തിരുവനന്തപുരം: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ കേരള നിയമസഭ ചര്‍ച്ച ചെയ്യുന്നതില്‍ സംശയവുമായി കെ.എം.മാണി. കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മാണി നിലപാട് അറിയിച്ചത്. കേരളത്തിന് ബാധകമല്ലാത്ത വിഷയം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മാണി ചോദിച്ചു. സഭ ആരംഭിച്ചയുടനാണ് മാണി തന്റെ സംശയം പ്രകടിപ്പിച്ചത്.

പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം കൂടിയാണ് ഇത്. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്നമുണ്ടെന്നും പ്രമേയത്തെ താന്‍ അനുകൂലിക്കുന്നുവെന്നും മാണി വിശദീകരിച്ചു.

ആക്റ്റിലെ 1(3) അനുസരിച്ച് കേന്ദ്ര വിജ്ഞാപനം വഴി ആക്റ്റിലെ വ്യവസ്ഥകള്‍ വിവിധ രീതികളില്‍, വിവിധ സംസ്ഥാനങ്ങളില്‍ ബാധകമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. പ്രശ്നം ഈ ആക്റ്റില്‍ ആറ് അധ്യായങ്ങളിലായി 41 വകുപ്പുകളാണുളളതെന്നും മാണി പറഞ്ഞു. പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.