പ്യോംഗ്‌യാങ്: മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കയും ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര കൊറിയയുടെ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഏത് വിഭാഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ സൈനികസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നിരന്തരം പ്രകോപനങ്ങള്‍ നടത്തി വരികയാണ്.

ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആയുധങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആണവ പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തിയെങ്കിലും ഉത്തര കൊറിയ ഇവ വക വെക്കാതെ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണ്. മുന്നറിയിപ്പുകള്‍ വകവെക്കാന്‍ തയ്യാറല്ലെങ്കില്‍ ഉത്തര കൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ അമേരിക്ക സൈനിക നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.