യുകെയില്‍ പ്രൈവറ്റ് ഡൈവോഴ്‌സുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കോടതി നടപടികള്‍ അനന്തമായി നീളുന്നതു മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ദമ്പതികള്‍ ഈ രീതി തെരഞ്ഞെടുക്കുന്നതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കുന്നു. റിട്ടയേര്‍ഡ് ജഡ്ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വിവാഹ മോചനങ്ങളില്‍ ഫിനാന്‍ഷ്യല്‍ ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ നടപടികള്‍ നടക്കുന്നത് വര്‍ദ്ധിക്കുകയാണ്. കോടതി നടപടികളേക്കാള്‍ വേഗത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഈ രീതി സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ആദ്യ പാദത്തില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്ന പ്രൈവറ്റ് വിവാഹ മോചനങ്ങള്‍ 2018ല്‍ നടന്ന ആകെ വിവാഹമോചനങ്ങളുടെ അത്രയും വരുമെന്ന് ഒരു മുന്‍നിര പ്രൈവറ്റ് വെല്‍ത്ത് ലീഗല്‍ കമ്പനിയുടെ പ്രതിനിധി ബൂഡില്‍ ഹാറ്റ്ഫീല്‍ഡ് പറയുന്നു.

2017ലേതിനേക്കാള്‍ 50 ശതമാനം കൂടൂതലാണ് ഈ നിരക്ക്. നീതിന്യായ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകളിലുണ്ടാകാവുന്ന വെട്ടിക്കുറയ്ക്കലുകളും മറ്റും ഒഴിവാകുമെന്നതിനാലാണ് പ്രൈവറ്റ് ഹിയറിംഗുകള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ഒരു വിലയിരുത്തല്‍. അടുത്തിടെയുണ്ടായ ഐടി തകരാറുകള്‍ നിമിത്തം എച്ച്എം കോര്‍ട്ട്‌സ് ആന്‍ഡ് ട്രൈബ്യൂണല്‍ സര്‍വീസിന് നിരവധി കേസുകള്‍ വൈകിപ്പിക്കേണ്ടി വന്നിരുന്നു. പണം നല്‍കാന്‍ കഴിവുള്ളവര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതു പോലെയാണ് വിവാഹ മോചനക്കേസുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് നിയമ വിദഗ്ദ്ധയായ അലക്‌സാന്‍ഡ്ര ഹേഴ്‌സ്റ്റ് പറഞ്ഞു.

ഒരു പരിചയ സമ്പന്നനായ ഫാമിലി ലോ ജഡ്ജിന്റെയോ ബാരിസ്റ്ററിന്റെയോ മേല്‍നോട്ടത്തില്‍ വിവാഹ മോചനം സാധ്യമാകും എന്നത് വളരെ ആകര്‍ഷണീയമായ ഒന്നായി കണക്കാക്കപ്പെടുന്നു. സ്വകാര്യമായ ഇടത്തു നടക്കുന്ന ഹിയറിഗും മറ്റും പങ്കാളികളാകുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. പ്രവൃത്തി പരിചയത്തിന് അനുസരിച്ച് 4000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെയാണ് പ്രൈവറ്റ് ജഡ്ജുമാരുടെ നിരക്ക്. ഇത് വിവാഹമോചനത്തിനെത്തുന്ന രണ്ടു കക്ഷികളില്‍ നിന്നും തുല്യമായി ഈടാക്കുകയാണ് പതിവ്‌