എയ്‌ൽസ്‌ഫോർഡ്: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പുണ്യപുരാതനവും വിശ്വപ്രസിദ്ധവുമായ എയ്‌ൽസ്‌ഫോഡിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസസമൂഹം മാതാവിന്റെ മാധ്യസ്ഥം തേടി തീർത്ഥാടനമായി ഇവിടെ എത്തുന്നത്. ലണ്ടൻ റീജിയണിലെ വിവിധ മിഷനുകൾ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്നത്.

എയ്‌ൽസ്‌ഫോർഡിലെ സുപ്രധാന ആകർഷണമായ ജപമലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീർത്ഥാടനത്തിന്റെ തിരുക്കർമങ്ങൾക്ക് തുടക്കമാകും. ഉച്ചക്ക് 1 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികർ ചേർന്ന് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും. സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയിൽ പ്രത്യേകം തയാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കർമ്മങ്ങൾ നടക്കുക. ഉച്ചകഴിഞ്ഞ് 3 മണിക്ക് ലദീഞ്ഞ്, വിശുദ്ധരുടെയും കർമ്മലമാതാവിന്റെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും. ബ്രിട്ടനിലെ വിവിധ കുർബാന സെന്ററുകളിൽ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും അണിചേരുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണം സഭയുടെ തനതായ പാരമ്പര്യം വിളിച്ചോതുന്ന വിശ്വാസപ്രഘോഷണമായി മാറും. തീർത്ഥാടനത്തോടനുബന്ധിച്ച് വിശ്വാസികൾക്ക് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും ഉള്ള അവസരം ഒരുക്കിയിട്ടുണ്ട്.

തീർത്ഥാടനത്തിനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാർക്ക് ചെയ്യുവാൻ പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും പാർക്കിംഗ് നിയന്ത്രിക്കുവാൻ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും. തീർത്ഥാടകരെ സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്താനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്സിന്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തു അതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി തിരുനാളിൽ സംബന്ധിക്കുന്ന എല്ലവർക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്താൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്‌ൽസ്‌ഫോർഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ടോമി എടാട്ട് (07448836131), ബിനു മാത്യു (07863350841), ജിനു ജോസ് (07950802993) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. തിരുനാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ അതാതു ഇടവക ട്രസ്ടിമാരുമായി ബന്ധപ്പെടേണ്ടതാണ്.