ബ്ലൂംബെര്‍ഗ്: യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.ഇതേ നിലയിൽ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുകേഷ് അംബാനിയും കുടുംബവും ഭാഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറുന്നത്. ഭാവിയിൽ തങ്ങളുടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കിടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രിൽ മാസം 592 കോടി രൂപ മുടക്കി ബക്കിംഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബംഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.
കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംനഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീട്ടിൽ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാൽ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ഗോൾഫ് കോഴ്സുമുണ്ട്. രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. താമസം ഇങ്ങോട്ട് മാറുന്നതിന്റെ ഭാഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
37 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ കാറ്റി ഡോനെഗൻ ജോലിയിൽ നിന്നും വിരമിച്ചത് 35-ാം വയസിൽ ആണ്. അതും ഒരു മില്യൺ പൗണ്ട് (10 കോടി രൂപയിലധികം) സമ്പാദ്യവുമായി. ഇത്ര ചെറു പ്രായത്തിൽ തന്നെ കോടിപതിയായത് എങ്ങനെയെന്ന് കാറ്റി ഡോനെഗൻ വിവരിക്കുന്നുണ്ട്. താൻ ഇപ്പോഴും സൂക്ഷിച്ചു മാത്രമാണ് പണം ചിലവിടാറുള്ളത് എന്ന് കാറ്റി പറയുന്നു. കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം ചെറുപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 18-ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ചു. തുടർന്ന് കോസ്റ്റാറിക്കയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. കാറ്റിക്ക് ആ യാത്രയിൽ പങ്കാളിയായ അലനെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായാണ് യുകെയിലേക്ക് മടങ്ങിയത്.
തിരിച്ചെത്തിയ കാറ്റി പണം ലാഭിക്കാൻ മാതാപിതാക്കൾക്കൊപ്പം താമസിച്ചു (യൂറോപ്യൻ രാജ്യങ്ങളിൽ മക്കൾ കൗമാരപ്രായം ആവുമ്പോഴേക്കും മാറി താമസിക്കും). കാറ്റി 2008 ൽ ബിരുദം നേടി. പിന്നീട് ഹാംഷെയറിലെ അലന്റെ അമ്മയുടെ അടുത്തേക്ക് താമസം മാറ്റി. ഈ സമയമൊക്കെയും സമ്പാദിച്ച പണം വളരെ കുറച്ച് മാത്രം ചിലവഴിക്കാൻ അവർ ശ്രദ്ധിച്ചു. അലൻ ഒരു വേരിയബിൾ വരുമാനത്തിൽ സ്വയം തൊഴിൽ ചെയ്ത് തുടങ്ങി. കാറ്റി ഒരു ആക്ച്വറിയായി ജോലി നോക്കി. 28,500 പൗണ്ട് ആണ് ഇരുവരും സമ്പാദിച്ചത് (29 ലക്ഷം രൂപ). ഇരുവരും 2013 ജൂലൈയിൽ വിവാഹിതരായി. അതിനിടെ പ്രമോഷൻ ലഭിച്ചു. ഇരുവരുടെയും വരുമാനം 2014ൽ 58,000 പൗണ്ട് ( 58 ലക്ഷം രൂപ) ആയി വർദ്ധിച്ചു.പണം സമ്പാദിക്കാൻ ഓഹരി വിപണിയെപ്പറ്റി പഠിക്കുകയും ചെയ്‌തു. ഈ ദമ്പതികൾക്ക് പ്രചോദനം നൽകിയത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി (FIRE) എന്ന ഒരു പ്രസ്ഥാനമാണ്. ഓഹരികളിൽ നിക്ഷേപിച്ചതോടെ വരുമാനം വീണ്ടും വർധിക്കാൻ ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 65,000 പൗണ്ട് ആണ് സമ്പാദ്യം, അതായത് 65 ലക്ഷം രൂപ. ഓഹരികളിലൂടെ പ്രതിമാസം വരുമാനം ലഭിക്കുന്നതുകൊണ്ട് ജോലിയിൽ നിന്നും വിരമിച്ച കാറ്റി ഇപ്പോൾ ഒരു സഞ്ചാരിയാണ്.
സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
(Source: Doordarshan) pic.twitter.com/J1zyqnJzBW
— ANI (@ANI) November 2, 2021
യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മധ്യത്തോടെ കണ്ടെത്തിയ ഈ രൂപമാറ്റം രാജ്യത്ത് 24 കേസുകളില്‍ ഒന്നിന് മാത്രമാണ് കാരണമാകുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വകഭേദത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇതിന് കൂടുതല്‍ വ്യാപന ശേഷിയും, വാക്‌സിനുകളെ മറികടക്കാനും സാധിക്കുമെന്ന് ഉറപ്പാക്കുന്ന തെളിവുകളൊന്നും തല്‍ക്കാലം ലഭിച്ചിട്ടില്ല.
ഡെല്‍റ്റയുടെ മറ്റൊരു രൂപമാറ്റമായ എവൈ.4.2 കേസുകള്‍ അതിവേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ്, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വൈറസിനെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. എവൈ. 4.2 സബ് വേരിയന്റ് ഇംഗ്ലണ്ടിലെ ആകെ കേസുകളില്‍ 11 ശതമാനത്തിന് കാരണമാകുന്നുണ്ട്. ക്രാവെന്‍, ബേണ്‍ലി, ഹിന്‍ഡ്‌ബേണ്‍, മെല്‍ട്ടണ്‍, ഓഡ്ബി & വിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഈ വേരിയന്റ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
രണ്ട് സബ് സ്‌ട്രെയിനുകള്‍ക്കും ഇതുവരെ പേരിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ഇവയെ ഭീഷണിയായി പരിഗണിച്ചാല്‍ എവൈ.4.2വിന് ‘നൂ’ എന്ന് പേരുവരുമെന്നണ് കരുതുന്നത്. ഇതിന് കേസുകള്‍ ശക്തമായി ഉയരുകയും വേണം. ഡെല്‍റ്റാ വേരിയന്റില്‍ നിന്നും നൂറുകണക്കിന് എവൈ രൂപമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭീഷണി ഉയര്‍ത്തുന്നവയല്ല എന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍ .
ഡെല്‍റ്റ ലോകത്തില്‍ മുഴുവന്‍ പടരുകയും, 108 രാജ്യങ്ങളില്‍ 84000 കേസുകളും സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് എവൈ.43 ജൂലൈയില്‍ കണ്ടെത്തിയത്. ഇത് കൂടുതലും യൂറോപ്പിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍ മുതല്‍ പകുതി കേസുകള്‍ക്കും ഈ വേരിയന്റാണ് കാരണമാകുന്നത്. യുകെയിലാകട്ടെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആള്‍ക്കൂട്ടങ്ങള്‍ സജീവമാകുകയും ശൈത്യകാലം അടുത്തെത്തുകയും ചെയ്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു.
അതിനിടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം കഴിയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ വാക്‌സിന്‍ എടുക്കുന്നതില്‍ തണുപ്പന്‍ സമീപനമെന്ന് റിപ്പോർട്ട്. വാക്സിനേഷനില്‍ വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കി. നവംബര്‍ 11-നകം എല്ലാ കെയര്‍ ഹോം ജീവനക്കാരും രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നത് നിയമപരമായ നിബന്ധനയാക്കിയാണ് മന്ത്രിമാര്‍ മാറ്റിയത്.
ഇതിന് തയ്യാറായില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ ഒരുങ്ങാനും മുന്നറിയിപ്പ് നല്‍കിയിരുന്നു . അതുവഴി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പ്രായമായ രോഗികളെ സംരക്ഷിക്കാനും സാധിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഈ നയം കൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കെയര്‍ ഹോം മേധാവിമാര്‍ മെയിലിനോട് പ്രതികരിച്ചത്. നയം നടപ്പാക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ കടുപ്പമാക്കാനാണ് ഇത് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
അതേസമയം ബ്രിട്ടീഷ് സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പറ്റിയതായി ആരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞനും വെൽകം ട്രസ്റ്റിന്റെ ഡയറക്ടറുമായ സർ ജെറമി ഫരാർ പാൻഡെമിക് ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചു. യുകെയിൽ കാണപ്പെടുന്ന ഉയർന്ന തോതിലുള്ള വ്യാപനം തടയുന്നതിനുള്ള “വാക്സിൻ പ്ലസ്” തന്ത്രത്തിനായി സർ ജെറമി വാദിച്ചിരുന്നു. എന്നാൽ സർക്കാരും സേജ് കമ്മിറ്റിയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല.
48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള ലൈസന്‍സ് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതായാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ട്രക്കുകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പെടെ അയല്‍രാജ്യമായ ബ്രിട്ടനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
എന്നാല്‍ യുകെയുടെ അധികാരപരിധിയില്‍ വരുന്ന കടലില്‍ മുമ്പ് മത്സ്യബന്ധനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന കപ്പലുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതിന് മറുപടിയെന്നോണം കഴിഞ്ഞയാഴ്ച ലെ ഹാവറിനടുത്തുള്ള ഫ്രഞ്ച് തീരത്ത് വെച്ച് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് പറഞ്ഞ് ‘കോര്‍നെലിസ് ഗെര്‍ട്ട് ജാന്‍’ എന്ന ബ്രിട്ടീഷ് ഡ്രഡ്ജര്‍ ഫ്രഞ്ചുകാര്‍ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ബോട്ടിന്റെ ഉടമ പറഞ്ഞെങ്കിലും ഡ്രഡ്ജര്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകള്‍ ഫ്രഞ്ച് തുറമുഖങ്ങളില്‍ അടുക്കുന്നത് നിരോധിക്കാമെന്നും ബ്രിട്ടീഷ് കപ്പലുകളില്‍ കര്‍ശന ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്നും ഫ്രാന്‍സ് അറിയിച്ചു. അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ട്രക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കുകയും കസ്റ്റംസ്, ശുചിത്വ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫ്രാന്‍സ് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
മത്സ്യബന്ധന പ്രശ്നം വര്‍ഷങ്ങളായി ബ്രെക്‌സിറ്റ് ചര്‍ച്ചകളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തര്‍ക്കത്തിന് സാമ്പത്തിക പ്രാധാന്യത്തിലുപരി രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്. എത്രയും വേഗം ഇത് പരിഹരിച്ചില്ലെങ്കില്‍, ഈ ആഴ്ച തന്നെ ബ്രെക്‌സിറ്റ് വ്യാപാര ഇടപാടിലെ തര്‍ക്ക-നിയമനടപടികളുടെ ആരംഭിക്കാന്‍ ഇത് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം ബ്രെക്‌സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ യുകെയ്‌ക്കെതിരായ പ്രതികാര നടപടികൾ ഫ്രാൻസ് വൈകിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനാൽ ഉപരോധം മാറ്റിവയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വെസ്റ്റ് യോർക്ക്ഷയറിലെ വേക്ക്ഫീൽഡിൽ വിജോയി വിൻസെൻെറ പിതാവ് തൃശ്ശൂർ ഒല്ലൂർ തട്ടിൽ വിൻസന്റ് ആന്റണി (68) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.ഭാര്യ ജോളി ഇരിഞ്ഞാലക്കുട തെക്കേത്തല കുടുംബാംഗമാണ്. മക്കൾ: വിജോഷ് വിൻസെൻറ് (ഒല്ലൂർ), വിജോയി വിൻസെൻറ് (യുകെ) മരുമക്കൾ: ആൻസി, ജോസ്‌ന.
വിജോയി വിൻസെൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരനായ ആൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈക്കോംബിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയെ ഹൈ വൈകോമ്പിലെ ലൗഡ് വാട്ടർ ഏരിയയിൽ വച്ചാണ് ഒരുകൂട്ടം പുരുഷന്മാർ നിർബന്ധിച്ച് കാറിൽ കയറ്റിയതെന്ന് എന്ന് തെംസ് വാലി പോലീസ്. കുട്ടിയെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന് മണിക്കൂറുകൾക്കുശേഷം കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയവരുടെ സംഘത്തിലെ എല്ലാവരും തന്നെ പുരുഷന്മാരായിരുന്നു. ഇവർ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രതികളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയുടെപതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു. കുട്ടിയുടെ കൈക്കും മുഖത്തിനും ഗുരുതര പരുക്ക്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കുട്ടിയുടെ വലതുകൈയിലും കവിളുകളിലും ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരിക്കുന്നത് കൂടാതെ രണ്ട് അണപല്ലുകളും നഷ്ടമായി.കുട്ടിയുടെ മുടിയും അക്രമി സംഘം മുറിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ഈ സംഭവത്തിൽ സാക്ഷിയായിട്ടുള്ളവർ തെംസ് വാലി പോലീസുമായി ബന്ധപ്പെടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ എമിലി ഇവാൻസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ നടന്നത് ഉച്ചകഴിഞ്ഞായതിനാൽ ആളുകളുടെ ശ്രദ്ധയിൽ വരാനുള്ള സാധ്യത ഏറെയാണ്. അന്വേഷണത്തെ സഹായിക്കാൻ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടേണ്ടതാണ്. പ്രദേശത്ത് വാഹനമോടിക്കുന്നവരിൽനിന്നും സഹായം തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനായി 43210489072 എന്ന റഫറൻസ് നമ്പറിലേക്കോ അല്ലെങ്കിൽ 101 എന്ന നമ്പറിലേക്കോ ബന്ധപ്പെടാം.
ജോലി ഒഴിവുകൾ ധാരാളം. ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവരും ധാരാളം. പക്ഷേ, ജീവനക്കാരില്ലാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു, ഫാക്ടറികളിൽ ഉൽപാദനം നിലയ്ക്കുന്നു. നാട്ടിൽ ക്ഷാമം അനുഭവപ്പെടുന്നു. അത്യപൂർവമായ ഈ സ്ഥിതിവിശേഷം അമേരിക്കയിലാണ് കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. മെല്ലെ യൂറോപ്പിലേക്കും പടരുന്നു. സൂക്ഷ്മമായ അന്വേഷണങ്ങൾക്കൊടുവിൽ സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ കണ്ടെത്തി. അത് ഇവയാണ്.
1. തൊഴിലുടമകൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും നിലവിലുള്ള സേവന–വേതന വ്യവസ്ഥകളിൽ തൊഴിലെടുക്കുന്നതിലും ഭേദം വെറുതെ വീട്ടിലിരിക്കുകയാണെന്നും തൊഴിലാളികൾ ചിന്തിക്കുന്നു.
2. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ അനുകൂല്യങ്ങളും ഇളവുകളും മൂലം (ആശ്വാസധനം, മോറട്ടോറിയം തുടങ്ങിയവ) പണിയെടുക്കാതെയും ജീവിക്കാം എന്നത് കഴിഞ്ഞ ഒന്നര വർഷംകൊണ്ട് തൊഴിലാളികൾ തിരിച്ചറിഞ്ഞു.
3. കോവിഡ് ലോക്ഡൗണും വർക് ഫ്രം ഹോം സംവിധാനത്തിലുള്ള തുടർജോലിയും തൊഴിലാളികൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം വർധിപ്പിച്ചു. 8 മണിക്കൂർ ജോലിക്കു വേണ്ടി നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതുപോലെയുള്ള ഏർപ്പാടുകൾക്ക് ഇനിയില്ല എന്നു തൊഴിലാളികൾ നിലപാടെടുത്തു. നാടകീയമെന്നു തോന്നുന്ന ഈ സ്ഥിതിവിശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതല്ല. അതിനു കോവിഡ് ആരംഭത്തിലെ ആദ്യ ലോക്ഡൗൺ മുതലുളള സ്വാധീനമുണ്ട്.
പണി പോയി, പണി പാളി
2020 ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് ലോകരാജ്യങ്ങൾ കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. രാജ്യങ്ങൾ കൂട്ടത്തോടെ ലോക്ഡൗണിലായപ്പോൾ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉൽപാദനം നിലച്ചു. അതേസമയം, അവശ്യവസ്തുക്കളുടെ ആവശ്യം വർധിച്ചു, പലതിനും ക്ഷാമമുണ്ടായി. ഇവയുടെ ഉൽപാദനവും വർധിപ്പിക്കേണ്ടതായി വന്നു. മുൻനിരപ്പോരാളികൾ, അവശ്യസേവന വിഭാഗം എന്നൊക്കെയുള്ള പേരുകളിട്ട് വിളിച്ച് ഒരു വിഭാഗം ജീവനക്കാരെ കോവിഡിനിടയിലും ജോലിക്കായി നിയോഗിച്ചു.
എന്നാൽ, ഇവരുടെ ശമ്പളം വർധിച്ചില്ലെന്നു മാത്രമല്ല, കോവിഡ് സാഹചര്യം ഇവരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്തു. പലരും കോവിഡ് ബാധിതരായി, ചിലർ മരിച്ചു. ഇൻഷുറൻസ് ആനുകൂല്യമോ ചികിത്സാ ചെലവുകളോ ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. പലരും എന്നു പറയുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ കാര്യമാണ്. റസ്റ്ററന്റ് ജീവനക്കാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങി കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ‘ഗിഗ്’ മേഖലയിലെ ജീവനക്കാരാണ് കോവിഡിന്റെ മറവിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചവരിലേറെയും.
ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടവർ സൃഷ്ടിച്ച വിടവ് നിലനിൽക്കെയാണ് അവശ്യമേഖലകളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചു തുടങ്ങിയത്. ഇതേ സമയം, വലിയൊരു വിഭാഗം ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് പുതിയ ജോലി സംവിധാനം ശീലമായി. നഗരകേന്ദ്രങ്ങളിലെ ഓഫിസുകൾക്കു സമീപം താമസിക്കുന്നതിന്റെ ചെലവ് കുറഞ്ഞതോടെ ശമ്പളത്തിൽനിന്നും ജോലിക്കായി ചെലവാകുന്ന തുക ഗണ്യമായി കുറഞ്ഞു.
ജോലിസ്ഥലത്ത് എത്താൻ ദിവസവും മണിക്കൂറുകൾ യാത്ര ചെയ്തിരുന്നവർക്ക് സമയവും ലാഭം. ഇതിനെല്ലാം പുറമേയാണ് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ ഗുണങ്ങളും. ലോക്ഡൗണിനു ശേഷം സ്ഥാപനങ്ങൾ തുറക്കുകയും ജീവനക്കാരെ ഓഫിസുകളിലേക്കു തിരികെ വിളിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വർക് ഫ്രം ഹോം സംവിധാനത്തിൽ വീട്ടിലിരുന്നവരിൽ പലരും ജോലി ഉപേക്ഷിക്കുന്നതാണ് ലാഭകരം എന്നു തിരിച്ചറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, സമ്പദ്‌വ്യവസ്ഥ ഉണരുകയും തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്ത സമയത്ത് ജോലികളിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്നതിനു പകരം തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു തുടങ്ങി.