സ്വന്തം ലേഖകൻ
ഹോങ്കോങ് :- ഹോങ്കോങ് എയർലൈൻസിൽ യാത്ര ചെയ്ത സ്ത്രീയെ പ്രെഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ സംഭവത്തിൽ വിമാനകമ്പനി അധികൃതർ മാപ്പ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ മിഡോറി നിഷിദ എന്ന ജാപ്പനീസ് യുവതിയെയാണ് പ്രെഗ്നൻസി ടെസ്റ്റിന് വിധേയയാക്കിയത്. ഹോങ്കോങ്ങിൽ നിന്നും യു എസിലെ സായ്പാനിലേക്കുള്ള യാത്രയിലാണ് നിഷിദക്കു ഈ ദുരനുഭവം നേരിടുന്നത്. ചെക് ഇൻ ചെയ്ത സമയത്തു താൻ ഗർഭിണി അല്ലെന്നു യുവതി പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ തയാറായില്ല. തനിക്കു നേരിട്ടത് ഏറ്റവും മോശമായ അനുഭവമാണെന്ന് വോൾ സ്റ്റ്രീറ്റിനു നൽകിയ അഭിമുഖത്തിൽ നിഷിദ പറഞ്ഞു.

ഇരുപതു വർഷമായി താനും, തന്റെ കുടുംബവും സായ്പാനിലാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ ഗർഭിണിയായ സ്ത്രീകൾ യുഎസിൽ എത്തിയ ശേഷം തങ്ങളുടെ കുട്ടികൾക്ക് യു എസ് പൗരത്വം ആവശ്യപ്പെടാറുണ്ട്. ഇതിനെത്തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയത്. എന്നാൽ നിഷിദക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി അധികൃതർ മാപ്പ് ചോദിച്ചു.
തങ്ങളുടെ കുഞ്ഞുങ്ങൾക്കു യു എസ് പൗരത്വം നേടിയെടുക്കുവാനായി ഒരുപാട് ഗർഭിണികൾ സായിപാനിൽ എത്താറുണ്ട്.

ഇത്തരത്തിൽ മറ്റൊരു സ്ഥലമായ നോർത്തേൺ മരിയാന ഐലൻഡിൽ , ഏകദേശം അറുന്നൂറോളം കുഞ്ഞുങ്ങളാണ് 2018-ൽ ജനിച്ചത്. ഇതിൽ 575 ഓളം കുഞ്ഞുങ്ങൾ ചൈനീസ് ടൂറിസ്റ്റുകൾക്കാണ് ഉണ്ടായത് എന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലവിലുള്ളതിനെ തുടർന്നാണ് വിമാനകമ്പനികൾ ഇത്തരം പരിശോധനകളിൽ ഏർപ്പെടുന്നത്.
ഗോപിക എസ്
ജീവസ്സറ്റ ജീവവായുമായിതാ 
ദാഹാഗ്നി മീതെ തളർന്നു വീഴുന്നു നാം..
കുളിരും നിലാവും കുളിർത്തെന്നലും മാഞ്ഞു
വറുതിയിൽ കത്തിയമർന്നു കാലം..
പിച്ച വച്ചന്നു നാം ഓടിക്കളിച്ചതീ
പെറ്റമ്മ തന്നുടെ കൈവിരലാൽ
എന്നിട്ടുമെന്തിനോ ആ വിരൽത്തുമ്പിലെ
ഒരു നിണബാഷ്പ്പമായ് നാമുരുകീ…
ഇല പൊഴിച്ചാത്മശിഖരങ്ങൾ കാട്ടുന്നു
ഹരിതാഭ നീങ്ങിയ കോമരങ്ങൾ
പൊട്ടിച്ചിരികളാലൊഴുകിയ വഴികളിൽ
കണ്ണുനീർത്തുള്ളികൾ മാത്രമായി..
പാർവണമലിയേണ്ട സന്ധ്യ തൻ ഗദ്ഗദം
പൂവിതൾത്തുമ്പിലൂടാഴ്‌ന്നിറങ്ങീ..
വർണ്ണങ്ങലകലെയായ് മാരിവില്ലകലെയായ്
മായാത്ത ഋതുശോഭയോർമ്മ മാത്രം …
ഇനി വരും കാലമേ നീ തന്നെ നൽകണം
ഹരിതരേണുക്കൾ തൻ നേർത്ത ഗന്ധം
ഇനി വരും കാലമേ നീ തന്നെയേകണം
എവിടെയോ കൈവിട്ടൊരാത്മഹർഷം.., നവ ജീവവർഷം….

ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
സ്വന്തം ലേഖകൻ
സാൽകോംബ് : മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം കൗമാരക്കാരൻ മരിച്ച കേസിൽ അമ്മയ്ക്ക് പത്തു വർഷം ജയിൽ ശിക്ഷ. അമ്മ ഹോളി സ്ട്രോബ്രിഡ്ജും മകൻ ടൈലർ പെക്കും (15) സുഹൃത്തും ചേർന്ന് വീട്ടിൽ വെച്ചാണ് മയക്കുമരുന്ന് കലർത്തിയ പാനീയം പങ്കുവെച്ച് കുടിച്ചത്. 2019 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. പാനീയത്തിൽ ചേർത്ത ഓറമോർഫ്, ഗബാപെന്റിൻ എന്നീ മോർഫിൻ മരുന്നുകളുടെ അമിത അളവ് മൂലമാണ് ടൈലർ മരണപ്പെട്ടത്. കുട്ടികളുമായി ഇടപെടാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് അമ്മ ഹോളിയും അവരോടൊപ്പം പങ്കുചേർന്നത്.

പ്ലിമൗത്ത് ക്രൗൺ കോടതിയിയിലെ ജഡ്ജി പോൾ ഡാർലോ പറഞ്ഞു ; “തന്റെ മകനോട് മനഃപൂർവം മോശമായി പെരുമാറിയതിന് അമ്മ കുറ്റക്കാരിയാണ്. ” മയക്കുമരുന്ന് കഴിക്കുന്നതിൽ നിന്ന് കുട്ടിയെ വിലക്കിയില്ലെന്നും കോടതി പറഞ്ഞു. സംഭവം നടന്ന രാത്രി കുട്ടികളോടൊപ്പം ഹോളി ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ടൈലറിന്റെ മറ്റു സുഹൃത്തുക്കളെ കുറ്റപ്പെടുത്തുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നതല്ല എന്നും കോടതി പറഞ്ഞു.

ഹോളിക്ക് കുട്ടികളുടെ സുരക്ഷയെ പറ്റി ഒട്ടും തന്നെ ശ്രദ്ധ ഇല്ലായിരുന്നുവെന്നും ഇത് മകന്റെ മരണത്തിലേക്ക് നയിച്ചെന്നും ഇൻസ്പെക്ടർ ഇയാൻ റിംഗ്രോസ് പറഞ്ഞു. തെളിവുകൾ നൽകിയതിന് മറ്റു കുട്ടികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോകത്തിലെ ഏറ്റവും അപകടകാരിയായ രോഗമായി സെപ്സിസ് മാറുന്നുവെന്ന പുതിയ വെളിപ്പെടുത്തലാണ് ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. ക്യാൻസർ രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് സെപ്സിസ് രോഗം കാരണം മരണപ്പെടുന്നത്.ലോകത്തിൽ നടക്കുന്ന അഞ്ചിൽ ഒന്ന് മരണങ്ങളും സെപ്സിസ് രോഗം മൂലമാണ്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ സ്കൂൾസ് ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പഠനറിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തു നടക്കുന്ന ഇരുപതു ശതമാനം മരണങ്ങളും സെപ്സിസ് രോഗം മൂലമാണ്.

ഏതെങ്കിലും ഒരു ഇൻഫെക്ഷനോട് ശരീരം പ്രതികരിക്കുകയും, അതുമൂലം രക്തക്കുഴലുകളിൽ ലീക്ക് സംഭവിക്കുകയും ചെയ്യുമ്പോഴാണ് സെപ്സിസ് രോഗം ഉണ്ടാകുന്നത്. ഇതിനു ശേഷം ശരീരത്തിലെ പല അവയവങ്ങളും പ്രവർത്തനരഹിതമായി മാറുന്നു. 2017 ൽ ഏകദേശം 85 ശതമാനം സെപ്സിസ് കേസുകളും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സോഷ്യോഡെമോഗ്രാഫിക് സംസ്ഥാനങ്ങളുള്ള രാജ്യങ്ങളിലാണെന്നും 40 ശതമാനം കേസുകളും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 21 വർഷമായി സണ്ണി എന്ന മനുഷ്യൻ ലണ്ടൻ നഗരം ചുറ്റി കാണുകയാണ്. രാത്രികളിലെ സൗന്ദര്യം ആസ്വദിച്ചു അദ്ദേഹം യാത്ര ചെയ്യുകയാണ്. മാനസിക വൈകല്യമുള്ള സണ്ണി, മാനസികാരോഗ്യകേന്ദ്രത്തിൽ അഡ്മിഷനായി അപേക്ഷിച്ചെങ്കിലും ഇതുവരെ ആ അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഒരു സ്ത്രീയാണ് അദ്ദേഹത്തിന് മാസത്തിലുള്ള പാസ് എടുത്തു നൽകിയത്.പലപ്പോഴും പകൽ കാലങ്ങളിൽ പള്ളികളിൽ ചെന്ന് അദ്ദേഹം സഹായിക്കാറുണ്ട്.അതിനു ശേഷമുള്ള സമയങ്ങൾ അദ്ദേഹം വെസ്റ്റ്മിനിസ്റ്റർ ലൈബ്രറിയിലാണ് ചിലവഴിക്കുന്നത്.

റസ്റ്റോറന്റുകളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകാറാണ് പതിവ്. ക്രിസ്മസ് കാലങ്ങളിൽ പതിവ് തെറ്റിച്ച് പള്ളികൾ നൽകുന്ന പാർപ്പിടങ്ങളിൽ താമസിക്കുകയാണ്. പലപ്പോഴും പല ബുദ്ധിമുട്ടുകളും തന്നെ തേടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . യാത്രകളിൽ ലണ്ടനിന്റെ ആത്മാവിനെ തൊട്ടറിയുകയാണ് അദ്ദേഹം.

തന്റെ യാത്രകളിൽ ഉടനീളം സണ്ണി തന്റെ ചുറ്റുമുള്ള മൂന്ന് വിഭാഗം ആൾക്കാരെ ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ കൂട്ടർ മെച്ചപ്പെട്ട ജീവിതത്തിനായി ഈ രാജ്യത്തെത്തിയവരാണ്. അവർ പ്രഭാതത്തിനു മുൻപുള്ള ക്ലീനിങ് ജോലികളിൽ ഏർപ്പെടുന്നു. രണ്ടാമത്തെ സംഘം കൂടുതലും തദ്ദേശീയരായ ബ്രിട്ടീഷുകാരാണ്. അവർ നൈറ്റ് ക്ലബ്ബുകളിൽ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നു. മൂന്നാമത്തെ കൂട്ടർ തന്നെപ്പോലുള്ള ഭവനരഹിതരാണ്. മറ്റെവിടെയും പോകാൻ ഇടമില്ലാത്തവർ. ബസുകളിലും മറ്റും വിശ്രമിക്കാൻ ഇടം തേടി അലയുന്നവർ.
സണ്ണി തന്റെ യാത്ര തുടരുകയാണ്, പരിഭവങ്ങളും പരാതികളും ഇല്ലാതെ.
അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം
പ്ലാസ്റ്റിക് നിരോധനവും പ്രകൃതിയെ ബാധിക്കുമെന്ന് പ്ലാസ്റ്റിക് പ്രോമിസസ് റിപ്പോർട്ട്. പ്ലാസ്റ്റിക് നിരോധനത്തിനു ശേഷം പേപ്പർ ബാഗുകളും പ്ലാസ്റ്റിക് ബോട്ടിലുകളുമാണ് കട ഉടമകളും കമ്പനികളും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്കിനെക്കാൾ കൂടുതൽ മാലിന്യം ഉണ്ടാക്കുന്ന ഗ്ലാസ് ബോട്ടിലുകളും പേപ്പർ ബാഗിന്റെ കാർബൺ പുറന്തള്ളലുമാണ് പ്രകൃതിയെ രൂക്ഷമായി ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കടലുകളിൽ സൃഷ്ടിക്കുന്ന മാലിന്യ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനാണ് പ്ലാസ്റ്റിക് നിരോധിച്ചത്. എന്നാൽ പ്ലാസ്റ്റിക് പ്രോമിസസിന്റെ റിപ്പോർട്ട് പ്രകാരം പുതിയ രീതികൾ പ്രകൃതി പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുകയാണ്. പല സൂപ്പർ മാർക്കറ്റുകളും റീസൈക്കിൾ ചെയ്യാമെ ന്ന പ്രതീക്ഷയിൽ ശീതളപാനീയങ്ങൾ വിൽ ക്കുന്നത് കാർബോർഡ് കുപ്പികളിലാണ്. എന്നാൽ ഗ്രീൻ അലയൻസ് കണക്കുപ്രകാരം യുകെയിൽ മാത്രമേ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളൂ.

റീസൈക്കിൾ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ലിബി പെക്കിന്റെ അഭിപ്രായത്തിൽ ബയോഡീഗ്രേഡബിൾ വിഭാഗത്തിൽപ്പെട്ടവയെല്ലാം മണ്ണിൽ അലിഞ്ഞു ചേരുന്നവയല്ല. മറിച്ച് ഇതെല്ലാം ഇൻഡസ്ട്രിയൽ കമ്പോസ്റ്ററുകളാണ്. ഇതിൽ ചിലത് വ്യാവസായികമായി പോലും റീസൈക്കിൾ ചെയ്യാൻ പറ്റാത്തവയും ആണ്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച ചില കമ്പനികൾ സാധാരണ പ്രകൃതി അന്തരീക്ഷത്തിൽ ഇത് അലിഞ്ഞു ചേരില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തിൽ പ്ലാസ്റ്റിക്കിൽനിന്ന് മറ്റു വസ്തുക്കളിലേക്കുള്ള കൂടുമാറ്റം കൂടുതൽ കാർബൺ പുറന്തള്ളലിന് കാരണമായേക്കാം. 2018 ഡിസംബറിലെ സർക്കാർ തീരുമാനത്തിൽ പ്രധാനമായും മൂന്നു നയങ്ങളാണ് ഉണ്ടായിരുന്നത്. പാക്കേജിംഗിലെ വ്യവസായികളുടെ പൂർണ്ണ ഉത്തരവാദിത്വം, ശീതള പാനീയ കുപ്പികൾ തിരികെ നൽകാനുള്ള സംവിധാനം, മാലിന്യ ശേഖരണത്തിലെയും റീസൈക്ലിങ്ങിലെയും കൃത്യത. ഈ നയങ്ങൾ ക്കായുള്ള തുടർ നടപടികൾ വരും വർഷങ്ങളിൽ ഉണ്ടായേക്കുമെങ്കിലും ഇത് നടപ്പാക്കുന്ന കൃത്യമായ സമയം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്ലാസ്റ്റിക് സ്ട്രോകളും, സ്പൂണുകളും മറ്റു വസ്തുക്കളും വരും വർഷങ്ങളിൽ നിരോധിച്ചേക്കും. കർശനമായ റീസൈക്ലിങ് ഉദ്ദേശങ്ങളും ഒരുതവണ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന സ്ട്രോ പോലെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവും ഉൾക്കൊള്ളുന്നതാണ് യൂറോപ്യൻ യൂണിയൻ സർക്കുലർ എക്കണോമി പാക്കേജ്. ബ്രിട്ടൻ ഇത് അംഗീകരിച്ചെങ്കിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം അംഗീകരിച്ചിട്ടില്ല.
മാനന്തവാടി: ഒരേ ഇടവകാംഗങ്ങളായ നാലു ഡീക്കന്മാര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗങ്ങള്‍. മാനന്തവാടി രൂപതയില്‍ ആദ്യമായാണ് ഒരേ ഇടവകയിലെ സമപ്രായക്കാരായ നാല് പേര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിക്കുന്നത്. 2020-ലെ പുതുവത്സര സമ്മാനമായാണ് ഇടവകാംഗങ്ങള്‍ പൗരോഹിത്യ സ്വീകരണത്തെ കാണുന്നത്. ഡീക്കന്മാരായ വിപിന്‍ കളപ്പുരയ്ക്കല്‍, അഖില്‍ കുന്നത്ത്, ജ്യോതിസ് പുതുക്കാട്ടില്‍, ജിതിന്‍ ഇടച്ചിലാത്ത് എന്നീ കളിക്കൂട്ടുകാരാണ് അള്‍ത്താരയില്‍ ഒരുമിച്ചത്. ഇവരില്‍ ജ്യോതിസ് പുതുക്കാട്ടില്‍ സി.എസ്.ടി സന്യാസ സഭാംഗവും മറ്റുള്ളവര്‍ മാനന്തവാടി രൂപതക്കുവേണ്ടിയുമാണ് പൗരോഹിത്യം സ്വീകരിച്ചത്.
കളപ്പുരയ്ക്കല്‍ തോമസ് ബീന ദമ്പതികളുടെ മകനായ ഫാ. മാത്യു (വിപിന്‍), കുന്നത്ത് തോമസ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് (അഖില്‍), പുതുക്കാട്ടില്‍ സെബാസ്റ്റ്യന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ ഫാ. സെബാസ്റ്റ്യന്‍ (ജ്യോതിസ്), ഇടച്ചിലാത്ത് ജോസഫ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജിതിന്‍ (ജോസഫ്) എന്നിവര്‍ ഒരുമിച്ചാണ് ചെന്നലോട് യു.പി. സ്‌കൂളില്‍ പഠിച്ചിരുന്നത്. വേദപാഠ പഠനം പത്താംക്ലാസുവരെ ഒരുമിച്ചായിരുന്നു. ഇവര്‍ നാല്‍വരും ഒരുമിച്ചെടുത്ത തീരുമാനത്തിന് ദൈവം കൃപ ചൊരിഞ്ഞപ്പോള്‍ ഒരേ ദിവസം തന്നെ സ്വന്തം ഇടവകയില്‍വച്ച് പൗരോഹിത്യം സ്വീകരിക്കുന്നതിന് ഇവര്‍ക്ക് അവസരമൊരുക്കി.
മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പൗരോഹിത്യം ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശുഭസൂചകമാണെന്ന് മാര്‍ പൊരുന്നേടം പറഞ്ഞു.
ഗുവാഹത്തി ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ, ചെന്നലോട് ദൈവാലയ വികാരി ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മികരായി.
>
സ്വന്തം ലേഖകൻ
ലണ്ടൻ : ഈ കോൺഗ്രസ് എന്തേ നന്നാവാത്തേ ?.. ഇവർ എന്തേ വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാത്തത് ?. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുവാൻ തെരുവിലിറങ്ങി സമരം ചെയ്യാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത് ?. പാർട്ടിയിലെ പാഴ് കിഴവന്മാരാണ് ഈ പാർട്ടിയെ നന്നാവാൻ സമ്മതിക്കാത്തത്. ഇവന്മാരെ ഒക്കെ ഒഴിവാക്കിയാലെ ഈ പാർട്ടി ( കോൺഗ്രസ് ) നന്നാവൂ !
ലോകത്ത് എവിടെയും ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയോട് ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതൊരു കോൺഗ്രസ്സുകാരനും വേദനയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളല്ലേ ഇവയൊക്കെ ?. ഇത് കോൺഗ്രസ്സുകാരൻ മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ മതേതര ഇന്ത്യയെ സ്നേഹിക്കുന്ന , നിക്ഷപക്ഷമായി ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണ്. കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് പാഴ് കിഴവന്മാരായ ചില നേതാക്കളാണെന്ന അപ്രീയമായ സത്യം ഒരോ കോൺഗ്രസ്സുകാരനും തിരിച്ചറിഞ്ഞുവെങ്കിലും ഈ പാർട്ടിയുടെ നേതൃത്വം മാത്രം ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇന്നോളം സമസ്തമേഖലകളിലും ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ കോൺഗ്രസ് ആണെന്ന് ആർക്കും നിസംശയം പറയാൻ കഴിയും. ഇന്ത്യ കണ്ട പ്രഗത്ഭരായ കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ രാജീവ് ഗാന്ധിവരെയുള്ളവർ വളരെയധികം ഉൾക്കാഴ്ചയോടെ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നടപടികളാണ് ഇന്നത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് തറപ്പിച്ച് പറയാം .
എന്നാൽ ഇന്നത്തെ ഇന്ത്യയുടെ തകർച്ചയ്‌ക്കും കാരണം കോൺഗ്രസ്സാണെന്ന് പറഞ്ഞാൽ സത്യസന്ധമായി ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്ന ആർക്കും അല്ല എന്ന് പറയുവാൻ കഴിയുമോ ? . കാരണം കോൺഗ്രസ് പാർട്ടിയിൽ എന്ന് മുതൽ ആർ എസ് എസ് ഇസ്സവും , സംഘപരിവാറിസ്സവും പരോക്ഷമായി കടന്നുകൂടിയോ അന്നു മുതല്ലേ ഈ മഹാപ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ചത് ?. ഒന്ന് കൂടി വ്യക്‌തമായി പറഞ്ഞാൽ അധികാരക്കൊതിയന്മാരും , ആർ എസ് എസ് ചാരന്മാരുമായ നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് വന്നതോട് കൂടിയല്ലേ ഈ പാർട്ടി ഇത്രയധികം തകർന്നടിഞ്ഞത് ?. അവർ നൽകിയ തെറ്റായ ഉപദേശങ്ങളും , നടപടിപടികളുമല്ലേ ഈ പാർട്ടി ഇത്രയധികം ഇല്ലാതാകാൻ കാരണം.
ഇതുപറയുമ്പോൾ വിരൽ ചൂണ്ടുന്നത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിലേയ്ക്കും , ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ കടിച്ച് തൂങ്ങി കിടന്ന് , കോൺഗ്രസ് പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകി ദിനംപ്രതി ആ പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന അധികാര കൊതിയന്മാരായ ഒരു കൂട്ടം പാഴ് കിഴവന്മാരിലേയ്ക്കുമല്ലേ ?. നരസിംഹറാവുവിന്റെ കാലഘട്ടം മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിജെപിയുടെ ഏജൻന്റ് കോൺഗ്രസ്സല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പരോക്ഷമായിട്ടെങ്കിലും സമ്മതിക്കേണ്ടി വരില്ലേ ?. യഥാർത്ഥത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ഏജന്റാണോ എന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ച് നോക്കാം.
ബാബറി മസ്ജിദ്
മതേതര – ജനാധിപത്യ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ കളങ്കമേതെന്ന് ചോദിച്ചാൽ അത് ബാബറി മസ്ജിദിന്റെ പതനമാണെന്ന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന ഏവരും ഓരോ സ്വരത്തിൽ പറയില്ലേ ?. എങ്കിൽ ആരുടെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ? ബിജെപിയുടെ ചാരനെന്ന് അന്നത്തെ മാധ്യമങ്ങൾ വിധിയെഴുതിയ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഭരണകാലഘട്ടത്തിൽ. നരസിംഹ റാവു ബിജെപിയുടെ ചാരനാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ കാരണം പ്രധാനമന്ത്രിയായ നരസിംഹ റാവു ബാബറി മസ്ജിദ് തകർക്കപ്പെടുന്ന നിമിഷം വരെ സ്വീകരിച്ച സംശയാസ്പദമായ നടപടികളാണ്. സൈന്യത്തെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകർക്കുന്നത് തടയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു ആർ എസ് എസ്സിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലേ ?
ഗുജറാത്ത് കൂട്ടക്കൊല
ഗുജറാത്തിൽ മോദിയുടെ നേത്ര്യത്വതിലാണ് വംശഹത്യ നടന്നതെന്ന് തെളിവുകൾ അടക്കം നൂറുകണക്കിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന് ശേഷം രണ്ട് തവണ കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നു. ഗോധ്ര തീവയ്പ് പോലും മോദി ആസൂത്രണം ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ടായിട്ടും കോൺഗ്രസ് മോദിയ്‌ക്കെതിരെ ശക്തമായ ഒരു നടപടിയും എടുത്തില്ല . നടപടികൾ എല്ലാം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള വെറും കാട്ടി കൂട്ടലുകൾ മാത്രമായിരുന്നില്ലേ ? .
സൊഹ്റാബുദ്ധീൻ കൊല
സൊഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊല നടക്കുന്നത് കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ്. സൊഹ്റാബുദ്ദീനെ ദാരുണമായി കൊലപ്പെടുത്തി ഭാര്യ കൗസർബിയെ കൂട്ട മാനഭംഗം ചെയ്ത ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു . ഈ കേസിൽ ആരോപണ വിധേയനായ അമിത്ഷായ്ക്കെതിരെ കോൺഗ്രസ് ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. മോദിയെയും അമിത് ഷായെയും നിയമവിധേയമായി പിടികൂടി ജയിലിലടക്കാൻ കോൺഗ്രസിന് രാജ്യത്തെ എല്ലാവിധ അധികാരങ്ങളും ഉണ്ടായിട്ടും കോൺഗ്രസ് അവരെ കെട്ടഴിച്ച് വിട്ടു. സത്യത്തിൽ മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ കോൺഗ്രസ് എടുത്ത ഈ സമീപനമല്ലേ ഇന്ന് രാജ്യം നേരിടുന്ന എല്ലാ ദുരിതത്തിന്റെയും കാരണം ?.
അഴിമതി കേസ്സുകൾ
ഷീലാദീക്ഷിത്തിനെ പോലെ അഴിമതിക്കാരായ നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ കോൺഗ്രസ് പാർട്ടി അഴിമതിക്കാരായ ബി ജെ പി നേതാക്കൾക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചില്ല . അതുമാത്രമല്ല അഴിമതി തടയുവാൻ കെജ്രിവാൾ കൊണ്ടുവന്ന എല്ലാ നടപടികൾക്കുമെതിരെ ബി ജെ പി യ്‌ക്കൊപ്പം നിലകൊണ്ടു. ദില്ലിയ്ക്ക് പൂർണ്ണ അധികാരം നല്കാതിരുവാനും, ആം ആദ്മി പാർട്ടിയെയും കേജ്രിവാളിനെയും ഇല്ലാതാക്കാനും ബിജെപിക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചില്ലേ ? .
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
രാജ്യം മുഴുവൻ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് അനേകം തട്ടിപ്പുകൾ നടന്നിട്ടും രാജ്യവ്യാപകമായി അതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുവാനോ , ഒരു കേസ് ഫയൽ ചെയ്ത് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേയ്ക്ക് കൊണ്ടുവരുവാനോ കാര്യമായി ഒന്നും ചെയ്തില്ല. അത് മാത്രമല്ല ദില്ലിയ്ക്ക് പുറമെ ബഹുഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എല്ലാ മാധ്യമങ്ങളും പ്രവചിച്ച , കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഹകരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തി. പ്രത്യുപകാരമായി മറ്റ് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിനെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്തില്ലേ ?.
ഇന്നത്തെ കോൺഗ്രസ് നേതാവ് നാളത്തെ ബിജെപി നേതാവ്
ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാർ അധവധിയുണ്ട് കോൺഗ്രസ് പാർട്ടിയിൽ. ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് നൂറോളം എംഎൽഎ മാരും എംപിമാരുമാണ് ബി ജെ പിയിലേക്ക് പോയത്. എം എൽ എ മാരും , എം പി മാരും ബി ജെ പിയിലേക്ക് പോകാതിരിക്കാൻ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോണുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഒഴിവാക്കി ഹോട്ടലുകളിലും റിസോർട്ടുകളിലും അടച്ചിടേണ്ട ഗതികേടല്ലേ ഇപ്പോൾ കോൺഗ്രസിനുള്ളത് ?.
ജനസമ്മതിയില്ലാത്ത നേതാക്കന്മാരുടെ ഉപദേശം
അഹമ്മദ് പട്ടേൽ , എ. കെ. ആന്റണി , വയലാർ രവി , പി. ജെ. കുര്യൻ , പി സി ചാക്കോ തുടങ്ങി പൊതുസമൂഹത്തിനിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത നേതാക്കന്മാർ നൽകുന്ന ഉപദേശങ്ങൾ കോൺഗ്രസിന് തകർച്ചകൾ മാത്രം നൽകുന്നു . രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കേണ്ട അധികാര മോഹികളായ ഇക്കൂട്ടരെ ഒഴിവാക്കി പുതുതലമുറയ്ക്ക് അവസരം നൽകാതെ കോൺഗ്രസ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയല്ലേ ?.
കാലത്തിനൊപ്പം വളരാത്ത രാഷ്ട്രീയം
കോൺഗ്രസ്സുകാർ ആം ആദ്മി പാർട്ടിയെ വിലയിരുത്തുന്നത് കോൺഗ്രസിനെ ഡെൽഹിയിൽ തോൽപിച്ച പാർട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അതാകട്ടെ പാക്വതയില്ലാത്ത വെറും വൈകാരിക സമീപനമാണ്. കോൺഗ്രസ്സുകാർ കരുതുന്നത് ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിന് മാത്രമേ കഴിയുള്ളൂ എന്നാണ്. അതുകൊണ്ട് കോൺഗ്രസിനെ തോൽപ്പിക്കുന്ന പാർട്ടികൾ എല്ലാം ബിജെപി യെ സഹായിക്കുന്നു എന്നാണ് അവർ പറഞ്ഞു പരത്തുന്നത്. കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാനാകൂ എന്നത് ശരിക്കും തെറ്റായ രാഷ്ട്രീയ വിലയിരുത്തലാണ് . കാരണം കോൺഗ്രസ് ദേശീയ തലത്തിൽ തകർന്നടിഞ്ഞ പാർട്ടിയായി മാറി കഴിഞ്ഞു . വെറും 50 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. അതായത് ബിജെപിക്ക് ഒരു സംസ്ഥാനത്ത് നിന്ന് കിട്ടിയ ആകെ സീറ്റിൻറെ എണ്ണം പോലും കോൺഗ്രസിന് മൊത്തം രാജ്യത്ത് നിന്ന് കിട്ടിയിട്ടില്ല. അപ്പോൾ ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് വ്യക്തമല്ലേ ?.
അപ്പോൾ പിന്നെ ബി ജെ പിയെ എതിർക്കാൻ എങ്ങനെ കഴിയും ?.
ഓരോ സംസ്ഥാനത്തും പ്രാദേശികമായി ബിജെപിയെ തകർത്തു കൊണ്ടിരിക്കുന്ന പാർട്ടികൾക്ക് മാത്രമേ അതിന് കഴിയൂ. അതാണ് മമതാ ബാനർജി , അരവിന്ദ് കെജ്രിവാൾ , എസ് പി , ബി എസ് പി , വൈ എസ് ആർ കോൺഗ്രസ് , കേരളത്തിൽ ഇടതുപക്ഷം , തമിഴ് നാട്ടിൽ ഡി എം കെ , എഐഎഡിഎംകെ , മഹാരാഷ്ട്രയിലെ ശിവസേന തുടങ്ങിയ പാർട്ടികൾ ചെയ്യുന്നത്.
ഈ പാർട്ടികൾ അധികവും ബിജെപിയെ ശക്തമായി പ്രതിരോധിച്ചിട്ടും കോൺഗ്രസ് അത് അംഗീകരിക്കാൻ തയ്യാറല്ല. ഇവരെ കൂടെ നിർത്താതെ കോൺഗ്രസിന് പാർലമെന്റ് പിടിക്കാൻ പറ്റില്ലെന്ന് 100% ഉറപ്പാണ് . പക്ഷേ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്താണ് ?, ഇവരെയൊക്ക ബിജെപി ഏജൻന്റെന്ന് മുദ്രകുത്തി മാറ്റി നിർത്തുന്നു. എത്ര വലിയ വിഡ്ഢിത്തമാണിത്. ഈ യാഥാർത്ഥ്യങ്ങൾ കോൺഗ്രസിലെ കാര്യവിവരമുളള നേതാക്കൾ തിരിച്ചറിയുന്നുണ്ട്.
പക്ഷെ കോൺഗ്രസിലെ ഷീലാ ദീക്ഷിത്തിനെപ്പോലെയുള്ള ബി ജെ പി അനുകൂല നേതാക്കളും , അധികാര കൊതിയന്മാരായ പാഴ് കിഴവന്മാരും ഒരിക്കലും പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് നല്ലൊരു സഖ്യം രൂപപ്പെടുത്താൻ തയ്യാറാവില്ല . പകരം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെയും , ഡെൽഹിയിൽ കേജരിവാളിന്റെ ആം ആദ്മി പാർട്ടിയെയും , കേരളത്തിൽ ഇടതുപക്ഷത്തെയും അകറ്റി നിർത്തി കോൺഗ്രസ്സിനെ വീണ്ടും വീണ്ടും ഇന്ത്യയിൽ ഇല്ലാതാക്കികൊണ്ടിരിക്കുന്നു . കോൺഗ്രസ്സേ… തിരിച്ചറിയുക …. ഷീലാ ദീക്ഷിത്തിനെപ്പോലെയും , അണ്ണാ ഹസ്സാരെപ്പോലെയും , കിരൺ ബേദിയെപ്പോലെയുമുള്ള ബി ജെ പി ഏജന്റുമാർ നിന്നിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
അതുകൊണ്ട് തന്നെ വീണ്ടും ചോദിക്കുന്നു .,, രാജ്യം ഇത്രയധികം അപകടം പിടിച്ച കാലത്ത് കൂടി കടന്നുപോകുമ്പോഴും … കോൺഗ്രസ്സേ .. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ?. അതുകൊണ്ട് തന്നെ ഈ പാഴ് കിഴവന്മാരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാതെ ഇന്ത്യയുടെ വളർച്ചയ്ക്ക് കൂട്ട് നിൽക്കുകയല്ലേ നീ ചെയ്യേണ്ടത് ?.
സ്വന്തം ലേഖകൻ
ചണ്ഡിഗഡ് : കാമുകിയെ കൊലപ്പെടുത്തിയ വിവരം ടിവിയിൽ കൂടി തത്സമയം വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 27 കാരനായ മനീന്ദർ സിംഗ് ആണ് ചണ്ഡിഗഡിലെ ന്യൂസ് 18 ഓഫീസിൽ എത്തി തന്റെ കാമുകി സർബ്ജിത് കൗറിനെ കൊലപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്. സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് പോലീസ് മനീന്ദറിനെ അറസ്റ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട അവാർഡുകളും നേടിയ ഹോളിവുഡ് ചിത്രം ‘ജോക്കറിലെ’ ഒരു പ്രധാന സീനിനോട് സമാനമായ രീതിയിലാണ് ഈ നാടകീയ രംഗങ്ങളും അരങ്ങേറിയത്. മാധ്യമ ധാർമ്മികതയെ ചോദ്യം ചെയ്യാനും ഇത് വഴിയൊരുക്കി.

വിവാഹ ചർച്ചകൾ കാമുകിയുടെ വീട്ടിൽ നിരസിച്ചതിനെത്തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഷോയുടെ അവതാരകനോട് പ്രതി പറഞ്ഞു. സർബ്ജിത് കൗറിന്റെ മൃതദേഹം ഡിസംബർ 30ന് ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. ഈ ഹോട്ടലിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. പോലീസ് തന്റെ കുടുംബത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതു മൂലമാണ് താൻ ഈ കുറ്റസമ്മതം നടത്തുന്നതെന്നും പ്രതി അറിയിച്ചു.

താൻ മറ്റൊരു ജാതിക്കാരനായതിനാലാണ് വിവാഹം നടത്തുന്നതിനെ കൗറിന്റെ കുടുംബം എതിർത്തതെന്നും സിംഗ് പറഞ്ഞു. ഒപ്പം തന്നെ സിംഗ്, തന്റെ മുൻകാമുകിയെയും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും പണം ഒരു അവിഭാജ്യ ഘടകമാണ്. പണം സമ്പാദിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കുടുംബങ്ങളിൽ പലപ്പോഴും വരവിനേക്കാൾ ഉപരി ചിലവുകളാണ് മുന്നിട്ടുനിൽക്കുന്നത്. പുതിയ ഷൂകളോ, സ്കൂൾ വിനോദയാത്രക ളോ എന്തുമാകട്ടെ വീട്ടിലേക്ക് പെട്ടെന്ന് വരുന്ന ചിലവുകൾക്ക് പണം കണ്ടെത്താൻ മാതാപിതാക്കൾ വളരെയേറെ കഷ്ടപ്പെടുന്നു. പലപ്പോഴും ബർത്ത് ഡേ പാർട്ടികൾ നടത്താൻ വളരെ ഞെരുക്കം ആണ് ബജറ്റിൽ നിന്നുകൊണ്ട് മാതാപിതാക്കൾ അനുഭവിക്കുന്നത്

എന്നാൽ ഒരു വർഷം 780 പൗണ്ട് സമ്പാദിക്കുവാനുള്ള ഒരു നൂതന ആശയം മാഞ്ചസ്റ്റർ ഫാമിലി പേജിൽ നിറഞ്ഞുനിൽക്കുകയാണ്. ഒരു പെട്ടിയുടെ മുകളിൽ 10 പൗണ്ട് മുതൽ 120 പൗണ്ട് വരെയുള്ള ലിസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം, ഈ ലിസ്റ്റിലെ ഓരോ സംഖ്യ ഓരോ മാസം വീതം പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. അതിനുശേഷം ഇട്ട തുക ലിസ്റ്റിൽനിന്ന് വെട്ടി കളയേണ്ടതാണ്. ഈ മാർഗ്ഗത്തിലൂടെ ഒരു വർഷം 780 പൗണ്ടോളം സമ്പാദിക്കുവാൻ സാധിക്കുന്നതാണ്.

ലിസ്റ്റനുസരിച്ച് മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ 100 പൗണ്ടിനു മുകളിൽ നിക്ഷേപിക്കേണ്ടതായുള്ളൂ. മാഞ്ചസ്റ്റർ ഫാമിലി പേജിൽ എമ്മ ഗിൽ എന്ന വീട്ടമ്മയാണ് ഈ ആശയം പോസ്റ്റ് ചെയ്തിരിക്കുന്നത്. ധനസമ്പാദനത്തിന് മറ്റു പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, പലപ്പോഴും അതെല്ലാം പാതിവഴിയിൽ അവസാനിച്ചു പോകാറാണ് പതിവ്. ആയിരത്തോളം ആളുകൾ ആണ് ഈ ആശയത്തിന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല ആശയമാ ണെന്ന അഭിപ്രായമാണ് മുന്നോട്ടുവന്നിരിക്കുന്നത്.