴിയുന്നവർ, ഗർഭിണികൾ, രണ്ട് വയസ്സിനു മുകളിലുള്ള പ്രീ-സ്കൂൾ കുട്ടികൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വാക്സിൻ ലഭിക്കും. 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് 65 വയസ്സിനു മുകളിലുള്ളവർക്കാവും ലഭിക്കുക. സെപ്റ്റംബറിൽ രോഗപ്രതിരോധ പദ്ധതി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികൾ മുൻനിരയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടിലെ 25 ദശലക്ഷം ആളുകൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയിരുന്നു.

“ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമാണിത്. ശൈത്യകാലത്തേക്ക് നീങ്ങുമ്പോൾ എൻ‌എച്ച്എസിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.” ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിലൂടെ പനി പകരുന്നത് തടയാനും അപകട സാധ്യത ലഘൂകരിക്കാനും കഴിയുമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. ആരോഗ്യ-പരിചരണ തൊഴിലാളികളെല്ലാം സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് തികച്ചും നിർണായകമാണ്. കഴിഞ്ഞ വർഷം 74% ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു.

സ്വന്തം ലേഖകൻ

ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ നശിപ്പിക്കുന്നതിനായി റഷ്യ, ആയുധ മാതൃകയിലുള്ള സാറ്റ്ലൈറ്റ് വികസിപ്പിച്ചതായി യുഎസും യുകെയും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മുൻപ് തന്നെ യുഎസ് റഷ്യയുടെ സാറ്റ്ലൈറ്റ് പരീക്ഷണങ്ങളെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ആദ്യമായി യുകെയും തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ പ്രവർത്തനങ്ങൾ തങ്ങളെ ബാധിക്കുകയില്ല എന്ന് ബ്രിട്ടന്റെ നിരീക്ഷണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രതികരണം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഒരു ആയുധത്തിനുള്ള എല്ലാ പ്രത്യേകതകളോടും കൂടിയാണ് പുതിയ സാറ്റ്ലൈറ്റ് റഷ്യ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് യു കെ സ്പേസ് ഡയറക്ടറേറ്റ്‌ ഹെഡ്, എയർ വൈസ് മാർഷൽ ഹാർവെയ്‌ സ്മിത്ത് പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങൾ നിലവിലുള്ള സമാധാനം തകർക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ റഷ്യ തങ്ങളുടെ പരിശ്രമത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും, അത് തികച്ചും സമാധാനപരമായി ആയിരിക്കണമെന്നുമുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്ന നൂറോളം രാജ്യങ്ങളിൽ ഉൾപ്പെട്ടവരാണ് യു എസ്, യു കെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ. ബഹിരാകാശത്തേക്ക് ഒരിക്കലും ആയുധങ്ങൾ അയക്കരുത് എന്ന നിർദ്ദേശവും ഈ കരാറിൽ ഉൾപ്പെടുന്നു.


ജൂലൈ 15 നാണ് റഷ്യയുടെ ഈ സാറ്റലൈറ്റ് പരീക്ഷണം നടന്നത്. ഈ പരീക്ഷണത്തിന് എതിരെ അമേരിക്കയും ബ്രിട്ടണും ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സ്വന്തം ലേഖകൻ

യു കെ :- പ്രശസ്തനായ അമേരിക്കൻ അഭിനേതാവ് ജോണി ഡെപ്പിനെതിരെ കോടതിയിൽ മൊഴി നൽകി മുൻഭാര്യയും, നടിയുമായ ആംബർ ഹെഡ്. ചിലപ്പോഴൊക്കെ സ്നേഹവും, കരുതലും ഉള്ള വ്യക്തിയാണെങ്കിലും, പലപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം തികച്ചും അനിയന്ത്രിതമായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടി വ്യക്തമാക്കി. സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ഗാർഹിക പീഡകനായി ജോണി ഡെപ്പിനെ ചിത്രീകരിച്ച സൺ ദിനപത്രത്തിന്റെ പബ്ലിഷർക്കെതിരെ അദ്ദേഹം കേസ് കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരി പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു വരുന്നതായും നടി ഏറ്റു പറഞ്ഞിട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകളെ പറ്റി നടി അമ്മയ്ക്ക് അയച്ച മെസ്സേജുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്. 2015 മുതൽ 2017 വരെ ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ആംബർ ഹെഡ്. അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചതിനാൽ അദ്ദേഹത്തിന്റെ പല മോശം സ്വഭാവങ്ങളും കണ്ടില്ലെന്ന് നടിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് പ്രതികരിച്ചതെന്ന് നടി പറഞ്ഞു.

എന്നാൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ എല്ലാം തന്നെ ജോണി ഡെപ്പ് നിഷേധിച്ചിട്ടുണ്ട്. തന്നെ മനഃപൂർവം കുടുക്കാൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകൾ എല്ലാം തന്നെ കൃത്രിമമായി തയ്യാറാക്കപ്പെട്ടവ ആണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സൂപ്പർമാർക്കറ്റുകൾ, ഇൻഡോർ ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഇനി മുതൽ ഫേസ് മാസ്ക് നിർബന്ധമാണ്. ഭക്ഷണവും പാനീയവും വാങ്ങുമ്പോഴും അവ ധരിച്ചിരിക്കണമെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. 11 വയസ്സിന് താഴെയുള്ള കുട്ടികൾ, ശ്വസന ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും സർക്കാർ വ്യക്തമാക്കി. എന്നിരുന്നാലും നിയമങ്ങൾ പാലിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മാർഗനിർദേശം പരിഷ്കരിക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ചില സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. ഉദാഹരണത്തിന് ബാങ്കുകളിലെ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി അവർ ആവശ്യപ്പെടുമ്പോൾ മാത്രം. കടകളിൽ ജോലി ചെയ്യുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും തൊഴിലുടമകൾക്ക് ഈ കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 ൽ നിന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച മറ്റ് ഇടങ്ങളിൽ മുഖം മൂടുന്നത് നിർബന്ധമാക്കിയിട്ടില്ല. ഈറ്റ് ഇൻ റസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രസ്സറുകൾ, ജിമ്മുകൾ, തിയേറ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 10 മുതൽ സ് കോട്ട്ലൻഡിലെ കടകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

മുഖം മറയ്ക്കുന്നതിനുള്ള ഉപദേശങ്ങൾ പോസ്റ്ററുകളിലൂടെയും മറ്റും പൊതുജനങ്ങളെ ഉത്‌ബോധിപ്പിക്കാൻ കടയുടമകളെ ഉപദേശിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോറുകളുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ലോമാൻ പറഞ്ഞു. ഇംഗ്ലണ്ടിലെയും സ് കോട്ട്‌ലൻഡിലെയും പൊതു ഗതാഗതത്തിലും വടക്കൻ അയർലണ്ടിലെ ബസുകൾ, ട്രെയിനുകൾ, ബോട്ടുകൾ എന്നിവയിലും മാസ്ക് നിർബന്ധമാണ്. ജൂലൈ 27 മുതൽ വെയിൽസിലെ പൊതുഗതാഗതത്തിലും അവ നിർബന്ധമായിരിക്കും.

RECENT POSTS
Copyright © . All rights reserved