Uncategorized

ഒട്ടേറെ സംഘടനകള്‍ രൂപംകൊണ്ടു വളരെ ഭംഗിയായി മുന്നോട്ടു പോകുന്ന ക്രോയ്‌ഡോനില്‍ ഈ വിഷു ദിനത്തില്‍ മറ്റൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു, ക്രോയ്‌ഡോന്‍ ഹിന്ദു സമാജം. കഴിഞ്ഞ വിഷു ദിനത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയില്‍ ക്രോയിഡോണില്‍ ഉള്ള സ്വാമി വിവേകാനന്ദ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുന്‍ ക്രോയ്‌ഡോന്‍ മേയറും, കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഭദ്രദീപം തെളിയിച്ച് ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ക്രോയ്‌ഡോനിലെയും സമീപ പ്രദേശങ്ങളിലെയും ഹൈന്ദവരെ കൂടാതെ ഈസ്റ്റ് ഹാമില്‍ നിന്നും ഉള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് അസംഖ്യം സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രോയ്‌ഡോനില്‍ ഹൈന്ദവ കൂടായ്മ ലക്ഷ്യമാക്കി വളരെ ലളിതമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉദ്ദേശിക്കുന്ന ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എല്ലാവര്‍ക്കും മാതൃക നല്‍കുന്ന ഒന്നാകട്ടെ എന്ന് ആശംസിച്ചു. ചടങ്ങിന് മുന്‍പു നടന്ന ഭജനയില്‍ പാടിയ പുതിയ തലമുറയിലെ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് പറഞ്ഞു. തന്റെ ബാല്യകാല വിഷുദിന ഓര്‍മകള്‍ പങ്കുവെച്ചതിനുശേഷം പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി. തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച ക്രോയ്‌ഡോന്‍ ഹിന്ദു സമാജം അധ്യക്ഷന്‍ ശ്രീ ഹര്‍ഷകുമാര്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയും ഉള്‍കൊണ്ടുകൊണ്ടും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് പ്രസ്താവിച്ചു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുന്ന പരിപാടികള്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണം കൂടിയായി ആദ്യത്തെ വിഷു സത്സംഗം. പങ്കെടുത്ത എല്ലാവരുടെയും കണ്ടതില്‍ നിന്നും മൂന്ന് പ്രാവശ്യം ഉയര്‍ന്നു കേട്ട ഓംകാരം ധ്വനി ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തെ വ്യത്യസ്തമാക്കി. ഇനിയുള്ള സത്സംഗങ്ങള്‍ ആദ്ധ്യാത്മികവും ശാരീരികവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തും ഹൈന്ദവ മൂല്യങ്ങളുടെ ശ്രേഷ്ഠതയെ ജനങ്ങള്‍ക്ക് കൂടുതല്‍ തെളിമയോടെ മനസിലാക്കി കൊടുക്കുവാനും ഉള്ള വേദിയായി മാറ്റുകയാണ് വേണ്ടത് എന്നും അതിനുവേണ്ടിയുള്ള പരിശ്രമമാകും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുക എന്നും ശ്രീ ഹര്‍ഷ കുമാര്‍ പറഞ്ഞു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷങ്ങളില്‍ യുകെയിലെ ഹൈന്ദവ വേദികളില്‍ സ്ഥിരസാന്നിധ്യമായി ഭജന ആലപിച്ചു കൊണ്ടിരിക്കുന്ന രാധാകൃഷ്ണനും ജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഭജന ഹൃദ്യമായിരുന്നു. ഭഗവദ്ദര്‍ശനം നല്‍കിയ വിഷുക്കണിയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിപുലമായ വിഷുസദ്യയും കഴിച്ചാണ് ജനങ്ങള്‍ മടങ്ങിയത്.

വരുന്ന മെയ് മാസം ഒഴികെയുള്ള എല്ലാ മാസങ്ങളിലും തുടര്‍ച്ചയായി സത്സംഗം നടത്താനും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. വളരെ സൗഹാര്‍ദപരമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് സമാജം സെക്രട്ടറി പ്രേംകുമാര്‍ പറഞ്ഞു. കൂടാതെ പരസ്പര സഹകരണവും സമൂഹ സഹവര്‍ത്തിത്വവും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉദ്ദേശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഹര്‍ഷന്‍: 07469737163 – President
പ്രേംകുമാര്‍: 07551995663 – Secretary
ഇമെയില്‍: [email protected]

ബിനോയി ജോസഫ്

തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും  രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും  കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി.

“ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു”.. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു.  ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു.

മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക്‌ എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു.  മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല.

ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി.  തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല.

ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല.  ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു.

ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ  ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി… ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.

തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.

ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.

ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.

നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഏറെ കോലാഹലങ്ങള്‍ക്കു ശേഷമാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും തള്ളിക്കളഞ്ഞ് ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനം ആര്യ അറിയിച്ചത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രതികരണങ്ങളുമായി ഓരോ മത്സരാര്‍ഥികളും രംഗത്ത് വരുമ്പോഴും ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങളും ഫൈനലില്‍ ആര്യ എടുത്ത തീരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍.

‘ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമ്മുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. അത് ഞാന്‍ ചാനല്‍ മാനേജ്‌മെന്റുമായി ഒന്നുകൂടി പരിശോധിച്ചതുമാണ്. അവരും അക്കാര്യം ഉറപ്പു പറഞ്ഞു മാത്രമല്ല ഒരു ഫോര്‍മല്‍ എഗ്രിമെന്റ് ആര്യ ഒപ്പുവച്ചെന്നും പറഞ്ഞു.

പക്ഷേ, ഫൈനലില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ആര്യ ഇങ്ങനെ ഒരു തീരുമാനം അവന്‍ എടുത്തതെന്ന് എനിക്കറിയാം. ആളുകള്‍ അവന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടാകാം. മുന്‍പ് പെണ്‍കുട്ടികളെ എലിമിനേറ്റ് ചെയ്തപ്പോഴും ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ടായിരിക്കാം. നമുക്ക് പുറത്തു നിന്ന് എന്ത് വേണമെങ്കിലും പറയാം. പക്ഷെ ആര്യയുടെ അതേ സ്ഥാനത്ത് നില്‍ക്കുമ്പോഴേ ആ സമ്മര്‍ദ്ദവും ആ ഒരു മാനസികാവസ്ഥയും മനസിലാക്കാനാകൂ.

പരിപാടി തുടങ്ങി ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ എലിമിനേറ്റായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് ഇതൊന്നും ആദ്യത്തെ എപ്പിസോഡുകളില്‍ എലിമിനേറ്റായ പെണ്‍കുട്ടികളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടില്ല. പരിപാടിയുടെ അവസാന ഘട്ടങ്ങളില്‍ എത്തും തോറും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പിരിയുന്നത് വല്ലാത്ത കഷ്ടവുമായിരുന്നു. അബര്‍ണദിയുടെയും ശ്വേതയുടെയും എലിമിനേഷന്‍ ഞങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചു. ഇരുവരും വല്ലാത്ത വിഷാദാവസ്ഥയില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ മാത്രമല്ല മുഴുവന്‍ സെറ്റും വല്ലാതെ ഇമോഷണലായിരുന്നു.

എനിക്ക് തോന്നുന്നു അത് ആര്യയേയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും ഫൈനലില്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആര്യ എത്തിച്ചേര്‍ന്നത്. ആര്യയുടെ തീരുമാനത്തെ ആളുകള്‍ ബഹുമാനിക്കാത്തതെന്തുകൊണ്ടാണ്? അദ്ദേഹം ഷോയില്‍ നിന്നാരെയെങ്കിലും തിരഞ്ഞെടുത്തുവോ? അങ്ങനെ തിരഞ്ഞെടുത്ത് ഷോ അവസാനിച്ചതിന് ശേഷം അവര്‍ പിരിഞ്ഞാല്‍ അത് ഓക്കെ ആകുമോ? ആര്യയ്ക്ക് അതിന് ഉത്തരവാദിത്വമുണ്ട്. അത് കടുത്ത തീരുമാനമാണ്.

അതേസമയം ചാനലിന്റെയും മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ സംഗീത പറഞ്ഞു.പരിപാടിയുടെ ഫൈനലിലെത്തിയ മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിയുടെ പ്രതികരണവും ആര്യയ്ക്ക് അനുകൂലമായിരുന്നു.

ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത അമേരിക്കന്‍ ഹാസ്യനടന്‍ ബില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി. കോസ്ബിയെ മൂന്ന് തവണയായി പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത്. മോണ്ട് ഗോമറി കൌണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

2004 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയായ ആന്‍ഡ്രി കോണ്‍സ്റ്റഡ് എന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബില്‍ കോസ്്ബി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ബില്‍ കോസ്ബി കുറ്റക്കാരനാണെന്ന് വ്യക്തമാണെന്നും ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു.

നിശബ്ദ വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും കോസ്ബിക്ക് ജാമ്യം അനുവദിക്കരുതെന്നും വാദിച്ച പ്രോസിക്യൂട്ടര്‍ സ്വകാര്യവാഹനത്തില്‍ പറക്കാനാണ് പലര്‍ക്കും താല്‍പര്യമെന്നും അതിനുകാരണം പരിമിതികളില്ലാത്ത സമ്പത്താണെന്നു പറഞ്ഞു. എന്നാല്‍ സ്വന്തമായി വിമാനമില്ലെന്ന് പരിഹസിച്ചായിരുന്നു കോസ്ബിയുടെ മറുപടി. അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്ന് ആന്‍ഡ്രി കോണ്‍സ്റ്റഡ് പറഞ്ഞു. അതിനായി ഒരുപാട് യുദ്ധം ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയത്.

സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുവതി കോസ്ബിക്കെതിരെ പരാതി നല്‍കിയത്. പിന്നീട് 50ലധികം വനിതകളും കോസ്ബിക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചിലായ മീറ്റൂ ക്യാമ്പയിന്‍ ശ്രദ്ധനേടുമ്പോള്‍ തന്നെ ഇത്തരമൊരു കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.

സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.

മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് .

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന് സ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പ​രാ​തി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ന്യൂ​ഡ​ൽ​ഹി​യി​ൽ​ നിന്നു ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ളി​യി​ലേ​ക്കു യാ​ത്രയ്ക്കിടെയാണ് വി​മാ​ന​ത്തി​ന്റെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിനു ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൗ​ശി​ക് വി​ദ്യാ​ർ​ഥി​ ക​ർ​ണാ​ട​ക പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. രാ​ഹു​ൽ ഗാ​ന്ധി​യും മ​റ്റു നാ​ലു പേ​രും ക​യ​റി​യ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ൽ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു പു​റ​പ്പെ​ട്ട​ത്. കൗ​ശി​കും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​മാ​നത്തി​ന്, ഇ​തേ​വ​രെ അ​ധി​കൃ​ത​ർ​ക്കു “​നി​ർ​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ക​രാ​ർ’ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കൗ​ശി​കി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​മാ​നം ഇ​ള​കു​ക​യും ഒ​രു വ​ശ​ത്തേ​ക്കു ചെ​രി​യു​ക​യും ചെ​യ്ത​താ​യും ഇ​ത് അ​പൂ​ർ​വ സാ​ഹ​ച​ര്യ​മാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ ത​ന്നെ പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ലു​ണ്ട്.

ആട്ടോ പൈലറ്റ് സിസ്റ്റത്തിൽ തകരാറുണ്ടായിരുന്നതായി ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​നെ​യും ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. ഹൂ​ബ്ളി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഇ​ത് ഇ​തേ​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണു രാ​ഹു​ൽ ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ​ത്.

മലയാളം യുകെ ന്യൂസ് ഡെസ്ക്

ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.

അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.

നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.

ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ്‌ അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ്‌ നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും  ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .

ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍  ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും  ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.

നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ്‌ മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.

സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും  അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച്  കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.

ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ പൊളിയുന്നു. ആന്ധ്രയില്‍ 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഹൈദരാബാദിലെ സൈബര്‍ സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്താന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചിരുന്നു. പക്ഷേ ആധാര്‍ സംബന്ധിയായ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആധാര്‍നമ്പര്‍, ബാങ്ക് ശാഖ, ഐഎഫ്എസ് കോഡ്, അക്കൗണ്ട് നമ്പര്‍, പിതാവിന്റെ പേര്, വിലാസം, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ജോലി, മതം, ജാതി, എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നിട്ടുണ്ട്.

ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നതായും ഈ വിവരങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ചോര്‍ത്താന്‍ സാധിക്കുമെന്നും കൊഡാലി ശ്രീനിവാസ് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇതുവഴി സാധിച്ചേക്കും.

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: സെന്റ് അലോഷ്യസ് സ്‌കൂള്‍ & കോളേജ് അലുമിനി അസോസിയേഷന്റെ ദമാം ചാപ്റ്ററിന്റെ (എസ് സാക്ക) 15മത് വാര്‍ഷിക ആഘോഷത്തത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

എടത്വായില്‍ ചങ്ങനാശേരി സമരിറ്റന്‍ മെഡിക്കല്‍ സെന്റ്ററിന്റെയും തകഴി പുതിയാറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി.സാബന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ജെ.ടി.റാംസെ അദ്ധ്യക്ഷത വഹിച്ചു.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം സമരിറ്റന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ലീലാമ്മ ജോര്‍ജ് പീടിയേക്കല്‍ നിര്‍വഹിച്ചു. എടത്വാ, തകഴി, വീയപുരം, ചമ്പക്കുളം, തലവടി, മുട്ടാര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും നിരവധി രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ജനറല്‍ കോര്‍ഡിനേറ്റര്‍ ജോച്ചന്‍ ജോസഫ്, ജോ. കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കോര്‍ഡിനേറ്റര്‍ അസ്ഗര്‍ അലി തകഴി, സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റോയി ചെറ്റക്കാട്, റവ. സിസ്റ്റര്‍ ജെസി എം. ആന്റണി, ചാരിറ്റി കണ്‍വീനര്‍ ഷൈനി തോമസ്, ജോണ്‍സണ്‍ എം.പോള്‍, ബില്‍ബി മാത്യൂ, ജയന്‍ ജോസഫ്, കെ.തങ്കച്ചന്‍, എന്‍.ജെ സജീവ്, നോബിന്‍ പി.ജോണ്‍, സന്തോഷ് ടോം ജി, ടോമി പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ഡോ.ജോര്‍ജ് പീടിയേക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. ക്യാമ്പില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സംഘടന ലഭ്യമാക്കുമെന്ന് പ്രസിഡന്റ് തമ്പി പത്തിശ്ശേരില്‍, ജനറല്‍ സെക്രട്ടറി ആന്റണി വി.സി, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് എം.ജെ എന്നിവര്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved