Middle East

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഒരു പ്രവാസി മലയാളി വിജയിയായത്. ഇത് കൂടാതെ നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്ത് പേരും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയും വിജയത്തെ വേറിട്ടതാക്കുന്നു.

 

സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.

സൗദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റ് രണ്ട് പ്രവാസികള്‍ മരിച്ചു. തായിഫ്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60ഉം 50ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. റിയാദ്, ഹൈല്‍, തബൂക്ക്, ബുറൈദ എന്നിവിടങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴുപേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്. പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 727 പേരാണ് ഇതുമൂലം രാജ്യത്ത് മരണപ്പെട്ടത്. സഊദിയില്‍ ആകെ 1,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികില്‍സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കിയാല്‍ സുഖപ്പെടുക്കാനാവുന്ന രോഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യു എ യിൽ ജോലിക്ക് പോകുന്നവർ ഇനി മുതൽ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി നാല് മുതലാണ് നിയമം നടപ്പിലാവുക. ജോലി അന്വേഷിക്കുന്ന നിരവധി പേരാണ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമാക്കാമെന്നു അന്വേഷിക്കുന്നത്. സർട്ടിഫിക്കറ്റ് നേടാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ. തഹസില്‍ദാര്‍ക്ക് അപേക്ഷ തയ്യാറാക്കി 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്ബ് പതിച്ച്‌ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുക. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. അതുപ്രകാരം തഹസില്‍ദാര്‍ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.  ഇങ്ങനെ ലഭിച്ച സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റേഷന്‍. കേരള ഗവ. സെക്രട്ടറിയേറ്റ്, ഹോം ഡിപ്പാര്‍ട്ട്മെന്റ് അറ്റസ്റ്റേഷന്‍, തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ എന്നിവ നടത്തുക.  പിന്നീട് യുഎഇ യിൽ എത്തിയതിനു ശേഷം മിനിസ്റ്ററി ഓഫ് ഫോറിന്‍ അഫയേഴ്സ് അറ്റെസ്റ്റേഷന്‍, ലീഗല്‍ ട്രാന്‍സിലേഷന്‍ ഓഫ് അറബിക്. മിനിസ്റ്ററി ഓഫ് ജസ്റ്റിസ് അറ്റസ്റ്റേഷന്‍ എന്നിവയ്ക്ക് ശേഷം യുഎഇയില്‍ ജോലി ആവശ്യത്തിലേക്ക് നല്‍കാവുന്നതാണ്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍പ്പെട്ട അഞ്ച് മലയാളി യുവാക്കള്‍ സഹപാഠികളും ആത്മസുഹൃത്തുക്കളും. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ്​  അഞ്ച് പേരെയും ഒരുമിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിച്ചത്.   പഠനം കഴിഞ്ഞ് കാറ്ററിംഗ് കോളജ്​ അധികൃതര്‍  തന്നെയാണ്  ജോലി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ചു നൽകിയത്. ബിദൂന്‍ ഒയാസിസിലെ ടൂറിസ്റ്റ് കേന്ദ്രത്തിലും റാക് ഹോട്ടലിലും ജോലി ചെയ്തിരുന്ന ഇവര്‍ സമയം കണ്ടെത്തി ഒത്തുകൂടുക പതിവായിരുന്നു.

ചൊവ്വാഴ്ച്ച  ഈ സൗഹൃദകൂട്ടം നടത്തിയ യാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പ്രിയ സുഹൃത്തുക്കളായ അതുലും അര്‍ജുനും തങ്ങളെ വിട്ടു പിരിഞ്ഞത് അറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുകയാണ് വിനു, സഞ്ജയ്, ശ്രേയസ് എന്നിവര്‍. പുലര്‍ച്ചെ റാക് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സേന സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിലെ ജീവനക്കാരനും കെ.എം.സി.സി പ്രവര്‍ത്തകനുമായ അറഫാത്തി​​െൻറ ഇടപെടലാണ് അപകടത്തില്‍പ്പെട്ടവര്‍ മലയാളികളാണെന്ന വിവരം വേഗത്തില്‍ പുറം ലോകത്തെത്തിച്ചത്.

പുലര്‍ച്ചെ മൂന്നരയോടെ റാക് സഖര്‍ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് താന്‍ അപകട വിവരം അറിഞ്ഞതെന്ന് അറഫാത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍.  ആശുപത്രിയിലുണ്ടായിരുന്ന പൊലീസ്​ ആളുകളെ തിരിച്ചറിഞ്ഞിരുന്നില്ല.  സഞ്ജയ്, ശ്രേയസ് എന്നിവരുമായുള്ള സംസാരത്തില്‍ നിന്ന് ലഭിച്ച സൂചനയെ തുടർന്ന്​  റാക് ഹോട്ടലില്‍ വിവരമറിയിച്ചു. തുടർന്ന്​ ഹോട്ടല്‍ അധികൃതരും  കാറ്ററിംഗ് കോളജ് ​പ്രതിനിധികളും റാക് കേരള സമാജം ഭാരവാഹികളും ആശുപത്രിയിലത്തെി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ജിദ്ദ : പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി സംവരണം ചെയ്തു. ഇത് കര്‍ശനമായി നടപ്പാക്കുമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പ്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കട , ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ , ഫര്‍ണിച്ചര്‍ കടകള്‍ എന്നിവിടങ്ങളിലാണ് നിതാഖാത് നടപ്പാക്കുക. രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. വാച്ച് കടകള്‍ , കണ്ണട കടകള്‍ , ഇലക്ട്രിക് , ഇലക്ട്രോണിക് കടകള്‍ , എന്നിവ സ്വദേശിവല്‍ക്കരിക്കും. 2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ , കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ , ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ , പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.

നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ , ജ്വല്ലറികള്‍ , സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.

വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് നാട് കടത്തും.

പണം ലഭിച്ച ശേഷം നാട് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് കോടതി നിരീക്ഷിച്ചു. അബുദാബിയിലെ ഒരു കമ്പനിയുടെ ബിസിനസ്സ് ലൈസന്‍സ് നല്‍കുന്ന വിഭാഗത്തിലെ ബിസിനസ്സ് സര്‍വീസ് മാനേജറാണ് ഇയാള്‍.

ജെബെല്‍ അലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. 2014 ഡിസംബര്‍ പത്ത് മുതല്‍ 2016 ജനുവരി 28 വരെയുള്ള സമയാത്താണ് സംഭവങ്ങളുടെ ചുരുഴിഞ്ഞത്.

2013ല്‍ ഒരു കമ്പനിയുമായുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി ദുബായിലെ ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ സമീപിച്ചു. അബുദാബിയില്‍ മറ്റൊരു കമ്പനിയില്‍ ജോലിക്ക് വേണ്ടിയായിരുന്നു ഇത്. ഇതിനായി അധികം പണവും കൊടുത്തുവെന്ന് 47 കാരനായ പരാതിക്കാരന്‍ പറയുന്നു.

2014 ഡിസംബര്‍ 10ന് 31,630 ദിര്‍ഹം നല്‍കി. 2015 മെയ് എട്ടിന് 146,000 ദിര്‍ഹവും 2015 ജൂണ്‍ ഒന്നിന് 2 മില്യണ്‍ ദിര്‍ഹവും ഇയാള്‍ നല്‍കി. തുടര്‍ന്ന് മെയിലിലൂടെ അബുദാബിയിലെ ഒരു ലൈസന്‍സിന്റെ കോപ്പി പ്രതി അയച്ചുകൊടുത്തു. 2016 ജനുവരി 24 മുതല്‍ 2017 ജനുവരി 23 വരെ കാലാവധി ഉള്ളതായിരുന്നു അത്. എന്നാല്‍ ലൈസന്‍സിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ലൈസന്‍സ് വ്യാജമാണെന്ന് മനസിലായെന്നും പരാതിക്കാരന്‍ പറയുന്നു.

ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിലെ മാറ്റങ്ങൾ വിദേശ തൊഴിലാളികൾക്കു വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസത്തിനുള്ളില്‍ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക.

മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം, സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ കടകളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴില്‍ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളില്‍ കൂടി പുതുതായി ഏര്‍പ്പെടുത്തുന്നതോടെ സൗദിയിലെത്തപ്പെട്ട അവിദഗ്ധരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളുടെ നില അങ്ങേയറ്റം പരിതാപകരമാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പ്രതിസന്ധി ഉണ്ടാകും.

സ്വന്തം നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകള്‍ എന്നിങ്ങനെയായിരിക്കും സൗദിവല്‍ക്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തു വിട്ടുകൊണ്ട് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ആദ്യ ഘട്ടമായ സെപ്റ്റംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍ എന്നിവ കൂടി സ്വദേശിവല്‍കൃതമാകും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് മറ്റു അഞ്ചു തരം കടകളില്‍ നിന്ന് കൂടി വിദേശി തൊഴിലാളികള്‍ പുറത്താകും. ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവയാണ് ഇവ.

പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും മുന്‍ നിശ്ചിത വനിതാ സംവരണ തോത് ബാധകമാണെന്ന് മന്ത്രിയുടെ തീരുമാനം ഓര്‍മിപ്പിച്ചു. തൊഴില്‍ മന്ത്രാലയം, മാനവശേഷി വികസന ഫണ്ട്, സാമൂഹിക വികസന ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപവത്കരിച്ച് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ചുള്ള അജണ്ട തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് വിജയകരമായി അവ നടപ്പിലാക്കാനും മന്ത്രാലയ പ്രസ്താവന ആവശ്യപ്പെടുന്നതായി അബല്‍ഖൈല്‍ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശ തൊഴിലാക്കൾക്ക് ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണം മൂലം കഴിഞ്ഞ വർഷങ്ങളിൽ ജോലി നഷ്ടപ്പെട്ടിരുന്നു.

യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 2535 കിലോമീറ്റര്‍ വേഗത്തിലും ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 4560 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ 1224 ഡിഗ്രി സെല്‍ഷ്യസും ആഭ്യന്തരഭാഗത്ത് 1126 ഡിഗ്രി സെല്‍ഷ്യസും മലയോരമേഖലയില്‍ 820 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. ജെബില്‍ ജെയ്‌സില്‍ ആണ് തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ട സ്ഥലം (4.3 സെല്‍ഷ്യസ്). ജെബീല്‍ മഹ്ബ്ര 5.3 സെല്‍ഷ്യസ്, ജെബീല്‍ ഹഫീത്ത് 7.9 സെല്‍ഷ്യസ്, ഡമാത്ത 8.8 സെല്‍ഷ്യസ്, റാക്കനഹ 9.5 സെല്‍ഷ്യസ് എന്നിങ്ങനെയാണ് മറ്റ് കുറഞ്ഞ താപനില.

ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 812 അടിവരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ദോഹ: ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അമിതമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് വരുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുകയോ കടകളില്‍ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഖത്തര്‍ മാര്‍ക്കറ്റുകളിലെ പതഞ്ജലി ഉല്‍പന്നങ്ങള്‍ കമ്പനിക്ക് പിന്‍വലിക്കേണ്ടതായി വരും.

ഖത്തറിലെ വില്‍പ്പന ശാലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ പതഞ്ജലി ആയുര്‍വേദിക്ക് ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയും അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയുമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകള്‍ ഖത്തര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗുണനിലവാരമില്ലയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ആറ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പതഞ്ജലിയുടെ ആംല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം ബാക്ടോക്ലേവ് എന്ന ഒരു മരുന്നും നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ‍ ആവശ്യപ്പെട്ടതായാണു സൂചന.

നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു.

കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.

മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.

ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മേയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്.

RECENT POSTS
Copyright © . All rights reserved