Main News

സ്വന്തം ലേഖകൻ

യു കെ :- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി കാർബൺ എമിഷൻ കുറയ്ക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഭാഗമായി പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിലവിലുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ലഭ്യമാക്കുവാനുള്ള പുതിയ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ, ഇലക്ട്രിക് കൺവേർഷൻ കിറ്റിലൂടെ ഇലക്ട്രിക് ബാറ്ററി ഓപ്പറേറ്റിങ് കാറുകൾ ആയി മാറ്റുവാൻ സാധിക്കും. എല്ലാ ബ്രാൻഡ് കാറുകൾക്കും ഈ ഉപകരണം പ്രവർത്തന യോഗ്യമാണെന്ന് കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. ഇതിന് ചെലവാകുന്ന ഏറ്റവും കൂടുതൽ തുക 993 പൗണ്ട് മാത്രമായിരിക്കും. എന്നാൽ കാറിന്റെ വെയിറ്റ് അനുസരിച്ച് ഈ തുകയിൽ കുറവ് വരാനുള്ള സാധ്യതയുമുണ്ട്.

ക്ലാസിക് കാറുകൾ ആയ റോൾസ് റോയ്സ് മുതലായവയ്ക്കും ഇത്തരത്തിൽ ഇലക്ട്രിക് എൻജിനുകൾ വയ്ക്കുന്നത് സംബന്ധിച്ച് പുതിയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ എമിഷന് ഏറ്റവും കൂടുതൽ കാരണമാകുന്നത് പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ പുറംതള്ളുന്ന പുകയാണ്. അതിനാൽ തന്നെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് സർക്കാരും, മറ്റ് കമ്പനികളും. ഇലക്ട്രിക് കാറുകൾക്ക് ചിലവ് കൂടുതലായതിനാൽ, നിലവിലുള്ള കാറുകളെ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുവാനാണ് പരമാവധി ഉപഭോക്താക്കളും ശ്രമിക്കുന്നത്. ന്യൂ ഇലക്ട്രിക് എന്ന ഒരു ഡച്ച്- ഐറിഷ് കമ്പനിയാണ് ഇത്തരത്തിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഇതിന് ചിലവാകുന്ന തുക പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. അടുത്തിടെയായി ഒരു ബിഎംഡബ്ല്യു ത്രീ സീരിസ് കാർ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുന്നതിനായി 900 പൗണ്ട് മാത്രമാണ് ചിലവായത് എന്ന് കമ്പനി അധികൃതർ അറിയിച്ചു. ജനങ്ങൾ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന ആവശ്യം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

സ്വന്തം ലേഖകൻ

വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി യുനെസ്കോയും, വാർകി ഫൗണ്ടേഷൻ ആനുവൽ ഗ്ലോബൽ ഫൗണ്ടേഷൻ, 2014 ആരംഭിച്ച ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള രഞ്ജിത്ത് സിൻഹ ദിസാലെക്ക്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങളും ഇന്ത്യയിലെ പുസ്തകങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച നടപടിക്കായും രഞ്ജിത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അർഹനായത്. ദക്ഷിണ കൊറിയ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറ്റലി. നൈജീരിയ, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവസാന റൗണ്ടിൽ എത്തിയ മറ്റുള്ളവർ. സമ്മാനം 10 ലക്ഷം യുഎസ് ഡോളറാണ്. അത് ഏകദേശം 7.37 കോടി ഇന്ത്യൻ രൂപയാണ്.
അവാർഡ് തുകയിൽനിന്ന് പകുതി തനിക്കൊപ്പം അവസാന റൗണ്ടിൽ എത്തിയ മറ്റ് അധ്യാപകർക്ക് പങ്കിട്ട് നൽകുമെന്ന് രഞ്ജിത്ത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് തന്റെ എളിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.

2019ലാണ് രഞ്ജിത്ത് പരിദേവാടിയിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി എത്തിയത്. കന്നുകാലി കൂടിന് സമീപം പൊളിഞ്ഞ കെട്ടിടത്തിൽ ശോചനീയാവസ്ഥയിലായിരുന്നു രഞ്ജിത്ത് എത്തുമ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനെ അടിമുടി പരിഷ്കരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾകെട്ടിടം ആക്കി മാറ്റാൻ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് രഞ്ജിത്ത്.

പുസ്തകങ്ങളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി വിതരണം ചെയ്യാനും, പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി സ്കൂളിൽ എത്തിക്കാനും, രഞ്ജിത്തിന് കഴിഞ്ഞു. പഠനം എളുപ്പമാക്കാൻ ക്യു ആർ കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്ത് അയക്കുന്ന പതിവിനു മാറ്റമുണ്ടായി. കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി സ്കൂളിലെത്തി. രഞ്ജിത് സിൻഹ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ മുഖേനയാണ് മഹാരാഷ്ട്രയിൽ എല്ലാ പുസ്തകങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. ഈ നിർദ്ദേശം പിന്നീട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും നടപ്പിലാക്കി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കാനിരിക്കെ അടുത്ത ആഴ്ചയോടെ 800,000 ഡോസുകൾ കൂടി ലഭിക്കുമെന്ന കാര്യത്തിൽ സർക്കാരിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അറിയിച്ചു. ഫൈസർ ബയോൺടെക് വാക്സിൻ ഡോസുകൾ എത്തിയിട്ടുണ്ടെന്നും വർഷാവസാനത്തോടെ കൂടുതൽ പ്രതീക്ഷിക്കാമെന്നും അലോക് ശർമ പറഞ്ഞു. ചൊവ്വാഴ്ച വാക്സിനേഷൻ ആരംഭിക്കുമ്പോൾ മുൻഗണനാക്രമത്തിൽ കഴിയുന്നത്ര വേഗം ആളുകൾക്ക് വാക്സിൻ നൽകാൻ ആശുപത്രികൾ ഒരുങ്ങണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ ട്വീറ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ഒഴികെയുള്ള എല്ലാ ഇംഗ്ലീഷ് പ്രദേശങ്ങളിലും അണുബാധയുടെ തോത് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ഡോസുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെയാണെങ്കിൽ എൻ എച്ച് എസ് ജീവനക്കാർക്ക് വാക്സിൻ ലഭിക്കുന്നതിൽ കാലതാമസം നേരിടും. വർഷാവസാനത്തിനുമുമ്പ് ദശലക്ഷക്കണക്കിന് ഡോസുകൾ എത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ കാരണം ഈ വർഷം വിതരണം ചെയ്യാൻ ഉദേശിച്ച 10 കോടി ഡോസുകളിൽ പകുതി മാത്രമേ നൽകാൻ കഴിയൂ എന്ന് ഫൈസർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

 

യുകെയുടെ ചരിത്രത്തിലെ വലിയ വാക്സിനേഷൻ ഡ്രൈവ് ഡിസംബർ 8 ചൊവ്വാഴ്ച ആരംഭിക്കും. കെയർ ഹോം ജീവനക്കാർക്ക് ആദ്യം കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. എന്നിരുന്നാലും, എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ രോഗബാധിതരാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രോഗ്രാമിന്റെ സിംഹഭാഗവും അടുത്ത വർഷം നടപ്പാക്കുമെന്ന് ശർമ്മ ആവർത്തിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) ഓക്സ്ഫോർഡ് അസ്ട്രസെനെക വാക്സിൻ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ രാജ്യത്ത് ആദ്യത്തെ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച മുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പദ്ധതിയിടുന്നതായും വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാക്സിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച കൂടുതൽ ഡോസുകൾ ബ്രിട്ടനിൽ എത്തുമെന്ന് ബയോ ടെക്കിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സീൻ മാരെറ്റ് സ്ഥിരീകരിച്ചു. ആദ്യ ബാച്ച് ഇന്നലെ യൂറോടണൽ വഴി യുകെയിൽ എത്തിയതായും പിന്നീട് അവയെ ഒരു സംഭരണ ​​കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും മാരെറ്റ് അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് യുകെയിലെത്തി. രാജ്യത്തുള്ള ആശുപത്രികളിലേക്ക് ഇവ തുടർന്ന് വിതരണം ചെയ്യും. 4 കോടി ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ടെങ്കിലും 2 കോടി ആളുകൾക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ മതിയാവും. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കോവിഡ് -19 ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും 99% വരെ തടയാൻ കഴിയുമെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മുൻ‌ഗണനാ പട്ടികയിലുള്ള എല്ലാവർക്കും വാക്സിൻ ലഭിച്ചാൽ അത് വളരെ ഫലപ്രദമാണെന്നും പ്രൊഫസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകൾ യുകെയിലെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാക്സിൻ യുകെയിൽ എത്തിയത്. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സംഭരിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഇതിനകം ഉള്ളതിനാൽ, ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ അവിടെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യു.കെ.

ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്കായി ആശുപത്രികൾ, ജിപികൾ, പുതിയ സ്പെഷ്യലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ സുസജ്ജമാണ്. വസന്തകാലത്തോടെ പതിനായിരക്കണക്കിന് കുത്തിവയ്പ്പുകൾ നടത്തുമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ അറിയിച്ചു. സ്റ്റീവൻസ് പറയുന്നതനുസരിച്ച് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർക്കെല്ലാം പുതിയ വാക്സിൻ ലഭിക്കാൻ ഏപ്രിൽ വരെ സമയമെടുക്കും. യുകെയുടെ 4 കോടി ഡോസുകൾ കഴിയുന്നത്ര വേഗത്തിൽ വിതരണം ചെയ്യുമെന്നും ആദ്യ ലോഡ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്നും തുടർന്ന് ഡിസംബറിലുടനീളം ദശലക്ഷക്കണക്കിന് വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- കാലാവസ്ഥ വ്യതിയാനം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, 2030 തോടുകൂടി കാർബൺ പുറം തള്ളുന്നത് 68 ശതമാനം കുറയ്ക്കുവാൻ ബ്രിട്ടൻ ലക്ഷ്യമിട്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെക്കാൾ വേഗത്തിൽ കാർബൺ എമിഷൻ കുറയ്ക്കുവാൻ ഇതു രാജ്യത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഡിസംബർ 12ന് നടക്കുന്ന വിർച്വൽ ക്ലൈമറ്റ് സമ്മിറ്റിന് പങ്കുചേർന്ന്, തന്റെ പാത മാതൃകയാക്കാനും മറ്റു രാജ്യങ്ങൾക്ക് അദ്ദേഹം ആഹ്വാനം നൽകി. ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം കൊണ്ട് മാത്രം കാലാവസ്ഥവ്യതിയാനം പൂർണ്ണമായി ഇല്ലാതാവുകയില്ല. അതിനു ആവശ്യമായ നടപടികൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതും അത്യന്താപേഷിതമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

രാജ്യത്തിന് ഇത് സാധ്യമാകുമെന്നും, എല്ലാവരും ഒരുമിച്ചു ഈ ലക്ഷ്യത്തിൽ പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിൽ മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനം അഭിനന്ദനർഹമാണെന്നും, എന്നാൽ അതിനാവശ്യമായ നടപടികൾ ഉണ്ടായാലേ ഫലപ്രദമാകുകയുള്ളൂ എന്നും യുകെയിലെ പ്രധാന കാലാവസ്ഥ ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ബ്രയൻ ഹോസ്കിൻസ് രേഖപ്പെടുത്തി. അടുത്തയിടെ റെയിൽ ലിങ്കിംഗ് പദ്ധതിക്കായി, ചാൻസലർ റിഷി സുനക് 127 ബില്യൺ പൗണ്ടാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി കാർബൺ എമിഷൻ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അടുത്ത ആഴ്ച നടത്തുന്ന കാലാവസ്ഥ സമ്മേളനത്തിൽ എല്ലാ രാജ്യങ്ങളും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുഎസ്, ചൈന തുടങ്ങിയ മറ്റ് സാമ്പത്തിക ശക്തികളും ബ്രിട്ടന്റെ നിലപാടിനെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 3 ജീവനക്കാരും ഒരു കരാറുകാരനും കൊല്ലപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായും തീപിടിത്തമുണ്ടായതായി റിപ്പോർട്ടില്ലെന്നും അവോൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ലൂക്ക് ഗാസാർഡ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ഉറപ്പ് പറയാൻ സാധിക്കുമെന്ന് വെസെക്സ് വാട്ടറിന്റെചീഫ് എക്സിക്യൂട്ടീവ് കോളിൻ സ്‌കെല്ലറ്റ്,പറഞ്ഞു.നിരവധി ഏജൻസികൾ ചേർന്നുള്ള സമഗ്രമായ അന്വേഷണം നടത്തും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ‌ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ മരണമടഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. രാജ്യം മുഴുവൻ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

മലയാളം യുകെ ന്യൂസ് സ്പെഷ്യൽ

ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.

2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നിരുക്കുന്നത്.

പോലീസ് സംഭവ സ്ഥലത്ത് തന്നെ തുടരുകയാണെന്നും മറ്റുള്ള ഏജൻസികളുമായി ചേർന്ന് അപകടത്തിൻെറ ആഘാതം കുറയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും ചീഫ് ഇൻസ്പെക്ടർ മാർക്ക് റുനക്രസ് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ‌ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

അടുത്ത സമ്മറിൽ പരീക്ഷകളുടെ സുഗമമായുള്ള നടത്തിപ്പിനായി മുൻകരുതൽ എടുക്കുമെന്ന് ഭരണനേതൃത്വം ഉറപ്പുനൽകി. കുട്ടികളുടെ പഠനത്തെ വിലയിരുത്തുന്നതിന് പരീക്ഷകൾ നടത്തുന്നത് ഏറ്റവും ഉചിതമായ മാർഗ്ഗമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. പക്ഷേ മഹാമാരിയുടെ സമയത്ത് വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾക്കും പഠനത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായ രീതിയിൽ ഗ്രേഡിംഗ് സംവിധാനവും പഠന വിഷയങ്ങളുടെ പുനഃക്രമീകരണം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഐസൊലേഷൻ മൂലം പരീക്ഷ എഴുതാനാവാത്ത കുട്ടികൾക്കും ഗ്രേഡ് ലഭ്യമാകും .

ഇതിനിടെ വാക്സിൻ വിതരണം അടുത്ത ആഴ്ച തുടങ്ങിയാലും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലെ മൂന്നാമത്തെ ഒരു ലോക്ക്ഡൗൺ കൂടി വേണ്ടി വരുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ലിയാം സ്മിത്ത് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ സമീപഭാവിയിൽ ഒന്നും വൈറസിനെ തുടച്ചുനീക്കാൻ സാധിക്കില്ല. അതായത് കൊറോണാവൈറസ് നമ്മോടൊപ്പമുണ്ടാകും. വാക്‌സിൻ പ്രതിരോധശേഷി എത്രനാൾ നിലനിൽക്കും തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫസർ ലിയാം സ്മിത്തിൻെറ വാദം ഗൗരവപൂർവം പരിഗണിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണം നടന്നാലും നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രൊഫസർ ലിയാം സ്മിത്ത്

ഒക്ടോബറിൽ ആദ്യം തന്നെ ശാസ്ത്രജ്ഞരുടെയും ആരോഗ്യവിദഗ്‌ധരുടെയും ഭാഗത്തുനിന്ന് ലോക്ക്ഡൗണിനു വേണ്ടി ആവശ്യമുയർന്നിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ രണ്ടിന് ലോക്ക്ഡൗണിനു ശേഷവും യുകെയിൽ ഉടനീളം നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും ക്രിസ്മസിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളുടെ വെളിച്ചത്തിൽ പുതുവർഷത്തിൽ രോഗവ്യാപനം ഉയരും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫൈസറിൻെറ വൈറസ് വാക്‌സിനുമായി ബ്രിട്ടനിലേക്ക് ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൻ പ്രചാരമാണ് ലഭിച്ചത്. കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യ രാജ്യം യുകെ ആന്നെന്നത് മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ആണ് യുകെ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. വസന്ത കാലത്തോടെ യുകെയിലെ ജീവിതം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഈ മാസം മുപ്പത്തിയൊന്നോടു കൂടി ബ്രെക്സിറ്റ്‌ ട്രാൻസിഷൻ പീരിയഡ് അവസാനിക്കുമെന്നിരിക്കെ രാജ്യം അതിനായി ഒരുങ്ങിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി എംപിമാർ. ഒരു കരാർ കൂടാതെ പുറത്തെത്തിയാൽ അത് ഭാവിയിൽ അനേകം തടസ്സങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ കരാർ നേടിയെടുക്കാൻ കാര്യമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഈ മാസം 31 ന് ശേഷം ചാനൽ വഴിയുള്ള സഞ്ചാരത്തിൽ തടസ്സവും കാലതാമസവും നേരിടുമെന്നും എംപിമാർ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് ഇടപാട് നടത്താമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായിപോയെന്ന് കമ്മിറ്റി ചെയർ മെഗ് ഹില്ലിയർ ആരോപിച്ചു. 2020 ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയെങ്കിലും ഒരു പരിവർത്തന കാലഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോഴും നിലകൊള്ളുന്നത്. മാർച്ചിൽ ആരംഭിച്ച ചർച്ചകൾ ഈ ആഴ്ചയും തുടരുകയാണ്. എന്നാൽ മത്സ്യബന്ധനം സംബന്ധിച്ച വിഷങ്ങളിൽ ഇപ്പോഴും തീരുമാനം കൈക്കൊള്ളാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.

വർഷാവസാനത്തോടെ ഒരു കരാർ പാർലമെന്റുകൾ അംഗീകരിച്ചില്ലെങ്കിൽ, ലോക വ്യാപാര സംഘടന നിയമങ്ങളിലാവും യുകെ യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുക. ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് വിമർശകർ ഭയപ്പെടുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ഇടപാടോടെയോ അല്ലാതെയോ യുകെ അഭിവൃദ്ധി പ്രാപിക്കുമെന്ന് ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. പരിമിതമായ ഉത്തരവാദിത്തം മാത്രമാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അറിയിച്ചു. ബിസിനസുകൾ തയ്യാറാക്കാൻ ആവശ്യമായ പ്രധാന വിവരങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് വ്യവസായ സ്ഥാപനങ്ങൾ പറഞ്ഞു. ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശം പോലും ഇതുവരെയും നൽകിയിട്ടില്ല.

ഇതുവരെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന 12 റിപ്പോർട്ടുകൾ കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകളുടെ മുഴുവൻ കാലഘട്ടത്തെക്കുറിച്ചും ഔദ്യോഗിക അവലോകനം നടത്താൻ റിപ്പോർട്ട് കാബിനറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. 2021 ജനുവരി വരെ ബിസിനസുകൾക്കും വ്യക്തികൾക്കും പ്രവർത്തിക്കാനുള്ള എല്ലാ അവസരങ്ങളും സർക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ റിപ്പോർട്ടിന് മറുപടിയായി, തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന പദ്ധതികളും തീരുമാനങ്ങളും സർക്കാർ കൈകൊള്ളുകയാണെന്ന് വക്താവ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved