ന്യൂസ് ഡെസ്ക് മലയാളം യുകെ

ചെക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ചാൾസ് സർവകലാശാലയിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ 24 കാരനായ തോക്കുധാരിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് അറിയിച്ചു. ജാൻ പാലച്ച് സ്ക്വയറിലെ യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സ് കെട്ടിടത്തിൽ പ്രാദേശിക സമയം ഏകദേശം വൈകിട്ട് 3:00നാണ് വെടിവയ്പ്പ് നടന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച നാടകീയമായ ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ പല നിലകളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് ചാടുന്നത് കാണാം. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. വ്യാഴാഴ്ച വൈകുന്നേരം മാധ്യമങ്ങളുമായി പോലീസ് നടത്തിയ കൂടിക്കാഴ്ചയിൽ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രാഗിന് പുറത്ത് 21 കിലോമീറ്റർ (13 മൈൽ) അകലെയുള്ള ഒരു ഗ്രാമത്തിലാണ് അക്രമി താമസിച്ചിരുന്നത്. അക്രമിയുടെ പിതാവിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്ന ഉദ്ദേശം ഇതുവരെയും വ്യക്തമല്ല. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രാഗിനടുത്തുള്ള വനത്തിൽ കഴിഞ്ഞയാഴ്ച രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ തോക്കുധാരി ആയിരിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.