ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ക്ലായിഡ്ബാങ്കിലെ ഫ്ലാറ്റിൽ വെച്ച് തന്റെ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ലോർണ മിഡിൽടണിനു കോടതി ജയിൽ ശിക്ഷ വിധിച്ചു. ഏറ്റവും കുറഞ്ഞത് 18 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലോർണ അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2020 ജൂൺ 26 നാണ് മുപ്പത്തിയാറുകാരിയായ ലോർണ മിഡിൽടൺ തന്റെ ഭർത്താവ് മുപ്പത്തിയെട്ടുകാരനായ വില്യം മിഡിൽടണിനെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു പുരുഷനുമായി ലോർണയ്ക്ക് ഉണ്ടായ തർക്കത്തിൽ വില്യം തന്റെ പക്ഷം ചേർന്നില്ല എന്ന് ആരോപിച്ചാണ് ലോർണ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ക്ലയിഡ്ബാങ്കിലെ ഇരുവരുടെയും ഫ്ലാറ്റിൽ ചോരയിൽ കുളിച്ച നിലയിലാണ് പോലീസ് വില്യമിനെ കണ്ടെത്തിയത്. വില്യമിന്റെ ശരീരത്തിനു സമീപം രണ്ട് കത്തിയും പോലീസ് കണ്ടെത്തിയിരുന്നു.


തുടക്കത്തിൽ തന്റെ പ്രതികാരം മൂലമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ച ലോർണ, പിന്നീട് തന്റെ പ്രാണരക്ഷാർത്ഥമാണെന്ന് തിരുത്തി പറഞ്ഞിരുന്നു. എന്നാൽ ലോർണയുടെ ഈ വാദം കോടതി തള്ളി കളഞ്ഞു. ഗ്ലാസ്ഗോ ഹൈകോടതിയാണ് ലോർണയ് ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ലോർണ.ഗൃഹാന്തരീക്ഷത്തിൽ ഇത്തരമൊരു കൊലപാതകം നടന്നതിനാലാണ് ശിക്ഷാകാലാവധി ഉയർത്തിയതെന്ന് വിധി പ്രസ്താവിച്ച ശേഷം ജഡ്ജി ലോർഡ് ക്ലാർക്ക് വ്യക്തമാക്കി.