Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അച്ചടക്കലംഘനം നടത്തിയതായി അന്വേഷണ റിപ്പോർട്ട്‌. മിനിസ്റ്റീരിയൽ കോഡ് പ്രീതി പട്ടേൽ ലംഘിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര കാര്യാലയ ഉദ്യോഗസ്ഥനായ സർ ഫിലിപ്പ് റുത്നം ഫെബ്രുവരിയിൽ രാജിവച്ചതിനെത്തുടർന്ന് കാബിനറ്റ് ഓഫീസ് അവളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഭീഷണിപ്പെടുത്തൽ ആരോപണം പട്ടേൽ എല്ലായ് പ്പോഴും ശക്തമായി നിഷേധിച്ചിട്ടുണ്ട്. സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് സർ അലക്സ് അലൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ മറ്റു ഉദ്യോഗസ്ഥരോട് പരിഗണനയോടും ബഹുമാനത്തോടും പെരുമാറുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾ സെക്രട്ടറി പാലിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മനഃപൂർവമല്ലെങ്കിലും ഭീഷണിപ്പെടുത്തലിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ താൻ എല്ലായ്പ്പോഴും നിഷേധിച്ചിരുന്നുവെന്നും അവർക്കെതിരെ ഔദ്യോഗിക പരാതികളൊന്നും വന്നിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ വക്താവ് വ്യക്തമാക്കി. ആഭ്യന്തര ഓഫിസിലെ പെരുമാറ്റത്തേക്കുറിച്ചുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ഒരു സർക്കാർ രേഖയാണ് മിനിസ്റ്റീരിയൽ കോഡ്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ മറ്റ് വിവേചനപരമായ പെരുമാറ്റം അനുവദിക്കില്ലെന്ന് കോഡ് പറയുന്നു. മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തിപരമായി അവർ ഉത്തരവാദിത്തമുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ വിശ്വാസം നിലനിർത്തുന്നിടത്തോളം കാലം അവർക്ക് ഔദ്യോഗിക പദവിയിൽ തുടരാമെന്നും ഇതിൽ പറയുന്നുണ്ട്.

ആഭ്യന്തര കാര്യാലയം, വർക്ക് ആൻഡ് പെൻഷൻ, അന്താരാഷ്ട്ര വികസനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ പട്ടേലിന്റെ പെരുമാറ്റം പരിശോധിച്ചതായാണ് റിപ്പോർട്ട്. തെളിവുകൾ ശേഖരിക്കുന്നത് മാസങ്ങൾക്കുമുമ്പ് പൂർത്തിയായെങ്കിലും വിധി പറയാൻ വൈകുകയായിരുന്നു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഈ ആഴ്ച സർക്കാരിൽ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. പ്രീതി പട്ടേലിന് ശാസന നൽകുകയോ ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. തീരുമാനം കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയാണ്. ബോറിസ് ജോൺസൻ, തന്റെ തീരുമാനം വെള്ളിയാഴ്ച്ച തന്നെ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. സാധാരണയായി ഒരു മന്ത്രി കോഡ് ലംഘിച്ചാൽ അവർ രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താമെന്ന് കാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ്‌വിൽ ഈയാഴ്ച്ച ആദ്യം അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ഇതിനകം തന്നെ ജോൺസന്റെ പക്കലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

അലക്സിന്റെ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്-സൈമണ്ട്സ് ആവശ്യപ്പെട്ടു. എന്നാൽ നിരവധി കൺസർവേറ്റീവ് എംപിമാർ പ്രീതി പട്ടേലിന് പിന്തുണ വാഗ് ദാനം ചെയ്തിട്ടുണ്ട്. പ്രക്രിയ തുടരുകയാണെന്നും അത് അവസാനിച്ചുകഴിഞ്ഞാൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ടെസ്‌കോ ഷോപ്പിൽ ഓൺലൈനായി കൈയ്യുറയ്ക്ക് ഓർഡർ കൊടുത്തപ്പോൾ പകരം ഗർഭനിരോധന ഉറ കസ്റ്റമറിന് നൽകിയതായി പരാതി. യുകെയിലെ ബെർമിംഗ്ഹാമിലാണ് സംഭവം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനം ലാറ്റക്സ് കൈയ്യുറകൾക്ക് പകരം സമാനമായ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗർഭനിരോധന ഉറകൾ തെരഞ്ഞെടുത്തതാണ് അബദ്ധം സംഭവിക്കാൻ കാരണം. ടെസ്കോ തങ്ങളുടെ ഓർഡറുകൾ തരംതിരിക്കാൻ നിർമിത ബുദ്ധിയുടെ സേവനം ഉപയോഗിക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ചിലപ്പോഴൊക്കെ പരാജയപ്പെടുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിവി ഫ്രൂട്ടിനുപകരം കിവി ഷൂ പോളിഷും മധുരപലഹാരത്തിന് (red shoelace sweets) പകരം ചുവന്ന ഷൂലേസും കിട്ടിയ ഉപഭോക്താക്കൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോപ്പിങ്ങിൻെറ 12.5 ശതമാനവും ഓൺലൈനിൽ ആണ് നടക്കുന്നത് . അബദ്ധത്തിൽ പകരം നൽകുന്ന സാധനങ്ങൾക്ക് വില കൂടുതലാണെങ്കിൽ മിക്ക വ്യാപാരികളും അധികനിരക്ക് ഈടാക്കാറില്ല.

ട്രെയ്‌നിങ്ങ്‌ ഡേറ്റ ഉപയോഗിച്ച് റോബോർട്ടുകളെ പരിശീലിപ്പിക്കാനുള്ള മോഡലുകൾ സൃഷ്ടിക്കുമ്പോൾ ഉള്ള തെറ്റുകളാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ് ധർ ചൂണ്ടികാണിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെങ്ങും ക്രിസ്മസ് കാലം ഒത്തുചേരലുകളുടെയും പുനസമാഗമങ്ങളുടെയും സമയമാണ്. ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ഏതുതരം നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രിസ്മസ് കാലത്ത് കെയർഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരം ഒരുക്കണമെന്നുള്ള ആവശ്യം ഇതിനോടകം തന്നെ ഉയർന്നു വന്നിരുന്നു. എന്നാൽ ക്രിസ്മസ് കാലത്തെ ഒത്തുചേരലുകൾക്കായും പുനസമാഗമങ്ങൾക്കായും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗവ്യാപന തോത് ഉയർത്തുകയും ജനുവരിയിൽ മരണ നിരക്ക് നിയന്ത്രണാതീതമായി ഉയരാനും കാരണാമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ കൊണ്ട് നേടിയെടുത്ത എല്ലാ നന്മകളെയും നിഷ്പ്രഭമാക്കാൻ ക്രിസ്മസ് കാലത്ത് വരുത്തുന്ന ഇളവുകൾ കാരണമാകുമെന്ന് ശക്തമായ താക്കീത് നൽകിയത് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് ആണ്.

പ്രധാനമന്ത്രി ബോറിസ് ജോൺസനും മന്ത്രിമാരും ക്രിസ്മസ് കാലത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിക്കാമെന്ന സൂചനകൾ നൽകിയിരുന്നു. ഡിസംബർ 24 മുതൽ 28 വരെ നാല് വ്യത്യസ്ത ഭവനങ്ങളിൽ താമസിക്കുന്നവർക്ക് വരെയുള്ള ഒത്തുചേരലുകൾ അനുവദിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ ആ 5 ദിവസത്തെ ആഘോഷങ്ങളെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ 25 ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് നേടിയ നേട്ടങ്ങൾ ബലികഴിക്കേണ്ടതായി വരുമെന്ന് ആരോഗ്യ മേധാവികൾ മുന്നറിയിപ്പുനൽകി.

ക്രിസ്തുമസ് സന്തോഷകരമായി ആഘോഷിക്കുക എന്നതിനർത്ഥം ജനുവരി – ഫെബ്രുവരി മാസത്തിൽ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും മരണത്തിന് വിട്ടു കൊടുക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗബ്രിയേൽ സ്കാലി അഭിപ്രായപ്പെട്ടു.   രോഗതീവ്രതയുടെ തോതും വാക്സിൻ വിതരണത്തെയും ആശ്രയിച്ചായിരിക്കും ക്രിസ്മസ് കാലത്തെ ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെ മിലിട്ടറിയിൽ മുപ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അടുത്ത നാല് വർഷത്തിനുള്ളിൽ പ്രതിവർഷം 4 ബില്യൺ പൗണ്ട് അധികമായി നിക്ഷേപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജൻസി, സൈബർ പ്രതിരോധ പദ്ധതികൾ പോലുള്ളവയ്ക്ക് ഈ പണം ഉപയോഗിക്കുമെന്നും ഇത് 40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. ആഗോള സ്വാധീനം വർദ്ധിപ്പിക്കാൻ യുകെയെ ഇത് സഹായിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക ബജറ്റ് ഏകദേശം 40 ബില്യൺ പൗണ്ടാണ്. അതിനാൽ നാല് വർഷത്തിനിടയിൽ 16.5 ബില്യൺ പൗണ്ട് എന്നത് 10% വർദ്ധനവാണ്.

രാജ്യത്തിന്റെ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു. “അന്താരാഷ്ട്ര സ്ഥിതി കൂടുതൽ അപകടകരമാണ്. സായുധ സേനയെ പരിവർത്തനം ചെയ്യാനും ആഗോള സ്വാധീനം ശക്തിപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനും സമന്വയിപ്പിക്കാനും പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കമിടാനും ജനങ്ങളെയും ജീവിതരീതിയെയും പ്രതിരോധിക്കാനുമുള്ള അവസരമാണിത്.” ജോൺസൻ കൂട്ടിച്ചേർത്തു. പ്രതിരോധ ചെലവുകളിലെ ഗണ്യമായ ഈ വർധനവ് പ്രതിരോധ സെക്രട്ടറി ബെൻ വാലസിന്റെ വിജയമാണ്. തന്റെ പ്രഥമ പരിഗണന സാമ്രാജ്യത്തിന്റെ പ്രതിരോധമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

ഇത് ലോകത്തിൽ ബ്രിട്ടന്റെ സ്ഥാനം വർദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. ബഹിരാകാശ, സൈബർ മേഖലകളിൽ പുതിയ ഭീഷണികൾ നേരിടാനായി കൂടുതൽ ചെലവഴിച്ച് സായുധ സേനയെ നവീകരിക്കാൻ അധിക പണം ഉപയോഗിക്കും. അടുത്ത നാല് വർഷത്തേക്ക് യുകെയിൽ പ്രതിവർഷം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സർക്കാർ അറിയിച്ചു. 2022 ൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കാൻ കഴിവുള്ള ഒരു പുതിയ “സ്പേസ് കമാൻഡ്” ജോൺസൻ ഇന്നലെ അറിയിക്കുകയുണ്ടായി . ഈ ധനസഹായം ഒരു ദശകത്തെ തകർച്ചയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രതിരോധത്തിലേക്ക് സ്വാഗതാർഹവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നവീകരണം സാധ്യമാക്കുമെന്ന് ലേബറിന്റെ ഷാഡോ ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി അഭിപ്രായപ്പെട്ടു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

21 പേരുടെ മരണത്തിനും 182 പേർക്ക് ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കിയ ബെർമിങ്ഹാം സ്ഫോടനം നവംബർ 21 1974 ന് രണ്ടു പബ്ലിക് ഹൗസുകളിലാണ് നടന്നത്. നവംബർ 18 ബുധനാഴ്ച 65 വയസ്സ് പ്രായം വരുന്ന വ്യക്തിയെ കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടനം നടന്ന ദിവസത്തിന് 46 കൊല്ലങ്ങൾക്കിപ്പുറത്താണ് ടെററിസം ആക്ടിന് കീഴിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൾബറി ബുഷ് പബ്ബിൽ ആണ് ആദ്യം സ്ഫോടനമുണ്ടായത്. 10 മിനിറ്റിനു ശേഷം ടൗൺ പബ്ബിലെ ടവേൺ പൊട്ടിത്തെറിച്ചു. സമീപത്തായി മറ്റൊരു ബോംബ് കൂടി ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ മറ്റൊരു അപകടം ഒഴിവായി.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 6 ഐറിഷുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബെർമിങ്ഹാം സിക്സ് എന്നറിയപ്പെട്ടിരുന്ന ഇവരെ 16 കൊല്ലത്തെ കഠിന തടവിന് ശേഷം സ്ഫോടനത്തിൽ പങ്കില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ വിട്ടയച്ചു. നിഷ്കളങ്കരായ ഇവർക്ക് സ്റ്റേറ്റ് നഷ്ടപരിഹാരം നൽകിയിരുന്നു. സ്ഫോടകവസ്തുക്കൾ കയ്യിൽ വെച്ചിരുന്നു എന്ന് ആരോപിച്ച് മിക്ക് മുറ്‍റെ,ജെയിംസ് ഗാവിൻ എന്നിവരെ കൂടി അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും സ്ഫോടനത്തിലെ പങ്ക് നിഷേധിച്ചു. തെളിവുകളുടെ അഭാവത്തിൽ അവരെയും വിട്ടയച്ചു.

അന്ന് മരിച്ചവരിൽ ഏറിയപങ്കും 17 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഗുരുതരമായ പരിക്കുകളിൽ ഇരുകാലുകളും നഷ്ടപ്പെട്ടവരും, സ്‌ഫോടക വസ്തുക്കൾ കണ്ണിൽ തെറിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ടവരുമുണ്ട്. വർഷങ്ങൾക്കിപ്പുറവും നീതിക്കുവേണ്ടി വാദിക്കുന്ന ഇവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ വ്യക്തിയുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇരകളുടെ അടുത്ത ബന്ധുക്കൾ വാർത്തയിൽ അങ്ങേയറ്റം പ്രതീക്ഷയും സന്തോഷവും രേഖപ്പെടുത്തി.ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബെർമിങ്ഹാം സ്ഫോടനത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളായ ജസ്റ്റിസ് കാമ്പൈനേഴ്സിനെ പ്രീതി പട്ടേൽ സന്ദർശിക്കും. അറസ്റ്റിലായ വ്യക്തിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ഫോടനത്തിന്റെ പിന്നിലുള്ളവരെ പറ്റിയുള്ള വിശദാംശങ്ങളുടെ ചുരുളഴിയും എന്നാണ് പ്രതീക്ഷ.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

13 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഐകിയയുടെ റെഡിംഗിലെ ഷോറൂം അടച്ചു. 73 ജീവനക്കാരെ രോഗ വ്യാപനം തടയുന്നതിൻെറ ഭാഗമായി അവരുടെ വീടുകളിലേക്ക് അയച്ചിരിക്കുകയാണ് . ഇവരെക്കൂടാതെ അറുപതോളം ജീവനക്കാരുടെ വീടുകളിൽ ഒറ്റപ്പെടലിനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെയും കസ്റ്റമേഴ്സിന്റെയും സുരക്ഷിതത്വത്തിൽ വലിയ പ്രാധാന്യമാണ് കമ്പനിക്കുള്ളതെന്ന് ഐകിയയുടെ റെഡിംഗിലെ മാർക്കറ്റിംഗ് മാനേജർ കിം ചിൻ സുങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുക തുടർച്ചയായ അണുനശീകരണം തുടങ്ങിയ എല്ലാ പ്രവർത്തികളും കമ്പനിയിൽ അനുവർത്തിക്കപ്പെട്ടിരി ന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. സമാന സാഹചര്യങ്ങളിൽ മൂന്നാഴ്ച മുമ്പ് 30 ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് യോർക്ക്ഷെയറിലെ ഹരിബോ ഫാക്ടറിയിലെ 350 ജീവനക്കാരോട് വീടുകളിൽ പോയി ഐസൊലേഷനിൽ കഴിയാനുള്ള നിർദ്ദേശം നൽകിയിരുന്നു.

തണുത്തതും ഈർപ്പമുള്ളതുമായ കെട്ടിടങ്ങളുടെ ഉള്ളിൽ വൈറസിന് അനുകൂല സാഹചര്യമുള്ളതിനാൽ വളരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ യന്ത്രങ്ങളുടെയും മറ്റും ശബ്ദങ്ങൾ കാരണം പരസ്പരം ആശയവിനിമയം നടത്തേണ്ട സാഹചര്യത്തിൽ ഉച്ച ഉയർത്തി സംസാരിക്കുന്നത് വൈറസ് വ്യാപനത്തെ ത്വരിതപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. യുകെയിൽ ഉടനീളം ഫുഡ് പ്രോസസിങ് ഫാക്ടറികളിൽ ഉൾപ്പെടെ ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 19,609 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 529 പേർ മരണമടയുകയും ചെയ്തു.

ഇതിനിടെ ഫൈസർ വാക്സിൻ 95 ശതമാനം ആളുകളിലും വിജയകരമായി എന്ന പുതിയ കണക്കുകൾ കമ്പനി പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിജയശതമാനം 90 ആയിരുന്നു .40 ദശലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ബ്രിട്ടൻ ഓർഡർ കൊടുത്തിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ പെട്രോളിനെയോ ഡീസലിനെയോ മാത്രം ആശ്രയിച്ചുള്ള വാഹനങ്ങൾ 2030 മുതൽ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തി. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കൊപ്പം ഇലക്ട്രിക് പവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല . കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുകയും ആണവോർജ്ജം പോലുള്ള വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആണ് ഗ്രീൻ ഇന്ഡസ്ട്രിയൽ റവല്യൂഷൻ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച പ്രഖ്യാപനങ്ങളുടെ മുഖ്യലക്ഷ്യം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 10- പോയിന്റ് പ്ലാൻ നടപ്പിലാക്കാൻ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 4 ബില്യൻ പൗണ്ട് അപര്യാപ്തമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി വകയിരുത്തിയ 4 ബില്യൻ പൗണ്ട് പബ്ലിക് ഇൻവെസ്റ്റിൻെറ ഭാഗമായി പ്രതീക്ഷിക്കുന്ന 12 ബില്യൺ പൗണ്ടിൻെറ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. അടുത്തവർഷം യുകെ ആതിഥേയത്വം വഹിക്കുന്ന യുണൈറ്റഡ് നേഷൻ ക്ലൈമറ്റ് ചേഞ്ച് കോൺഫ്രൻസ്(COP 26) അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ പ്രസിഡന്റായ അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ യുകെയിൽ ഇരുപത്തയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിയും.

പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നത് കൂടാതെ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, മലിനീകരണം കുറവുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കുമായിട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, സൈക്ലിംഗ്- നടത്തം എന്നിവയിലൂടെ മലിനീകരണം ഒട്ടുമില്ലാത്ത ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങി പത്ത് പ്രധാന പദ്ധതികൾ ആണ് ബോറിസ് ജോൺസൺ ഹരിത വ്യവസായ വിപ്ലവത്തിൻറെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പെട്രോൾ ഡീസൽ വാഹനങ്ങളുടെ നിരോധനം ബ്രിട്ടൻെറ വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രിക് വാഹന നിർമാണത്തിൽ വൻ കുതിച്ചു കയറ്റത്തിനും ഈ പ്രഖ്യാപനം വഴിവെക്കും. ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 14 ദിനങ്ങൾ പിന്നിടുമ്പോൾ രാജ്യമൊട്ടാകെ 20,051 കോവിഡ് കേസുകൾ സ്ഥിതീകരിച്ചു. കഴിഞ്ഞദിവസം 21,363 പേർക്കായിരുന്നു രോഗം ബാധിച്ചിട്ടുണ്ടായിരുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്നിട്ടുള്ള നേരിയ കുറവ് ആശ്വാസ ജനകമാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. എന്നാൽ മരണ സംഖ്യയുടെ എണ്ണത്തിൽ 12.4 ശതമാനം കൂടുതലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ച മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. ഇന്നലെ യുകെയിൽ 598 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ യുകെയിൽ ഗവൺമെൻറ് കണക്കുകൾ പ്രകാരം 52,745 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എങ്കിലും അനൗദ്യോഗിക കണക്കുകൾ പ്രകാരം 68,000 കൂടുതൽ മരണങ്ങൾക്ക് കോവിഡ്-19 കാരണമായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 ശതമാനം വർദ്ധനവാണ് ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് മരണങ്ങളിൽ നവംബർ ആദ്യവാരത്തിൽ ഉണ്ടായിരിക്കുന്നത്. അതായത് ഓരോ ആറ് മരണങ്ങളിൽ ഒന്ന് കോവിഡ് ബാധയുടെ പരിണിതഫലമാണ് എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ അവസാനിച്ചാലും കർശന നിയന്ത്രണങ്ങൾ നിലനിർത്തിയുള്ള 4 ടയർ സിസ്റ്റം ഇംഗ്ലണ്ടിൽ തുടരാൻ മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം ഗവൺമെൻറ് നിർബന്ധിതരായേക്കാം എന്ന് കരുതപ്പെടുന്നു. കർശന നിയന്ത്രണങ്ങൾ തുടരുന്നത് ക്രിസ്മസ് ആഘോഷങ്ങളെയും ആളുകളുടെ ഒത്തുചേരലുകളെയും പുനസമാഗമങ്ങളെയും പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ.

കെയർ ഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രിസ്മസ് കാലത്ത് കാണാനുള്ള അവസരമൊരുക്കണമെന്ന് യുകെയിലുടനീളം ആവശ്യങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇതിനായി വരുംനാളുകളിൽ വ്യാപകമായി കെയർ ഹോമുകളിലെ അന്തേവാസികൾക്കും സന്ദർശനം ആഗ്രഹിക്കുന്ന ബന്ധുക്കൾക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗ ബാധിതരല്ല എന്ന് ഉറപ്പാക്കേണ്ടതായി വരും. ഡിസംബർ രണ്ടിന് ദേശീയ നിയന്ത്രണങ്ങൾ നീക്കിയാലും പ്രാദേശിക നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുവാനുള്ള സാധ്യതയെക്കുറിച്ച് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജനറിക് സൂചന നൽകി. രോഗബാധയുടെ തോത് അനുസരിച്ച് ചില സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം ഒരു പ്രദേശത്തെ മൊത്തം ഉൾപ്പെടുത്തി രോഗത്തെ വരുതിയിലാക്കാനാവും ലോക്ക്ഡൗണിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ഉടനെ എത്തിയാലും എത്രമാത്രം ജനങ്ങൾക്ക് അതെ വിതരണം ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഫൈസർ വാക്സിൻ 30 ദശലക്ഷവും മോഡേണ വാക്‌സിൻ 5 ദശലക്ഷം ഡോസും ലഭിക്കാനായി യുകെ കരാർ ഒപ്പിട്ടിരുന്നു. വാക്‌സിൻ എത്തിയാലും ജീവൻെറ വിലയുള്ള ജാഗ്രതയാണ് ജനങ്ങൾ പുലർത്തേണ്ടത് എന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

Copyright © . All rights reserved