വിശാഖ പട്ടണത്ത് വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രസവാതകം ചോർന്നു. എട്ട് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമര്‍ പ്ലാന്‍റിൽ രാസവാതക ചോര്‍ച്ച ഉണ്ടായത്. എട്ട് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗോപാൽപുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .

മാത്രമല്ല കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വിഷവാതക ചോര്‍ച്ച ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകൾ. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.

ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ഇപ്പോൾ അഞ്ച് കിലോമീറ്റര് ദൂരെ വരെ വിഷവാതകം പരന്നെത്തിയിട്ടുണ്ട്. ഇത്ര നേരമായിട്ടും വാതക ചോര്‍ച്ച നിയന്ത്രിക്കാനും കഴിഞ്ഞിട്ടില്ല .