ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖത്തര്‍ ലോകകപ്പില്‍ നിന്നും വിടപറഞ്ഞത്.
തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ നിന്നും നിറകണ്ണുകളോടെയാണ് റോണോയ്ക്ക് കളംവിടേണ്ടി വന്നത്. ആരാധകലോകവും ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടുകയാണ്.

മൊറോക്കോ/ പോര്‍ച്ചുഗീസ് പോരാട്ടത്തില്‍ ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ഉറപ്പിച്ചു. മത്സരം അവസാനിച്ച ശേഷം അത് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു റൊണാള്‍ഡോ.

മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് നടന്നുകയറുമ്പോള്‍ അയാള്‍ ഉള്ളിലെ സങ്കടത്തിന്റെ അണക്കെട്ട് തുറന്നുവിട്ടു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു. താരം കരയുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടാണ് ലോകമെങ്ങും പരന്നത്. റൊണാള്‍ഡോ വിമര്‍ശകരുടെ നെഞ്ചകം പോലും പൊള്ളിക്കുന്നതാണ് ആ കണ്ണീര്‍.

മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന്‍ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. ഗ്രൗണ്ടിലെത്തിയപ്പോള്‍ തൊട്ട് ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാള്‍ഡോയ്ക്ക് പക്ഷേ ലക്ഷ്യം കാണാനായില്ല. പലതവണ മൊറോക്കോ ഗോള്‍ പോസ്റ്റില്‍ അപകടം സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

പോര്‍ച്ചുഗലിന് ആധുനിക ഫുട്ബോളില്‍ ഒരു മേല്‍വിലാസം ചാര്‍ത്തിക്കൊടുത്ത ശേഷമാണ് റൊണാള്‍ഡോ അവസാന ലോകകപ്പില്‍ നിന്നും പടിയിറങ്ങുന്നത്.
ഇനി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുക എന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവില്‍ 37 വയസ്സുണ്ട് സൂപ്പര്‍ താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തില്‍ മുത്തമിടാനാവാതെ തിരിഞ്ഞുനടക്കുകയാണ് സിആര്‍ സെവന്‍.