ബൈബിൾ പ്രഭാഷകൻ കാലഘട്ടത്തിന്റെ സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും ബഥേൽ എ.ജി.ബാംഗ്ലൂർ ചർച്ചിന്റെ സീനിയർ പാസ്റ്റർ റവ.ഡോ. എം.എ.വർഗ്ഗീസ് ജൂൺ 24 നു വാറ്റ് ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.
ഈ മീറ്റിംഗിലേയ്ക്ക് ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക…. ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും.
Further details please contact Pastor Johnson George #07852304150
Website: www.wbpfwatford.co.uk .
ബിനോയ് എം. ജെ.
ഉത്കണ്ഠ(anxiety)യുടെ കാരണത്തെക്കുറിച്ച് മന:ശ്ശാസ്ത്രജ്ഞന്മാർ ദശാബ്ദങ്ങളായി പഠിച്ചു വരുന്നു. എന്നാൽ അവർ അതിന്റെ ശരിയായ കാരണം കണ്ടെത്തിയോ എന്ന് എനിക്ക് സംശയമാണ്. കണ്ടെത്തിയിരുന്നുവെങ്കിൽ അവർ അതിന് പരിഹാരം നിർദ്ദേശിക്കുമായിരുന്നു. അത്തരം ഒരു പരിഹാരം മന:ശ്ശാസ്ത്രലോകത്തുനിന്നും വരാത്തതിനാൽ അതിൽ മന:ശ്ശാസ്ത്രജ്ഞന്മാർ വിജയിച്ചിട്ടില്ല എന്നുതന്നെ നമുക്ക് അനുമാനിക്കാം. എന്നാൽ ശരിയായ പരിഹാരം തത്വശാസ്ത്രത്തിൽ കിടപ്പുണ്ട്.
മനുഷ്യരായി ജനിച്ച എല്ലാവരിലും ഉത്കണ്ഠ കാണപ്പെടുന്നു. അതിനാൽ തന്നെ അത് ഒരു മാനസികപ്രശ്നം അല്ലെന്നു വാദിക്കുന്നവരുണ്ടാവാം. എന്നാൽ മനുഷ്യപ്രകൃതം തന്നെ ഒരപചയമാണെന്ന് ഭാരതീയതത്വചിന്തകന്മാർ വാദിക്കുന്നു. ജന്മനാതന്നെ മനുഷ്യൻ ഒരു (മാനസിക)രോഗിയാണ്. ഇത് പറയുവാനുള്ള കാരണം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറിയ അപൂർവ്വം ചില വ്യക്തിത്വത്തങ്ങൾ സമൂഹത്തിൽ ഇന്നും ഉണ്ട് എന്നത് തന്നെ. ആർഷഭാരതത്തിൽ അത്തരക്കാർ അനവധി ഉണ്ടായിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ സാധാരണവും സാർവ്വലൗകീകവുമാണെങ്കിലും അത് മനുഷ്യന് ഭൂഷണമല്ല എന്ന് സാരം. ഈപ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറുവാൻ ഒരു മാർഗ്ഗമുണ്ടെന്നും അതിന് വേണ്ടി സദാ പരിശ്രമിക്കണമെന്നും അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്താകുന്നുള്ളുവെന്നും ഭാരതീയ ചിന്തകന്മാർ വാദിക്കുന്നു.
മനുഷ്യന്റെ പ്രശ്നങ്ങൾ സാർവ്വലൗകീകമാണെങ്കിലും ആ പ്രശ്നങ്ങളുടെ പിറകിൽ ഒരു കാരണം ഉണ്ടെന്നും ആ കാരണം ഉത്കണ്ഠ തന്നെയാണെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത്. അതിനാൽ തന്നെ ഏതെങ്കിലും വിധത്തിൽ ഉത്കണ്ഠയെ ജയിച്ചാൽ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരമാണെന്നും അതിനാൽതന്നെ ഞാൻ നിസ്സഹായനാണെന്നും എന്റെ ജീവൻ സദാ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ചിന്ത ഉത്കണ്ഠയെ ജനിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു ചിന്ത മൂഢവും യുക്തിഹീനവുമാകുന്നു. ഞാനീകാണുന്ന ശരീരമല്ലെന്നും എന്റെയുള്ളിൽ ഈശ്വരൻ പ്രകാശിക്കുന്നുവെന്നും ആ ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്നും ഈ ശരീരം പോയാലും അതെന്റെ അസ്ഥിത്വത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല എന്ന ചിന്തയാകുന്നു ഉത്കണ്ഠയ്ക്കുള്ള ശാശ്വതമായ പരിഹാരം.
ഒരുവൻ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും ,ബ്രഹമലോകത്താണെങ്കിലും താനാ അനന്തസത്തയിൽ നിന്നും ഭിന്നനാണെന്ന് ചിന്തിച്ചാൽ അവിടെ ഉത്കണ്ഠ ജനിച്ചിരിക്കും!അതിനാൽതന്നെ “ഞാനാപരബ്രഹ്മം തന്നെയാകുന്നു” (അഹം ബ്രഹ്മാസ്മി )എന്ന സമഷ്ടിബോധം വെറും ഭംഗിവാക്കല്ല മറിച്ച് മനുഷ്യനെ സദാ വേട്ടയാടുന്ന ഉത്കണ്ഠയിൽനിന്നും അനുബന്ധപ്രശ്നങ്ങളിൽനിന്നും കരകയറുവാനുള്ള ഉത്തമ ഉപായം ആവുന്നു. താൻ ഈശ്വരനിൽ നിന്നും ഭിന്നനാണെന്ന് ചിന്തിക്കുന്ന മനുഷ്യൻ പുക്കിൾകൊടി വിച്ഛേദിക്കപ്പെടുന്ന ശിശുവിനെപോലെ ഉത്കണ്ഠയിൽ വീണുപോകുന്നു. ഉത്കണ്ഠ അവനെ ജീവിതത്തിൽ ഉടനീളം വേട്ടയാടുകയും ചെയ്യുന്നു. ഇതിൽ നിന്നും മോചനം നേടുകയെന്നതാകുന്നു ജീവിതവിജയത്തിന്റെ അടിസ്ഥാനം.
ആത്മാവിനെ നിഷേധിക്കുകയും മനസ്സിനേക്കാൾ പ്രധാന്യം ശരീരത്തിന് കൊടുക്കുകയും ചെയ്യുന്ന പാശ്ചാത്യരുടെ ഭൗതിക വാദത്തിൽ മനുഷ്യന് ഉത്കണ്ഠ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. മറിച്ച് ഈ ശാരീരിക അവബോധത്തിൽ(body- consciousness )നിന്നും അതിനെ തുടർന്നുണ്ടാകുന്ന ശരീരവുമായുള്ള ബന്ധനത്തിൽ നിന്നും വ്യക്തിബോധത്തിൽ നിന്നും കരകയറിക്കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ തന്റെ ഇച്ഛയാലാണ് ചലിക്കുന്നതെന്ന പരമാർത്ഥം അറിയുന്ന യോഗി ഉത്കണ്ഠയിൽനിന്നും ശാശ്വതമായ മോചനം സമ്പാദിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ക്രോയ്ഡോൺ : ക്രോയിഡോൺ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. പൗലോസ് ശ്ലീഹായുടെ തിരുനാൾ ജൂൺ 26 ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കാറ്റർഹാം ഓൺ ദി ഹിൽ സേക്രട്ട് ഹാർട്ട് റോമൻ കാത്തലിക്ക് ചർച്ചിൽ വച്ച് ഇടവക വികാരി ഫാ. ജോൺ അലക്സിൻറെ കാർമികത്വത്തിൽ അതിവിപുലമായി നടത്തപ്പെടുന്നു.
ആഘോഷമായ ദിവ്യബലി, ഇടവകയിലെ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം , ഭക്ത നിർഭരമായ റാസ , നേർച്ചവിളമ്പ്, ഭക്തസംഘടനകളുടെ വാർഷികം, എന്നിവ പെരുന്നാളിനോടൊപ്പം നടക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
നേർച്ചവിളമ്പിന് ശേഷം രാത്രി 8. 30 മണിയോടുകൂടി തിരുനാളിന് കൊടി ഇറങ്ങും.
സംഘാടകർ വിശാലമായ കാർ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.
ദേവാലയത്തിന്റെ അഡ്രസ്
Sacret Heart of Jesus RC Church
Essenolene Road
Cater Ham Surrey
CR 35 PB
കൂടുതൽ വിവരങ്ങൾക്ക് :-
റോയി മാത്യു (സെക്രട്ടറി) :- 07480495628
പ്രദീപ് ബാബു ( ട്രസ്റ്റി ) :- 07535761330
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂര്‍ണിമ ആഘോഷം ആയി 2022 ജൂൺ 25-ന് ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും . ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.
എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
മാത്യൂ ചെമ്പുകണ്ടത്തിൽ
റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that in reality the truth were outside of Christ, then I should prefer to remain with Christ rather than with the truth.” സത്യം ക്രിസ്തുവിന് വെളിയിലാണെന്ന് ആരെങ്കിലും എനിക്ക് തെളിയിച്ചുതരികയും വാസ്തവമായി അത് അങ്ങനെയാണെങ്കില്‍ തന്നെയും ഞാന്‍ സത്യത്തിന്‍റെ കൂടെയല്ല, ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കും നില്‍ക്കുക.
ദോസ്തോവസ്കിയുടെ ഈ പ്രസ്താവന കെ.പി. അപ്പന്‍റെ “ബൈബിള്‍ ദൈവത്തിന്‍റെ കവചം” എന്ന ഗ്രന്ഥത്തില്‍ നിന്നാണ് വായിച്ചത്. “ക്ഷോഭിക്കുകയും അടിമുടി വിറയ്ക്കുകയും ചെയ്തുകൊണ്ട് സ്റ്റവ്റോജും ഷട്ടോവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ക്രിസ്തുവിലുള്ള ദോസ്തോവസ്കിയുടെ ഉലയാത്ത വിശ്വാസം പ്രതിഭയുടെ ഹിതപ്രകാരമുള്ള പ്രാര്‍ത്ഥന പോലെ നാം കേള്‍ക്കുന്നു. സത്യം ക്രിസ്തുവിന് പുറത്താണെന്ന് തെളിയിച്ചാല്‍ സത്യത്തോടല്ല, ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റവ്റോജ് പറയുമ്പോള്‍ നാം കേള്‍ക്കുന്നത് ദോസ്തോവസ്കിയുടെ ശബ്ദമാണ്. നിരീശ്വരവാദിയായ കിര്‍ലോവിനും ക്രിസ്തുവിനെ നിരാകരിക്കാന്‍ കഴിയുന്നില്ല. ക്രിസ്തു ഇല്ലായിരുന്നുവെങ്കില്‍ ഈ ഭുമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു എന്ന ഈ കഥാപാത്രത്തിന്‍റെ പ്രഖ്യാപനം ദോസ്തയോവസ്കിയിലെ തന്നെ സംശയാലു സ്വന്തം സംശയത്തെ കുരിശില്‍ സമര്‍പ്പിച്ചുകൊണ്ട് നടത്തിയ കുറ്റസമ്മതത്തിന്‍റെ രേഖയായിരുന്നു. ആത്മീയ പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലഘട്ടത്തിന്‍റെയും ലക്ഷ്യം ദൈവത്തേ തേടുക എന്നതാണ്” (ബൈബിള്‍ വെളിച്ചത്തിന്‍റെ കവചം, കെ.പി. അപ്പന്‍)
ക്രിസ്തുവിനു വെളിയിലേക്കു പോയാല്‍ സത്യത്തിന് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമോ? സത്യം ക്രിസ്തുവിന് വെളിയിലാണെന്നു വന്നാല്‍ നിങ്ങള്‍ ഏതു പക്ഷത്തായിരിക്കും; ക്രിസ്തുവിന്‍റെ പക്ഷത്തോ സത്യത്തിന്‍റെ പക്ഷത്തോ? ദോസ്തോവസ്കിയുടെ ഈ പ്രസ്താവന ആരുടെയും ചിന്തകളെ സംഘര്‍ഷഭരിതമാക്കും. “ഞാന്‍ സത്യം ആകുന്നു” എന്നു ക്രിസ്തു പറയുമ്പോള്‍ സത്യത്തിന്‍റെ ആളത്വരൂപത്തെയാണ് ക്രിസ്തുവില്‍ നാം കാണുന്നത്. അപ്പോള്‍ ക്രിസ്തുവിനു വെളിയില്‍ സത്യത്തിന് ഒരിക്കലും നിലനില്‍പ്പില്ല!
വാക്കും അർത്ഥവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ക്രിസ്തുവില്‍നിന്ന് അകന്നുമാറി സത്യത്തിനു നിലനില്‍പ്പില്ല. “സത്യം ക്രിസ്തുവിൽ ആകുന്നു” (The Truth is in Jesus – എഫേസ്യര്‍ 4:20) ദോസ്തോവസ്കിയുടെ ചോദ്യം അപ്രസക്തമാണെങ്കിലും അദ്ദേഹത്തിൻ്റെ ക്രിസ്ത്വാനുകരണ ഭ്രമം നമ്മെ വിസ്മയിപ്പിക്കുന്നു.
സത്യത്തിന്‍റെ ഉറവിടമാണ് ക്രിസ്തു. സത്യം ഉണ്ടായത് ക്രിസ്തുവിലാണെന്ന് യോഹന്നാന്‍ 1:17 സാക്ഷ്യപ്പെടുത്തുന്നു. സത്യം ആളത്വമായി അവതരിച്ചപ്പോള്‍ അവനില്‍നിന്ന് ഉയര്‍ന്നു കേട്ടതു മുഴുവനും സത്യാധിഷ്ഠിതമായിരുന്നു. അതിനാല്‍ ക്രിസ്തുസംബന്ധിയായ കേട്ടതെല്ലാം സത്യത്തിന്‍റെ രൂപവൈവിധ്യങ്ങള്‍ മാത്രമാണ്. ക്രിസ്തു പഠിപ്പിച്ചതു മുഴുവന്‍ സത്യത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നു. ക്രിസ്തുവില്‍ നിറഞ്ഞുനിന്ന സത്യത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു എല്ലാ ക്രൈസ്തവ ധാര്‍മ്മിക ചിന്തകളുടെയും അടിസ്ഥാനം.
മനുഷ്യചരിത്രത്തില്‍ എല്ലാക്കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും മനുഷ്യനെ ഉപദേശിക്കാനും നേര്‍വഴി നടത്താനും മുമ്പോട്ടു വന്ന ഗുരുക്കന്മാരെയും പ്രവാചകന്മാരെയും ഉപദേഷ്ടാക്കളെയും കാണാം. സാരോപദേശകഥകളും ധാര്‍മ്മികജീവിതത്തിന്‍റെ മഹത്വവും പ്രസംഗിച്ചും പഠിപ്പിച്ചും കടന്നുപോയ അവരുടെ ഉപദേശങ്ങളും ജീവിതവീക്ഷണവും മാനവസമൂഹത്തെ പലനിലയിലും സ്വാധീനിച്ചിട്ടുണ്ട്; ഇന്നും സ്വാധീനിക്കുന്നു. എന്നാല്‍ മുന്‍കാല ഗുരുക്കന്മാരേയും പ്രവാചകന്മാരേയും മുന്നില്‍ നിര്‍ത്തി ക്രിസ്തുവിനെ നിരീക്ഷിക്കുന്ന പ്രമുഖ വിമോചന ദൈവശാസ്ത്ര വാദിയായ ഫാ എസ് കാപ്പന്‍റെ ഒരു പ്രസ്താവന വളരെ ശ്രദ്ധേയമാണ്. “രണ്ടായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ വന്നിറങ്ങി തനിക്കു പറയാനുള്ളതെല്ലാം ഒറ്റയടിക്ക് പറഞ്ഞു തീര്‍ത്ത്, പറഞ്ഞതെല്ലാം വരുംതലമുറകള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്ന ജോലി സ്വപ്രതിനിധികളെ ഏല്‍പ്പിച്ചിട്ട് എന്നെന്നേക്കുമായി സ്ഥലംവിട്ട ഈശ്വരനല്ല, ചരിത്രത്തില്‍ അനുസ്യൂതം പ്രവര്‍ത്തിക്കുകയും നവംനവങ്ങളായ രീതികളില്‍ സ്വേഛ വെളിവാക്കുകയും അത് നിറവേറ്റാന്‍ മാനവരാശിയെ വെല്ലുവിളിക്കുകയുംചെയ്യുന്ന ഈശ്വരനാണ് പുതിയനിമയ ദൈവവിജ്ഞാനീയത്തിന്‍റെ വിഷയം” (പ്രവചനം പ്രതിസംസ്കൃതി, പേജ് 99).
ക്രിസ്തുവിന്‍റെ വിശാലമായ ധാര്‍മ്മികപ്രപഞ്ചത്തെ ആത്മീയഭാഷയില്‍ “ദൈവരാജ്യം” എന്നു വിളിക്കാം. ദൈവരാജ്യം വെറും സാരോപദേശകഥകളില്‍ അധിഷ്ഠിതമായിരുന്നില്ല. നീതിയും സത്യവും ആത്മീയതയുമായിരുന്നു ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യവീക്ഷണം. ക്രിസ്തുവിന്‍റെ മലയിലെ പ്രസംഗമാണ് എല്ലാ ക്രൈസ്തവധാര്‍മ്മിക നിയമങ്ങളുടെയും മാനദണ്ഡം. “മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും” (മത്തായി 7:12). എല്ലാ പ്രവാചകന്മാരും ഗുരുക്കന്മാരും മതസ്ഥാപകരും ലോകനിയമങ്ങളും എല്ലാം പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു. എന്നാൽ ക്രിസ്തുവിലാണ് അവയ്ക്ക് വ്യക്തത കൈവന്നത്.
മലയില്‍ ഉയര്‍ന്നുകേട്ട സാരോപദേശങ്ങളില്‍ ക്രൈസ്തവധാര്‍മ്മികതയുടെ സുവര്‍ണ്ണത്തിളക്കമാണ് പ്രകടമാകുന്നത്. ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ഉപവാസവും പരസ്യമാക്കരുത് എന്നും തിന്മയെ നന്മകൊണ്ട് ജയിക്കുകയും ശത്രുവിനെ സ്നേഹിക്കണമെന്നും ക്രിസ്തു മന്നോട്ടുവച്ച എല്ലാ ധാര്‍മ്മികദര്‍ശനങ്ങളിലും ഒരു രഹസ്യസ്വഭാവം പ്രകടമാകുന്നു. ക്രൈസ്തവ ധാര്‍മ്മികതയിലെ ഈ രഹസ്യാത്മകത ജനകോടികളെ സ്വകാര്യജീവിതത്തില്‍ വിശുദ്ധരാക്കി. ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിൻ്റെ ആന്തരിക ബോധത്തിൽ നിറഞ്ഞ ഈ രഹസ്യ സ്വഭാവമാണ് ക്രിസ്തു വിശ്വാസത്തിന് ശക്തി പകർന്നത്.
അധര്‍മ്മത്തിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും മാര്‍ഗ്ഗത്തില്‍നിന്ന് മാനസാന്തരപ്പെട്ട് സത്യത്തിന്‍റെയും യഥാസ്ഥാപനത്തിന്‍റെയും ഉന്നതമായ ധാര്‍മ്മികബോധത്തിന്‍റെയും സ്വതന്ത്രവിഹായുസില്‍ ചിറകടിച്ചുയരുവാന്‍ കഴിയുമെന്ന ക്രിസ്തുദര്‍ശനം ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒരുവന്‍റെ പൂര്‍വ്വകാലജീവിതം കുറ്റബോധത്തിന്‍റേതും പരാജയത്തിന്‍റേതുമാണെങ്കിലും പുതിയൊരു തുടക്കത്തിനാണ് ക്രിസ്തു മനുഷ്യനെ ആഹ്വാനം ചെയ്തത് (മര്‍ക്കോസ് 1:14). മാനസാന്തരത്തിന് പുതിയ ഫലം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് ക്രിസ്തുപാദാന്തികത്തിലേക്ക് വന്ന പലരും തെളിയിച്ചു. ക്രൂരതയുടെ ആള്‍രൂപമായി, മരണം മാത്രം നിശ്വസിച്ചുകൊണ്ട് ജീവിച്ച സാവൂള്‍ എന്ന ചെറുപ്പക്കാന്‍ സെന്‍റ് പോള്‍ ആയിത്തീര്‍ന്ന മാനസാന്തരാനുഭവം ക്രൈസ്തവ ധാര്‍മ്മികതയുടെ പ്രകടമായ ഉദാഹരണമാണ്.
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും തല്ലിക്കൊഴിക്കുന്ന ലോകത്തില്‍ ഏഴ് എഴുപത് വട്ടം ക്ഷമിക്കാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. ക്ഷമിക്കുന്നതിന്‍റെയും പൊറുക്കുന്നതിന്‍റെയും ദൈവികസന്ദേശം പല നിലകളിലാണ് ലോകത്തില്‍ ഫലവത്തായത്. ക്ഷമിക്കാന്‍ അറിയാത്ത ഒരു ലോകമായിരുന്നു കഴിഞ്ഞ 20 നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്നതെങ്കില്‍ ദോസ്തോവസ്കിയുടെ പ്രസ്താവനപോലെ വാസ്തവമായും ഭൂമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു. ക്രിസ്തുമൊഴികളുടെയും ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന ധാര്‍മ്മികബോധത്തിന്‍റെയും പ്രചാരണം മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരമ്പരാഗതമായ ജീവതക്രമത്തെ എല്ലാ അര്‍ത്ഥത്തിലും ഏറെ സ്വാധീനിച്ചു. കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ലോകചരിത്രം ഈ യാഥാര്‍ത്ഥ്യത്തിനാണ് അടിവരയിടുന്നത്. സത്യവും നീതിയും സമാധാനവും പൂത്തുലയുന്ന ഒരു ലോകക്രമത്തിലേക്കുള്ള ദൈവരാജ്യ പ്രത്യാശയാണ് ക്രൈസ്തവ വിശ്വാസത്തെ ഇതരമതദര്‍ശനങ്ങളില്‍നിന്നും വിഭിന്നമാക്കുന്നത്.
“പ്രവചനം പ്രതിസംസ്കൃതി” എന്ന ഗ്രന്ഥത്തില്‍ ഫാ എസ് കാപ്പന്‍ നടത്തുന്ന മറ്റുചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട്. “യൈശവസന്ദേശം ഭാരതത്തിലെ അഭ്യസ്തവിദ്യരില്‍ പലരുടെയും ചേതനയില്‍ ആഴ്ന്നിറങ്ങി. യേശുവിന്‍റെ ഗിരിപ്രഭാഷണം ഗാന്ധിയെ ആഴത്തില്‍ സ്വാധീനിച്ചു. ഗാന്ധിശിഷ്യനായ വിനോബ്ഭാവെ യേശുവിന്‍റെ സുവിശേഷങ്ങള്‍ മനസ്സിരുത്തി പഠിച്ചിരുന്നു. ദേശാന്തരങ്ങള്‍ തോറും കാല്‍നടയായി സുവിശേഷമറിയിക്കാനാണല്ലോ യേശു തന്‍റെ ശിഷ്യരോട് അനുശാസിച്ചത്. ഇതാണ് വിനോബ്ഭാവേ നടത്തിയ തീര്‍ത്ഥയാത്രകളുടെ മാതൃക. 1866ലെ ക്രിസ്തുമസ് രാത്രി ശ്രാരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചുകൊണ്ട് പ്രസംഗിക്കവേ സ്വാമി വിവേകാനന്ദന്‍ തന്‍റെ അനുയായികളെ ഉദ്ബോധിപ്പിച്ചത് “നിങ്ങള്‍ ഓരോരുത്തരും ക്രിസ്തുവായി മാറണം” എന്നായിരുന്നു. നിലവിലുള്ള സമൂഹത്തെ അപ്പാടെ എതിര്‍ത്ത മഹാനായ വിപ്ലവകാരിയായാണ് നെഹ്റുവും യേശുവിനെ കണ്ടത്.
റാം മനോഹര്‍ ലോഹ്യയുടെ വാക്കുകളില്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും മൂര്‍ത്തി എന്ന നിലയ്ക്ക് യേശുവിനെ കവച്ചുവയ്ക്കുന്ന മറ്റൊരു വ്യക്തി ചരിത്രത്തിലുണ്ടായിട്ടില്ല. ജ്ഞാനവും മൃദുലഭാവങ്ങളും ഏറെയുള്ളതു ബുദ്ധനോ സോക്രട്ടീസിനോ ആവാം. പക്ഷേ, സ്നേഹത്തില്‍ അവരാണോ മികച്ചു നില്‍ക്കുന്നത്?…. മാനവചരിത്രത്തില്‍ മൊട്ടിട്ട ഏറ്റവും ഉദാത്തമായ സാന്മാര്‍ഗ്ഗികാദര്‍ശങ്ങളായി എം.എന്‍. റോയി കരുതുന്നത് യേശുവിന്‍റെ ഗിരിപ്രഭാഷണങ്ങളേയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ അംബേദ്കര്‍ പറയുന്നു, തന്‍റെ ചിന്തയെ അത്യന്തം വശീകരിച്ചത് രണ്ട് വ്യക്തികള്‍ -യേശുവും ബുദ്ധനുമാണെന്ന്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍പോലും നസറേത്തിലെ യേശുവിനെ ശ്ലാഘിച്ചിട്ടേയുള്ളൂ. തന്‍റെ സമകാലികരുടെ മാത്രമല്ല, പില്‍ക്കാലത്തെ ജനതകളുടെയും ആവശ്യങ്ങള്‍ക്കും അഭിവാഞ്ജകള്‍ക്കും അനുരൂപമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പ്രവാചകനാണ് യേശുവെന്ന് കമ്യൂണിസ്റ്റുകാരുടെ സമുന്നത നേതാവായ ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രസ്താവിക്കുകയുണ്ടായി. ആധുനിക സാഹിത്യകാരന്മാരുടെ ഭാവനയെ അധമ്യമാംവിധം വശീകരിച്ച ഒരു സങ്കല്‍പ്പമാണ് യേശു. അവരില്‍ പ്രശസ്തരായ പലരും സുവിശേഷ പ്രമേയങ്ങളെ ആസ്പദമാക്കി കവിതകളും നാടകങ്ങളും നോവലുകളുമൊക്കെ എഴുതിയിട്ടുണ്ട്. കൂടാതെ ബൈബിളിലെ പ്രതീകങ്ങളും രൂപകങ്ങളും ഉപമകളും നാടോടിഭാഷയില്‍ ഇഴുകിച്ചേരുകയും ചെയ്തു”. (പ്രവചനം പ്രതിസംസ്കൃതി, പേജ് 69,70)
ഉത്തമഗീതത്തിലെ മണവാട്ടിയുടെ പ്രണയഗാനം പോലെ “എൻ്റെ പ്രിയന്‍ പതിനായിരങ്ങളില്‍ ശ്രേഷ്ഠൻ” എന്ന് പാടുവാന്‍ ക്രിസ്തുവിന്‍റെ ജീവിതം ഓരോ ക്രിസ്തുഭക്തനേയും പ്രാപ്തനാക്കുന്നു. ഈ ബോധ്യം സെന്‍റ് പോളും പങ്കുവയ്ക്കുന്നുണ്ട്. ക്രിസ്തുവിലും അവന്‍ മനുഷ്യസമൂഹത്തിന് മധ്യത്തില്‍ ഉയര്‍ത്തിയ കുരിശിന്‍റെ സന്ദേശത്തിലും അഭിമാനിക്കാന്‍ ആരും മടിക്കേണ്ടതില്ലെന്ന് പോള്‍ ഗലാത്യന്‍ കത്തില്‍ എഴുതി. മതഭീകരതയും ഭീകരവാദവും അക്രമവും കൊലപാതകവും വ്യാപിക്കുന്ന ലോകത്തിന് കുരിശിന്‍റെ സന്ദേശം മാത്രമാണ് പ്രത്യാശ നല്‍കുന്നത്.
“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തൻെറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍െറ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍െറ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു” (യോഹ 3:16-21)
ഈശ്വരീയത ശാശ്വതമായ സ്നേഹമാണ്, രക്ഷയാണ്, പ്രകാശമാണ്, നീതിയാണ്, സത്യമാണ്, സമാധാനമാണ്. ക്രിസ്തുവില്‍ മാത്രമാണ് ഇവയെല്ലാം നാം കണ്ടെത്തുന്നത്.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18 ന് നാളെ നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ഫെമി സിബിൽ വചന ശുശ്രൂഷയും ക്ലെമെൻസ് ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും .
ബിനോയ് എം. ജെ.
മരണത്തെകുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാനിടയില്ല.എങ്കിലും നാമതിനെക്കുറിച്ച് ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അതാണതിന്റെ സത്യം. നമ്മുടെ ജീവിതത്തിൽ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിരിക്കുകയും നാമതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമായ ഒരു കാര്യമാണെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. അതിനാൽതന്നെ മരണത്തെ അപഗ്രഥിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം മരണത്തെ ഭാവിയിൽ ഒളിപ്പിക്കുവാൻ വ്യഗ്രത കൂട്ടുന്നു. വർത്തമാനത്തിൽ അതിനെ അപഗ്രഥിക്കുവാൻ മടികാട്ടുകയും ചെയ്യുന്നു. കാരണം അത് പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു.
എന്നാൽ മരണം പരിഹാരമുള്ള ഒരു പ്രശ്നമാണ്! നാമതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഇവിടുത്തെ ഏക പ്രശ്നം. മരണത്തെ കുറിച്ച് പറയുമ്പോൾ രണ്ട് വാദഗതികൾ പൊന്തിവരുന്നുണ്ട്. ആദ്യത്തേത് “മരണം ഒരു നുണയാണ്” എന്നതാണ്. അതായത് മരണം എന്നൊന്നില്ല. അതൊരു അഭാവസത്ത(Absent Entity )യാണ്. അത് ഉള്ളതായി നമുക്ക് തോന്നുക മാത്രം ചെയ്യുന്നു. ആത്മാവിന് മരണമില്ല. നാം എന്നും ആ ആത്മാവാണ്. ആത്മാവ് ഈശ്വരനാണ്. ഈശ്വരന് എങ്ങനെയാണ് മരിക്കുവാൻ കഴിയുക? ശരീരവുമായി താദാത്മ്യപ്പെടാതിരിക്കുക! സ്വയം ഈശ്വരനാണെന്നുള്ള ചിന്തയെ പരിപോഷിപ്പിച്ചുകൊണ്ടുവരിക. നിങ്ങൾ മരിച്ചാലും പുനർജ്ജനിക്കും. കാരണം ആത്മാവിന് മരണമില്ല. ഈ പ്രപഞ്ചം മുഴുവൻ നശിച്ചാലും നിങ്ങൾക്ക് നാശമില്ല.നിങ്ങൾ മരിക്കുന്നില്ല. നിങ്ങൾ ശരീരം ധരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരിക്കും. നിങ്ങളെ ഈ പ്രപഞ്ചത്തിൽ നിന്ന് നിഷ്കാസനം ചെയ്യുവാനോ ഇല്ലാതാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കാരണം നിങ്ങളും പ്രപഞ്ചവും ഒന്നാകുന്നു!
രണ്ടാമത്തെ വാദഗതി “മരണം സത്യത്തിൽ ഉണ്ട്” എന്നതാണ്. ജനിക്കുന്നവന് മരണം നിശ്ചയം; മരിക്കുന്നവന് ജനനം നിശ്ചയം. എന്നിരുന്നാലും മരണം ജീവിതത്തിലെ ഏറ്റവും മധുരമായ അനുഭവമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന അസുലഭമുഹൂർത്തമാണ് മരണം. അപ്പോൾ അനന്താനന്ദം അനുഭവപ്പെടുന്നു. പിന്നെന്തുകൊണ്ടാണ് മരണം വേദനാജനകമായും ദു:ഖകരമായും അനുഭവപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നത്? അത് ആശയക്കുഴപ്പം ഒന്നുകൊണ്ടു മാത്രമാണ്. മരണത്തെ നിങ്ങൾ ആശ്ലേഷിക്കുന്നില്ല; അതിനെ നിങ്ങൾ സ്വീകരിക്കുന്നില്ല; എന്നാൽ അത് സംഭവിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് മരണവുമായി പൊരുത്തപ്പെടുവാൻ കഴിയുന്നില്ല. ഇവിടെ അനന്താനന്ദം അനന്ത ദു:ഖമായി മാറുന്നു.
വാദഗതി ഏതായാലും നാം നമ്മുടേതായ രീതിയിൽ മരണത്തെ വിശകലനം ചെയ്തേ തീരൂ. അതാണ് പ്രധാനപ്പെട്ട കാര്യം. ദഹിക്കാതെ കിടക്കുന്ന ആ ആശയക്കുഴപ്പത്തെ നാം ദഹിപ്പിക്കണം. അപ്പോൾ നമുക്ക് അതൊരു പ്രശ്നമാവില്ല. എത്രനാൾ നാമതിൽനിന്നോടിയകലും? ഈ ഭീതി നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുന്നു. നാം ജീവിതം ആസ്വദിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നു. പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല. നാം പരിഹരിക്കുവാൻ ശ്രമിക്കുന്നില്ലെന്ന് മാത്രം. മരണമാകുന്ന പ്രശ്നത്തെ ധീരമായി വിശകലനം ചെയ്യുവിൻ! അതിന് പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്‌റാന തിരുനാളും ജൂലൈ 1,2,3,4 തീയതികളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയും ചെയ്യും.
ഈ അനുഗ്രഹീത അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്‌നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.
ദുക്‌റാന തിരുന്നാള്‍ പരിപാടികള്‍
ജൂലൈ 1 വെള്ളിയഴ്ച 6.30 ന് ഫാ പോള്‍ വെട്ടിക്കാട്ട് നയിക്കുന്ന നൊവേനയും തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും പതാക ഉയര്‍ത്തലും ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ വചന സന്ദേശവും വിശുദ്ധ കുര്‍ബാനയും ദിവ്യ കാരുണ്യ ആരാധനയും നേര്‍ച്ചയും ഉണ്ടായിരിക്കും.
ജൂലൈ 2 ശനിയാഴ്ച 10.30 ന് ഫാ ഫാന്‍സ്വാ പത്തില്‍ തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും നൊവേനയും നയിക്കും. ഫാ ജോബി വെള്ളപ്ലാക്കലിന്റെ വചന സന്ദേശം. 12.30ന് വീടുകളിലേക്കുള്ള അമ്പു പ്രദക്ഷിണമുണ്ടാകും. വീടുകളില്‍ നിന്നുള്ള പ്രദക്ഷിണത്തിന് ശേഷം ലദീഞ്ഞ്.
ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടവക പ്രഖ്യാപനവും ആഘോഷമായ വി. കുര്‍ബാനയും വചന സന്ദേശവും നടത്തും. കാര്‍മ്മികന്‍ അഭി. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍. മൂന്നു മണിയോടെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണ സ്ഥലത്ത് ലദീഞ്ഞും ആശിര്‍വാദ ചടങ്ങും നടക്കും. വിനോദ പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നുമുണ്ടാകും.
ജൂലൈ 4 തിങ്കളാഴ്ച 7 മണിക്ക് വിശുദ്ധ കുര്‍ബാന ( ഇടവകയില്‍ നിന്നും ഇടവകാംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയവരുടെ ഓര്‍മ്മ, ഒപ്പീസ് ശേഷം കൊടിയിറക്കം.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനൊപ്പം തിരുന്നാള്‍ ആഘോഷത്തില്‍ സജീവമാകാനും ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് , കൈക്കാരന്മാരായ സിജി വാധ്യാനത്ത്, ബിനു ജേക്കബ്, മെജോ ജോയ് ,ഫാമിലി യൂണിയ്റ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.
ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ പുതുതായി ആരംഭിച്ച ഡിവൈൻ ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകൾ ജൂൺ 17 മുതൽ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും, പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ ആന്തരിക സൗഖ്യ ധ്യാന ശുശ്രൂഷകൾ നയിക്കുന്നതാണ്.
റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, യു കെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വി സി ത്രിദിന ധ്യാന ശുശ്രുഷകളിൽ പങ്കു ചേരും.
ആല്മീയ ചിന്താധാരകളിലേക്ക് മനസ്സിനെയൊരുക്കി ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, ആന്തരികമായുണ്ടായിട്ടുള്ള മുറിവുകളും, പ്രയാസങ്ങളും, വേദനകളും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുത്തുവാനും, മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതകളിൽ നിന്നും സ്വതന്ത്രമാക്കപ്പെടുവാനും ആന്തരിക സൗഖ്യധ്യാനം ഏറെ അനുഗ്രഹീതമാണ്.
ജൂൺ 17 നു വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ ജൂൺ 19 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ധ്യാന ശുശ്രൂഷ നിജപ്പെടുത്തിയിരിക്കുകയാണ്.
വേദനാജനകമായ ഓർമ്മകളെയും അനുഭവങ്ങളെയും ഓർത്തെടുത്തു ദൈവത്തിന്റെ രോഗശാന്തി ശക്തിയിലൂടെ സൗഖ്യപ്പെടുവാൻ അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഡയറക്ടർ അറിയിച്ചു.
രജിസ്ട്രേഷനും,വിശദ വിവരങ്ങൾക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
Nearest Railway Station – FLINT ( 7.5 MILES)
VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.
ഷൈമോൻ തോട്ടുങ്കൽ
സതാംപ്ടൺ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സതാംപ്ടൺ റീജിയണൽ ബൈബിൾ കൺവെൻഷൻ ജൂൺ 18 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ നാലര വരെ പോർടസ്‌മൗത്തിൽ വച്ച് നടക്കും . പ്രശസ്ത വചന പ്രഘോഷക സി .ആൻ മരിയ എസ് . എച്ച് കൺവെൻഷന് നേതൃത്വം നൽകും ,വിശുദ്ധ കുർബാനയും ,വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യ ആരാധനയും കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട് .
കൺവെൻഷനിൽ പങ്കെടുക്കുവാനും , സ്വയം സമർപ്പിച്ച് ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സതാംപ്ടൺ റീജിയണൽ ഇവാഞ്ചലൈസേഷൻ കോഡിനേറ്റർ ഫാ. ജോസ് അന്ത്യാളം അറിയിച്ചു .