ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2015ന് ശേഷം എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത് ഏതാണ്ട് 6.5 മില്യണ്‍ പൗണ്ടാണ്. ഏകദേശം 16,866 യാത്രകളുടെ ബില്ലാണിത്. ഇവര്‍ നടത്തിയ മിക്ക യാത്രകളുടെയും ടിക്കറ്റുകള്‍ ബിസിനസ് ക്ലാസുകളിലേതായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്‍എച്ച്എസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ആഢംബര യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍എച്ച്എസിനെ ബാധ്യതകളില്‍ നിന്ന് കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മെയ് സര്‍ക്കാര്‍.

716 ബിസിനസ് ക്ലാസ് വിമാനയാത്രകളും 174 പ്രീമിയം ഇക്കോണമി യാത്രകളുമാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു യാത്രകളും നടത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് മാത്രമായി 2.2 മില്യണ്‍ പൗണ്ടും പ്രീമിയം ഇക്കോണമി യാത്രകള്‍ക്കായി 241,345 പൗണ്ടുമാണ് ചെലവഴിച്ചിരിക്കുന്നത്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഏതാണ്ട് 4 ബില്യണോളം പൗണ്ട് ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക നികുതി ഏര്‍പ്പെടുത്തുന്നത് വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.

എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസിനെ നേരം വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പണം അനാവിശ്യമായി ധൂര്‍ത്തടിക്കുകയാണ് എന്‍എച്ച്എസ് ചെയ്യുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ എന്‍എച്ച്എസ് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് ക്ലാസ് യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങളുടെ ലംഘനമാണ്. 1000 പൗണ്ട് ചെലവുള്ള 615 വിമാനയാത്രകളാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് സാന്റിയാഗോയിലേക്ക് ഒക്ടോബറില്‍ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ജീവനക്കാരന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. അന്ന് 6,231 പൗണ്ടാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ചത്.