രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ മാത്രം സ്വീകരിച്ചവർക്ക് കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോൺ വൈറസിൽ നിന്ന് മതിയായ സംരക്ഷണം ലഭിക്കില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. മൂന്നാമത്തെ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ച 75 ശതമാനം ആൾക്കാർക്കും ഒമൈക്രോണിൽ നിന്ന് പരിരക്ഷ ലഭിച്ചതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ വിമുഖത കാട്ടിയാൽ ഒമൈക്രോൺ വ്യാപനം അതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നതിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്.
പുതിയ കണ്ടെത്തലിൻെറ ഫലമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമായേക്കും. ഇതുവരെ 22 ദശലക്ഷം ജനങ്ങളാണ് യുകെയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതുകൊണ്ടുമാത്രം മതിയായ സംരക്ഷണം ലഭിക്കില്ലാത്തതിനാൽ കെയർ ഹോം സന്ദർശകരുടെ എണ്ണത്തിൽ ഉൾപ്പെടെ സർക്കാർ പുതിയ നയരൂപീകരണത്തിന് നിർബന്ധിതമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ പുതിയ വൈറസ് വേരിയന്റുകൾ ആവിർഭവിക്കുന്നതിൽ ആരോഗ്യരംഗത്തെ വിദഗ്ധർ കടുത്ത ആശങ്കയിലാണ്.
ടെലിഫോൺ കോളുകൾ വഴിയും മെസ്സേജുകൾ വഴിയും ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ സാമ്പത്തികനഷ്ടം വന്ന മലയാളികളും നിരവധിയാണ്. പലരും പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാനഹാനിയോർത്ത് തട്ടിപ്പിനെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് . പലപ്പോഴും തട്ടിപ്പുകാരുടെ വിളികൾ എത്തുക എച്ചം എമ്മ് റവന്യു (HM Revenue ) വിന്റെയും മറ്റും പേരിലായതിനാലും , വിശ്വസനീയമായ രീതിയിൽ നമ്മുടെ ചില വ്യക്തിഗതവിവരങ്ങൾ പറയുന്നതിനാലുമാണ് പലരും ചതിയിൽപ്പെടുന്നത്.
ബ്രിട്ടനിലൊട്ടാകെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാലര കോടിയോളം ജനങ്ങൾക്കാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ഫോൺ കോളോ, സന്ദേശങ്ങളോ ലഭിച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേർക്കാണ് തട്ടിപ്പുകാരുടെ വിളികളോ, സന്ദേശമോ എത്തിയതെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത് ഓഫ് കോമാണ് .തട്ടിപ്പുകാരുടെ സന്ദേശങ്ങൾ അടങ്ങിയ ലിങ്കുകൾ മൊബൈൽ ഫോണിൽ ഓൺ ചെയ്താൽ പോലും പലപ്പോഴും നമ്മുടെ വ്യക്തിഗതവിവരങ്ങൾ നഷ്ടപ്പെടാം. പലപ്പോഴും പ്രായമായവരും, പുതുതായി യുകെയിൽ എത്തുന്നവരുമാണ് തട്ടിപ്പുകാരുടെ ഇര . സംശയാസ്പദമായ ടെസ്റ്റ് മെസ്സേജുകൾ 7726 എന്ന നമ്പറിലേയ്ക്ക് ഫോർവേഡ് ചെയ്യാമെന്നുള്ള കാര്യം ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്താംപ്ടൺ: കണ്ണൂർ പയ്യാവൂരുകാരനായ ജോഷി മാത്യൂസ് യുകെയിൽ എത്തിയിട്ട് 17 വർഷമായി. ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോഷി ഇപ്പോൾ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാവൽ കൃഷിയിലാണ്. നോർത്താംപ്ടണിലെ റഷ്ടണിൽ ‘ഹാപ്പി ഫീറ്റ് ദി ലിറ്റിൽ ഫുട് ക്ലിനിക് ‘ എന്നൊരു സ്ഥാപനം നടത്തിവരുന്നു. ഭാര്യ ഷീബ കെറ്റെറിങ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്യൂസ്, ഇസബെൽ, അബിഗയിൽ എന്നിവർ മക്കൾ. മാത്യൂസ് എ ലെവൽ വിദ്യാർത്ഥിയാണ്. ഇസബെൽ പത്തിലും അബിഗയിൽ ഒൻപതിലും പഠിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാവൽ കൃഷിയിലേക്കുള്ള തന്റെ കടന്നുവരവും കൃഷിരീതിയും വിവരിക്കുകയാണ് ജോഷി മാത്യൂസ് മലയാളംയുകെയിൽ.
ചെറുപ്പം മുതലേയുള്ള ആഗ്രഹം
ചെറുപ്പത്തിൽ വീട്ടിൽ പാവൽ കൃഷി ഒരു വരുമാന മാർഗമായിരുന്നു. പാവലിനു വെള്ളമൊഴിക്കൽ ഒരു ഭാരമായിരുന്നെങ്കിലും പറമ്പിൽ വിളഞ്ഞു തൂങ്ങി കിടക്കുന്ന പാവക്കകളുടെ ഇടയിലൂടെ അവയെ തലോടി നടക്കുമായിരുന്നു. പപ്പയുടെ കൂടെ നടന്നു കൃഷിയോടും പ്രകൃതിയോടുമുള്ള താല്പര്യം വർദ്ധിച്ചു. യുകെയിലേക്ക് കുടിയേറിയപ്പോഴും ഉള്ള സൗകര്യങ്ങളിൽ അകത്തും പുറത്തുമായി പഴവും പച്ചക്കറിയും വളർത്തി തുടങ്ങി. എപ്പോഴും അത് മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകും.
പാവൽ കൃഷിയിലേയ്ക്കുള്ള വരവ്
സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്ന പാവയ്ക്കകളെ ശ്രദ്ധിക്കും. ചൈന ബ്രാൻഡ് പാവയ്ക്കാ വാങ്ങാതെ നമ്മുടെ ഇനം വാങ്ങി വീട്ടിലെത്തും. നാട്ടിൽ നിന്നും അമ്മ കൊടുത്തുവിട്ട ചില വിത്തുകളിൽ അഞ്ചാറു പാവൽ വിത്തുകളും ഉണ്ടായിരുന്നു. യാദൃശ്ചികമായി വന്നുപ്പെട്ട ആ വിത്തുകളാണ് പാവൽ കൃഷി ആരംഭിക്കാനുള്ള പ്രധാന കാരണം.
നടീലും നനയ്ക്കലും
അമ്മ കൊടുത്തുവിട്ട പാവൽ വിത്തുകൾ മണ്ണ് നിറച്ച ചട്ടിയിൽ പാകി. ഇടയ്ക്ക് വെള്ളമൊഴിച്ചു കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വെളിയിലേക്ക് മാറ്റി വച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് പാവയ്ക്ക കുഞ്ഞുങ്ങൾ മുളപൊട്ടി നിൽക്കുന്നത് കണ്ടത്. വലിയ സന്തോഷമായിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ബാക്കി മൂവരും തലപൊക്കി. തുടർന്ന് വലിയ രണ്ട് ചട്ടിയിൽ പറിച്ചുനട്ടു. അല്പം വളവും രണ്ട് നേരം വെള്ളവും ഒഴിക്കും. ചെറിയ പൂമൊട്ടുകൾ ഉണ്ടായി. ദിവസങ്ങൾക്കുള്ളിൽ പാവൽ ചെടികൾ പാവൽകുഞ്ഞുങ്ങളാൽ നിറഞ്ഞു.
വളർച്ചയെത്തിയ പാവക്കകൾ മെല്ലെ ചുവന്നു പഴുക്കാൻ തുടങ്ങും. ആദ്യത്തെ രണ്ട് മൂന്നെണ്ണം വിത്തിനിടും. പാവലുകൾക്ക് വളരാൻ നല്ല സ്ഥലം ആവശ്യമുണ്ട്. നമ്മുടെ റൂം കാലാവസ്ഥ അനുയോജ്യമാണ്. എന്റെ അനുഭവത്തിൽ വീടിനുള്ളിൽ വളർത്താൻ എളുപ്പമുള്ള പച്ചക്കറിയാണ് പാവൽ. വളർന്നു പന്തലിച്ച പാവൽ വീടിനൊരു അലങ്കാരം കൂടിയാണ്.
പാവയ്ക്കാ മുതലാളി ആവണം
ഈ വർഷം കഴിഞ്ഞ വർഷത്തെ വിത്തിൽ നിന്നും പത്തു ചെടികൾ ഉണ്ടായി. പടർന്നു പിടിച്ച പാവലുകളും അതിൽ വിളഞ്ഞ പാവയ്ക്കകളും എനിക്ക് പ്രോത്സാഹനം നൽകി. എന്റെ കൃഷിയെക്കുറിച്ച് അറിഞ്ഞ കൂട്ടുകാർക്ക് ആവശ്യാനുസരണം പാവയ്ക്കാ പാഴ്സലായി അയച്ചു കൊടുത്തു. എന്ത് കൊണ്ട് പാവൽ കൃഷി ഒരു കൊച്ചു വരുമാനമാർഗം ആക്കികൂടാ എന്ന ആശയം മനസ്സിൽ ഉദിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പാവൽ വളർത്തണമെന്നാണ് ആഗ്രഹം. പരിപാലിച്ചു വളർത്തുന്ന പാവലുകൾ ശുദ്ധമായ പാവയ്ക്കകൾ നൽകും. ഇനി എനിക്കും ഒരു പാവയ്ക്കാ മുതലാളി ആവണം. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്ന് ജോഷി മലയാളം യുകെയോട് പറഞ്ഞു.
പാവൽ കൃഷിയെ കുറിച്ച് അറിയാനും വിത്തിനായും ജോഷി മാത്യുവിനെ 07723060940 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
ജോഷി മാത്യുവിൻെറ ഫേസ്ബുക്ക് : https://www.facebook.com/worldofpaval/
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ശൈത്യകാലത്തിന് മുന്നോടിയായി പ്രകൃതിവാതകത്തിന്റെ വില വർദ്ധനവ് സാധാരണമാണ് . ശൈത്യത്തിൽ നിന്ന് രക്ഷതേടി വീടുകളിലെ താപനില നിയന്ത്രിക്കാൻ ഗ്യാസ് കൂടുതൽ ചിലവാകുന്നതിനാലുള്ള ഡിമാന്റാണ് വിലവർദ്ധനവിന് കാരണം. എന്നാൽ ഇത്തവണത്തെ ഗ്യാസിന്റെ വില വർദ്ധനവ് കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വിധത്തിലാണ്. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിലവർദ്ധനവ് താങ്ങാനാവാതെ നിരവധി ഊർജ്ജ വിതരണ കമ്പനികളാണ് പൂട്ടി പോയത്.
ഉപഭോക്‌താക്കളിൽ ഭൂരിഭാഗത്തിനും നിശ്ചിത കാലത്തേയ്ക്ക് മുൻകൂട്ടി ഉറപ്പിച്ച കരാർ പ്രകാരം ഗ്യാസ് നൽകാൻ സാധിക്കാത്തതിനാലാണ് ഊർജ്ജ വിതരണ കമ്പനികൾ പൂട്ടി കെട്ടിയത്. ഇതോടെ പെരുവഴിയിലായ ഉപഭോക്താക്കളെ എനർജി ഓബുഡ് സ് മാന്റെ നേതൃത്വത്തിൽ മറ്റു കമ്പനികളെ ഏൽപ്പിക്കുകയാണ്. എന്നാൽ നിലവിലുള്ള കരാർ വ്യവസ്ഥയിൽ മാറ്റങ്ങളോടെയാണ് പുതിയ കമ്പനികൾ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നത്. എന്തായാലും യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് വിതരണം കൂട്ടാമെന്നുള്ള റഷ്യയുടെ തീരുമാനം ഗ്യാസിന്റെ മൊത്തവിലയിലുള്ള കുതിച്ചുകയറ്റത്തിന് തടയിടുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്തുമസിനെ ഇംഗ്ലീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രധാന വിഭവങ്ങളിൽ ഒന്നാണ് ടർക്കി റോസ്റ്റ് . പരമ്പരാഗതമായി തുടർന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇംഗ്ലീഷ് തീൻമേശയിൽ ടർക്കി സ്ഥാനം പിടിക്കുന്നത് . എന്നാൽ ഈ വരുന്ന ക്രിസ്തുമസ് ടർക്കി റോസ്റ്റില്ലാതെ ആഘോഷിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം ടർക്കി മാംസം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ കാരണം. ക്രിസ്തുമസിലേയ്ക്കായി ടർക്കികൾ റെഡിയാകുന്നുണ്ടെങ്കിലും ഇവയൊന്നും തീൻ മേശയിൽ എത്താൻ സാധ്യതയില്ലെന്നാണ് ടർക്കി ഫാർമേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത് .
പൗൾട്രി രംഗത്തേയ്ക്കായി മൂന്ന് മാസത്തേയ്ക്ക് 5,500 താത്കാലിക വിസ ഗവൺമെൻറ് അനുവദിച്ചെങ്കിലും ഗവൺമെൻറ് നടപടി വളരെ വൈകി പോയെന്നാണ് ടർക്കി കർഷകരുടെ പരാതി. പതിനാറാം നൂറ്റാണ്ടു മുതലാണ് ഇംഗ്ലീഷ് തീൻമേശയിൽ ക്രിസ്തുമസിന് ടർക്കി ഒഴിവാക്കാനാവാത്തതായത് . ഹെൻട്രി എട്ടാമൻ രാജാവാണ് ക്രിസ്തുമസ് ഡിന്നറിന് ടർക്കി റോസ്റ്റ് ഉപയോഗിക്കുന്ന പാരമ്പര്യം തുടങ്ങി വച്ചതെന്ന് കരുതപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വരും ദിവസങ്ങളിൽ പോർച്ചുഗലിനേക്കാൾ ചൂടേറിയ ദിനങ്ങളായിരിക്കും ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രവാചനം അനുസരിച്ച് കനത്ത കാറ്റും മഴയും വാരാന്ത്യത്തിൽ രാജ്യത്ത് പ്രതീക്ഷിക്കാം. വ്യാഴാഴ്ച്ച രാജ്യത്തിൻെറ പല ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് ഈ ദിവസം രാജ്യത്തിൻെറ തെക്കു ഭാഗങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആവുമെന്നാണ് കാലാവസ്ഥ പ്രവചനം.ഇത് പോർച്ചുഗലിലെ താപനിലയായ 22 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാണ്. സെപ്റ്റംബർ ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാൾ ഇത് വളരെ കൂടുതലാണെന്ന് മെറ്റ് ഓഫീസ് ഫോർകാസ്റ്റർ എയ് ഡൻ മക് വെർൺ പറഞ്ഞു. മക് വെർണിൻെറ പ്രവചനമനുസരിച്ച് രാജ്യത്തിൻെറ തെക്ക് ഭാഗങ്ങളിലെ താപനില 23 മുതൽ 24ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്,വെയിൽസ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച് മുതൽ നല്ല കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂടുള്ള കാലാവസ്ഥ വരാന്ത്യത്തോടെ കനത്ത മഴയ്ക്ക് കാരണമാകാമെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു . രാജ്യത്തിൻെറ പല ഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നതിനാൽ ഇത് പ്രളയത്തിലേയ്ക്ക് വഴിവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു.കെയിൽ നിരവധി മലയാളികൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രമുഖ സൈറ്റാണ് ഗ്രൂപ്പോൺ , ഗ്രൂപ്പോണിൻറെ ആപ്പ് മിക്കവരുടെയും മൊബൈലിൽ കാണും . എന്നാൽ ഗ്രൂപ്പോൺ ഉപഭോക്‌താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പിറകിലാണെന്നാണ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ കണ്ടെത്തൽ .
ഗ്രൂപ്പോൺ ഉപഭോക്താവ് റിട്ടേൺ ചെയ്യുന്ന ഉല്പന്നത്തിന് പണം തിരികെ നൽകുകയോ പകരം ഉൽപ്പന്നം നൽകുകയോ ചെയ്യുന്നില്ലന്നതാണ് പ്രധാന പരാതി . പകരം പലപ്പോഴും ഗ്രൂപ്പോണിന്റെ ക്രെഡിറ്റ് വൗച്ചർ ആണ് നൽകുന്നത്. ഇത് ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതും യുകെയിൽ നിലവിലുള്ള ഉപഭോക്ത നിയമങ്ങൾക്ക് എതിരുമാണ്. എന്തായാലും ഉപഭോക്ത താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. അതുകൊണ്ടുതന്നെ ഓരോ യുകെ നിവാസികളുടെയും സ്വകാര്യ അഹങ്കാരമാണ് NHS . ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് NHS ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് NHS. അതുകൊണ്ടുതന്നെ NHS -ന് ഒരു കൈത്താങ്ങായി യുകെയിൽ ചരിത്രപ്രാധാന്യമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി യുകെ മലയാളികളായ ഷിബു മാത്യുവും, ജോജി തോമസും നടക്കാൻ തീരുമാനിച്ചപ്പോൾ അത് പരക്കെ ശ്രദ്ധ പിടിച്ചു പറ്റി.
സ്പോൺസേർഡ് വാക്കിൻറെ ഭാഗമായി സ്കിപ്റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈലാണ് ഏതാണ്ട് 50 കിലോമീറ്റർ ഷിബുവും, ജോജിയും നടക്കുക. ആഗസ്റ്റ് പതിനാലാം തീയതി നടക്കുന്ന സ്പോൺസേർഡ് വാക്കിനേ പിന്തുണയ്ക്കുന്നവർ ഇതിനോടകം 2500 പൗണ്ടോളം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് മാഞ്ചസ്റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ് തുടങ്ങി മാഞ്ചസ്‌റ്റർ,ബോൾട്ടൺ, ബേൺലി, സാൽഫോർഡ്, കീത്തിലി, വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളം യുകെയാണ് സ്പോൺസേർഡ് വാക്കിൻറെ മീഡിയാ പാർട്ണർ. NHS -ന് നിങ്ങളുടെ എളിയ സംഭാവന നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരമെന്ന പദവി അലങ്കരിച്ചിരുന്ന സ്ഥലമാണ് ലിവർപൂൾ. ആയിരത്തിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ലിവർപൂൾ കിംഗ് ജോൺ വെറും ഏഴ് തെരുവുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ H-ന്റെ ആകൃതിയിൽ സ്ഥാപിച്ച് രൂപം കൊടുത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ ലിവർപൂളിന് ലോക ഹെറിറ്റേജ് പദവി എടുത്തു കളയാനുള്ള യുനസ്കോയുടെ തീരുമാനം ചരിത്ര പ്രേമികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക.
നഗരത്തിൽ അടുത്തകാലത്ത് നടന്ന പല വികസന, നിർമാണപ്രവർത്തനങ്ങളും ലിവർപൂളിന്റെ ചരിത്രപരമായ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുനസ്കോ യൂറോപ്പിലെ ന്യൂയോർക്ക് എന്ന് അറിയപ്പെടുന്ന ലിവർപൂളിനെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ചൈനയിൽ വച്ച് നടന്ന യുനസ്കോ യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തീരുമാനം ഉണ്ടായത്. എന്തായാലും പ്രസ്തുത തീരുമാനം യുനസ്കോയിൽ നിന്നുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നിലയ്ക്കാൻ കാരണമാകും. മലയാളികൾ നിരവധി തിങ്ങി പാർക്കുന്ന ലിവർപൂളിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ് യുനസ്കോയുടെ തീരുമാനം.