Videsham

ബോളിവുഡിന്റെ ആക്ഷന്‍ സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ ചിത്രമാണ് ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ ടീമിന്റെ ട്രൂ ലൈസ്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ശതകോടികള്‍ വാരിയ ട്രൂ ലൈസിന്റെ അണിയറയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത് ഞെട്ടുന്നൊരു പീഡനകഥയാണ്. വെളിപ്പെടുത്തില്‍ നടത്തിയത് അന്ന് പന്ത്രണ്ടാം വയസ്സില്‍ ഡെയര്‍ ഡെവിള്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസപ്പിച്ച നടി എലിസ ഡുഷ്‌കു.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എലിസ നടത്തിയിരിക്കുന്നത്.

അന്ന് പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗിക വേഴ്ച നടത്തുകയും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ എലിസ പറയുന്നു.

ഇരുപത്തിയഞ്ചടി ഉയരമുള്ള കെട്ടിടത്തില്‍ നിന്നെല്ലാം തൂക്കിയിട്ട് ചിത്രീകരണം നടത്തുമ്പോള്‍ പേടിച്ചാണ് താന്‍ കഴിഞ്ഞതെന്നും ഒരിക്കല്‍ പരിക്കേല്‍ക്കുക വരെ ചെയ്തുവെന്നും അന്ന് കുട്ടിയായിരുന്ന തനിക്ക് ആ പീഡനത്തെ കുറിച്ച് തുറന്നു പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും കണ്ണീരിന്റെ നനവുള്ള വാക്കുകളില്‍ എലിസ കുറിച്ചു. അന്ന് മുതിര്‍ന്ന ആരെങ്കിലും ഒരാള്‍ ഇടപെട്ടിരുന്നെങ്കില്‍ തന്റെ ജീവിതം മാറിപ്പോകുമായിരുന്നുവെന്നും എലിസ കുറിച്ചു.

എലിസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്. ട്രൂ ലൈസിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഹോളിവുഡിലെ മുന്‍നിര സ്റ്റണ്ട് ഡയറക്ടറായ ജോയല്‍ ക്രാമര്‍ അന്നെന്നെ ലൈംഗികമായി പീഡിപ്പിച്ചു.

അന്നുമുതല്‍ ഇക്കാര്യം എങ്ങനെ തുറന്നുപറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അന്ന് ഇക്കാര്യം ഞാനെന്റെ കുടുംബാംഗങ്ങളോടും മുതിര്‍ന്ന രണ്ട് സുഹൃത്തുക്കളോടും ഒരു മുതിര്‍ന്ന സഹോദരനോടും തുറന്നുപറഞ്ഞു. എന്നാല്‍, ഞാന്‍ ഉള്‍പ്പടെ ആരും അന്നത് കൈകാര്യം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല.

ഇക്കാര്യം എനിക്ക് മുന്‍പേ തുറന്നു പറഞ്ഞവരോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട് എനിക്ക്. അവര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അധിക്ഷേപങ്ങളും തുറന്നുപറയാന്‍ അവര്‍ കാട്ടിയ ചങ്കൂറ്റം ഒടുവില്‍ എനിക്കും ധൈര്യം പകര്‍ന്നിരിക്കുകയാണ്. ഇക്കാലമത്രയും ഇത് ഉള്ളിലൊതുക്കുക എന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ദുസ്സഹമായൊരു അനുഭവമായിരുന്നു.

ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ കാര്യങ്ങള്‍ നല്ലവണ്ണം ഓര്‍ക്കുന്നുണ്ട് ഞാന്‍. ജോയല്‍ ക്രാമര്‍ അന്ന് എനിക്ക് പ്രത്യേക പരിഗണന തന്നതും എന്നെ വളര്‍ത്തിയെടുക്കുകയാണെന്ന മട്ടില്‍ പടിപടിയായി എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. സ്റ്റണ്ട് ടീമിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനുശേഷം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയാണെന്ന് വാക്കു കൊടുത്താണ് എന്നെ അന്ന് മിയാമിയിലെ അയാളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയത്.

ജാലകശ്ശീലകള്‍ വലിച്ചിടുകയും മുറിയിലെ വെളിച്ചം കെടുത്തുകയും എസി. കൂട്ടിയിടുകയും ചെയ്‌തതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. എന്നെ കിടക്കയുടെ ഏത് ഭാഗത്താണ് കിടത്തിയതെന്നും എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. ടി.വി.യില്‍ അന്നയാള്‍ കണ്ട കോണ്‍ഹെഡ്‌സ് എന്ന സിനിമയും എന്റെ മനസ്സിലുണ്ട്. മുറിയില്‍ നിന്ന് അപ്രത്യക്ഷനായ അയാള്‍ പിന്നീട് വന്നത് അരക്കെട്ട് മാത്രം പേരിന് മറയ്ക്കുന്ന ഒരു ടവലും ധരിച്ചായിരുന്നു. എന്റെ പ്രിയപ്പെട്ട വെള്ള ഡെനിം ഷോര്‍ട്‌സായിരുന്നു എന്റെ വേഷം. അതുകൊണ്ടു മാത്രമാണ് എനിക്ക് കുറേ നേരത്തേയ്‌ക്കെങ്കിലും സുരക്ഷിതമായി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. എന്നെ കിടക്കയില്‍ കിടത്തിയതും അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് എന്നെ പൊതിഞ്ഞതും ഉടലാകെ തഴുകിയതുമെല്ലാം ഓര്‍മയുണ്ട്. ഇന്ന് നീ ഉറങ്ങാന്‍ പോകുന്നില്ല, ഉറക്കം നടിക്കുന്നത് നിര്‍ത്തൂ എന്നയാള്‍ ചെവിയില്‍ പറഞ്ഞതും ഞാന്‍ മറന്നിട്ടില്ല. അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് നിര്‍വികാരയായി കിടന്ന എന്റെ ശരീരം ഉഴിഞ്ഞുകൊണ്ടിരുന്നു അയാള്‍. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു നിര്‍ദേശവും തന്നു. നമ്മള്‍ സൂക്ഷിക്കണം (മറ്റാരും അറിയരുതെന്ന്). അന്നെനിക്ക് പന്ത്രണ്ട് വയസ്സ്. അയാള്‍ക്ക് 36 ഉം.

അതിനുശേഷം ക്രാമര്‍ എന്നെ പിന്‍സീറ്റില്‍ വച്ച് മടിയില്‍ പിടിച്ചുകെടത്തി മുറുക്കെ പിടിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ റിയര്‍ വ്യൂ മിററില്‍ തുറച്ചുനോക്കിയത് എനിക്ക് ഓര്‍മയുണ്ട്. മിയാമി പാലം കടന്ന് ഹോട്ടലില്‍ എന്റെ വീട്ടുകാരിലെത്തും വരെ ഞാന്‍ ആ ഡ്രൈവറുടെ കണ്ണില്‍ നോക്കിയില്ല. പിന്നീട് ജോയല്‍ ക്രാമര്‍ എന്നില്‍ നിന്ന് അകലുന്നത് ഞാന്‍ അറിഞ്ഞു. സെറ്റിലെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ ആ രഹസ്യം പങ്കുവച്ച എന്റെ മുതിര്‍ന്ന പെണ്‍ സുഹൃത്ത് ഒരു ദിവസം കാറോടിച്ച് ഹോളിവുഡ് കുന്നുകള്‍ കടന്ന് സെറ്റിലെത്തി അയാളെ കണ്ടതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അന്നു തന്നെ യദൃശ്ച്യ ഹാരിയര്‍ ജെറ്റില്‍ വച്ചെടുത്ത ഒരു സ്റ്റണ്ട് സീനില്‍ എനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ല് പൊട്ടിയ ഞാന്‍ അന്ന് വൈകീട്ടു വരെ ആശുപത്രിയില്‍ കഴിഞ്ഞു. ആക്ഷന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച ട്രൂ ലൈസിനുവേണ്ടിയുള്ള ഷൂട്ടിങ്ങും റിഹേഴ്‌സലുകളുമായി കടന്നുപോയ ആ മാസങ്ങളില്‍ എന്റെ സുരക്ഷ പൂര്‍ണമായും ജോയല്‍ ക്രാമറിന്റെ കൈയിലായിരുന്നു. എന്റെ പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള എന്റെ ശരീരത്തില്‍ അയാള്‍ എന്നും വയറുകള്‍ കെട്ടിവരിഞ്ഞിടും. ഇരുപത്തിയഞ്ച് നിലയുള്ള കെട്ടിടത്തില്‍ നിന്ന് ടവര്‍ ക്രെയിനില്‍ എന്നെ ആകാശത്ത് നിന്ന് തൂക്കിയിടും. അക്ഷരാര്‍ഥത്തില്‍ എന്റെ ജീവന്‍ അയാളുടെ കൈകളിലായിരുന്നു. എന്റെ സംരക്ഷകനാവേണ്ട ആള്‍ സത്യത്തില്‍ എന്റെ പീഡകനാവുകയായിരുന്നു.

ഇപ്പോള്‍ എന്തിന് ഇങ്ങനെ തുറന്നു സംസാരിക്കുന്നു. അന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മുപ്പത്തിയാറും. അന്നത് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. അന്ന് സെറ്റിലുള്ള മുതിര്‍ന്ന ഒരാള്‍ക്ക് പോലും പ്രത്യേക പരിഗണനയുടെ മറവില്‍ എനിക്കെതിരെ അയാള്‍ കാട്ടിയ മൃഗീയവാസനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുരുന്ന് ഇര എന്ന് അര്‍ഥം വരുന്ന ജെയില്‍ബെയ്റ്റ് എന്നു വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മുതിര്‍ന്ന സഹോദരനോട് ഇതിന്റെ അര്‍ഥം ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്.

അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ താഴെയുള്ളവര്‍ തുറന്നുപറയുന്നതിന്റെ സംഘര്‍ഷങ്ങള്‍ എനിക്ക് മനസ്സിലാവും. ഒരു തുറന്നു പറച്ചില്‍ എത്രമാത്രം ദുഷ്‌കരമാണെന്നും എനിക്കറിയാം. അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു. അയാളുടെ വൃത്തികെട്ട പ്രവര്‍ത്തികള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടെത്തിയിരിന്നെങ്കിലോ എന്നെ ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിലോ എന്റെ ജീവിതം എത്രമേല്‍ മാറിപ്പോകുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയല്‍ ക്രാമറുടെ കള്ളക്കളികള്‍ കണ്ടുപിടിക്കപ്പെടുകയും സിനിമാരംഗം വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്തതായി ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോഴും ഈ രംഗത്തെ ഉയര്‍ന്ന നിലയില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അയാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതുവരെ ആ ചിത്രം എന്നെ വേട്ടയാടുകയാണ്. ഇനി മേലില്‍ ആ പഴയ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ എനിക്കാവില്ല.

പല കാര്യങ്ങളിലും ഹോളിവുഡ് എനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു ബാലതാരമായിരുന്ന എന്നെ സംരക്ഷിക്കുന്നതില്‍ ഹോളിവുഡ് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളായ ഫെയ്ത്തിനെയോ മിസ്സിയെയോ എക്കോയെയെപ്പോലെയോ അല്ല തന്റേടിയായ ഒരു പെണ്ണായാണ് ഞാന്‍ സ്വയം കരുതിയിരുന്നത്. തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്റെ കഥാപാത്രങ്ങള്‍ പ്രേരണ നല്‍കിയെന്ന് പലരും പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ തുറന്നുപറച്ചില്‍ ഭാവിയിലുളള പീഡനങ്ങളില്‍ നിന്നെങ്കിലും ഇവരെ സംരക്ഷിക്കട്ടെ.

ഇപ്പോള്‍ ഓരോ തുറന്നുപറച്ചിലും സമാനമായ സംഭവങ്ങളും സത്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് എന്റെ ഐ ഫോണിന്റെ സ്‌ക്രീനില്‍ വന്നു വീഴുന്ന ബാനറുകളും എന്റെ നിശ്ചയദാര്‍ഢ്യം ഇരട്ടിയാക്കുകയാണ്. ഇപ്പോള്‍ എന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍, എന്നെ പീഡിപ്പിച്ചയാളെ വെളിപ്പെടുത്തിയപ്പോള്‍ വല്ലാത്തൊരു ശാന്തതയാണ് അനുഭവിക്കാനാവുന്നത്.

 

ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിൽ നിലനില്ക്കുന്ന സംഘർഷം വർദ്ധിപ്പിച്ചു കൊണ്ട് ഖത്തറും യുഎഇയും വീണ്ടും ഇടയുന്നു. ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ യുഎഇ ഫ്ളൈറ്റുകളെ തടഞ്ഞു എന്നതാണ് പുതിയ സംഭവ വികാസം. തടഞ്ഞത് പാസഞ്ചർ ഫ്ളൈറ്റുകളെയാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. തടയപ്പെട്ടതിൽ ഒന്ന് എമിറേറ്റ്സ് ഫ്ളൈറ്റ് ആണ് എന്ന് അധികൃതർ വെളിപ്പെടുത്തി. ഖത്തർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ ആരോപിച്ചു. ബഹ്റിനു പറക്കുകയായിരുന്ന ഫ്ളൈറ്റുകളാണ് തടയപ്പെട്ടതായി പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും തികച്ചും തെറ്റാണെന്നും ഖത്തർ പ്രതികരിച്ചു.

വ്യോമ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ മിലിട്ടറി ജെറ്റുകൾ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ പരിധി ലംഘിച്ച് കയറുന്നതായി ഖത്തർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ഈയിടെ പരാതി ഉന്നയിച്ചിരുന്നു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ സഹോദരൻ അബ്ദുള്ള ബിൻ അലി അൽ താനി, തന്നെ അബുദാബിയിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് യു എ ഇ യും ഖത്തറും തമ്മിൽ വ്യോമമേഖലയിൽ സംഘർഷം ഉടലെടുത്തത്.

യുഎഇ, സൗദി അറേബ്യ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ വർഷം നിർത്തി വച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് ഖത്തർ സാമ്പത്തിക സഹായം നല്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. ഇറാനുമായി ഖത്തർ അടുക്കുന്നതിലും ഈ രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ജനീവ: മനുഷ്യന് ഭക്ഷ്യയോഗ്യമായ ജീവികളെ എങ്ങനെ വേണമെങ്കിലും കൊന്ന് തിന്നാം എന്നാഗ്രഹമുണ്ടെങ്കില്‍ പല വിദേശ രാജ്യങ്ങളിലും അത് നടപ്പാകില്ല. അത്തരത്തില്‍ കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിധി നടപ്പാക്കിത്തുടങ്ങും.

കൊഞ്ചിനെ തിളപ്പിക്കുന്നതിനു മുന്‍പ് ജീവനില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പാചകം ചെയ്യുന്നതിനു മുന്‍പ് ഷോക്കടിപ്പിച്ചോ തലക്ക് ക്ഷതമേല്‍പ്പിച്ചോ കൊഞ്ചിന്റെ ജീവന്‍ കളഞ്ഞിരിക്കണം. ഉത്തരവിനു ശേഷം കൊഞ്ചിന് വേദന അനുഭവിക്കാന്‍ കഴിയുന്ന ജീവിയാണോ എന്ന തരത്തില്‍ വരെ സജീവ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നത്.

കട്ടിയുള്ള പുറം തോടുയുള്ള കടല്‍ ജീവികളായ ഞണ്ടുകള്‍ക്ക് വേദനയും ഇലക്ട്രിക്ക് ഷോക്കുകളും അനുഭവവേദ്യമാകുമെന്ന് 2010ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ വേദന അറിയാന്‍ സാധിക്കില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത്.

മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും അവ പാലിച്ചുകൊണ്ട് വേണം മൃഗങ്ങളെ കൊല്ലേണ്ടെതെന്നും മൃഗക്ഷേമ വകുപ്പ് പറയുന്നു. കൊഞ്ചിനെ കൊല്ലുന്ന കാര്യത്തിലും ഇത്തരം ദയാപൂര്‍ണ്ണമായ ഇടപെടല്‍ ആവശ്യമാണെന്നും മൃഗക്ഷേമ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് പാപ്പാ ചിലി സന്ദര്‍ശിക്കുവാന്‍ മൂന്നു ദിവസം ശേഷിക്കേ തലസ്ഥാന നഗരമായ സാന്‍റിയാഗോയിലെ നാലോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് (വെള്ളിയാഴ്ച) അക്രമങ്ങള്‍ നടന്നത്. നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ദേവാലയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അക്രമികളെകുറിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല.

മാര്‍പാപ്പ ചിലി സന്ദര്‍ശിക്കുവാനിരിക്കെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാപ്പയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്നാണ് പോലീസ് ഭാഷ്യം. ഇതിനെ ശരിവെക്കുന്ന രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമികള്‍ രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ലഘുലേഖകള്‍ വിതറികൊണ്ടായിരുന്നു രക്ഷപ്പെട്ടത്. “ഫ്രാന്‍സിസ് പാപ്പാ അടുത്ത ബോംബ്‌ നിങ്ങളുടെ സഭാവസ്ത്രത്തിലായിരിക്കും പതിക്കുക” എന്ന ഭീഷണിയാണ് ലഘുലേഖയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ചിലി പ്രസിഡന്‍റ് മിച്ചെല്ലെ ബാച്ചെലെറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ രാജ്യത്തില്‍ ആളുകള്‍ക്ക് സമാധാനപരമായി പ്രതികരിക്കുവാന്‍ അവകാശമുണ്ടെങ്കിലും, കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമായിപോയെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല.

സമീപവര്‍ഷങ്ങളില്‍ ചിലിയില്‍ അനേകം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗം കേസുകളിലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരിന്നില്ല. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ചിലിയില്‍ എത്തുക. ചൊവ്വാഴ്ച സാന്‍റിയാഗോ പാര്‍ക്കില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 5 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പെറുവിലേക്ക് പോകുന്നതിനു മുന്‍പ് ചിലിയിലെ ടെമുക്കോ, ഇക്വിക്ക് തുടങ്ങിയ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചേക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ചിലിയില്‍ ഒരുക്കുന്നത്.

ന്യൂസ് ഡെസ്ക്

വനിതകൾക്കായുള്ള ആദ്യ കാർ ഷോറൂം സൗദിയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി മാറി. ജെദ്ദയിലെ റെഡ് സീ പോർട്ടിലുള്ള ഷോപ്പിംഗ് മാളിലാണ് പുതിയ കാർ ഷോറൂം. വിവിധ കമ്പനികളുടെ കാറുകൾ ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി ഫൈനാൻസ് സൗകര്യവും ബാങ്കുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ ഷോറൂമുകളിൽ വനിതകൾ മാത്രമേ സ്റ്റാഫ് ആയിട്ടുള്ളൂ.

സൗദിയിൽ  മുപ്പതു വർഷമായി നിലവിലിരുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് നിരോധനം കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കിംഗ് സൽമാൻ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാഹന ഷോറൂമുകൾ ഉടൻ തന്നെ തുറക്കും. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വനിതകളെ 1990 കളിൽ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. കാറുകൾക്ക് പുറമേ മോട്ടോർ ബൈക്കുകൾ ഓടിക്കാനും അനുമതി നല്കാൻ സൗദി ലക്ഷ്യമിടുന്നു.

മനാൽ അൽ ഷരീഫ് എന്ന വനിതയാണ് ഡ്രൈവിംഗ് ലൈസൻസ് നിരോധനം നീക്കാനുള്ള കാമ്പയിന് നേതൃത്വം നല്കിയത്. 2011 ൽ കാർ ഓടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മനാലിനെ ഒൻപത് ദിവസം ജയിലിൽ അടച്ചു. അന്താരാഷ്ട്ര രംഗത്ത് വൻ പ്രതിഷേധമാണ് അന്ന് ഈ നടപടിക്കെതിരെ ഉയർന്നത്.ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ജെദ്ദയിൽ നടന്ന മാച്ചിലാണ് വനികൾക്ക് ഫുട്ബോൾ കാണാൻ അവസരം നല്കിയത്.  സ്പോർട്സ് രംഗത്ത് വനിതകൾക്ക് കൂടുതലായി പങ്കെടുക്കാൻ അനുമതി നല്കുന്ന കാര്യം സൗദി പരിഗണിച്ചു വരികയാണ്.

ലണ്ടന്‍: ഭീകര സംഘടനയില്‍ യുവാക്കളെ ചേര്‍ക്കാന്‍ ജമാത്ത് ഉദ്ധവ തലവന്‍ ഹാഫിസ് സയീദ് ബ്രിട്ടനിലും എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 90കളില്‍ ആയിരുന്നു ഹാഫിസ് സയീദിന്റെ ബ്രിട്ടന്‍ സന്ദര്‍ശനമെന്ന് ബി.ബി.സി റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടനിലെ പല സ്ഥലങ്ങളില്‍വച്ച് ഭീകരവാദി നേതാവ് നിരവധി യുവാക്കളെ അഭിസംബോധന ചെയ്തുവെന്നും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപകനാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ്. ബി.ബി.സി റേഡിയോ ഫോര്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്.

സന്ദര്‍ശനത്തിനിടെ വന്‍തുക സദീയ് സംഭാവനയായി സമാഹരിച്ചുവെന്ന് ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ പറയുന്നു. ഭീകരവാദി നേതാവിന്റെ വാക്കുകേട് നിരവധി സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ സംഭാവന ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ഹാഫിസ് സയീദ് സ്ഥാപിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയെ 2002 ല്‍ പാകിസ്താന്‍ നിരോധിച്ചിരുന്നു. തൊട്ടുപിന്നാലെ ജമാത്ത് ഉദ്ധവയെന്ന സംഘടനയ്ക്ക് സയീദ് രൂപംനല്‍കി. ഈ സംഘടനയും അധികൃതരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനില്‍ വീട്ടു തടങ്കലില്‍ കഴിഞ്ഞിരുന്ന ഹാഫിസ് സയീദിനെ അടുത്തിടെയാണ് അധികൃതര്‍ മോചിപ്പിച്ചത്.

മരിച്ചെന്ന് മൂന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം പോസ്റ്റ്‌ മോര്‍ട്ടത്തിനായി കിടത്തിയ ടേബിളില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന വാര്‍ത്ത ഇതിന് മുന്‍പ് കേട്ടിട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്. സ്പെയിനില്‍ ആണ് മരിച്ചെന്ന് കരുതിയ ആള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ വില്ലബോന ജയിലിലെ തടവ് പുള്ളിയായ ഗോണ്‍സാലോ മൊണ്‍ടോയ എന്ന ഇരുപത്തിയൊന്‍പത്കാരനാണ് ഈ അവിശ്വസനീയ കഥയിലെ നായകന്‍.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് ഗോണ്‍സാലോയെ സ്വന്തം സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പതിവ് അസംബ്ലിക്ക് ഗോണ്‍സാലോ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അനക്കമില്ലാതെ സെല്ലില്‍ കിടക്കുന്നത് കണ്ടത്. പരിശോധനയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ജയില്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തി. ഗോണ്‍സാലോ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്തു. ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ഡോക്ടര്‍മാര്‍ കൂടി ശരി വച്ചതോടെ ഇയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ എത്തിച്ച ഗോണ്‍സാലോയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഓട്ടോപ്സി എടുക്കുന്നതിനുള്ള മാര്‍ക്കിംഗുകളും നടത്തിയ ശേഷം മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന ബാഗിലാക്കി പോസ്റ്റ്‌ മോര്‍ട്ടത്തിനായി മാറ്റി വച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അവിടെ എത്തിയ മറ്റൊരു ഡോക്ടര്‍ ആണ് ആരോ കൂര്‍ക്കം വലിക്കുന്നത് പോലുള്ള ശബ്ദം കേട്ടതും ബാഗ്‌ തുറന്ന് പരിശോധിക്കുന്നതും.

ഗോണ്‍സാലോ മരിച്ചു എന്ന് അറിയിച്ചതനുസരിച്ച് ബോഡി ഏറ്റു വാങ്ങാന്‍ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം മാര്‍ക്കിംഗുകളുമായി ടേബിളില്‍ കിടന്ന ഗോണ്‍സാലോ ഭാര്യ എവിടെ എന്നന്വേഷിക്കുന്നത് കേട്ട ഇവരും നടുങ്ങി.

ശരീരഭാഗങ്ങള്‍ മൃതതുല്യമായ അവസ്ഥയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത കാറ്റലപ്സി എന്ന അവസ്ഥയില്‍ ആയിരുന്നു ഗോണ്‍സാലോ എന്നും അത് കൊണ്ടാണ് ആദ്യം പരിശോധിച്ച ഡോക്ടര്‍ക്ക് ഇയാള്‍ക്ക് ജീവനുണ്ട് എന്ന് മനസ്സിലാകാതെ ഇരുന്നത് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടയിടത്ത് പിന്നീടുള്ള രണ്ട് പേരും ആദ്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുക മാത്രമാണ് ഉണ്ടായത്.

ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നീല ചിത്ര നായികമാരുടെ മരണം ദുരൂഹതയാകുന്നു. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നാല് നീല ചിത്ര നായികമാരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരണമട്ഞ്ഞിരിക്കുന്നത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒലിവിയ നോവയെ ആണ് ഞായറാഴ്ച ലാസ് വേഗസിലെ ഇവരുടെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒലിവിയ നോവയെ സെക്സ് ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് കൈപിടിച്ചിറക്കിയ എല്‍എ ഡയറക്റ്റ് മോഡല്‍സ് എന്ന കമ്പനിയാണ് ഒലിവിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രെയ്സേര്സ്, നോട്ടി അമേരിക്ക, എഫ് ടിവി ഗേള്‍സ്‌, ന്യൂ സെന്‍സേഷന്‍സ്‌, ഡിജിറ്റല്‍ സിന്‍ തുടങ്ങിയ സിനിമകളിലൂടെ അമേരിക്കന്‍ സെക്സ് ഫിലിം ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഒലിവിയ മരണപ്പെട്ടിരിക്കുന്നത്. മരണ കാരണം അവ്യക്തമാണ്.

ഷൈല സ്റ്റൈലസ് (35), അഗസ്റ്റ് അമസ് (23), യുരി ലവ് (31) എന്നിവരാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മരണമടഞ്ഞ മറ്റ് മൂന്ന് പോണ്‍ താരങ്ങള്‍. ബ്രിട്ടീഷ് കൊളംബിയയിലെ അമ്മയുടെ വസതിയില്‍ ആണ് ഷൈലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങാന്‍ കിടന്ന ഷൈല ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. ഗേ സെക്സ് താരമായ സഹപ്രവര്‍ത്തകനൊപ്പം അഭിനയിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ പേരില്‍ ഉണ്ടായ ബുള്ളിയിംഗ് മൂലം അഗസ്റ്റ് അമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. അമസിന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ച തികയും മുന്‍പായിരുന്നു യുരി മരിച്ചത്. അമിതമായ അളവില്‍ മയക്ക് മരുന്ന് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നായിരുന്നു യുരിയുടെ മരണം.

ഒരു കാരണമോ ചരിത്രമോ ഇല്ലാതെയുള്ള ആഘോഷമാണ് കാനഡയിലെ പാന്റ്‌സില്ലാ യാത്ര. കഴിഞ്ഞ 18 വര്‍ഷമായി നടത്തിവരുന്ന യാത്ര ഇത്തവണയും ഗംഭീരമായി തന്നെ ആഘോഷിച്ചു. മറ്റുള്ളവരില്‍ ചിരി പടര്‍ത്തുക എന്നതാണ് അടിവസ്ത്രം ധരിക്കാതെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവതീ യുവാക്കളുടെ ഉദ്ദേശം. നൂറ് കണക്കിന് യുവതീ യുവാക്കളാണ് അടിവസ്ത്രം മാത്രം ധരിച്ച് മെട്രോയില്‍ യാത്ര ചെയ്തത്. കാനഡയിലെ പ്രധാന നഗരങ്ങളിലാണ് ദി നോ പാന്റ്‌സ് സബ് വേ റൈഡ്‌സ് അരങ്ങേറിയത്. പ്രാങ്ക്‌സ്റ്റേര്‍സ് ആയ ഇംപ്രൂവ് എവരിവേര്‍ ആണ് പരിപാടിയുടെ സംഘാടകര്‍. യാത്രയില്‍ പങ്കെടുത്തവര്‍ പാന്റ്‌സ്, ട്രൗസറുകള്‍, ഷോര്‍ട്‌സ്,സ്‌കര്‍ട്ടുകള്‍, തുടങ്ങിയവ അഴിച്ചുമാറ്റിയിട്ടായിരുന്നു ട്യൂബുകള്‍, സബ് വേകള്‍ തുടങ്ങിയവയില്‍ സഞ്ചരിച്ചിരുന്നത്.

ഇസ്ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതിയെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി പാലസ്തീന്‍.

പാക് മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ ഒരാഴ്ച മുന്‍പ് ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നെന്നും പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹാഫിസ് സയ്യിദ് വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും പാലസ്തീന്‍ ആവര്‍ത്തിച്ചു.

പാകിസ്ഥാന്‍ ഉലമ കൗണ്‍സില്‍ പാലസ്തീനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാലിദ് അബു അലിയെ വീണ്ടും പാക് സ്ഥാനപതിയായി പാലസ്തീന്‍ നിയമിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന താഹിര്‍ അഷ്‌റഫിയെ ഉദ്ദരിച്ച് പാക് ചാനലായ ജിയോ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാലിദ് അബു അലി ബുധനാഴ്ച ചുമതലയേല്‍ക്കുമെന്നായിരുന്നു വാര്‍ത്ത.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വാലിദ് അബു അലി വേദി പങ്കിട്ടതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പാലസ്തീന്‍ തിരിച്ചു വിളിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാലസ്തീന്‍ ഇന്ത്യക്കൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നടപടി.

RECENT POSTS
Copyright © . All rights reserved