യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസ്. പതിനേഴുകാരനായ പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഒരു വർഷം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും അടുത്ത ഒരു വർഷം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. അതേസമയം ശിക്ഷാ വിധിക്ക് പിന്നാലെ പ്രതിക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്ന ആരോപണവുമായി ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നു. താൻ ആക്രമിക്കപെട്ടപ്പോൾ നെറ്റോ യാതൊരു പ്രകോപനവും സൃഷടിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി റെബേക്ക ട്രോളർ കെസി, അദ്ദേഹത്തിന്‍റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഉണ്ടാക്കിയ വേദനയും ദുഃഖവും ചൂണ്ടിക്കാട്ടി.

പിതാവിൻെറ ഘാതകനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് നെറ്റോയുടെ മകൾ ജെന്നിഫർ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം മകൾ ജെന്നിഫർ നടത്തുന്നത്.

കൊലപാതക കുറ്റം നടത്തിയാൽ കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം ഈ വിധിയിലൂടെ യുവാക്കൾക്ക് ലഭിക്കുമെന്നും ജെന്നിഫർ ആരോപിച്ചു. 62 കാരനായ ജെറാൾഡ് നെറ്റോയെ 2023-ൽ അന്ന് 16 വയസുള്ള പ്രതി നിലത്തു വലിച്ചിഴയ്ക്കുകയും ഉപദ്രവിക്കുകയും ആയിരുന്നു. ആക്രമണത്തെ തുടർന്നുള്ള മസ്തിഷ്ക ക്ഷതവും ഹൃദയാഘാതവും മരണത്തിന് കാരണമാകുകയായിരുന്നു. അതേസമയം നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശമില്ലായിരുന്നെന്നും. നെറ്റോ മരിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും പ്രതി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 19 – ന് പുലർച്ചെയാണ് നെറ്റോയുടെ മരണത്തിന് കാരണമായ സംഭവം നടന്നത്. ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും നെറ്റോ സമീപിച്ചു. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുന്നതിന് അയാളുടെ പാന്‍റ് വലിച്ച് ഊരാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തി. ജെറാൾഡിന്‍റെ മുഖം നിലത്ത് അമർന്നുവെന്ന് ഉറപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരനായ പ്രതി നെറ്റോയുടെ ശരീരത്ത് ചാടികയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ഉടൻ തന്നെ നെറ്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.