Obituary

പ്രശസ്ത തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും മയില്‍സാമി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും ഒരു നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളിലെ മയില്‍സാമിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2004ല്‍ ‘കൺഗൾ കയ്ദു സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മയില്‍സാമി മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, ശരത് കുമാർ തുടങ്ങിയ പ്രമുഖർ മയിൽസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിലാണ് കെട്ടിടം പണിക്കിടെ കാല് വഴുതി താഴെ വീണത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

പിതാവ് – കുഞ്ഞാലി പുളിക്കൽ. മാതാവ് – നബീസ. ഭാര്യ – ജസീന. മക്കൾ – ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ  (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട്  വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.

നഴ്‌സായ അനു  കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ  രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.

എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ  Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രണ്ട് പെൺമക്കൾ-  ആഞ്‌ജലീന  (7) ഇസബെല്ല  (3).  മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ  ഇരട്ടമക്കളിൽ ഒരാളാണ്.

പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കഫേ നടത്തിയിരുന്ന സുനില്‍ മോഹന്‍ ജോര്‍ജാണ്(45) മരിച്ചത്. ഏതാനും ദിവസമായി പനിയും അസ്വസ്ഥതയും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ആദ്യം ലണ്ടനില്‍ കുടുംബമായിട്ടായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് റെഡ്ഡിങ്ങിലേക്കു ഭാര്യയുമായി താമസം മാറുകയായിരുന്നു.

ഇവിടെ വെച്ച് ക്യാൻസർ രോഗം മൂലം ഭാര്യ റേയ്ചൽ മരണപ്പെട്ടു. തുടർന്ന് ഒരു റെസ്റ്റോറന്റ് നടത്തിയായിരുന്നു സുനിലിന്റെ ജീവിതം. ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു സുനില്‍ ഇവിടെ എത്തിയിട്ട്. മറ്റു ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഠിനമായ തണുപ്പില്‍ പനി പിടിക്കുന്നവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാകുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഈ അടുത്തും സുനിൽ നാട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെയാണ് മരണവിവരം പുറത്ത് വന്നത്.

കഫേയില്‍ ക്ലീനിംഗ് ജോലിക്കു രാവിലെ എത്തിയ ജോലിക്കാരി വാതില്‍ തുറക്കാതെ കിടക്കുന്നത് കണ്ടു മറ്റുള്ളവരെ അറിയിച്ചതോടെ പോലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

തുർക്കിയിലെ യെനി മലതിയാസ്​പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.

ഹറ്റായ്​സ്​പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.

കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബം​ഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സാകോ കമ്പനി ജീവനക്കാരാണ് മരിച്ച എല്ലാവരും.അൽഅഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാൻ അൽഅഹ്‌സ കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.

ഗായിക വാണി ജയറാമിന്റെ മരണകാരണം വീഴ്ചയിൽ തലയ്ക്കേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ വീണതായും ആ വീഴ്ചയില്‍ തല മേശയിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. മരണത്തിൽ അസ്വഭാവികമായി മറ്റൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്.

പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.

ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ് മലയാളത്തില്‍ അവസാനം പാടിയത് . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ച് രാജ്യം ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കും മുന്‍പാണ് അപ്രതീക്ഷിത വിയോഗം.

സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. 1969 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം, മരണം സംഭവിച്ചതാകട്ടെ 2023 ഫെബ്രുവരി നാലിനും. 2018ൽ ജയറാം അന്തരിച്ചു.

ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ മുത്തച്‌ഛൻ വാങ്ങിയത്. 1943 ൽ ജനിച്ച പർവേസ് മുഷറഫ് നാല് വയസുവരെ ദരിയാഗഞ്ചിലെ വീട്ടിൽ കഴിഞ്ഞു. പിന്നീട് ഇന്ത്യ-പാക് വിഭജന കാലത്ത് 1947ൽ മുഷറഫിന്റെ കുടുംബം വസ്ത്ര വ്യാപാരിയായ മദൻ ലാൽ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ വസിക്കുന്നത്.

2001ൽ പാകിസ്ഥാൻ പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ മുഷറഫ് പഴയ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ അയൽക്കാരോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീട് 2005ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും പൂർവിക ഭവനം സന്ദർശിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ട് പലതവണയായി പഴയ കുടുംബവീട് ഭൂരിഭാഗവും പൊളിച്ചു. ഇപ്പോൾ ചെറിയ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ കുടുംബം താൽപര്യം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകുന്നതിനു ദുബായിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് അനുമതി നൽകി. ‍പാക്കിസ്ഥാൻ മുൻ ഭരണാധികാരി എന്ന നിലയിൽ, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതെന്നു കുടുംബം അറിയിച്ചു. ദീർഘനാളായി രോഗക്കിടക്കയിലായിരുന്ന ജനറൽ മുഷറഫിന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്.

നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്. ‌

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. ‌പിന്നീടു മടങ്ങിയിട്ടില്ല.

RECENT POSTS
Copyright © . All rights reserved