Movies

ഷെറിൻ പി യോഹന്നാൻ

മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.

പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!

പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.

Spoiler Alert

“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.

മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക്‌ ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…

ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് കയർത്ത് ഫഹദ് ഫാസിൽ. മൈക്കുമായി അടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു നടൻ . ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

ഇതെന്താണിത്? ഇതൊന്നും ശരിയല്ല. എല്ലാ പൗരന്റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്. അതുകൊണ്ടാണ് വന്നത്.’ – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി നൽകി.

തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു സംവിധായകൻ ഫാസിൽ നൽകിയ മറുപടി.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി.

കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന കഥ പറഞ്ഞ് നടന്‍ സുധീർ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.

സുധീറിന്റെ വാക്കുകൾ

‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. വർക് ഔട്ട് ആയിരുന്നു ലഹരി.

ഒരു വർഷം മുൻപ് മുണ്ടിൽ ചോര കണ്ടു. അപ്പോൾ ഞാൻ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവർത്തിച്ചു. ഡോക്ടറെ കണ്ടപ്പോൾ പൈൽസ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊളനോസ്കോപ്പിയും എൻഡോസ്കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം.

മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാൻ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ’ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.’- സുധീർ പറയുന്നു.

തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം വൈക്കത്തെ വീട്ടുവളപ്പില്‍ നടന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന പി.ബാലചന്ദ്രന്‍ ഇന്നുരാവിലെയാണ് വൈക്കത്തെ വസതിയില്‍ അന്തരിച്ചത്. 70 വയസായിരുന്നു. നടൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ തുടങ്ങി ബഹുമുഖ മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ്.

സുഹൃത്തുക്കള്‍ സ്നേഹത്തോടെ ‘ബാലേട്ടൻ എന്നു വിളിക്കുന്ന പി.ബാലചന്ദ്രന്‍ മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച് കുറച്ചുകാലം ഗസ്‌റ്റ് ലക്‌ചററുമായ ബാലചന്ദ്രന്‍ പിന്നീട് കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, കമ്മട്ടിപ്പാടം, പൊലീസ്, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഇവൻ മേഘരൂപന്റെ സംവിധായകനായി. ചെറിയ വേഷങ്ങളിലൂടെ എത്തിപിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി. ‘ട്രിവാൻഡ്രം ലോഡ്ജിലെ’ വേഷം ബാലചന്ദ്രനെ ന്യൂജനറേഷൻ സിനിമയിലെയും സ്ഥിര സാന്നിധ്യമാക്കി.

മോഹൻലാൽ അരങ്ങിലെത്തിച്ച കഥയാട്ടത്തിന് രംഗഭാഷ്യമൊരുക്കിയത് പി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ്. പാവം ഉസ്മാൻ, മകുടി, ചെണ്ട, കല്യാണസൗഗന്ധികം, മാറാമറയാട്ടം, തിയറ്റർ തെറപ്പി തുടങ്ങിയ നാടകങ്ങൾ ശ്രദ്ധ നേടി. നാടകകൃതികളുടെ സമാഹാരമായ ‘പാവം ഉസ്മാൻ’ 1989ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടി. മസ്തിഷ്ക ജ്വരം ബാധിച്ച് കുറെനാളായിചികിത്സയിലായിരുന്നു. കൊല്ലം ശാസ്താംകോട്ട പുത്തൻപുരയിൽ പത്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനാണ്. വൈക്കം നഗരസഭാ മുൻ അധ്യക്ഷ ശ്രീലതയാണ് ഭാര്യ.

സൂപ്പര്‍ത്താരങ്ങള്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസനം മുരടിപ്പിക്കുന്നതിന് ജനം വോട്ട് കൊടുക്കില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാന്‍ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല.

മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും താന്‍ചിന്തിക്കുന്നില്ലെന്നും കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പാര്‍ട്ടി പറയുമ്പോള്‍, അതില്‍പരം ഒരു ആത്മവിശ്വാസം വേറെയുണ്ടോ?. മുകേഷ് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ ചെറിയ കാലത്തിനിടയ്ക്ക് നിരവധി സംവിധായകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായും പലരും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും മുൻ ബോളിവുഡ് താരം സോമി അലി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.

‘നിരവധി സംവിധായകർ എന്നോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. നരകതുല്യമായ ഒരു അവസ്ഥയിലായിരുന്നു ഞാൻ. പലപ്പോഴും ചതിക്കുഴികളിൽ വീണു പോകുകയും ചെയ്തു’– സോമി പറഞ്ഞു. സിനിമാ ലോകത്ത് നിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

സൽമാന്‍ ഖാനോടുള്ള അഗാധ പ്രണയത്തിലാണ് 90കളിൽ മുംബൈയിൽ എത്തിയത്. എട്ടുവർഷം സൽമാനുമായി ഡേറ്റിങ്ങിലായിരുന്നു. സൽമാൻ ഖാൻ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും സോമി അലി വ്യക്തമാക്കി. സൽമാനിൽ നിന്നും നല്ലതൊന്നും പഠിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരുപാട് നന്മയുള്ളവരാണെന്ന് ബോധ്യപ്പെട്ടതായും താരം പറഞ്ഞു.

‘അവർ മതംനോക്കാത്ത മനുഷ്യരായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയ എറ്റവും പ്രധാനപ്പെട്ടകാര്യം. മനുഷ്യരെ തുല്യരായി കാണാൻ അവർക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകൾ ആർക്കു നേരെയും കൊട്ടിയടച്ചില്ല. അവരുടെത് സ്നേഹമുള്ള കുടുംബമായിരുന്നു.’– സോമി അലി പറഞ്ഞു.

കൃഷൻ അവതാർ, യാർ ഗദ്ദർ, അന്ധ്, മാഫിയ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ നായികയായി എത്തിയ സോമി നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകയാണ്. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോർ ടിയേഴ്സ്’ എന്ന എൻജിഒയ്ക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ മോശം അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും സോമി അലി അവ്യക്തമാക്കി.

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍.

നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.

കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.

ദിലീപ് വി കെ

മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.

കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ്‌ ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.

കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.

ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.

ദിലീപ് വി കെ:  കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ബിഗ് സ്‌ക്രീനിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ആഴ്ചകള്‍ മാത്രമാണുള്ളത് . ഇപ്പോഴിതാ ‘മരക്കാരിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

‘മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു’-പ്രിയദര്‍ശന്‍ പറഞ്ഞു.

സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

Copyright © . All rights reserved