ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ലേബർ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വീണ്ടും നേതൃ സ്ഥാനത്തേയ്ക്ക് മത്സരിക്കുമോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് സംസ്കാര സെക്രട്ടറി ലിസ നാൻഡി. സ്റ്റാർമർ പോരാട്ട മനോഭാവമുള്ള നേതാവാണെന്നും അദ്ദേഹത്തെ എഴുതി തള്ളാനാകില്ലെന്നും നാൻഡി പറഞ്ഞു. ഇതോടെ സ്റ്റാർമർ വീണ്ടും നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത് . പാർട്ടിയിലെ നിരവധി എംപിമാർ രാജി ആവശ്യപ്പെട്ടും മന്ത്രിമാർ പടിയിറങ്ങിയും ചെയ്ത സാഹചര്യത്തിലും സ്റ്റാർമർ പിന്മാറില്ലെന്ന സൂചനയാണ് അവർ നൽകിയത്.

അതേസമയം, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്കെത്തണമെന്ന് നാൻഡി തുറന്നുപറഞ്ഞു. മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ബേൺഹാം മത്സരിക്കാനുള്ള നീക്കങ്ങൾക്ക് ലേബർ ദേശീയ നിർവാഹക സമിതി അനുമതി നൽകിയതോടെ, അദ്ദേഹം വിജയിച്ചാൽ നേതൃമത്സരത്തിനിറങ്ങുമെന്ന വിലയിരുത്തലും ശക്തമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബറിന് തിരിച്ചടി നേരിട്ട പ്രദേശങ്ങളിൽ പോലും ബേൺഹാമിന് വ്യക്തിപരമായ സ്വാധീനമുണ്ടെന്നും, അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാർട്ടിക്ക് നിർണായകമാകാമെന്നും നാൻഡി പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള ബന്ധവും ലേബറിനുള്ളിലെ പുതിയ ചർച്ചയായി മാറിയിട്ടുണ്ട്. മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടൻ ഭാവിയിൽ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരേണ്ട സാഹചര്യമുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 2016-ലെ ബ്രെക്സിറ്റ് ജനഹിതപരിശോധനയിൽ ‘റിമെയ്ൻ’ പക്ഷത്തെ പിന്തുണച്ചിരുന്ന നാൻഡി, രാജ്യത്തെ വ്യവസായ തകർച്ചയും ജീവിതനിലവാര ഇടിവും യൂറോപ്യൻ യൂണിയനിൽ തിരിച്ചുചേരുന്നതിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന് പ്രതികരിച്ചു.











Leave a Reply