ഭാര്യയുടെ പ്രസവവും അനുബന്ധ പരിചരണങ്ങളുമായി ബന്ധപ്പെട്ട് പറ്റേണിറ്റി ലീവ് ചോദിച്ച ജീവനക്കാരനോട് ജപ്പാന്‍ കമ്പനി ഡിഎന്‍എ പരിശോധന ഫലം ആവശ്യപ്പെടുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി പരാതി. മൂന്ന് പതിറ്റാണ്ടിലധികമായി ജപ്പാനില്‍ താമസമാക്കിയിട്ടുള്ള കാനഡ സ്വദേശി ഗ്ലെന്‍ വുഡ് ആണ് (49) മിത്സുബിഷി യുഎഫ്‌ജെ മോര്‍ഗന് എതിരെ ടോക്കിയോ കോടതിയെ സമീച്ചത്. പറ്റേണിറ്റി ലീവ് ചോദിച്ചതിന് അധിക്ഷേങ്ങള്‍ക്ക് ഇരയായെന്ന് പരാതി ഇത് രണ്ടാം തവണയാണ് സമീപ ആഴ്ചകള്‍ക്കിടെ ജപ്പാനില്‍ വരുന്നത്.

ലോകത്തെ ഏറ്റവും ജനന നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കവേയാണ് പറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട് ഇത്തരം കേസുകള്‍. മിസ്തുബിഷി യുഎഫ്‌ജെ മോര്‍ഗന്‍ സ്റ്റാന്‍ലി സെക്യൂരിറ്റീസിലാണ് ഗ്ലെന്‍ വുഡ് ജോലി ചെയ്തിരുന്നത്. 2015 ഒക്ടോബറില്‍ നേപ്പാളില്‍ മാസം തികയാതെയാണ് മകന്‍ ജനിച്ചത്. മകന്റെ ജനനത്തിന് മുമ്പ് തന്നെ ഗ്ലെന്‍ വുഡ് കമ്പനിയോട് പറ്റേണിറ്റി ലീവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം കമ്പനി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗ്ലെന്‍ വുഡിനോട് ആവശ്യപ്പെട്ടു. ഗ്ലെന്‍ വുഡ് ഇത് നല്‍കുകയും ചെയ്തു. എന്നാല്‍ മകന്‍ ഐസിയുവില്‍ ആയിരുന്നപ്പോള്‍ പോലും തനിക്ക് കമ്പനി ലീവ് തന്നില്ല എന്ന് ഗ്ലെന്‍ വുഡ് പറയുന്നു. 2015 ഡിസംബര്‍ വരെ ഗ്ലെന്‍ വുഡിന് ലീവ് കൊടുത്തില്ല. അതുവരെ മകനെ കാണാന്‍ സാധിച്ചതുമില്ല.

2016 മാര്‍ച്ചില്‍ കുട്ടിയേയും കൊണ്ട് ജപ്പാനിലെത്തിയെങ്കിലും ജോലിയില്‍ താന്‍ ഒതുക്കപ്പെട്ടതായി ഗ്ലെന്‍ വുഡ് പറയുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടേണ്ടി വന്നു. ആറ് മാസം അവധിയില്‍. തിരിച്ചുവന്നപ്പോള്‍ ശമ്പളമില്ലാത്ത അവധിയാക്കി കമ്പനി അത് മാറ്റി. പിന്നീട് പുറത്താക്കുകയും ചെയ്തു. 2017ല്‍ ഗ്ലെന്‍ വുഡ് കോടതിയെ സമീപിച്ചു. ഇപ്പോള്‍ ഈ കേസ് ചര്‍ച്ചാവിഷയമായിരിക്കുന്നത് ജാപ്പനീസ് ഭാഷയില്‍ പാത – ഹാര എന്നറിയപ്പെടുന്ന പറ്റേണിറ്റി ലീവ് വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് വെയര്‍ നിര്‍മ്മാതാക്കളായ ആസിക്‌സിലെ ജീവനക്കാരന്‍ പറ്റേണിറ്റി ലീവ് നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ജാപ്പനീസ് നിയമപ്രകാരം കുട്ടിയുടെ മാതാവിനും പിതാവിനും ഒരു വര്‍ഷം വരെ അവധി അനുവദനീയമാണ്.