Videsham

അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.

ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.

കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.

സ്വന്തം ലേഖകൻ

വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഇൻട്രാ യൂട്രിൻ ഡിവൈസ് എന്ന കൃത്രിമഗര്‍ഭനിരോധനയന്ത്രം മുറുക്കിപിടിച്ചുള്ള നവജാത ശിശുവിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഈ ഉപകരണവും ഒപ്പം പുറത്തുവന്നിട്ടുണ്ടെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവാങ് പറഞ്ഞു.

“ഡെലിവറിക്ക് ശേഷം, ഉപകരണം കയ്യിൽ ഇരിക്കുന്നത് രസകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ഒരു ചിത്രമെടുത്തു. അതിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” ഫുവാങ് വെളിപ്പെടുത്തി. 34-കാരിയായ അമ്മ രണ്ട് വർഷം മുമ്പ് ഐ.യു.ഡി നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഐയുഡി അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കാമെന്നും ഫലപ്രദമല്ലാത്ത ഗർഭനിരോധന മാർഗ്ഗമായി മാറുകയും അത് അമ്മ ഗർഭിണിയാകാൻ അനുവദിക്കുകയും ചെയ്തതായി ഫുവാങ് പറഞ്ഞു. അമ്മയുടെ മൂന്നാമത്തെ കുട്ടിയായാണ് ഈ ആൺകുഞ്ഞ് ജനിച്ചുവീണത്. ജനനത്തിനു ശേഷം കുഞ്ഞും അമ്മയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ 24 മണിക്കൂറിനിടെ 212, 326 കൊറോണ കേസുകളാണ് ലോകത്താകമാനം രേഖപ്പെടുത്തിയത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിലെ ഏറ്റവും വലിയ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 28 ന് സ്ഥിരീകരിച്ച 180, 077 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന സംഖ്യ. ഇതോടെ ലോകത്താകമാനമുള്ള കേസുകളുടെ എണ്ണം 10, 922324 ആയി ഉയർന്നിരിക്കുകയാണ്. 523, 011 പേരാണ് ഇതുവരെ കൊറോണ ബാധമൂലം ലോകത്തെമ്പാടും മരണപ്പെട്ടത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53, 213 പുതിയ കേസുകളാണ് അമേരിക്കയിൽ സ്ഥിരീകരിച്ചത്.

രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ 48, 105 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ഇന്നലെ മാത്രം 22, 771 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 519 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച 67 പേർ കൂടി ബ്രിട്ടണിൽ മരണപ്പെട്ടതോടെ, മൊത്തം മരണസംഖ്യ 44, 198 ആയി ഉയർന്നു.

എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യം ആവശ്യമില്ലെന്നും, പല രാജ്യങ്ങൾക്കും പലതരത്തിലുള്ള പോരായ്മകൾ ഉണ്ടാകാമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലും ശനിയാഴ്ച ലോക്ഡൗണിൽ വൻ ഇളവുകൾ നൽകി. എന്നാൽ ലോകത്താകമാനം ഉയർന്നുകൊണ്ടിരിക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. ജനങ്ങളുടെ ജാഗ്രത കുറയരുതെന്ന നിർദ്ദേശമാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നൽകുന്നത്

ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക് ഉയര്‍ന്നതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്‌ളോറിഡ വരെ റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ നില 52,000 പുതിയ രോഗികളുടെതാണ്. രോഗബാധ ഈ നിലയിലായതോടെ ജൂലൈ നാലിന് നടക്കേണ്ട അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിലായി. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മിക്ക കൗണ്ടികളിലും റസ്‌റ്റോറന്റുകള്‍ക്ക് ഉള്ളിലിരുന്നുള്ള കഴിപ്പ് കാലിഫോര്‍ണിയ നിരോധിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും റെസ്‌റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് വരും. അതേ സമയം രോഗവ്യാപ്തി ഇങ്ങിനെ കൂടുമ്പോഴും മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് ട്രംപ് തുടരുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്.

കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിന്റെ ആഗോള നിലവാരം ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസം തോറും 160,000 എന്ന കണക്കിലാണ് രോഗവ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ പറയുന്നു. ലോകത്തുടനീളമായി 10 ദശലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് ജൂണ്‍ 28 നാണ്. 189,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം 97 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ യാത്രാവിമാനത്തിലെ പൈലറ്റുമാര്‍ യാത്രയിലുടനീളം കോവിഡിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചിരുന്നില്ലെന്നും കണ്ടെത്തല്‍. വ്യോമയാനമന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ആണ് ഇക്കാര്യം പാക്ക് പാര്‍ലമെന്റിനെ അറിയിച്ചത്. അമിത ആത്മവിശ്വാസവും ശ്രദ്ധക്കുറവുമാണ് ദുരന്തത്തിനു കാരണമാ‌യതെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് മന്ത്രി പറഞ്ഞു.

മേയ് 22ന് ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന എ320 എയര്‍ബസ് ലാന്‍ഡിങ്ങിനു തൊട്ടുമുൻപ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 97 പേര്‍ മരിച്ചു. രണ്ട് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലുടനീളം പൈലറ്റുമാര്‍ കൊറോണയെക്കുറിച്ചാണു ചര്‍ച്ച ചെയ്തിരുന്നത്. വിമാനം ഉയർത്താന്‍ കണ്‍ട്രോള്‍ ടവറില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാര്‍ക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മാനുഷികമായ പിഴവാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനം പറന്നിരുന്ന ഉയരത്തെക്കുറിച്ചു നല്‍കിയ നിര്‍ദേശങ്ങള്‍ പൈലറ്റുമാര്‍ അവഗണിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എന്‍ജിനുകള്‍ക്കു തകരാറു സംഭവിച്ച കാര്യം ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പൈലറ്റുമാരും ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയം റെക്കോര്‍ഡ് ചെയ്തതു താന്‍ കേട്ടുവെന്നും മന്ത്രി പറഞ്ഞു.

വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൈലറ്റുമാര്‍ ഇതുസംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ടിരുന്നുമില്ല. വിമാനം നിലത്തിറക്കിയപ്പോൾ ലാന്‍ഡിങ് ഗിയര്‍ പ്രവർത്തിച്ചിരുന്നില്ല. മൂന്നുവട്ടം റണ്‍വേയില്‍ ഇടിച്ച വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിലത്തിടിച്ച രണ്ട് എൻജിനുകളും വിമാനം വീണ്ടും പറന്നുയർന്നപ്പോൾ തകരാറിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രിത വിമാനക്കമ്പനിയില്‍ 40 ശതമാനം പൈലറ്റുമാർ വ്യാജലൈസന്‍സ് ഉപയോഗിച്ചാണു വിമാനം പറത്തുന്നതെന്നു മന്ത്രി പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തില്‍ പൈലറ്റുമാരെ നിയമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. നാല് പൈലറ്റുമാരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈസ് (പിഐഎ) ഉടച്ചുവാര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന്‌ പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.

നീനുമോൾ

കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ്‌ യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.

ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.

നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ‍റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്.

ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.

ഇതാദ്യമായാണു ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. ഗൽവാനിലേക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണ്. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന 3488 കിലോമീറ്റർ നീളമേറിയ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോർ കമാൻഡുകൾക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാൻഡുകൾക്കാണ് അതിർത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പളനി, കേണൽ ബി. സന്തോഷ് ബാബു, സീപോയ് ഓജ എന്നിവർ

soldiers-died-india-china-disputeപടിഞ്ഞാറൻ വ്യോമ കമാൻഡിനു നേതൃത്വം നൽകുന്നത് മലയാളിയാണ് – തിരുവനന്തപുരം സ്വദേശി എയർ മാർഷൽ ബി.സുരേഷ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കൂടുതൽ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിർത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളിൽ തയാറാണ്.

ടൊറന്റോ: ഒരേദിനം വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവതികളുടെ മരണം. കാനഡയിലെ മലയാളിസമൂഹത്തിന് ജൂണ്‍ അഞ്ച് മറ്റൊരു ‘ദുഃഖവെള്ളി’യായി. ഒണ്ടാരിയോയിലെ ലണ്ടനിൽ താമസിച്ചിരുന്ന അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന്‍ ബാബു എന്നിവരാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് അര്‍ച്ചനയുടെ (34) മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ മക്കളാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കല്‍ സംഘം ഉടനടി എത്തിയെങ്കിലും മരണം ഇതിനോടകം സംഭവിച്ചിരുന്നു. ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.

രണ്ട് വര്‍ഷം മുമ്പാണ് അര്‍ച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടന്‍ മലയാളി സമാജത്തില്‍ സജീവമായിരുന്നു ഇവര്‍. നിരവധി ടിക്ക്‌ടോക്ക് വീഡിയോകള്‍ ചെയ്തിട്ടുള്ള അര്‍ച്ചന ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്‌ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

വയനാട് മാനന്തവാടി സ്വദേശിനിയാണ് അര്‍ച്ചന. പനമരം കുഴിക്കണ്ടത്തില്‍ മാനുവല്‍ ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭര്‍ത്താവ് സിറിയക്കിന്റെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച നടക്കും. സംസ്‌കാരച്ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം അറിവായിട്ടില്ല.

അർച്ചനയ്ക്ക് വേണ്ടി ഒണ്ടാരിയോയിലെ  സെന്റ് മേരീസ് സിറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ ഗോ ഫൻഡ് മി വഴി എല്ലാവരുടെയും സഹായഹസ്തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് സഹായിക്കാം

https://www.gofundme.com/f/ve7yd6-funeral-and-family-support

[ot-video]

[/ot-video]

 

ടൊറന്റോ ഈസ്റ്റ് ജനറല്‍ ആശുപതിയിലായിരുന്നു (മൈക്കേല്‍ ഗാരന്‍ ആശുപത്രി) അമൃത മിലന്‍ ബാബു വിന്റെ മരണം (34). മരണകാരണം എന്തെന്നുള്ള കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം മണര്‍കാട് സ്വദേശിനിയാണ്.

താമസസ്ഥലത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അമ്മ മുഖ്യമന്ത്രിയെ സമീപിച്ചു. കട്ടിലിൽ നിന്നും വീണ് ഗണേഷ് മനു മരിച്ചുവെന്നാണ് സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

കൂടുതൽ വിവരങ്ങളൊന്നും അറിയാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും സ്വരമടഞ്ഞ വാക്കുകളുമായി ഈ അമ്മ കാത്തിരിക്കുകയാണ്. മകനെ അവസാനമായി ഒരു വട്ടംകൂടി കാണാൻ. കഴിഞ്ഞ മുപ്പതിന് രണ്ടുതട്ടായുള്ള കട്ടിലിന്റെ മുകളിൽനിന്ന് ഉറക്കത്തിൽ മനു താഴെവീഴുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നുമാണ് സുഹൃത്തുക്കൾ ഫോൺ വഴി അറിയിച്ചത്. നിലത്തുവീണ മനു രാത്രി മുഴുവൻ അവിടെ കിടന്നിട്ടും അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ വാദം സംശയമുണർത്തുകയാണ്.

അതേസമയം, മരിക്കുന്നതിന് തലേദിവസം മുറിയിൽവച്ച് കയ്യേറ്റമുണ്ടായതായി മനു വീട്ടിലറിയിച്ചിരുന്നു. പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞെങ്കിലും താമസസ്ഥലം മാറാൻ അമ്മ പറയുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ അങ്കലാപ്പിലാണ് എല്ലാവരും. ദുബായിലെ ഗ്രാഫിക് ഡിസൈൻ കമ്പനിയിലാണ് മനു ജോലി ചെയ്തിരുന്നത്. മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യവും ബന്ധുക്കൾക്കുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് സഹപ്രവർത്തകർ അറിയിച്ചെങ്കിലും അത് പൂർണമായും വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കൊറോണ വൈറസിന്റെ വ്യാപനം ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. ഇതിനോടകം ഒരുപിടി മലയാളികൾ മരണപ്പെടുകയും ചെയ്‌തു. ഇന്ന് കുവൈറ്റിൽ മരിച്ചത് തിരുവല്ല സ്വദേശിനി റിയ എബ്രഹാം ആണ് (58 വയസ്സ്). വിടപറഞ്ഞ റിയ, എബ്രഹാം കോശിയുടെ ഭാര്യയാണ്.

കുടുംബസമേതം കുവൈറ്റിൽ ആയിരുന്ന ഇവർ രോഗം പിടിപെട്ട് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം കീഴ് പ്പെടുത്തുന്നത്. ഇന്ന് പ്രാദേശിക സമയം വെളിപ്പിന് ആണ് സംഭവിക്കുന്നത്. ഇന്ന് തന്നെ കുവൈറ്റിൽ ശവസംസ്ക്കാരം നടക്കുന്നു. ഒരു മകളാണ് ഇവർക്കുള്ളത്. ബാംഗ്ലൂരിൽ ആണ് മകൾ ഇപ്പോൾ ഉള്ളത്. ഭർത്താവ് എബ്രഹാം കുവൈറ്റ് ഹെൽത്ത് മിനിസ്ട്രിയിലെ പ്രോഗ്രാമർ ആണ്.

റിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved