കൊടുംചൂടും പാചകവാതക ക്ഷാമവും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തി. ഇന്നലെ വൈകുന്നേരം വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് ആയി ഉയർന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 5933 മെഗാവാട്ടിനെ മറികടന്നതാണ് ഇത്. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 112.5187 ദശലക്ഷം യൂണിറ്റായി, ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായി മാറി.
വൈദ്യുതി ആവശ്യകത നിറവേറ്റാൻ വലിയ തോതിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നു. ഇന്നലെ മാത്രം 87.4238 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ, ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റിൽ ഒതുങ്ങി. ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോഗവും കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്.
അതേസമയം, വിഷുദിനത്തിലും സംസ്ഥാനത്ത് ചൂട് അതിരൂക്ഷമായി തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ സീസണിൽ രണ്ടാമതാണിത് പാലക്കാട് 40 ഡിഗ്രി കടക്കുന്നത്.











Leave a Reply