മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.

തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,’ മമ്മൂട്ടി കുറിച്ചു

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ,’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.