ലോസ് ആഞ്ചലസ്: വര്‍ണവിവേചനത്തിനെതിരെ ഹോളിവുഡില്‍ ഉയര്‍ന്ന പ്രതിഷേധം അതിവേഗം പ്രചരിക്കുന്നു. കറുത്ത വര്‍ഗക്കാരായ അഭിനേതാക്കളെ അവാര്‍ഡ് നോമിനേഷനില്‍ സ്ഥിരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നീക്കം. നാല് വിഭാഗങ്ങളിലായി 20 അഭിനേതാക്കള്‍ക്കാണ് ഒരു വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രഖ്യാപിച്ച പട്ടികയില്‍ കറുത്തവരായ ഒരാള്‍ പോലുമില്ല. ടെക്‌നീഷ്യന്‍മാരുടെ നോമിനേഷനിലും അവഗണനയുണ്ടെന്ന് പരാതികളുണ്ട്. രണ്ടാഴ്ച മുന്‍പ് ഈ വര്‍ഷത്തെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരി 28നാണ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ്.
ഹോളിവുഡിലെ പ്രമുഖരായ രണ്ട് ആഫ്രിക്കന്‍ വംശജരാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഭിനേത്രിയായ ജാഡാ പിങ്കറ്റ് സ്മിത്ത്, സംവിധായകനായ സ്‌പൈക് ലീ എന്നിവരായിരുന്നു ഇവര്‍. ഹോളിവുഡിലെ പ്രമുഖ താരം വില്‍ സ്മിത്തിന്റെ ഭാര്യയാണ് ജാഡാ പിങ്കറ്റ്. തുടര്‍ച്ചയായ രണ്ട് വര്‍ഷവും അഭിനേതാക്കളുടെ പട്ടികയില്‍ നിന്നും കറുത്തവര്‍ ഒഴിവാക്കപ്പെടുന്നതെങ്ങനെയാണെന്ന് സ്‌പൈക് ലീ ചോദിക്കുന്നു. കറുത്തവര്‍ അഭിനയിക്കേണ്ട എന്നാണോ അക്കാദമി പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് അവാര്‍ഡ് ബോര്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം അയച്ച തുറന്ന കത്തില്‍ ചോദിക്കുന്നു.

അംഗീകരിക്കപ്പെടാന്‍ വേണ്ടി അപേക്ഷ നല്‍കേണ്ട സ്ഥിതിയൊന്നും തങ്ങള്‍ക്കില്ലെന്നും, തങ്ങള്‍ കരുത്തുള്ള ജനതയാണെന്നും ജാഡാ പിങ്കറ്റ് പ്രതികരിച്ചു. അതിനാല്‍ ഈ പ്രതിഷേധം അവാര്‍ഡ് ലഭിക്കാനല്ല. അങ്ങനെ അവാര്‍ഡ് യാചിക്കേണ്ട സ്ഥിതി വന്നാള്‍ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുമെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണ്‍കഷന്‍ എന്ന ചിത്രത്തിലെ അത്യുഗ്രന്‍ അഭിനയത്തിന് നിരൂപകരില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ജാഡ. ആ ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

ഹോളിവുഡിലെ പ്രമുഖരായ മൈക്കല്‍ മൂര്‍, വില്‍ സ്മിത്ത് തുടങ്ങിയവര്‍ ബഹിഷ്‌കരണത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നിരവധി അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.