ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യ കാലത്തിനു മുമ്പ് ടോപ് അപ്പ് ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കോവിഡ് ബൂസ്റ്റർ വാക്സിനുകൾ ഇന്നുമുതൽ വോക്കിൻ ക്ലിനിക്കുകളിലും ലഭ്യമാകും. ബൂസ്റ്റർ വാക്സിന് യോഗ്യരായ രോഗികൾക്ക് തങ്ങളുടെ അപ്പൊയിൻമെന്റിനായി ഇനി കാത്തിരിക്കാതെതന്നെ പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കാൻ കഴിയും എന്ന് എൻഎച്ച്എസ് മേധാവികൾ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 6 മാസങ്ങൾ കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാം. എന്നാൽ നേരത്തെ ജിപിയുടെ അപ്പോയ്ൻമെന്റിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഇതിനൊരു പരിഹാരമായാണ് രാജ്യത്തുടനീളം ഇന്നുമുതൽ നൂറുകണക്കിന് വോക്കിൻ സൈറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി സ്ലോട്ടുകൾ ഒന്നും തന്നെ റിസർവ് ചെയ്യാതെ ബൂസ്റ്റർ ജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാനാവും. ജനങ്ങൾ തങ്ങളുടെ എൻഎച്ച്എസ് ഓൺലൈൻ വോക്കിൻ-ഇൻ ഫൈൻഡർ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രം എവിടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ കണക്കുപ്രകാരം ഒരു വാക്സിൻ സൈറ്റിൽ നിന്ന് പത്തു മൈലുകൾകുള്ളിൽ തന്നെ മിക്കവാറും ജനങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം ബൂസ്റ്റർ വാക്സിനുകളുടെ വിതരണത്തെ വേഗത്തിലാക്കുമെന്നും ഇതുവഴി കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ തടയാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം ആറ് ദശലക്ഷം യോഗ്യരായ മുതിർന്നവർക്കാണ് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാനുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തങ്ങളുടെ പ്രതിരോധശേഷിയെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് ഈ ആഴ്ച അവസാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു വാക്സിനുകൾ സ്വീകരിച്ചതുവഴി ലഭിക്കുന്ന പ്രതിരോധശേഷി കുറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർ ജനങ്ങൾക്ക് അവരുടെ ടോപ് അപ്പ് വാക്സിനേഷൻ ലഭിക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നുണ്ടെന്ന് എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ലീഡർ ഡോ. നിക്കി കനാനി പറഞ്ഞു.
ഇന്നുമുതൽ ജനങ്ങൾക്ക് ഓൺലൈൻ വഴി അവരുടെ അടുത്തുള്ള സൈറ്റ് കണ്ടെത്തി ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും. ഇംഗ്ലണ്ടിൽ ഇതുവരെ 6.7 ദശലക്ഷം ജനങ്ങൾക്കാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇനിയും ഏകദേശം12.6 ദശലക്ഷത്തിലധികം യോഗ്യരായ ജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കേണ്ടതായുണ്ട്. ഗവൺമെൻറിൻറെ കോവിഡ് പ്ലാൻ-ബി അതായത് നിർബന്ധിത മാസ്ക് ധരിക്കുക, വാക്സിൻ പാസ്പോർട്ടുകൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക എന്നിവ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവരേണ്ടതിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഇന്നലെ 38,009 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 74 മരണങ്ങളാണ് ഉണ്ടായത്.
സ്കൂളുകളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ശൈത്യകാലത്ത് കോവിഡിൻെറ മറ്റൊരു തരംഗം ഉണ്ടായേക്കാമെന്നും ഇത് തടയുന്നതിന് ബൂസ്റ്റർ വാക്സിനുകൾ പങ്ക് വളരെ വലുതാണെന്നും അവർ മുന്നറിയിപ്പ് നൽകി. കെയർ ഹോം അന്തേവാസികൾക്ക് ടോപ്പ്-അപ്പ് വാക്സിൻ ഡോസുകൾ നേരത്തെ സ്വീകരിക്കാൻ ഈ പുതിയ നീക്കം കൊണ്ട് കൊണ്ട് സാധിക്കും.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ.കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.
ഒക്ടോബർ 31ന് വൈകിട്ട് സൂമിൽ നടന്ന ലോഞ്ചിങ്ങിൽ മധു ബാലകൃഷ്ണൻ ഈ മനോഹരഗാനം മലയാളക്കരക്കു സമർപ്പിക്കുകയുണ്ടായി. ഗാനരചയിതാവ് ഹരിനാരായണനും സംഗീതസംവിധായകർ ബേണിയും ടാൻസണും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.
2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിലൂടെ സംഗീതലോകത്തേക്ക് എത്തി ഇതിനകം ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. യു കെ യിലെ പ്രോഗ്രാമുകളിലെ നിറസാന്നിധ്യമായ ടെസ്സ നിരവധി ക്രിസ്ത്യൻ ആൽബങ്ങളും നാടോടി, ഓണപ്പാട്ടുകളും, പ്രണയഗാനവും ഒക്കെ ഇതിനോടകം ചെയ്തു കഴിഞ്ഞു. സച്ചിദാനന്ദൻ വലപ്പാടിന്റെയും അശ്വതി വിജയന്റെയും കീഴിൽ സംഗീതം അഭ്യസിക്കുന്ന ടെസ്സ പാശ്ചാത്യ സംഗീതവും സംഗീതോപകരണങ്ങളും പഠിക്കുന്നുണ്ട്. കെ എസ് ചിത്ര, ശരത്ത്, ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞരുടെ സ്റ്റേജിൽ പാടിയ ടെസ്സ ഈ ലോക് ഡൗൺ കാലത്ത് ട്യൂട്ടേഴ്സ് വാലി നടത്തിയ ലൈവ് പ്രോഗ്രാമുകളിലൂടെ ഔസേപ്പച്ചൻ, വിനീത് ശ്രീനിവാസൻ, ഗോപി സുന്ദർ, വിദ്യാസാഗർ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പങ്കെടുക്കുകയുണ്ടായി.
ലോകമെമ്പാടുമുള്ള മലയാളികൾ പാടിനടക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ബി കെ ഹരിനാരായണൻ. ഒപ്പം, ജോസഫ്, തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇപ്പോഴും നമ്മുടെ ചുണ്ടുകളിൽ തത്തികളിക്കുന്നത് ആ വരികളുടെ ഭംഗി മൂലമാണ്. ലോലശതാവരിയുടെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇങ്ങനെയാണ്:
“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക് എത്തുന്നത്. മാഷ് ഇതിനെക്കുറിച്ച് പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട് എന്നായിരുന്നു മനസ്സിൽ. അങ്ങനെയാൺ ലോലശതാവരിയിൽ എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്. ശതാവരിവള്ളിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് പണ്ട് പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്. പല്ലവികേട്ട് മാഷ് ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട് ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.
മലയാളികൾക്ക് പ്രത്യേകിച്ച് സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണ് ബേണി-ഇഗ്‌നേഷ്യസ് എന്നത്. 1994 ൽ “തേന്മാവിൻകൊമ്പത്തിലൂടെ” മലയാളികൾ നെഞ്ചേറ്റിയ ആ ബേണിയും മകൻ ടാൻസണും സംഗീതം നൽകിയ ലോലശതാവരിയുടെ സംഗീതവും കേൾക്കാൻ ഇമ്പമുള്ളതും കാതുകൾക്ക് കുളിർമഴ പെയ്യിക്കുന്നതുമാണ്. ലോലശതാവരിക്ക് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇപ്രകാരമാണ് :
“ലോലശതാവരി എന്ന ലളിതഗാനം കുറെ മാസ്സങ്ങൾക്ക് മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ് ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.
ഹരിനാരായണന്റെ വരികൾക്ക് ബേണിയും ടാൻസണും സംഗീതം നൽകി യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ആലപിച്ച ഈ മനോഹരഗാനം നിങ്ങൾക്കും ഇഷ്ടപ്പെടും എന്നുറപ്പ്. ലളിതഗാനമത്സരവേദികളിൽ ഇനിയുള്ള കാലം ഈ ഗാനം മുഴങ്ങികേൾക്കട്ടെ.
ഈ ഗാനം കേൾക്കുവാനും കാണുവാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മാഞ്ചെസ്റ്റര്‍: സൈപ്രസില്‍ നടക്കുന്ന യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റിലേയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നാലു മലയാളികള്‍. ആലപ്പുഴ സ്വദേശി സാജു മാത്യുവാണ് ക്യാപ്റ്റൻ. ഇംഗ്ലണ്ടില്‍ സ്ഥിര താമസമായിക്കിയിട്ടുള്ള കുറവിലങ്ങാട് സ്വദേശിയും മുന്‍ കോട്ടയം ജില്ലാ ടീം അംഗവുമായിരുന്ന രാജു ജോര്‍ജ്, സംസ്ഥാന തലമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആലപ്പുഴക്കാരനായ ജിത്തു ജോസഫ്, കോഴിക്കോട് സ്വദേശി ജയ്‌നീഷ് ജയിംസ് എന്നിവരാണ് ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയ മറ്റു മലയാളി താരങ്ങള്‍ .
ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതിനു മുമ്പ് ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ഇറങ്ങിയ താരങ്ങളാണിവര്‍. . ഇന്നലെമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. സൈപ്രസ്, ഇറ്റലി, ഹോളണ്ട്, പോളണ്ട്, ബല്‍ജിയം, സ്‌കോട്ട്‌ലാന്‍ഡ്, ഈജിപ്ത്, സൈപ്രസ്, തുടങ്ങിയ ടീമുകളാണ് യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമർ മീറ്റ് ഒക്ടോബര് 30 ശനിയാഴ്ച്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് മൂന്ന് മണിവരെ .പുതിയ അക്കൗണ്ട് (UK & nri) തുടങ്ങാനും മറ്റു ബാങ്കിങ് ഇടപാടുകളെ കുറിച്ച് അറിയാനും ഈ കസ്റ്റമർ മീറ്റ് സഹായകമാകും . പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സഹായങ്ങൾക്കൊപ്പം , സേഫ് ഡെപ്പോസിറ് ലോക്കർ ,ബൈ ടു ലെറ്റ് മോർട്ടഗേജ് (UK മാത്രം ),എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ഈ ദിവസം ലഭ്യമാകും .
കൂടുതൽ വിവരങ്ങൾ , വേണ്ട ഡോക്യൂമെന്റസ് എന്നിവ ഇതൊടൊപ്പം കൊടുത്തിട്ടുള്ള ലഖുലേഖയിൽ വ്യക്തമാക്കിയിട്ടുണ്ട് .
സമയം -10 Am to 3 PM
തീയതി -30 October ,Saturday
സ്ഥലം -Cosmopolitan Club ,Hengrove Community Centre (Annexe hall ),FortField Road ,Whitchurch ,Bristol BS14 9NX
For appointments contact 07432732986
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യുകെയുടെ റെഡ് ലിസ്റ്റിൽ നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇക്വഡോർ, ഡോമിക്കൻ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷം ബ്രിട്ടണിലെത്തുന്നവർക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചാൽ വീണ്ടും റെഡ് ലിസ്റ്റിലേക്ക് അവയെ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. യാത്രക്കാർക്കും, ട്രാവലർ ഇൻഡസ്ട്രി ജീവനക്കാർക്കുമെല്ലാം ഊർജ്ജം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് വ്യക്തമാക്കി.കൊറോണ വൈറസ് വേരിയന്റുകൾ പുതിയതായി ഒന്നും തന്നെ കണ്ടെത്താത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പംതന്നെ കൂടുതൽ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ അംഗീകരിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ 135 ൽ അധികം രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ യുകെയിൽ അംഗീകൃതമാകും. തിങ്കളാഴ്ചയോടുകൂടിയാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടൻ അറിയിച്ചിരിക്കുന്ന മാറ്റങ്ങൾ സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലും നടപ്പാക്കുമെന്ന് അതാത് ഗവൺമെന്റുകൾ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച കൂടുന്തോറും റെഡ് ലിസ്റ്റ് പുനപരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ പുതിയ വേരിയന്റുകൾ മറ്റു രാജ്യങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്നത് സംബന്ധിച്ചും സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകും. ടൂറിസം ഇൻഡസ്ട്രിക്ക് പുതിയ തീരുമാനങ്ങൾ ഊർജ്ജം നൽകുമെന്ന് സ്കോട്ട്‌ലൻഡ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രേയ്മ് ഡേ വ്യക്തമാക്കി. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും, സാഹചര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് : ലോകത്തിലെ ഏറ്റവും ജനപ്രചാരമുള്ള സമൂഹമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക് ഇനി മുതൽ ‘മെറ്റ ‘ എന്ന പേരിൽ അറിയപ്പെടും. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബെർഗ് ആണ് ഫേസ്ബുക്കിന്റെ കോർപ്പറേറ്റ് നാമം മാറ്റിയെന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൂടുതൽ മേഖലകളിലേക്ക് തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരിലുള്ള മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വ്യക്തിഗത ആപ്പുകൾക്ക് പേരിൽ മാറ്റമൊന്നുമില്ല. ഇവയെ എല്ലാം ഉൾക്കൊള്ളിക്കുന്ന പേരെന്റ് കമ്പനിക്ക് മാത്രമാണ് പേരിൽ മാറ്റം ഉണ്ടാവുക. ഫേസ്ബുക്കിനെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ മുൻ ജീവനക്കാരൻ ജനങ്ങളിൽ എത്തിച്ചേരുന്നു. ജനങ്ങളുടെ സുരക്ഷിതത്വമല്ല മറിച്ച്, ലാഭം മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതൊക്കെ പേര് മാറ്റങ്ങൾക്ക് കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു.2015 ൽ ഗൂഗിൾ തങ്ങളുടെ മാതൃ കമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും, അത്ര പ്രശസ്തിയാർജ്ജിച്ചിരുന്നില്ല.
സാമൂഹിക മാധ്യമം എന്ന തരത്തിൽ നിന്നും വിർച്വൽ റിയാലിറ്റി പോലുള്ള കൂടുതൽ അത്യാധുനിക മേഖലകളിലേക്ക് കമ്പനി നീങ്ങുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പേരുമാറ്റം. വിആർ ഹെഡ്സെറ്റുകളിലൂടെ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന തരത്തിൽ ഒരു ഓൺലൈൻ മെറ്റാലോകം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മാർക്ക് സക്കർബെർഗ് വ്യക്തമാക്കി. നിലവിലെ പേര് തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിക്കാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മെറ്റ ‘ എന്ന ഗ്രീക്ക് പദത്തിന് ഇംഗ്ലീഷിൽ ‘ ബിയൊണ്ട് ‘ അഥവാ പരിമിതികൾക്ക് അപ്പുറം എന്ന അർത്ഥമാണുള്ളത്. കമ്പനിയുടെ അനന്തസാധ്യതകളാണ് പേര് സൂചിപ്പിക്കുന്നതെന്നും സിഇഒ വ്യക്തമാക്കി.
കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. 2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ തുടങ്ങി ഇതുവരെ ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.
ടെസ്സ നിഷാദിനൊപ്പം പാടിയ രമേശന്റെ തോൾസഞ്ചി എന്ന പ്രണയഗാനം ഈ വർഷമാദ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയതുപോലെ ഈ ലളിതഗാനവും മലയാളികൾ വിജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ടെസ്സയും മറ്റുള്ള അണിയറ പ്രവർത്തകരും.
ഈ ഗാനത്തിന് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇങ്ങനെ:
“ലോലശതാവരി എന്ന ലളിതഗാനം കുറെമാസ്സങ്ങൾക്ക് മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ് ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.
ഈ ഗാനത്തിന്റെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇപ്രകാരം:
“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക് എത്തുന്നത്. മാഷ് ഇതിനെക്കുറിച്ച് പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട് എന്നായിരുന്നു മനസ്സിൽ. അങ്ങനെയാണ് ലോലശതാവരിയിൽ… എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്. ശതാവരിവള്ളിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് പണ്ട് പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്. പല്ലവികേട്ട് മാഷ് ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട് ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.
കേരളപ്പിറവിയോടനുബന്ധിച്ച് ഈ മാസം 31നു ഈ മനോഹര ലളിതഗാനം ട്യൂട്ടോഴ്സ്വാലി മ്യൂസിക് അക്കാദമി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു.
വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മൂന്നുപേർ പിടിയിലായിരുന്നു.
മലപ്പുറം സ്വദേശി രഹ്നാബീഗം, പാലക്കാട് സ്വദേശികളായ ഷഹീൻ, മുഹമ്മദ് ഹാഷിർ, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്. സ്റ്റുഡൻറ് വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എം.ബി.എ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ വിവിധ കോഴ്സുകൾക്ക് പഠിക്കാൻ ലണ്ടനിലെ സർവകലാശാലയിൽ പലരും ലക്ഷക്കണക്കിന് രൂപ അടച്ചവരാണ്.
ബിരുദ കോഴ്സിന് നിശ്ചിത മാർക്കില്ലാത്തതുകൊണ്ടാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. പരസ്പരം പരിചയമുള്ളവരല്ല. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയത് വ്യത്യസ്ത ആളുകളാണ്. ലണ്ടനിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുമാനവും സാധ്യമാകുമെന്ന് കരുതിയാണ് ഇവർ ഇത്തരത്തിൽ കടക്കാൻ ശ്രമിച്ചത്.
എമിഗ്രേഷൻ വിഭാഗമാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ ജാമ്യത്തിൽ വിട്ടു.
ഇപ്സ്വിച്: യുകെയിലെ ഇപ്‌സ്‌വിച്ചിലുള്ള ഈ മലയാളി നഴ്സുമാരുടെ വാർത്തകൾ ബിബിസി, ഡെയിലി മെയിൽ എന്ന് തുടങ്ങി പല മുൻനിര ഇംഗ്ലീഷ് മാധ്യമങ്ങളും 2018 മുതൽ പലപ്പോഴായി നൽകുന്നു. കാരണം ഈ മലയാളി കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ഉന്നതിയും ഏതൊരാളുടെയും കണ്ണ് തുറപ്പിക്കുന്നതും പ്രചോദനം പകർന്നു നൽകുന്നതുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കി സാഫോക്ക് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങുകൾ ആണ് ഇവർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.
ആദ്യമായി ഇവരെക്കുറിച്ചു വാർത്ത വരുന്നത് ബിബിസിയിൽ 2018 ആണ്. നാല് പേരും ഒരേ യൂണിവേഴ്സിറ്റിയിൽ പ്രവേശനം സംഭവിച്ചപ്പോൾ ആയിരുന്നു. പിന്നീട് യുകെയിലെ പല മാധ്യമങ്ങളും തുടന്ന് അമേരിക്കയിൽ നിന്നും ഇവരെ ബന്ധപ്പെട്ട് വാർത്തകൾ വരികയുണ്ടായി.ഒരു മിനിറ്റ് ഇടവിട്ട് ഉണ്ടായ നാല് പെൺകുട്ടികൾ ആണ് ഈ കുടുംബത്തെ ലോക സമൂഹത്തിന് മാധ്യമങ്ങൾ പരിചയപ്പെടുത്താൻ ഉണ്ടായ പ്രധാന കാരണമെങ്കിൽ പിന്നീട് ഇവർ എടുക്കുന്ന അല്ലെങ്കിൽ നേടുന്ന ഓരോ വിജയവും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ മലയാളം യുകെയോട് പങ്കുവെച്ച കാര്യങ്ങൾ ഞങ്ങൾ ലോക മലയാളി സമൂഹത്തിനായി, വളർന്നു വരുന്ന യുകെ മലയാളി കുട്ടികളെ ഓർത്തു വേവലാതിപ്പെടുന്ന രക്ഷാകർത്താക്കൾക്ക്, ഒപ്പം മറ്റു രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കായി പങ്കുവെയ്ക്കുന്നു.
കായംകുളം സ്വദേശിയായ ഷിബു മാത്യു ഭാര്യ ജോബി ഷിബു, പത്തനംതിട്ട നെടുമ്പൻകര സ്വദേശിനി. പ്രവാസികളായി ഒമാനിലേക്ക്. എല്ലാവരെയും പോലെ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന ഈ ദമ്പതികൾ പക്ഷെ കാത്തിരിക്കേണ്ടിവന്നത് 6 വർഷങ്ങൾ… സ്വാഭാവികമായും മറ്റുള്ളവരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ… അതുണ്ടാക്കുന്ന മനോവേദന… പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഒരു വശത്തും ഇത്തരം മാനസിക വ്യഥകൾ മറ്റൊരുവശത്തും. എങ്കിലും എന്നും വിശ്വാസത്തിൽ ഗാഢമായി സമർപ്പിതമായ ജീവിതം.
ജോബി ഷിബുവിന്, ജീവിതത്തിൽ വെളിച്ചമായി പ്രതീക്ഷയായി ആ സന്തോഷവാർത്തയെത്തി. താൻ ഗർഭിണിയായിരിക്കുന്നു… മുറപോലെ സ്‌കാനിങ് നടന്നു. ഒരു കുട്ടിയെ പ്രതീക്ഷിച്ചു സ്കാനിംഗ് നടത്തിയപ്പോൾ തന്റെ ഗർഭപാത്രത്തിൽ ഉള്ളത് ഒന്നല്ല മറിച്ചു കുട്ടികൾ മൂന്നാണ് എന്ന വാർത്ത… താൻ അനുഭവിച്ച ആറ് വർഷത്തെ വേദനകൾക്ക്, പ്രാർത്ഥനകൾക്ക് പ്രതിഫലം തന്നിരിക്കുന്നു എന്ന് ജോബിയും ഭർത്താവ് ഷിബുവും തിരിച്ചറിഞ്ഞു.
മൂന്ന് കുട്ടികളെയും നോക്കാൻ സമയം വേണം എന്ന തിരിച്ചറിവ് 1995 മുതൽ 2000 ആണ്ട് വരെയുള്ള അഞ്ച് വർഷത്തെ ഗൾഫ് പ്രവാസം മതിയാക്കി പ്രസവത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു. സിസേറിയൻ നടക്കുമ്പോൾ മാത്രമാണ് കുട്ടികൾ മൂന്നല്ല നാലാണ് എന്ന് തിരിച്ചറിയുന്നത്. ഓരോ മിനിറ്റുകളുടെ വ്യത്യാസത്തിൽ എയ്ഞ്ചൽ, അനീറ്റ, അലീന, അനീഷ എന്നീ നാല് പെൺകുട്ടികൾ… ജോബി ഷിബു മലയാളം യുകെയോട് പങ്കുവെച്ചത് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത, സ്കാനിങ്ങിൽ തെളിയാത്ത യേശുവിന്റെ പരിപാലനയെക്കുറിച്ചാണ്, അനുഗ്രഹത്തെക്കുറിച്ചാണ്.നാലുപേരെയും നന്നായി വളർത്തണം… അവർക്കു നല്ലൊരു ജീവിതം ഉണ്ടാകണമെങ്കിൽ പണം ആവശ്യമാണ്. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തശേഷം ജോബി യുകെയിലേക്ക് 2007 ൽ എത്തിച്ചേർന്നു. അതും നഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന ആൾ എത്തിയത് സീനിയർ കെയറർ വിസയിൽ. ഇപ്‌സ്‌വിച്ചിനടുത്തുള്ള ഫ്രാമലിംഗം എന്ന സ്ഥലത്തുള്ള നഴ്സിംഗ് ഹോമിലേക്ക്. രണ്ട് വർഷങ്ങൾക്ക് ശേഷം കുട്ടികളെയും യുകെയിൽ എത്തിച്ചു.
പരിശ്രമിച്ചാൽ എന്നും ജീവിത വിജയങ്ങൾ നേടാം എന്ന വിശ്വാസം ജോബിയെ എത്തിച്ചത് സഫോക് യൂണിവേഴ്സിറ്റിയിലെ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായി പഠനം തുടങ്ങുകയായിരുന്നു. 2017 ൽ നഴ്സിംഗ് ഡിഗ്രി നേടി സീനിയർ കെയറർ എന്ന പദവി ഉപേക്ഷിച്ചു നഴ്‌സായി ഇപ്‌സ്‌വിച് ആശുപത്രിൽ. നഴ്സിംഗ് പഠിച്ചതുകൊണ്ട് അതിൽ നിന്നും എന്തൊക്കെ നേടാമെന്നും മനസ്സിലാക്കിയ ജോബി കുട്ടികളോടും അത് പങ്കുവെച്ചു. എങ്കിലും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസൃതമായി തിരഞ്ഞെടുക്കാനും അനുവാദം നൽകുകയുണ്ടായി.
എന്നാൽ അമ്മയെ പിന്തുടർന്ന് മൂന്ന് മക്കൾ ‘അമ്മ പഠിച്ച അതെ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ നഴ്സിങ്ങിനും, അനീഷ ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം പൂർത്തിയാക്കി. മൂന്ന് പേരുടെ ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു. ഉന്നത വിജയം കരസ്ഥമാക്കി കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതി (21/10/2021) നടന്ന ബിരുദധാന ചടങ്ങുകൾ ആണ് ഇപ്പോൾ യുകെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. (ഈ ചടങ്ങുകൾ ക്യാമറയിൽ പകർത്തിയത് കുടുംബ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബെന്നി ചാക്കോയാണ് – 07398717843)പഠനം പൂർത്തിയാകുന്നതോടെ ജോലി കണ്ടുപിടിക്കണം. എന്തായാലും കെയിംബ്രിഡ്ജ് പാപ് വെർത് ആശുപത്രിയിലേക്ക് ഒരു അപ്ലിക്കേഷൻ വിട്ടത് മൂത്ത കുട്ടി എയ്ഞ്ചൽ ആണ്. എന്തായാലും കൊറോണ സമയം ആയിരുന്നതിനാൽ ഓൺലൈൻ ഇന്റർവ്യൂ ആണ് നടന്നത്. കഠിനമായ ചോദ്യങ്ങൾക്ക് സമർത്ഥമായി ഉത്തരം നൽകിയപ്പോൾ ആശുപത്രി അധികൃതർക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഇന്റർവ്യൂ നടക്കുന്ന സമയത്തു വീട്ടിലുള്ളവരെപ്പറ്റി ചോദിക്കുക യുകെയിൽ സാധാരണമാണ്. ഈ അവസരത്തിൽ എയ്ഞ്ചൽ നഴ്സുമാരായ തന്റെ സഹോദരിമാരെപ്പറ്റി പരാമർശിച്ചപ്പോൾ എയ്ഞ്ചൽലിനെ ഞെട്ടിച്ചു ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യ ആയിരുന്നു. നിന്റെ സഹോദരിമാർ എന്തൊകൊണ്ടാണ് ഇവിടെ ഈ ആശുപത്രിയിൽ ജോലിക്കായി അപേക്ഷിക്കാത്തതെന്ന്? തുടർന്ന് അനീറ്റ, അലീന എന്നിവർ അപേക്ഷ കൊടുക്കുകയും ജോലി ലഭിക്കുകയും ആയിരുന്നു. കെയിംബ്രിഡ്ജ് പാപ് വെർത് ആശുപത്രി വെബ്സൈറ്റിൽ ഇവറെപ്പറ്റിയുള്ള ലേഖനം ഫോട്ടോ സഹിതം ആർക്കും കാണാം. അനീഷ കെറ്റേറിങ് ജനറൽ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
യുകെയിൽ മെയിന്റനൻസ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. മക്കളായ പെൺകുട്ടികളെ നഴ്സിങ് ആണ് പഠിപ്പിക്കുന്നത് എന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പലരും നിരുൽസാഹപ്പെടുത്തിയെങ്കിലും ജോബിക്ക് തന്റെ പെൺമക്കൾ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുത്താൽ വിജയമേ ലഭിക്കു എന്ന് ഉറച്ചു വിശ്വസിച്ചു.
ഇന്ന് ഈ പെൺമക്കളുടെ വിജയങ്ങളുടെ നല്ല വാർത്തകൾ യുകെ മലയാളി കുടുംബങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ. കാരണം യുകെയിൽ നഴ്സിംഗ് പഠിച്ചാൽ അത്രമാത്രം ഉയർച്ച നേടാനും മറ്റ് പല ഫീൽഡിലേക്കും വളരാനുമുള്ള അവസരം നൽകുന്നു എന്നാണ് അനുഭവസ്ഥയായ ഈ നാല് പെൺകുട്ടികളുടെ അമ്മയായ ജോബി ഷിബു മലയാളം യുകെയോട് പറഞ്ഞു നിർത്തിയത്.