ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി
ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .
2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .
വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.
മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്
റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് കേന്ദ്രമാക്കി വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ് നോര്‍ത്ത് വെസ്റ്റില്‍ തുടക്കമായത്. ജൂലൈ 24ന് സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ശ്രീ ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ തോമസ് അറമ്പന്‍കുടി നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍ ശ്രീ ലിദീഷ്‌രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ് രൂപീകരണത്തിന് ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസീ മമായ സഹകരണത്തിന് നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ് രൂപീകരണത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ വേള്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ശ്രീ ജിമ്മി മൊയലന്‍ ലോനപ്പന് നന്ദി പറയുകയും ചെയ്തു.
ശ്രീ പി സി മാത്യു, ശ്രീ ഗ്രിഗറി മേടയില്‍, ശ്രീ പിന്റോ കണ്ണംപള്ളി, ശ്രീ തോമസ് കണ്ണങ്കേരില്‍, ശ്രീ ജോസ് കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ശ്രീ രാജു കുന്നക്കാട് , ശ്രീ ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ സെക്രട്ടറി ശ്രീ ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.
പുതിയ ഭാരവാഹികളായി ലിദീഷ്‌രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ് ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ് ചെയര്‍മാന്‍, സെബാസ്ററ്യൻ ജോസഫ് (പ്രസിഡന്റ് ), ഫെമി റൊണാള്‍ഡ് തോണ്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ബിനു വര്‍ക്കി (വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശന്‍, വര്‍ഗീസ് ഐപ്പ്, ജിനോയ് മാടന്‍, സുനിമോന്‍ വര്‍ഗീസ്, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ് ഏക്ടിക്യൂട്ടിവ് കമ്മറ്റി അഗംങ്ങള്‍. 1995 ലാണ് ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്റൈനില്‍ നടന്ന പത്തൊന്‍പതാമത് ഗ്ളോബല്‍ സമ്മേളനത്തിന് ശേഷം ആദ്യമായി രൂപികരിക്കുന്ന പ്രൊവിന്‍സാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റിലേത്.
ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച “നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ ” ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്ത അധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്ക് പ്രോത്സാഹനവും, ഊർജവും നൽകാൻ മറ്റ് കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും “അരങ്ങേറ്റം 2022” ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
Time and Venue
22 October 2022, 2pm -8pm.
Wooladle center for learning,
Wooldale road,
Northampton,
NN4 6TP.
“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ് പ്രഫ. ടി.ജെ. ജോസഫ്. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന് വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ് പറഞ്ഞു.
അവാര്‍ഡ് വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത് മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ് ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസ് 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത് അന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ് ഏലിക്കുട്ടിയും സഹോദരി സി. മാരീസ് സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ് മരിയ, ഇവരുടെ മകന്‍ ആനന്ദ് എന്നിവരാണ്. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ് ആത്മകഥ പ്രസിദ്ധീകരിച്ചത്.
ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ് ഇന്ത്യൻ പതാകയേന്തുക.
72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.
സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.
ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.
ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.
വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.
2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.
നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.
ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.
കോവിഡ് മഹാമാരിമൂലം ലോകത്തു തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ യുകെയിലെ വാണിജ്യ സ്ഥാപനങ്ങള്‍. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാനക്കമ്പനികള്‍, ഹോസ്പിറ്റാലിറ്റി മേഖല, ചില്ലറ വില്പന മേഖല, കാര്‍ഷിക മേഖല , ഇന്ധന വിതരണം എന്നിവയൊക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുകയാണ്. പബ്ബുകളിലും ബാറുകളിലും മാത്രം 1,76,000 പേരുടെ ഒഴിവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക് വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയില്‍ 13 ശതമാനം തൊഴില്‍ ഒഴിവുകളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ്.
ബീഫീറ്റര്‍, ബ്രൂവേഴ്സ് ഫെയര്‍, പ്രീമിയര്‍ ഇന്‍ തുടങ്ങിയവര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ വേതനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. സാധാരണ ദിനങ്ങളില്‍ അടച്ചിട്ടും, പ്രവൃത്തിസമയം ചുരുക്കിയുമാണ് പലരും ജീവനക്കാരുടെ കുറവ് നേരിടുന്നത്. രാജ്യം സമ്മര്‍ കാലയളവിലേക്ക് കടക്കുമ്പോള്‍ ഈ കണക്കുകള്‍ ആശങ്കാജനകമാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മേധാവി കെയ്റ്റ് നിക്കോള്‍സ് പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് കാരണം മൊത്തം ചെലവില്‍ 30 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വൈറ്റ്ബ്രെഡ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. നിലവില്‍ ഇവിടെത്തെ ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 9.98 പൗണ്ടും 10.60 പൗണ്ടുമാണ് വേതനം നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍, മുന്‍ വര്‍ഷത്തേക്കാള്‍ ശമ്പളത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 15.1 ശതമാനമായിരുന്നു.
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച കടുത്ത മദ്യപാന ശീലങ്ങളുടെ ഫലമായി അടുത്ത 20 വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ സാധാരണയേക്കാൾ 25,000 പേർ വരെ മരിക്കുമെന്ന് രണ്ട് പഠനങ്ങൾ കണ്ടെത്തി. അവ ഏകദേശം 1 മില്യൺ അധികം ആശുപത്രി പ്രവേശനത്തിനും NHS-ന് £5bn-ൽ കൂടുതൽ ചിലവുണ്ടാക്കാനും ഇടയാക്കും.
NHS-ന്റെ ഫണ്ട് കണ്ടെത്തലുകൾ മദ്യത്തിന്റെ വില, ലഭ്യത, പ്രമോഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിലൂടെ മദ്യവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ നിശ്ചയദാർഢ്യമുള്ള സർക്കാർ നടപടിക്കായി ആരോഗ്യ വിദഗ്ധരിൽ നിന്ന് പുതിയ നിർദ്ദേശ്ശങ്ങൾ.
2020 മാർച്ചിൽ യുകെ ആദ്യത്തെ ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ ഇതിനകം മിതമായ അളവിൽ മദ്യപിച്ച ആളുകൾ പൊതുവെ മദ്യം കഴിക്കുന്നത് കുറച്ചിരുന്നു, അതേസമയം സാമൂഹിക മിശ്രിതത്തിന് സർക്കാർ ഉത്തരവിട്ട നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും, പബ്ബുകളും റെസ്റ്റോറന്റുകളും മദ്യം വിൽക്കുന്ന മറ്റ് സ്ഥലങ്ങളും അടച്ചുപൂട്ടിയ സമയത്ത് ഇതിനകം തന്നെ അമിതമായി മദ്യപിച്ചവരിൽ പലരും കൂടുതൽ മദ്യപിച്ചു, ഇത് മരണങ്ങളിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി.
Immediate rebound
1,830 deaths
Drinkers return to pre-pandemic levels from 2022
Lower risk drinkers
7,153
Return to pre-pandemic levels, heavier drinkers continue drinking at pandemic levels
Increasing consumption
25,192
കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. അലൻ അവധിക്ക് യുകെയിൽ നിന്ന് എത്തിയതായിരുന്നു. ഓസ്‌ഫോഡിൽ ആണ് അലൻ പഠിച്ചിരുന്നത്.
ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ തടിയുമായി കയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നല്ല ഒരു വളവിൽ ഹസാഡ് ലൈറ്റ് പോലും ഇടാതെ നിർത്തിയിട്ട് ഡ്രൈവർ എന്തിനോ പോയ സമയത്താണ് അപകടം സംഭവിച്ചത്. നല്ല വളവായിരുന്നതിനാലും സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്തതിനാലും മുൻപിൽ നിർത്തിവച്ചിരുന്ന വാഹനം കാണാൻ സാധിക്കുമായിരുന്നില്ല.
അപകടം നടന്ന് പത്ത് മിനിറ്റുനിള്ളിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും അവധിക്ക് നാട്ടിൽ പോയിരുന്ന ജിജോമോൻ ഈ വഴി കടന്നു വരുന്നത്. ഇതിനകം അലനെ ആശുപത്രിയിലേക്ക് മാറ്റിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന കാഴ്ച…. വീണുകിടക്കുന്ന ഹെൽമെറ്റ്… ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ മോട്ടോർ ബെയ്ക്ക്.. നാട്ടിലെത്തി ഡ്രൈവിങ് ചെയ്യാൻ വല്ലാത്തൊരു ഭയം തന്നെയെന്ന് ജിജോമോൻ പറയുകയുണ്ടായി.
പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗമാണ് അലൻെറ മാതാവ് അമ്പിളി. പരേതനായ അലന്റെ ഏക സഹോദരൻ അലക്സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റി സെബാസ്റ്യാന്റെ ഭാര്യ ഷെറിന്റെ അടുത്ത ബന്ധുവാണ് പരേതനായ അലൻ.
സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
അലൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.