ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ എ – ലെവല്‍ പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ജോയൽ ജോർജിൻറെ വിജയം ശ്രദ്ധേയമായി. ന്യൂകാസിൽ അണ്ടർ-ലൈം സ്കൂളിലെ വിദ്യാർഥിയായിരുന്ന ജോയൽ ജോർജ് നാല് വിഷയങ്ങൾക്ക് എ സ്റ്റാറുമായി മിന്നും വിജയം കരസ്ഥമാക്കി. നേരത്തെ ജിസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടുക എന്ന അഭിമാനകരമായ നേട്ടവും ജോയൽ നേടിയിരുന്നു.

പാലാ മൂഴൂർ സ്വദേശിയായ ജോർജ് ജോസഫ് വള്ളവനാലിന്റെയും വയനാട് പുൽപ്പള്ളി സ്വദേശിയായ മഞ്ജുഷ ജോസഫിന്റെയും മകനാണ് ജോയൽ ജോർജ് . പത്തിലും അഞ്ചിലും രണ്ടിലും പഠിക്കുന്ന ഇളയ സഹോദരിമാരായ ജിയയും, ജൂവലും, ജസിയയും ജേഷ്ഠന്റെ വിജയത്തിൻറെ ആഹ്ളാദത്തിലാണ്.

പഠനത്തിൽ മാത്രമല്ല കലാകായിക രംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് ജോയൽ ജോർജ് . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദ്യത്തെ ബൈബിൾ ക്വിസ് മത്സരത്തിലെ വിജയിയായിരുന്ന ജോയൽ രൂപതാ അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമത്സരത്തിലും ഇംഗ്ലീഷ് ബൈബിൾ വായനയിലും തുടർച്ചയായി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ തലത്തിലെ ഡിബേറ്റ് , ക്രിക്കറ്റ്, ഹോക്കി ക്ലബ്ബുകളിലും പഠനത്തോടൊപ്പം തന്നെ ജോയൽ സജീവമായിരുന്നു.

യുകെയിലെ ഏറ്റവും പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ മെഡിസിൻ പഠിക്കാനാണ് തന്റെ ആഗ്രഹമെന്ന് ജോയൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജവഹർലാൽ നെഹ്റുവും രാജീവ് ഗാന്ധിയും മൻമോഹൻ സിംഗും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും യുകെയിലെ പത്തോളം പ്രധാനമന്ത്രിമാരും പഠിച്ച ട്രിനിറ്റി കോളേജിൽ തുടർ പഠനം സാധ്യമായതിന്റെ സന്തോഷത്തിലാണ് ജോയൽ.

2005 – ലാണ് ജോയലിന്റെ മാതാപിതാക്കൾ യുകെയിലെത്തിയത്. ജോയലിന്റെ പിതാവ് റീറ്റെയിൽ രംഗത്തുള്ള കമ്പനിയിലും അമ്മ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ നേഴ്സായിട്ടുമാണ് ജോലി ചെയ്യുന്നത്.

മികച്ച വിജയം നേടിയ ജോയൽ ജോർജിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]