USA

ചൈനീസ് കമ്പനികള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്കയും രംഗത്ത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് ചൈനീസ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യുഎസ് നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് എഫ്‌സിസി പറഞ്ഞു.

”നടപടിയുടെ ഫലമായി, എഫ്‌സിസിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല.,” അമേരിക്ക വ്യക്തമാക്കി.

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു മൽസരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി ഇൻഡോ അമേരിക്കൻ പെൺകുട്ടി മേധാ രാജിനെ നിയമിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രചാരണം ഡിജിറ്റലായി മാറുന്നതിനിടെയാണ് ബൈഡന്റെ നടപടി. ഡിജിറ്റൽ വിദ്യയുടെ എല്ലാ മേഖലകളിലും മേധ പ്രവർത്തിക്കുമെന്നും പരമാവധി പ്രയോജനപ്പെടുത്തുമെന്നും ബൈഡന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.

ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫായി ബോ ബൈഡന്റെ ക്യാംപെയ്നിൽ ചേർന്നു. തിരഞ്ഞെടുപ്പിന് 130 ദിവസങ്ങൾ മാത്രം. ഒരു നിമിഷം പോലും വെറുതെ കളയാനില്ല – മേധ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബുട്ടിഗെയ്ഗിന്റെ പ്രചാരണസംഘത്തിൽനിന്നാണു മേധ ബൈഡനൊപ്പം എത്തുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ‌നിന്ന് രാജ്യാന്തരപൊളിറ്റിക്സിൽ ഗ്രാജുവേഷനും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും നേടി.

2016ല്‍ ഹിലറി ക്ലിന്റനൊപ്പം പ്രവർത്തിച്ചിരുന്ന ക്ലർക് ഹംഫ്രിയാണ് ഫണ്ട് കണ്ടെത്തലിൽ ബൈഡന്റെ പുതിയ ഡപ്യൂട്ടി ഡിജിറ്റൽ ഡയറക്ടർ. ജോസ് നുനെസ് ഡിജിറ്റൽ ഓർഗനൈസിങ് ഡയറക്ടറാണ്. ഡിജിറ്റർ പാർട്ട്നർഷിപ്പിന്റെ ഡയറക്ടർ ക്രിസ്ത്യൻ ടോമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ബൈഡന്‍ ഡിജിറ്റൽ പ്രചാരണവും ഫണ്ട് കണ്ടെത്തലുമായി മുന്നോട്ടു പോകുകയാണ്. ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട രാജ്യമാണ് യുഎസ്. 2.64 മില്യൻ രോഗികളാണ് ഇവിടെയുള്ളത്. 1,28,000 പേർ ഇതുവരെ മരിച്ചു.

ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ എട്ടുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലെ പുതുതായി വാങ്ങിയ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭരത്പട്ടേല്‍ (62), മരുമകള്‍ നിഷ (33), നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. കുടുംബം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവിടെ താമസിക്കാനെത്തിയതെന്നും നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.

ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് അടക്കം കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുന്ന വിസ നിയന്ത്രണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം ഒടുവില്‍ വരെ എച്ച്-1ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താത്കാലിക വര്‍ക്ക് വിസയും നിര്‍ത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നതാണ് എച്ച്-1ബി വിസ.

എച്ച്-1ബി, എച്ച്-2ബി, എല്‍ വിസകളും ഇന്റേണ്‍, ടെയിനി, അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവര്‍ക്ക് അനുവദിക്കുന്ന ജെ വിസയും ഈ വര്‍ഷം ഡിസംബര്‍ 31 വരെയും നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.

നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസ നിയന്ത്രണങ്ങള്‍ എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ബിസിനസ് സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാണ്ടാക്കുന്നത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ട്രംപ് നടത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം അനുസരിച്ച് യുഎസിന് പുറത്ത് ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകൾക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസകൾ ഉൾപ്പെടെ നിരവധി താൽക്കാലിക വർക്ക് വിസകൾ ഫ്രീസ് ചെയ്യുകയും ചെയ്യും. പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ഐ.ടി കമ്പനികള്‍ അടക്കം എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിനിടയിൽ യുഎസ് പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനുള്ള മാർഗമായി ഭരണകൂടം ഈ നീക്കത്തെ കാണുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം അമേരിക്കക്കാർക്ക് വേണ്ടി 525,000 ജോലികൾ വരെ സ്വതന്ത്രമാകുമെന്ന് കണക്കാക്കുന്നത്.

അതേസമയം, പുതിയ പ്രഖ്യാപനത്തിനെതിരെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ രംഗത്തുവന്നു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന്‌ ആമസോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.

ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ ‘അതിന്റെ വൈവിധ്യത്തെ’ ദുർബലപ്പെടുത്തുമെന്ന്‌ ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗനും പറഞ്ഞു. നിരോധനം താൽക്കാലികമാണെങ്കിലും, കുടിയേറ്റ തൊഴിലാളിളെയും ഹൈടെക് തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ദീർഘകാല മാറ്റങ്ങളുടെ ഒരു തുടക്കമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ തീരുമാനമനുസരിച്ച് എച്ച്-1ബി വിസയില്‍ കുറഞ്ഞ കൂലിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിനു പകരം ഉയര്‍ന്ന ശമ്പളത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമായിരിക്കും കമ്പനികള്‍ക്ക് അമേരിക്കയില്‍ നിയമിക്കാന്‍ സാധിക്കൂ. അതുപോലെ താത്കാലിക ജോലികളില്‍ കുടിയേറ്റക്കാര്‍ക്ക് പകരം അമേരിക്കന്‍ പൌരന്മാരെ നിയമിക്കുകയും ചെയ്യണം.

അനുവദിക്കുന്ന എച്ച്-1ബി വിസയ്ക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക പരിധി ഏര്‍പ്പെടുത്തിയിരുന്നു. “ആകെ ലഭിച്ച 2.25 ലക്ഷം അപേക്ഷകളില്‍ നിന്നാണ് 85,000 പേര്‍ക്ക് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നറുക്കെടുപ്പ് മാതൃകയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കാനുമാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇനി തെരഞ്ഞെടുക്കുന്ന 85,000 പേര്‍ ഈ 2.25 ലക്ഷം അപേക്ഷകളിലെ ഏറ്റവും കൂടിയ ശമ്പള ഇനത്തില്‍ ഉള്ളവരായിരിക്കും”, ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാര്‍ഗം പിന്തുടരുന്നതോടെ ശമ്പള ഇനത്തിലും വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുമുള്ള അപേക്ഷകള്‍ വര്‍ധിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന മത്സരവും കുറയും. അമേരിക്കയ്ക്ക് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ളവരെ മാത്രം ജോലിക്കായി ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനന്തരവൾ എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന് പുതിയ തലവേദനയാകാന്‍ പോകുന്നത്. ‘ഇപ്പോൾ ലോകത്തെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യഘടന എന്നിവയെ ഭീഷണിപ്പെടുത്തുന്ന ആളായി തന്റെ അമ്മാവൻ എങ്ങിനെ മാറിയെന്നാണ്’ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പ്രസാധകര്‍ വ്യക്തമാക്കി.

‘ലോകത്തിലെ ഏറ്റവും ശക്തവും പ്രവർത്തനരഹിതവുമായ കുടുംബങ്ങളിലൊന്നിനെ’ കുറിച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ മേരി എൽ ട്രംപ് ഹൃദയഭേദകമായ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ട്രംപെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ട്രംപ്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു എന്ന കഥപറയുന്ന മേരി എൽ ട്രംപിന്റെ ‘Too Much and Never Enough: How My Family Created the World’s Most Dangerous Man’ എന്ന പുസ്തകം ജൂലൈയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്‌സർ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു.

ക്വീൻസിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്. ഡൊണാൾഡും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും വളർന്നതും അവിടെത്തന്നെയാണ്‌. ‘ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാൾഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉൾപ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ്‌ പുസ്തകം പറയുന്നതെന്ന്’ ആമസോണില്‍ പ്രസിദ്ധീകരിച്ച പ്രസാധകക്കുറിപ്പില്‍ പറയുന്നു.

ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.

ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.

അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.

യുഎസ്സില്‍ കോവിഡ് രോഗമുക്തി നേടിയ 70കാരന് ഹോസ്പിറ്റല്‍ നല്‍കിയത് 1.1 മില്യണ്‍ ഡോളറിന്റെ ബില്‍ (ഏതാണ്ട് 8,35,52,700 ഇന്ത്യന്‍ രൂപ). ദ സീറ്റില്‍ ടൈംസ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്കള്‍ ഫ്‌ളോര്‍ എന്ന 70കാരനാണ് സീറ്റിലിലെ ഹോസ്പിറ്റലിന്റെ കൊള്ളയ്ക്ക് ഇരയായത്. മാര്‍ച്ച് നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈക്കള്‍ ഫ്‌ളോറിന് 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഒരു ഘട്ടത്തില്‍ മരണത്തോടടുത്തിരുന്ന മൈക്കള്‍ ഫ്‌ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ മൈക്കള്‍ ഫ്‌ളോര്‍ രോഗമുക്തി നേടുകയും മേയ് അഞ്ചിന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.

181 പേജുള്ള ബില്ലാണ് കിട്ടിയത്. 1,122,501.04 ഡോളറിന്റെ ബില്‍. 9736 ഡോളര്‍ ഐസിയു റൂമിന്, 4,09,000 ഡോളറിനടുത്ത് തുക 42 ദിവസത്തെ സ്‌റ്റെറൈല്‍ റൂം ഉപയോഗത്തിന്, 82000 ഡോളര്‍ 29 ദിവസത്തെ വെന്റിലേറ്റര്‍ ഉപയോഗത്തിന്. രണ്ട് ദിവസത്തെ ബില്‍ ആയി ഒരു ലക്ഷം ഡോളറിനടുത്ത് കിട്ടി. വയോധികര്‍ക്കുള്ള ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് പരിപാടിയായ മെഡികെയറിന്റെ പരിരക്ഷ മൈക്കള്‍ ഫ്‌ളോറിനുണ്ട്. അതുകൊണ്ട് കയ്യില്‍ നിന്ന് ഇത്ര പണം ചെലവാകില്ല. അതേസമയം നികുതിദായകര്‍ തന്റെ ഭീമമായ ചികിത്സാചെലവ് വഹിക്കണമെന്ന് ആലോചിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നതായി മൈക്കള്‍ ഫ്‌ളോര്‍ സീറ്റില്‍ ടൈംസിനോട് പറഞ്ഞു.

ഹോസ്പിറ്റലുകളേയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേയും സഹായിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് 100 മില്യണ്‍ ഡോളറിന്റെ ബജറ്റാണ് മുന്നോട്ടുവച്ചത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവുകളുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. ഭീമമായ ചികിത്സാ ചെലവ് കുറച്ച് എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന് തന്നെ ആരോഗ്യരംഗത്തെ സാമ്പത്തികചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമായിരുന്നു.

യു.എസില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിച്ചേക്കുമെന്ന് ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അങ്ങിനെ സംഭവിച്ചാല്‍ സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്‌ലി ഷോയുടെ ട്രെവർ നോവയോട് സംസാരിച്ച ബൈഡന്‍ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ് എന്നും അദ്ദേഹം പറയുന്നു.

മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങളാണ് ബൈഡന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നുമൊക്കെ പലതവണ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് തന്നെ വോട്ടു ചെയ്യാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിട്ടുണ്ടെന്നും, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അധികാരം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത സൈനികർ ഇടപെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡന്‍ നോഹയോട് പറഞ്ഞു. മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡനെക്കാള്‍ ഏറെ പിറകിലാണ്. സി‌എൻ‌എൻ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ 14 പോയിന്റ് മുന്നില്‍ ബൈഡനാണ്.

അതേസമയം, ട്രംപിന്‍റെ പ്രചാരണ വിഭാഗം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം മുർതോഗ് ബിഡന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ‘ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്താനുള്ള ശ്രമവും ജോ ബൈഡന്റെ ബുദ്ധിശൂന്യമായ മറ്റൊരു ഗൂഡാലോചന സിദ്ധാന്തവും ആണെന്നും’ അദ്ദേഹം പ്രതികരിച്ചു.

വിദ്വേഷ പ്രചാരണത്തിനെതിരായ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പോസ്റ്റിനെതിരായ നടപടി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റിനെതിരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുള്ള യോഗത്തിലായിരുന്നു സുക്കര്‍ബര്‍ഗ് വിദ്വേഷ പോസ്റ്റുകൾക്കെതിരായ നയം വിശദീകരിക്കാൻ കപില്‍ മിശ്ര നടത്തിയ പരമാര്‍ശത്തെക്കുറിച്ച് പറഞ്ഞത്. കപില്‍ മിശ്രയുടെ പേര് അദ്ദേഹം പറഞ്ഞില്ലെങ്കിലും പോസ്റ്റ് വായിച്ചായിരുന്നു പരമാര്‍ശം. അമേരിക്കയിലെ കറുത്തവിഭാഗക്കാരായ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഫേസ്ബുക്ക് ജീവനക്കാരുടെ ഭാഗുത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനാണ് 25000 ത്തോളം വരുന്ന ജീവനക്കാരുടെ യോഗം ഫേസ്ബുക്ക് തലവന്‍ വിളിച്ച് ചേര്‍ത്തത്.

ഈ യോഗത്തിലാണ് ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം പരമാര്‍ശിക്കപ്പെട്ടത്.
‘ഇന്ത്യയില്‍ ചില കേസുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആരോ ഒരാള്‍ ഇങ്ങനെ പറഞ്ഞു.. പൊലീസ് അക്കാര്യം നോക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ അനുഭാവികള്‍ അവിടെ എത്തി തെരുവുകളിലെ തടസ്സം നീക്കം ചെയ്യും. അനുയായികളെ നേരിട്ട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് അത്. അത് ഞങ്ങള്‍ നീക്കം ചെയ്തു. അങ്ങനെ ഒരു കീഴവഴക്കം ഉണ്ട്.’ ഇതായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഇതില്‍ പരാമര്‍ശിക്കുന്ന പ്രസംഗം കപില്‍ മിശ്ര നടത്തിയതാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷെഹിന്‍ബാഗില്‍ നടന്ന സമരത്തെ ഒഴിപ്പിക്കുന്ന കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരമാര്‍ശം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് സുക്കര്‍ബര്‍ഗ് പരമാര്‍ശിച്ചത്. അതാണ് വിദ്വേഷ പ്രസംഗത്തെ കൈകാര്യം ചെയ്യാനുളള മാനദണ്ഡം എന്നും അദ്ദേഹം പറയുന്നു. കുപിൽ മിശ്രയുടെ പ്രസംഗം ഡൽഹിയിലെ കലാപത്തിന് കാരണമായെന്നാണ് ആരോപണം.

മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യണമെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കഴിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും’.അതുകഴിഞ്ഞാല്‍ നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുമെന്നായിരുന്നു കപില്‍ മിശ്രയുടെ മുന്നറിയിപ്പ്.

ട്രംപിന്റെ പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഫേസ്ബുക്ക് അത്തരം പരമാര്‍ശങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. അത് നീക്കം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഇതാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. പരസ്യമായി കമ്പനിയുടെ നയം ചോദ്യം ചെയ്ത് ജീവനക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് യോഗം വിളിച്ചത്.

യുഎസിലെ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ മൂന്ന് മാസങ്ങളാണ് കടന്നു പോകുന്നത്. പക്ഷേ ശതകോടീശ്വരന്മാർ മാത്രം അക്കൂട്ടത്തില്‍ പെടില്ല. മാർച്ച് 18 മുതൽ യുഎസ് ശതകോടീശ്വരന്മാര്‍ 565 ബില്യൺ ഡോളർ സമ്പാദിച്ചുവെന്നാണ് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് ഇപ്പോൾ 3.5 ട്രില്യൺ ഡോളറാണ്. അതായത്, മഹാമാരിയുടെ തുടക്കത്തില്‍ വരുമാനം അല്‍പ്പം കുറഞ്ഞെങ്കിലും പിന്നീട് 19 ശതമാനം വർധിച്ചുവെന്നു ചുരുക്കം.

ആമസോൺ മേധാവി ജെഫ് ബെസോസിന് മാത്രം മാർച്ച് 18 ന് ഉണ്ടായിരുന്നതിനേക്കാൾ 36.2 ബില്യൺ ഡോളർ കൂടുതലാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ അന്നുമുതൽ, 43 ദശലക്ഷം അമേരിക്കക്കാർ പ്രാരംഭ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ, പ്രത്യേകിച്ച് യാത്രാ, സേവന മേഖലയിലെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ, ആരോഗ്യ പ്രതിസന്ധി പ്രത്യേകിച്ച് ബാധിച്ചു. ഉള്ളവരും ഇല്ലാത്തവയും തമ്മിലുള്ള ആഴത്തിലുള്ള വിഭജനത്തെയാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ഫെഡറൽ റിസർവിൽ നിന്നുള്ള അഭൂതപൂർവമായ നടപടി മൂലം സ്റ്റോക്ക് മാർക്കറ്റുകളില്‍ വമ്പിച്ച മുന്നേറ്റം പ്രകടമായതാണ് സമ്പന്നരായ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ നേട്ടമായത്. ആമസോൺ ഓഹരികൾ മാർച്ച് പകുതിയോടെ 47 ശതമാനം ഉയർന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ മൊത്തം ആസ്തി മാർച്ച് 18 ന് ശേഷം 30.1 ബില്യൺ ഡോളർ ഉയർന്നതായി ഐപിഎസ് പറയുന്നു. ടെസ്‌ലയുടെ മേധാവി എലോൺ മസ്‌ക്, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, മുൻ മൈക്രോസോഫ്റ്റ് (എം‌എസ്‌എഫ്ടി) സിഇഒ സ്റ്റീവ് ബാൽമർ എന്നിവരുടെ മൊത്തം സമ്പാദ്യവും മാർച്ച് 18 മുതൽ 13 ബില്യൺ ഡോളറോ അതിലധികമോ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved