ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തില്‍ നിന്നും പൈലറ്റിനെ(pilot) മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാന്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ പാളത്തിലാണ് ചെറിയ വിമാനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ടതോടെ വിമാനം റെയില്‍ പാളത്തില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്നാല്‍ ഇതേസമയം ഈ ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിന്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്നും രക്ഷിച്ച് പുറത്തേക്ക് മാറ്റി. പൈലറ്റിനെ പുറത്തേക്കെടുത്ത് സെക്കന്‍ഡുകള്‍ക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.