ലണ്ടന്‍: ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ചു 17  പേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തില്‍ ടവറിന്റെ 23ാം നിലയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കുടുങ്ങിയ അമ്മ തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മരണമുഖത്തുനിന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തു. ഇവരെയും കുട്ടികളെയും കണ്ടെത്താന്‍ കഴഞ്ഞിട്ടില്ല. ആയിരക്കണക്കിനു പേരാണ് വിഡിയോ കണ്ട് ഇവരുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. റാനിയ ഇബ്രാഹിം എന്ന മുപ്പതുകാരിയാണ് മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കുടുങ്ങിയത്. ആരെങ്കിലും രക്ഷിക്കൂ എന്ന് അവര്‍ അലറി വിളിക്കുന്നതു ദൃശ്യങ്ങളില്‍ കേള്‍ക്കാം.

[ot-video][/ot-video]

കത്തുന്ന കെട്ടിടത്തില്‍നിന്നു പുറത്തേക്കു കടക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. വീടിന്റെ വാതില്‍ തുറക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ സുഹൃത്ത് തടയുന്നുണ്ട്. കെട്ടിടം മുഴുവന്‍ തീപിടിച്ചിരിക്കുന്നു. നമ്മള്‍ എങ്ങിനെ പുറത്തുകടക്കും എന്നു റാനിയ ചോദിക്കുന്നതു കേള്‍ക്കാം. മുകള്‍നിലയിലും പലരും കുടുങ്ങിയതായി ഇവര്‍ പറയുന്നുണ്ട്.

വിഡിയോ കണ്ടു പരിഭ്രാന്തരായ റാനിയയുടെ സുഹൃത്തുക്കള്‍ അവരുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് റാനിയയുടെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈജിപ്തിലുള്ള റാനിയയുടെ ഭര്‍ത്താവും ലണ്ടനിലേക്കു തിരിച്ചു.

തീപിടിത്തമുണ്ടായതിനെ തുടര്‍ന്നു റാനിയ കുട്ടികള്‍ക്കൊപ്പം താഴത്തെ നിലയിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തി. ഇവരെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീയെയും പുകയേയും അവഗണിച്ചാണ് അവര്‍ വിഡിയോ ഷൂട്ട് ചെയ്തു ഫെയ്‌സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തത്. ‘എല്ലാവരും എന്നോടു ക്ഷമിക്കുക, ഗുഡ്‌ബൈ’ എന്ന് റാനിയ 2.45ന് ഒരു സുഹൃത്തിനു സ്‌നാപ്ചാറ്റില്‍ മെസേജ് ചെയ്തിട്ടുണ്ട്.